• HOME
  • »
  • NEWS
  • »
  • explained
  • »
  • Explained | പ്രധാനമന്ത്രിയുടെ സുരക്ഷാ ആസൂത്രണം എങ്ങനെ? പഞ്ചാബിൽ സംഭവിച്ചതെന്ത്?

Explained | പ്രധാനമന്ത്രിയുടെ സുരക്ഷാ ആസൂത്രണം എങ്ങനെ? പഞ്ചാബിൽ സംഭവിച്ചതെന്ത്?

ഫ്‌ളൈഓവറിൽ പ്രതിഷേധം കാരണം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 15 മിനിറ്റിലധികം നേരംകുടുങ്ങിയ സാഹചര്യത്തിൽ ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി

  • Share this:
പഞ്ചാബിൽ (Punjab) പ്രധാനമന്ത്രിയുടെ (Prime Minister) യാത്രയ്ക്കിടെ സംഭവിച്ച സുരക്ഷാ വീഴ്ച്ചയെ (Security Lapse) തുട‍ർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം (Home Ministry) പഞ്ചാബ് സർക്കാരിനോട് (Punjab Government) വിശദീകരണം തേടി. പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിലെ ഒരു ഫ്‌ളൈഓവറിൽ പ്രതിഷേധം കാരണം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 15 മിനിറ്റിലധികം നേരംകുടുങ്ങിയ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയത്. “പ്രധാനമന്ത്രിയുടെ സുരക്ഷയിലെ വലിയ വീഴ്ച” എന്ന് വിശേഷിപ്പിച്ചാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ സുരക്ഷ എങ്ങനെയാണ് ആസൂത്രണം ചെയ്യുന്നത്?

ഏത് സന്ദർശന വേളയിലും പ്രധാനമന്ത്രിയുടെ സുരക്ഷ ആസൂത്രണം ചെയ്യുന്നത് കേന്ദ്ര ഏജൻസികളും സംസ്ഥാന പോലീസ് സേനയും ചേ‍ർന്നാണ്. എസ്പിജിയുടെ ബ്ലൂ ബുക്കിൽ ഇത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ആസൂത്രിത സന്ദർശനത്തിന് മൂന്ന് ദിവസം മുമ്പ്, പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ഉത്തരവാദിത്തമുള്ള എസ്പിജി (സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്) ബന്ധപ്പെട്ട സംസ്ഥാനത്തെ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരും സംസ്ഥാന പോലീസും ഉൾപ്പെടെ പരിപാടി സുരക്ഷിതമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഉദ്യോഗസ്ഥരും ബന്ധപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റുമായി ചടങ്ങിലെ ഓരോ മിനിറ്റും വിശദമായി ചർച്ച ചെയ്യും. ഈ മീറ്റിംഗിന് ശേഷം ഒരു എഎസ്എൽ (Advance Security Liaison) റിപ്പോർട്ട് തയ്യാറാക്കും. അതിന്റെ അടിസ്ഥാനത്തിൽ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും നടത്തും.

പരിപാടിയുടെ രൂപരേഖ

പ്രധാനമന്ത്രി സ്ഥലത്ത് എങ്ങനെ എത്തിച്ചേരും (വിമാനം, റോഡ് അല്ലെങ്കിൽ റെയിൽ മാർഗം) കൂടാതെ, അദ്ദേഹം സ്ഥലത്ത് ഇറങ്ങിയാൽ, വേദിയിൽ (സാധാരണയായി ഹെലികോപ്റ്ററിലോ റോഡ് വഴിയോ) എങ്ങനെ എത്തിച്ചേരുമെന്നും യോഗം ചർച്ച ചെയ്യും. കേന്ദ്ര ഏജൻസികളുടെയും പ്രാദേശിക ഇന്റലിജൻസിന്റെയും നി‍‍ർദ്ദേശങ്ങളും കണക്കിലെടുക്കും.

വേദിയുടെ സുരക്ഷ - പ്രവേശനസ്ഥലത്തെയും പുറത്തേയ്ക്കുള്ള വഴിയിലെയും സുരക്ഷ, വേദിയിലേക്ക് വരുന്നവരെ പരിശോധിക്കൽ, ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടറുകൾ സ്ഥാപിക്കൽ തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു.

“അഗ്നിബാധയുണ്ടായിൽ വേദിയുടെ സുരക്ഷയും പരിശോധിക്കും. അന്നത്തെ കാലാവസ്ഥാ റിപ്പോർട്ട് പോലും കണക്കിലെടുക്കും. പ്രധാനമന്ത്രി ബോട്ടിൽ കയറാൻ സാധ്യതയുണ്ടെങ്കിൽ, ബോട്ടിന്റെ പ്രവർത്തനവും സുരക്ഷയും വരെ പരിശോധിക്കപ്പെടും.  പ്രധാനമന്ത്രി സഞ്ചരിക്കാൻ സാധ്യതയുള്ള പാതയിൽ കുറ്റിക്കാടുകളുണ്ടെങ്കിൽ അവ വെട്ടിമാറ്റാനും എസ്പിജി ആവശ്യപ്പെട്ടേക്കും. ഇടുങ്ങിയ റോഡുകളിലും സുരക്ഷയ്ക്കായി കൂടുതൽ ഉദ്യോ​ഗസ്ഥരെ വിന്യസിക്കും” പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒന്നിലധികം സന്ദർശനങ്ങളുടെ സുരക്ഷ കൈകാര്യം ചെയ്തിട്ടുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രെസിനോട് പറഞ്ഞു.

“എസ്‌പിജി പ്രധാനമന്ത്രിയ്ക്ക് അരികിൽ നിന്നുള്ള സുരക്ഷ മാത്രമാണ് നൽകുന്നത്. പ്രധാനമന്ത്രി ഏതെങ്കിലും സംസ്ഥാനത്തേക്ക് യാത്ര ചെയ്യുമ്പോൾ, മൊത്തത്തിലുള്ള സുരക്ഷ ഉറപ്പാക്കേണ്ടത് സംസ്ഥാന പോലീസിന്റെ ഉത്തരവാദിത്തമാണ്. ഇന്റലിജൻസ് ശേഖരണം, റൂട്ട് ക്ലിയറൻസ്, വേദിയുടെ സാനിറ്റൈസേഷൻ, ജനക്കൂട്ടത്തെ കൈകാര്യം ചെയ്യൽ എന്നിവയുടെ ഉത്തരവാദിത്തവും പോലീസിനാണ് ”എസ്പിജിയിൽ സേവനമനുഷ്ഠിച്ച മുൻ യുപി ഡിജിപി ഒപി സിംഗ് പറഞ്ഞു.

ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുക എന്നത് കേന്ദ്ര ഇന്റലിജൻസ് ഏജൻസികളുടെ ഉത്തരവാദിത്തമാണ്. എന്നാൽ, സുരക്ഷാ ക്രമീകരണവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കൈക്കൊള്ളുന്നത് എസ്‌പിജിയാണ്. പ്രാദേശിക പോലീസിൽ നിന്ന് സ്ഥിരീകരണം ലഭിക്കാതെ എസ്‌പിജി പ്രധാനമന്ത്രിയുടെ യാത്രയ്ക്ക് അനുമതി നൽകില്ലെന്നാണ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

ആന്റി-സാബോട്ടേജ്‌ പരിശോധനകൾ നടത്താനും റോഡുകൾ കൂടാതെ കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ ഉൾപ്പെടെ സുരക്ഷയ്ക്കായി സ്നൈപ്പർമാരെ സജ്ജീകരിക്കാനുമുള്ള ഉത്തരവാദിത്തം പോലീസിനുണ്ട്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തെ നയിക്കുന്ന പൈലറ്റ് വാഹനവും സംസ്ഥാന പോലീസ് സജ്ജീകരിക്കുന്നു. പ്രധാനമന്ത്രി ഏതെങ്കിലും പ്രദേശത്ത് തങ്ങാൻ സാധ്യതയുണ്ടെങ്കിൽ എസ്‌പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ സുരക്ഷയ്ക്കായി ക്യാമ്പ് കമാൻഡന്റായി നിയോഗിക്കും.

പൊതുയോഗങ്ങൾ, റാലികൾ, റോഡ് ഷോകൾ എന്നിവയുടെ സമയത്ത് പൊലീസുകാരെ കൂടാതെ സാധാരണ വേഷത്തിലുള്ള ആളുകളെയും സുരക്ഷയ്ക്കായി എസ്‌പി നിയമിക്കാറുണ്ട്. "റാലിയുടെ സമയത്ത് നേതാക്കൾ യൂണിഫോം ധരിച്ച ഉദ്യോഗസ്ഥരാൽ വലയം ചെയ്യപ്പെടാൻ ആഗ്രഹിക്കില്ല. എന്നുകരുതി അവരുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാനും കഴിയില്ല. അതിനാൽ സാധാരണ വേഷത്തിൽ സുരക്ഷാ ജീവനക്കാരെ നിയോഗിക്കാറുണ്ട്. ചിലപ്പോഴൊക്കെ പാർട്ടി അംഗങ്ങളുടെ വേഷത്തിലും അവർ നിയോഗിക്കപ്പെടും", മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ആസൂത്രണം ചെയ്ത കാര്യങ്ങളിൽ പെട്ടെന്ന് മാറ്റമുണ്ടായാൽ എന്ത് ചെയ്യും?

യാദൃശ്ചികമായി ഉണ്ടാകാവുന്ന അത്തരം മാറ്റങ്ങൾ മുൻകൂട്ടി കണ്ട് ബദൽ പ്ലാനുകൾ ആസൂത്രണം ചെയ്തിട്ടുണ്ടാകും. കാലാവസ്ഥാ റിപ്പോർട്ടുകൾ ഇതുമായി ബന്ധപ്പെട്ട് കണക്കിലെടുക്കാറുണ്ടെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. "മോശം കാലാവസ്ഥ മൂലം പ്രധാനമന്ത്രിയ്ക്ക് ആകാശമാർഗം ലക്ഷ്യസ്ഥലത്തെത്താൻ കഴിഞ്ഞില്ലെങ്കിൽ എന്ത് ചെയ്യും? അത്തരം സാഹചര്യങ്ങളിൽ റോഡ് മാർഗം പോകാവുന്ന റൂട്ടുകൾ മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ടാകും. പ്രധാനമന്ത്രി ആകാശമാർഗമാണ് പോകുന്നതെങ്കിൽക്കൂടി ഈ റൂട്ടിൽ വേണ്ട സുരക്ഷാ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടാകും. അവസാന നിമിഷം സുരക്ഷ ഒരുക്കൽ പ്രായോഗികമല്ല", ഉദ്യോഗസ്ഥൻ പറഞ്ഞു.

അവിചാരിതമായി പ്രതിഷേധങ്ങളോ സമരങ്ങളോ ഉണ്ടായാൽ എന്ത് ചെയ്യും?

ഏതൊരു വിഐപിയുടെ സന്ദർശനത്തിനും പ്രതിഷേധങ്ങൾ ഒരു ഭീഷണിയാണ്. അതിനാൽ അവയെ നേരിടാൻ സംസ്ഥാന പോലീസ് മുൻകൂട്ടി തന്നെ വിശദമായ ആസൂത്രണം നടത്തുന്നു. ഏത് വിഭാഗങ്ങളാണ് പ്രതിഷേധ സമരങ്ങൾ നടത്തുക എന്നത് സംബന്ധിച്ച വിവരങ്ങൾ പ്രാദേശിക ഇന്റലിജൻസ് വൃത്തങ്ങൾ നൽകും. ഇതനുസരിച്ച് പ്രതിരോധ നടപടികൾ സ്വീകരിക്കും.

പഞ്ചാബിൽ എന്താണ് സംഭവിച്ചത്?

പ്രധാനമന്ത്രി അവിചാരിതമായിതന്റെ യാത്രയിൽ മാറ്റം വരുത്തി എന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് അവകാശപ്പെട്ടതെങ്കിലും, പ്രധാനമന്ത്രിയുടെ പരിപാടി സംബന്ധിച്ച വിവരങ്ങൾ നൽകാൻ സംസ്ഥാനവുമായി നേരത്തെ തന്നെ ആശയവിനിമയം നടത്തിയിട്ടുണ്ട് എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വാദം. പഞ്ചാബ് പോലീസ് ഡിജിപി വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട് എന്ന് സ്ഥിരീകരിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി റോഡ് മാർഗം യാത്ര ചെയ്യാൻ തീരുമാനിച്ചതെന്നും മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

പഞ്ചാബ് പോലീസിന്റെ ഭാഗത്താണ് പിഴവ് സംഭവിച്ചതെന്ന് ഓ പി സിങ് പറഞ്ഞു. പഞ്ചാബിൽ 15 മിനിട്ടോളം നേരമാണ് പ്രധാനമന്ത്രി ഫ്ലൈ ഓവറിൽ കുടുങ്ങിക്കിടന്നത്. ഫ്ലൈ ഓവറിലേക്കുള്ള പ്രവേശന പാതയിലും പുറത്തേക്ക് കടക്കുന്ന പാതയിലും വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ പ്രാദേശിക പോലീസ് സേന സജ്ജീകരിച്ചിട്ടില്ല എന്നാണ് ഇതിന്റെ അർഥം. പഞ്ചാബ് പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് എന്ന കാര്യം നാം മറക്കരുത്. അതിനാൽ ഗുരുതരമായ സുരക്ഷാ പിഴവാണ് ഇവിടെ ഉണ്ടായത്", അദ്ദേഹം പറഞ്ഞു.
Published by:Rajesh V
First published: