നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • Aadhar Online | ആധാർ കാർഡിലെ വിവരങ്ങൾ ഓൺലൈനായി തിരുത്തുന്നതെങ്ങനെ?

  Aadhar Online | ആധാർ കാർഡിലെ വിവരങ്ങൾ ഓൺലൈനായി തിരുത്തുന്നതെങ്ങനെ?

  ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് എസ് എസ് യു പിയുടെ പോര്‍ട്ടല്‍ മുഖാന്തിരം ഒരേ സമയം ഒന്നിലധികം വിവരങ്ങള്‍ മാറ്റാന്‍ സാധിക്കും.

  • Share this:
   ആധാര്‍ കാര്‍ഡിലെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളായ പേര്, ജനന തീയതി, മേല്‍വിലാസം, ഭാഷ തുടങ്ങിയവയില്‍ മാറ്റം വരുത്തണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇത് സ്വന്തമായി ചെയ്യാം. ഇതിനായി ആധാര്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കേണ്ട ആവശ്യമില്ല. സര്‍ക്കാരിന്റെ തന്നെ, എസ് എസ് യു പി അഥവാ സെല്‍ഫ് സര്‍വ്വീസ് അപ്‌ഡേറ്റ് പോര്‍ട്ടലിലൂടെ നിങ്ങള്‍ക്ക് വിവരങ്ങള്‍ സ്വന്തമായി അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. യു ഐ ഡി എ ഐ നല്‍കുന്ന വിവരം അനുസരിച്ച്, ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് എസ് എസ് യു പിയുടെ പോര്‍ട്ടല്‍ മുഖാന്തിരം ഒരേ സമയം ഒന്നിലധികം വിവരങ്ങള്‍ മാറ്റാന്‍ സാധിക്കും.

   യു ഐ ഡി എ ഐയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ 'എസ് എസ് യു പി ഉപയോഗിച്ച് നിങ്ങളുടെ ജനംഖ്യാപരമായ വിവരങ്ങള്‍ നവീകരിക്കുക' എന്നാണ് അധികൃതര്‍ കുറിച്ചിരിക്കുന്നത്. കുറിപ്പിനൊപ്പം പോര്‍ട്ടലിന്റെ ഔദ്യോഗിക ലിങ്കും പങ്കു വെച്ചിട്ടുണ്ട്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം , ഒരേ സമയം ഒന്നിലധികം വിവരങ്ങളില്‍ മാറ്റം വരുത്തുമ്പോള്‍ ഓരോ തവണയും അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ 50 രൂപ ഫീസ് ഇനത്തില്‍ അടക്കേണ്ടതുണ്ട് എന്നതാണ്.

   യു ഐ ഡി എ ഐ അധികൃതര്‍ നിങ്ങള്‍ക്ക് വിവരങ്ങള്‍ മാറ്റാനുള്ള സൗകര്യം തരുന്നു എന്നതിനര്‍ത്ഥം, സ്വന്തം ഇഷ്ടപ്രകാരം എപ്പോള്‍ വേണമെങ്കിലും വിവരങ്ങളില്‍ മാറ്റം വരുത്താം എന്നല്ല. ഒരു ആധാര്‍ കാര്‍ഡ് ഉടമയ്ക്ക് ജീവിതത്തില്‍ ഒരു തവണ മാത്രമേ ജനന തീയ്യതിയില്‍ മാറ്റം വരുത്താന്‍ സാധിക്കുകയുള്ളൂ. ലിംഗ സംബന്ധമായ വിവരങ്ങളിലും ജീവിത കാലത്തില്‍ ഒരു തവണ മാത്രമേ മാറ്റം വരുത്താന്‍ സാധിക്കുകയുള്ളൂ. അതുപോലെ പേരിന്റെ കാര്യത്തില്‍ ജീവിതത്തില്‍ രണ്ടു തവണ മാത്രമേ മാറ്റം വരുത്താന്‍ അനുവാദമുള്ളൂ.

   ഓണ്‍ലൈന്‍ അപ്‌ഡേഷന് ആവശ്യമായ രേഖകള്‍:

   നിങ്ങള്‍ മാറ്റം വരുത്താന്‍ അപേക്ഷിക്കുന്ന വിവരങ്ങളില്‍ പോര്‍ട്ടലിന് ചില സ്ഥിരീകരണങ്ങള്‍ നടത്തേണ്ടതുണ്ട്.

   പേര്: തിരിച്ചറിയല്‍ രേഖയുടെ സ്‌കാന്‍ ചെയ്ത കോപ്പി

   ജനന തീയതി: ജനന തീയതിയുടെ സ്‌കാന്‍ ചെയ്ത കോപ്പി

   ലിംഗ വിവരങ്ങള്‍: മൊബൈല്‍ വഴി ലഭിക്കുന്ന ഓ ടി പി സ്ഥിരീകരണം

   മേല്‍വിലാസം: മേല്‍വിലാസം സ്ഥിരീകരിക്കുന്ന രേഖയുടെ സ്‌കാന്‍ ചെയ്ത കോപ്പി ആവശ്യമാണ്.

   ഭാഷ: സ്ഥിരീകരണത്തിനായി രേഖകള്‍ ആവശ്യമില്ല.

   ഓണ്‍ലൈനായി ആധാര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ മുകളില്‍ പറഞ്ഞിരിക്കുന്ന രേഖകള്‍ കൂടാതെ ആധാര്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറും ആവശ്യമാണ്. നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത നമ്പറില്‍ ലഭിക്കുന്ന ഓ ടി പി നല്‍കിയാല്‍ മാത്രമേ അപ്‌ഡേഷന്‍ പൂര്‍ത്തിയാവുകയുള്ളു.

   എങ്ങനെയാണ് ഓണ്‍ലൈനായി ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുക?

   ഘട്ടം 1: https://ssup.uidai.gov.in/ssup/ എന്ന, യു ഐ ഡി എ ഐയുടെ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക.

   ഘട്ടം 2: 'ആധാര്‍ വിവരങ്ങള്‍അപ്‌ഡേറ്റ് ചെയ്യാന്‍ തുടരുക' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

   ഘട്ടം 3: നിങ്ങളുടെ ആധാര്‍ നമ്പറും ക്യാപ്ച്ചാ കോഡും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുക.

   ഘട്ടം 4: 'സെന്‍ഡ് ഒടിപി' എന്ന ഓപ്ഷന്‍ അമര്‍ത്തുക.

   ഘട്ടം 5: 'സെന്‍ഡ് ഒടിപി' എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്തു കഴിയുമ്പോള്‍, നിങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് നിങ്ങള്‍ക്ക് ഒരു ആറക്ക ഓ ടി പി ലഭിക്കും.

   ഘട്ടം 6: നിങ്ങള്‍ക്ക് ലഭിക്കുന്ന ഓ ടി പി നല്‍കുന്നതിലൂടെ നിങ്ങളുടെ ജനസംഖ്യാപരമായ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയും.

   ഘട്ടം 7: ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയതിന് ശേഷം, 'പ്രൊസീഡ്' എന്ന ബട്ടണ്‍ അമര്‍ത്തുക.

   ഘട്ടം 8: നിങ്ങള്‍ അപേക്ഷിച്ച മാറ്റങ്ങളെ സാധൂകരിക്കുന്ന ഔദ്യോഗിക രേഖകള്‍ അപ്ലോഡ് ചെയ്യുക.

   ഘട്ടം 9: വിവരങ്ങള്‍ സമര്‍പ്പിച്ച ശേഷം, നല്‍കിയ വിവരങ്ങള്‍ പുനഃപരിശോധിക്കുക.

   ഘട്ടം 10: നടപടിക്രമങ്ങളുടെ ഒടുവില്‍ നിങ്ങള്‍ക്ക് ഒരു അപ്‌ഡേറ്റ് റിക്വസ്റ്റ് നമ്പര്‍ (യു ആര്‍ എന്‍) ലഭിക്കും. ആധാര്‍ കാര്‍ഡ് അപ്ഡേഷന്‍ പ്രക്രിയയുടെ നില പരിശോധിക്കാനായി നിങ്ങള്‍ക്ക് അത് ഉപയോഗിക്കാവുന്നതാണ്.
   Published by:Jayashankar AV
   First published:
   )}