• HOME
 • »
 • NEWS
 • »
 • explained
 • »
 • ISRO ആകാശത്തേക്ക് റോക്കറ്റ് വിടുന്നതിനും ഭൂമിയിൽ നിന്ന് നോക്കുകൂലി വാങ്ങുന്നതാര്?

ISRO ആകാശത്തേക്ക് റോക്കറ്റ് വിടുന്നതിനും ഭൂമിയിൽ നിന്ന് നോക്കുകൂലി വാങ്ങുന്നതാര്?

മുംബൈയിൽ നിന്നുള്ള വാഹനം വിഎസ്എസ്സിയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള കൊച്ചുവേളിയിൽ എത്തിയപ്പോഴാണ് ട്രക്ക് തടയാൻ നാട്ടുകാരിൽ ചിലർ ഓടിയെത്തിയത്.

isro_cargo

isro_cargo

 • Share this:
  ഞായറാഴ്ച തുമ്പയിലെ വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്ക് (വിഎസ്എസ്സി) പോകുകയായിരുന്ന ഐഎസ്ആർഒയുടെ ട്രക്ക് 'നോക്കുകൂലി' ആവശ്യപ്പെട്ട് നാട്ടുകാ‍ർ തടഞ്ഞു. സംസ്ഥാന സർക്കാർ നോക്കുകൂലി നിരോധിച്ചിട്ട് മൂന്ന് വർഷം കഴിഞ്ഞെങ്കിലും 'നോക്കുകൂലി' എന്ന സമ്പ്രദായം കർശനമായി നിർത്തലാക്കണമെന്ന് കേരള ഹൈക്കോടതി സംസ്ഥാനത്തിന് നിർദേശം നൽകി മൂന്ന് ദിവസം പിന്നിട്ടപ്പോഴാണ് തുമ്പയിൽ നോക്കുകൂലി പ്രശ്നത്തിൽ നാട്ടുകാ‍‍ർ വാഹനം തടഞ്ഞത്.

  ഞായറാഴ്ച രാവിലെ സംഭവിച്ചത് എന്ത്?

  ഐഎസ്ആർഒയുടെ പ്രധാന വിഭാഗമായ വിഎസ്എസ്സിയിൽ നിർമിക്കുന്ന ട്രൈസോണിക് വിൻഡ് ടണലിന് ആവശ്യമായ ഭാരമേറിയ യന്ത്രങ്ങളാണ് ട്രക്കിൽ ഉണ്ടായിരുന്നത്. 44 ചക്രങ്ങളുള്ള വാഹനത്തിലാണ് അവ കയറ്റിയിരുന്നത്. വിൻഡ് ടണൽ പദ്ധതിക്കായുള്ള 10 മീറ്റർ നീളവും 5.5 മീറ്റർ വ്യാസവുമുള്ള രണ്ട് ഭീമൻ യന്ത്രങ്ങളാണ് വാഹനത്തിലുണ്ടായിരുന്നത്. ഈ വാഹനം കടന്നു പോകുമ്പോൾ മറ്റ് വാഹനങ്ങൾ നിയന്ത്രിക്കുകയും വൈദ്യുതി ലൈനുകളും കേബിളുകളും താൽക്കാലികമായി അഴിച്ചുമാറ്റുകയും ചെയ്തിരുന്നു. ഇതിനായി ജീവനക്കാരുടെ ഒരു സംഘം വാഹനത്തെ അനുഗമിച്ചിരുന്നു.

  മുംബൈയിൽ നിന്നുള്ള വാഹനം വിഎസ്എസ്സിയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള കൊച്ചുവേളിയിൽ എത്തിയപ്പോഴാണ് ട്രക്ക് തടയാൻ നാട്ടുകാരിൽ ചിലർ ഓടിയെത്തിയത്. ഐഎസ്ആർഒയിലെ ജീവനക്കാരിയായ രാജേശ്വരി പറയുന്നതനുസരിച്ച്, ഉച്ചയ്ക്ക് മുമ്പ് ചരക്ക് ഇറക്കൽ ഉറപ്പാക്കേണ്ട ചുമതലയായിരുന്നു തനിയ്ക്ക്. എന്നാൽ കരാർ ജീവനക്കാർ 10 ലക്ഷം രൂപ ആവശ്യപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ച രാവിലെ ട്രക്ക് നാല് മണിക്കൂറിലധികം വഴിയിൽ കുടുങ്ങി.

  ട്രക്കിൽ 184 ടൺ ലോഡാണ് ഉണ്ടായിരുന്നത്. ട്രക്ക് തടഞ്ഞ ആളുകൾ ടണ്ണിന് 2000 രൂപയാണ് ആവശ്യപ്പെട്ടത്. “ഇവ ഭാരമേറിയ ഉപകരണങ്ങളാണ്, ഇറക്കാൻ ക്രെയിനുകളും മറ്റ് യന്ത്രങ്ങളും ആവശ്യമാണ്. ഇത് പ്രവർത്തിപ്പിക്കാൻ വെറും മൂന്ന് ആളുകൾ മാത്രം ആവശ്യമുള്ള ഹൈഡ്രോളിക് മെഷീനുകൾ ആണ് ഉപയോഗിക്കുന്നത്. കരാർ തൊഴിലാളികളുടെ ആവശ്യം അന്യായമാണെന്ന്“ ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.

  പോലീസിന്റെയും സർക്കാരിന്റെയും ഇടപെടൽ

  രാവിലെ 11 മണിയോടെ ഐഎസ്ആർഒയിൽ നിന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി. തൊഴിലാളികൾ ട്രക്ക് തടയുന്നത് കണ്ടെത്തി. പിന്നീട് ഐഎസ്ആർഒ ഉദ്യോഗസ്ഥർ ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിൽ അറിയിക്കുകയും താമസിയാതെ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി ഇടപെടുകയും ചെയ്തു.

  പ്രക്ഷോഭകരുമായി ചർച്ച നടത്താൻ ജില്ലാ ലേബർ ഓഫീസർ ബി എസ് രാജീവിന് സർക്കാർ ഉടൻ നിർദേശം നൽകി. ചർച്ചകൾക്കുശേഷം ഒരു വലിയ പോലീസ് സേനയുടെ സാന്നിധ്യത്തിൽ, വാഹനം വൈകുന്നേരത്തോടെ വിഎസ്എസ്സി പരിസരത്ത് എത്തിച്ചു. കരാർ തൊഴിലാളികളാണ് വാഹനം തടയാൻ മുൻപന്തിയിലുണ്ടായിരുന്നത്. വാഹനം തടയാൻ ശ്രമിച്ച 50 പേർക്കെതിരെ തിങ്കളാഴ്ച്ച പോലീസ് കേസ് എടുത്തു.

  ആരാണ് ഈ തൊഴിലാളികൾ?

  1968ൽ വിഎസ്എസ്സിയുടെ പ്രവർത്തനം ആരംഭിച്ചപ്പോൾ, പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ട പ്രദേശത്തെ ആളുകളെ സ്ഥിരം ജീവനക്കാരായി നിയമിച്ചു. അതേസമയം ബാധിക്കപ്പെട്ട മറ്റ് ആളുകളെ കരാർ തൊഴിലാളികളായി നിയമിച്ചു. വി‌എസ്‌എസ്‌സിയിലേക്ക് കൊണ്ടുവരുന്ന ഭാരമേറിയ ചരക്കുകൾ ക്രെയിനുകളോ മറ്റ് മെഷീനുകളോ ഉപയോഗിച്ച് ഇറക്കുമ്പോഴെല്ലാം കരാർ തൊഴിലാളികൾക്ക് പണം നൽകുന്ന ഒരു സമ്പ്രദായം നിലവിൽ വരികയും ചെയ്തു.

  എന്നാൽ തൊഴിലാളികൾ നോക്കു കൂലി ആവശ്യപ്പെട്ടിട്ടില്ലെന്ന് വേളി ഇടവക പുരോഹിതൻ ഫാ.യേശുദാസൻ മാത്യൂസ് പറഞ്ഞു. "പ്രദേശത്തെ കരാർ തൊഴിലാളികളോട് വി‌എസ്‌എസ്‌സി ഉദ്യോഗസ്ഥർ കാണിക്കുന്ന ചിറ്റമ്മ നയത്തിനെതിരെയാണ് അവർ പ്രതിഷേധിച്ചത്. ചരക്ക് വാഹനം ചെറിയ റോഡിലൂടെ കൊണ്ടുവരുമ്പോൾ ഗുരുതരമായ നാശമുണ്ടാക്കുമെന്ന് ഭയപ്പെടുന്നതായും" അദ്ദേഹം കൂട്ടിച്ചേർത്തു.

  എന്താണ് നോക്കുകൂലി?

  കേരളത്തിലെ ചുമട്ടുതൊഴിലാളികൾ ജോലി ചെയ്യാതെ പണം ഈടാക്കുന്ന ഒരു രീതിയാണ് നോക്കുകൂലി. മറ്റുള്ളവർ ചരക്ക് കയറ്റുകയോ ഇറക്കുകയോ ചെയ്യുമ്പോൾ ഒരു ജോലിയും ചെയ്യാതെ നോക്കി നിന്ന് പണം വാങ്ങുന്ന രീതി. ഈ പദം തൊഴിലാളി യൂണിയനുകൾ സംഘടിതമായി കൊള്ളയടിക്കുന്നതിനുള്ള ഒരു മാർഗമായി കണക്കാക്കുന്നു. 2018 മേയ് 1ന്, ചുമട്ടു തൊഴിലാളി ലൈസൻസുള്ള അംഗങ്ങൾ ഒരു ജോലിയും ചെയ്യാതെ പണം ഈടാക്കുന്ന ഈ സമ്പ്രദായം കേരള സർക്കാർ നിർത്തലാക്കി.

  എന്നാൽ ഈ രീതി ഇപ്പോഴും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും തുടരുന്നുണ്ട്. തൊഴിലാളി സംഘടനകളുടെ അക്രമത്തെയും ഭീഷണിയെയും ഭയന്ന് പലരും ഇത് പുറത്തു പറയാറില്ല. കഴിഞ്ഞ വർഷം ഏപ്രിലിൽ, മുഖ്യമന്ത്രി പിണറായി വിജയൻ, കോവിഡ് -19ന്റെ ആദ്യ ലോക്ക്ഡൗൺ സമയത്ത് കേരളത്തിലെ പല സ്ഥലങ്ങളിലും ഈ രീതി റിപ്പോർട്ട് ചെയ്യുന്നതിനെ അപലപിച്ചിരുന്നു.

  നോക്കുകൂലിയ്ക്കെതിരെ ഹൈക്കോടതി

  ഈ വിചിത്രമായ രീതിയിൽ നിന്ന് രക്ഷ നേടുന്നതിന് നിയമം ഫലപ്രദമായി നടപ്പാക്കാത്തതിന് കേരള ഹൈക്കോടതി സംസ്ഥാന സർക്കാരിനെ വിമർശിച്ച് മൂന്ന് ദിവസം പിന്നിട്ടപ്പോഴായിരുന്നു ഐഎസ്ആർഒ സംഭവം നടന്നത്. ”ഈ രീതി കേരളത്തിന്റെ പ്രതിച്ഛായയെ തകർക്കും. ഇത് ഇല്ലാതാക്കണം. ഇത് സംസ്ഥാനത്തെക്കുറിച്ച് മറ്റുള്ളവരിൽ തെറ്റായ ധാരണ നൽകുന്ന ഒന്നാണ്. അതുകൊണ്ട് ഇത് തിരുത്തണം,” നോക്കുകൂലി വിഷയത്തിൽ കൊല്ലം സ്വദേശിയായ ഒരു വ്യവസായി നൽകിയ ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു.

  എന്തുകൊണ്ടാണ് സിഐടിയു പ്രസ്താവന പുറത്തിറക്കിയത്?

  ഈ സംഭവം മികച്ച രീതിയിലാണ് സർക്കാർ കൈകാര്യം ചെയ്തതെങ്കിലും, പ്രശ്നം സിപിഎം നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന് നാണക്കേടുണ്ടാക്കി. സിപിഎമ്മുമായി ബന്ധമുള്ള പ്രമുഖ ട്രേഡ് യൂണിയനായ സിഐടിയുവിന് നേരെയും ആരോപണം ഉയർന്നു. തുടർന്ന് സിഐടിയു തിങ്കളാഴ്ച ഒരു പ്രസ്താവന പുറത്തിറക്കി. 'ഈ വിഷയത്തിൽ ഞങ്ങൾക്ക് ഒരു പങ്കുമില്ല. എന്നാൽ ഒരു വിഭാഗം മാധ്യമങ്ങൾ മനഃപൂർവ്വം സിഐടിയുവിന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുകയാണ്. ഞങ്ങൾക്ക് ഈ മേഖലയിൽ തൊഴിലാളികളില്ല, ആർക്കും ഈ വസ്തുത പരിശോധിക്കാവുന്നതാണ്. പ്രശ്നം പരിഹരിക്കാൻ വന്ന തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇത് അറിയാം. തദ്ദേശീയരെന്ന് അവകാശപ്പെടുന്ന ചില സ്വതന്ത്ര യൂണിയനുകളാണ് പ്രദേശത്ത് അമിത വേതനം ആവശ്യപ്പെട്ട് പ്രശ്നമുണ്ടാക്കുന്നത് "സിഐടിയു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആർ രാമു, സെക്രട്ടറി സി. ജയൻ ബാബു എന്നിവർ പറഞ്ഞു.
  Published by:Rajesh V
  First published: