ഒരു കാലത്ത് 'ജോലിക്കാരെ അപ്പാര്‍ട്ട്മെന്റുകള്‍ വാങ്ങാന്‍' അനുവദിച്ചിരുന്ന ഒരു കമ്പനിയായിരുന്നു ചൈനയിലെ എവര്‍ഗ്രാന്‍ഡെ. എന്നാല്‍ ഇപ്പോള്‍ വരാനിരിക്കുന്ന ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പര്യായമായി മാറിയിരിക്കുകയാണ്. എവര്‍ഗ്രാന്‍ഡെ. പ്രോപ്പര്‍ട്ടി ഭീമന്റെ ഓഫീസുകളില്‍ നിക്ഷേപകരും ജീവനക്കാരും വിതരണക്കാരും തിങ്ങിനിറയുകയാണ്. അവരില്‍ ചിലര്‍ ഒരു മില്യണ്‍ ഡോളര്‍ വരെ കടമാണ് അവകാശപ്പെടുന്നത്. ചൈനയിലെ എവര്‍ഗ്രാന്‍ഡെ പ്രതിസന്ധി എന്തുകൊണ്ടാണ് ആഗോള വിപണികളിലുടനീളം ആശങ്ക ഉയര്‍ത്തുന്നത്. നിങ്ങളുടെ സംശയങ്ങള്‍ക്കുള്ള ഉത്തരം ഇതാ.
എന്താണ് എവര്‍ഗ്രാന്‍ഡെ?
രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള ഗ്വാങ്ഡോംഗ് പ്രവിശ്യയുടെ തലസ്ഥാനമായ ഗ്വാങ്ഷോ ആസ്ഥാനമായുള്ള ചൈനയിലെ രണ്ടാമത്തെ വലിയ പ്രോപ്പര്‍ട്ടി ഡെവലപ്പറാണ് എവര്‍ഗ്രാന്‍ഡെ. ചൈനയുടെ പ്രോപ്പര്‍ട്ടി തരംഗത്തില്‍ എവര്‍ഗ്രാന്‍ഡെ 280 നഗരങ്ങളിലേക്ക് വ്യാപിക്കുകയും 1,300 ലധികം റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകള്‍ സ്വന്തമാക്കി രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ മുഖമായി മാറുകയും ചെയ്തു. ചൈനയിലെ പ്രോപ്പര്‍ട്ടി കമ്പനികള്‍ സമ്പദ്വ്യവസ്ഥയുടെ വലിയ പ്രേരക ഘടകങ്ങളാണ്. നാഷണല്‍ ബ്യൂറോ ഓഫ് ഇക്കണോമിക് റിസര്‍ച്ചിന്റെ കണക്കനുസരിച്ച് റിയല്‍ എസ്റ്റേറ്റ് ചൈനീസ് സമ്പദ്വ്യവസ്ഥയ്ക്ക് ഏകദേശം 30 ശതമാനം സംഭാവന നല്‍കുന്നുണ്ട്.
എന്തുകൊണ്ടാണ് എവര്‍ഗ്രാന്‍ഡെ ലോകശ്രദ്ധ ആകര്‍ഷിക്കുന്നത്?
എവര്‍ഗ്രാന്‍ഡെ 300 ബില്യണ്‍ ഡോളര്‍ കടം വാങ്ങുകയും വര്‍ഷങ്ങളായി ഇത് പെരുകുകയും ചെയ്തു. മാസങ്ങളായി പ്രോപ്പര്‍ട്ടി വില്‍പ്പന കുറഞ്ഞതോടെ കമ്പനി കൂടുതല്‍ പ്രതിസന്ധിയിലായി. ഇതോടെ എവര്‍ഗ്രാന്‍ഡെയുടെ പണമൊഴുക്ക് കൂടുതല്‍ പരിമിതപ്പെടുത്തി.ബോണ്ട് ഹോള്‍ഡര്‍മാര്‍ക്ക് പുറമേ, കമ്പനി 667 ബില്യണ്‍ യുവാന്‍ (103 ബില്യണ്‍ ഡോളര്‍) നിര്‍മ്മാണ കമ്പനികളില്‍ നിന്നും മറ്റ് ബിസിനസ്സ് വായ്പക്കാരില്‍ നിന്നും കടം വാങ്ങിയിട്ടുണ്ടെന്ന് എപി റിപ്പോര്‍ട്ട് ചെയ്തു.
പണമിടപാട് മന്ദഗതിയിലായതിനെ തുടര്‍ന്ന് ബാങ്കുകള്‍ പ്രോപ്പര്‍ട്ടി ഡെവലപ്പര്‍ക്ക് വായ്പ നല്‍കുന്നത് നിര്‍ത്തി. പണമിടപാട് ആശങ്കകള്‍ ചൂണ്ടിക്കാട്ടി കമ്പനിയുടെ റേറ്റിംഗ് തരംതാഴ്ത്തി. വിതരണക്കാര്‍ക്ക് പണം നല്കാന് എവര്‍ഗ്രാന്‍ഡെ ഇപ്പോള്‍ ബുദ്ധിമുട്ടുകയാണ്. വസ്തുവകകള്‍, പാര്‍ക്കിംഗ് സ്ഥലങ്ങള്‍ എന്നിവയുടെ രൂപത്തില്‍ വരെ കടം തിരിച്ചടയ്ക്കാമെന്ന് കമ്പനി പറയുന്നു.
ഇത് എങ്ങനെ സംഭവിച്ചു?കടത്തെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രചാരണത്തിന്റെ ഭാഗമായി റിയല്‍ എസ്റ്റേറ്റ് സംബന്ധമായ വായ്പകള്‍ക്ക് ചൈനയുടെ റെഗുലേറ്റര്‍മാര്‍ ഏര്‍പ്പെടുത്തിയ പുതിയ പരിധികളാണ് എവര്‍ഗ്രാന്‍ഡെയെ പ്രതിസന്ധിയിലാക്കിയതെന്ന് എപി റിപ്പോര്‍ട്ട് ചെയ്തു.
പ്രോപ്പര്‍ട്ടി ഡെവലപ്പര്മാര്ക്കെതിരായ സര്‍ക്കാരിന്റെ നടപടികളാണ് എവര്‍ഗ്രാന്‍ഡെയുടെ ബോണ്ടുകളില്‍ നിന്ന് പണലഭ്യത നഷ്ടപ്പെടുത്തിയതെന്ന് മാര്‍ക്കറ്റ് വാച്ച് റിപ്പോര്‍ട്ട് ചെയ്തു. എവര്‍ഗ്രാന്‍ഡെ ബോണ്ടുകളില്‍ ഹോള്‍ഡിംഗ് ഉള്ള ചില സ്ഥാപനങ്ങള്‍ ആഷ്മോര്‍ ഗ്രൂപ്പ്, ബ്ലാക്ക് റോക്ക്, എച്ച്എസ്ബിസി ഹോള്‍ഡിംഗ്സ്, യുബിഎസ് ഗ്രൂപ്പ് എന്നിവയാണ്.
ചില വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, അന്ധമായ വിശ്വാസമാണ് കമ്പനിയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. എവര്‍ഗ്രാന്‍ഡെ സ്വന്തം ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാന്‍ പണം കെട്ടിവച്ചെങ്കിലും പുറത്തു നിന്നുള്ള നിക്ഷേപകര്‍ക്ക് ഓഹരി വില്ക്കാന് സാധിക്കില്ലെന്നും നിരീക്ഷകര്‍ കൂട്ടിച്ചേര്‍ത്തു.
ഇപ്പോഴത്തെ ആശങ്ക?റോയിട്ടേഴ്സ് റിപ്പോര്‍ട്ട് അനുസരിച്ച്, 30 ദിവസത്തെ സാവകാശത്തില്‍ സെപ്റ്റംബര്‍ 23 ന് എവര്‍ഗ്രാന്‍ഡെ ബോണ്ടുകള്‍ക്ക് 83.5 മില്യണ്‍ ഡോളര്‍ പലിശ നല്‍കണം. കമ്പനി പണം നല്‍കുമോ അതോ രക്ഷാധികാരികള്‍ രക്ഷാപ്രവര്‍ത്തന പദ്ധതികള്‍ ആസൂത്രണം ചെയ്യുമോ എന്നതാണ് കണ്ടറിയേണ്ടത്.
'എവര്‍ഗ്രാന്‍ഡെയ്ക്ക് പേയ്മെന്റുകള്‍ നടത്താന്‍ കഴിയുമോ, ഇല്ലെങ്കില്‍, അധികാരികള്‍ക്ക് കമ്പനിയെ ജാമ്യത്തിലെടുക്കാനാകുമോ എന്നതാണ് ഇപ്പോഴത്തെ ആശങ്ക. 'ദീര്‍ഘകാലാടിസ്ഥാനത്തില്‍, മന്ദഗതിയിലുള്ള ചൈനീസ് വളര്‍ച്ച ചുറ്റുമുള്ള രാജ്യങ്ങളെ ബാധിക്കുന്നത് എങ്ങനെയെന്ന് നമുക്ക് കാണാം.' എന്ന് സുമിറ്റോമോ മിറ്റ്സുയി ഡിഎസ് അസറ്റ് മാനേജ്മെന്റിലെ ചീഫ് സ്ട്രാറ്റജിസ്റ്റ് മസാഹിറോ ഇച്ചിക്കാവ റോയിട്ടേഴ്സിനോട് പറഞ്ഞു.
പൂര്‍ത്തിയാകാത്ത അപ്പാര്‍ട്ട്മെന്റുകള്‍ വാങ്ങുന്നവരെ സംരക്ഷിക്കുന്നതിനും ഉപഭോക്തൃ ആത്മവിശ്വാസം സംരക്ഷിക്കുന്നതിനും ബീജിംഗ് ഇടപെടുമെന്ന് ചില സാമ്പത്തിക വിശകലന വിദഗ്ധര്‍ സമ്മതിക്കുന്നു.
പ്രത്യാഘ്യാതങ്ങള്എവര്ഗ്രാന്ഡെ പ്രതിസന്ധി ആഗോള ഓഹരി വിപണികള്‍ കുത്തനെ ഇടിയാന്‍ കാരണമായി. സെപ്റ്റംബര്‍ 21ഓടെ, ആഗോള ഓഹരി വിപണികള്‍ ഏകദേശം 2 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി. S&P 500 ഫ്യൂച്ചേഴ്സ് 0.3 ശതമാനം ഉയര്‍ന്നു. സൂചികയിലെ രണ്ട് മാസത്തെ ഏറ്റവും വലിയ ഇടിവിനെത്തുടര്‍ന്ന് ചൈനീസ് യുവാന്‍ തിങ്കളാഴ്ച നഷ്ടം വീണ്ടെടുക്കാന്‍ പരിശ്രമിച്ചു. ഷാങ്ഹായ് ആസ്ഥാനമായുള്ള പ്രോപ്പര്‍ട്ടി മാഗ്നറ്റ്ഴാങ് യുവാന്ലിന് എവര്‍ഗ്രാന്‍ഡെ പ്രതിസന്ധിയെ തുടര്‍ന്നുള്ള മാര്‍ക്കറ്റ് പരിഭ്രാന്തിയില്‍ 1 ബില്യണ്‍ ഡോളര്‍ നഷ്ടപ്പെട്ടു.
സിനിക് ഹോള്‍ഡിംഗ്സ് ഗ്രൂപ്പിന്റെ ചെയര്‍മാനായ ഷാങ്ങിന്റെ ആസ്തി സെപ്റ്റംബര്‍ 20ന് രാവിലെ 1.3 ബില്യണ്‍ ഡോളറില്‍ നിന്ന് ഉച്ചയോടെ 250.7 മില്യണ്‍ ഡോളറായി കുറഞ്ഞു. ഓഹരി വിലയില്‍ 87 ശതമാനം ഇടിവുണ്ടായതിനെ തുടര്‍ന്ന് ഹോങ്കോങ്ങിലെ വ്യാപാരം നിര്‍ത്താന്‍ അദ്ദേഹത്തിന്റെ സ്ഥാപനം നിര്‍ബന്ധിതമായി.
മൂന്ന് പ്രധാന ബെഞ്ച്മാര്‍ക്ക് സ്റ്റോക്ക് സൂചികകള്‍-എസ് & പി 500, ഡൗ ഇന്‍ഡസ്ട്രിയല്‍സ്, നാസ്ഡാക്ക് കോമ്പോസിറ്റ് എന്നിവ രണ്ട് മാസത്തിനിടയിലെ ഏറ്റവും മോശം ഇടിവാണ് നേരിട്ടത്. അതുകൊണ്ട് തന്നെ എവര്‍ഗ്രാന്‍ഡെ ഏറ്റവും വലിയ അപകടസാധ്യതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ആഗോള വിപണികളെ പ്രതിസന്ധി എങ്ങനെ ബാധിക്കും?
എവര്‍ഗ്രാന്‍ഡെയുടെ വീഴ്ച ചൈനയുടെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിനെ തകിടം മറിക്കുകയും ലോകമെമ്പാടും ഇതിന്റെ അലയൊലികള്‍ ഉണ്ടാകുകയും ചെയ്യുമെന്ന് ചില വിശകലന വിദഗ്ധര്‍ ഭയപ്പെടുന്നു. 2008ലെ ലെമാന് ബ്രദേഴ്സിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ ചൈനയുടെ സ്ഥിതി മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് 'വളരെ വ്യത്യസ്തമാണ്'. കാരണം സാമ്പത്തിക വ്യവസ്ഥയുമായുള്ള വസ്തുവകകളുടെ ബന്ധം ഓരോ രാജ്യത്തും 'ഒരേ അളവിലല്ല'. റെഗുലേറ്റര്‍മാര്‍ രംഗത്തിറങ്ങുന്നിടത്തോളം കാലം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യന്‍ വിപണികളെ ബാധിക്കുമോ?
ഇന്ത്യന്‍ വിപണികളെ ഇതുവരെ എവര്‍ഗ്രാന്‍ഡെ പ്രതിസന്ധി ബാധിച്ചിട്ടില്ല. എവര്‍ഗ്രാന്‍ഡെ പ്രതിസന്ധി കാരണം ആഗോള വിപണികളില്‍ പലതിലും നഷ്ടം തുടര്‍ന്നിട്ടും സെപ്റ്റംബര്‍ 21ന് ഇന്ത്യന്‍ ഇക്വിറ്റി ബെഞ്ച്മാര്‍ക്കുകള്‍ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെന്ന് പിറ്റല്വിയ ഗ്ലോബല്‍ റിസര്‍ച്ചിന്റെ ഗവേഷണ വിഭാഗം മേധാവി ഗൗരവ് ഗാര്‍ഗ് പറഞ്ഞു. സെപ്റ്റംബര്‍ 21 ന് ബിഎസ്ഇ സെന്‍സെക്സ് 0.88 ശതമാനം ഉയര്‍ന്നിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.