• HOME
 • »
 • NEWS
 • »
 • explained
 • »
 • Explained | മനുഷ്യനിൽ പന്നിയുടെ ഹൃദയം മാറ്റിവെച്ചത് എങ്ങനെ? ഈ ശസ്ത്രക്രിയയുടെ പുരോഗതി ശാസ്ത്രലോകം സസൂക്ഷ്‌മം നിരീക്ഷിക്കുന്നത് എന്തുകൊണ്ട്?

Explained | മനുഷ്യനിൽ പന്നിയുടെ ഹൃദയം മാറ്റിവെച്ചത് എങ്ങനെ? ഈ ശസ്ത്രക്രിയയുടെ പുരോഗതി ശാസ്ത്രലോകം സസൂക്ഷ്‌മം നിരീക്ഷിക്കുന്നത് എന്തുകൊണ്ട്?

ആരോഗ്യമേഖലയില്‍ അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സാധ്യതകളുടെ ഒരു പുതിയ ലോകമാണ് മനുഷ്യരാശിയ്ക്ക് മുന്നില്‍ തുറന്നിരിക്കുന്നത്.

 • Last Updated :
 • Share this:
  കഴിഞ്ഞ ദിവസം യുഎസിലെ വിദഗ്ധ ഡോക്റ്റര്‍മാരുടെ സംഘം മനുഷ്യനില്‍ ഒരു പന്നിയുടെ ഹൃദയം (Pig's Heart) മാറ്റിവെച്ച (Heart Transplantation) സംഭവം ആരോഗ്യ രംഗത്തെ വിജയകരമായ ഒരു ചുവടുവെയ്പ്പായിരുന്നു. ആരോഗ്യകരമായ അവയവങ്ങള്‍ സ്വീകരിക്കാനുള്ള, രോഗികളുടെ വര്‍ഷങ്ങളോളം നീണ്ട കാത്തിരിപ്പിന് വിരാമമിട്ടേക്കാവുന്ന ഒരു വിജയം തന്നെയാണിത്. ഇതോടെ ആരോഗ്യമേഖലയില്‍ അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സാധ്യതകളുടെ ഒരു പുതിയ ലോകമാണ് മനുഷ്യരാശിയ്ക്ക് മുന്നില്‍ തുറന്നിരിക്കുന്നത്.

  മനുഷ്യശരീരത്തില്‍ മൃഗങ്ങളുടെ അവയവങ്ങള്‍ (Organs) മാറ്റിവെയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ വളരെക്കാലമായി ഗവേഷകര്‍ നടത്തിവരികയാണ്. ഇത് സംബന്ധിച്ച സൂചനകള്‍ പുരാണങ്ങളിലും ഇതിഹാസങ്ങളിലും വരെ കാണാന്‍ കഴിയും. ഗ്രീക്ക് ഇതിഹാസത്തിലെ ഇക്കാറസിന്റെ ചിറകുകളോ ഗണപതിയുടെ ആനത്തലയോ ഒക്കെ ഇതുമായി ബന്ധപ്പെടുത്തി പറയാവുന്നതാണ്. പക്ഷേ അത് യാഥാര്‍ത്ഥ്യവല്‍ക്കരിക്കുക എന്നത് വളരെ സങ്കീര്‍ണ്ണമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

  ആരിലാണ് പന്നിയുടെ ഹൃദയം മാറ്റിവെച്ചത്?

  യൂണിവേഴ്സിറ്റി ഓഫ് മേരിലാന്‍ഡ് മെഡിസിന്‍ കേന്ദ്രത്തില്‍ വെച്ച്, 57കാരനായ ഡേവിഡ് ബെന്നറ്റ് എന്നയാളിലാണ് ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മാറ്റിവെയ്ക്കുന്ന പരീക്ഷണാത്മക ശസ്ത്രക്രിയ നടത്തിയത്. 2022 ജനുവരി 7ന് യുഎസ് ആരോഗ്യ അധികൃതരില്‍ നിന്ന് അനുമതി ലഭിച്ചതിന് ശേഷം രോഗിയുടെ ജീവന്‍ രക്ഷിക്കാനുള്ള അവസാന ശ്രമം എന്ന നിലയിലാണ് ശസ്ത്രക്രിയാ വിദഗ്ധര്‍ ഈ ശസ്ത്രക്രിയയുമായി മുന്നോട്ട് പോയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

  ഗുരുതരമായതോ ജീവന്‍ അപകടത്തിലായതോ ആയ രോഗാവസ്ഥയെ അഭിമുഖീകരിക്കുന്ന രോഗിക്ക് അവസാന സാധ്യതയായി അവശേഷിക്കുന്നത് ഒരു പരീക്ഷണാത്മക മെഡിക്കല്‍ ഉല്‍പ്പന്നം മാത്രമാണെങ്കില്‍, അതിന് യുഎസ് അധികൃതരുടെ അംഗീകാരം ആവശ്യമാണെന്ന് ആശുപത്രി പറയുന്നു.

  ബെന്നറ്റിന്റെ മോശം ആരോഗ്യസ്ഥിതിയെ അടിസ്ഥാനമാക്കിയാണ് അവയവം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. ''ഒന്നുകില്‍ മരിക്കുക അല്ലെങ്കില്‍ ഈ ട്രാന്‍സ്പ്ലാന്റ് ചെയ്യുക എന്നതായിരുന്നു അവസ്ഥ. എനിക്ക് ജീവിക്കണം. ഈ ശസ്ത്രക്രിയ ഇരുട്ടിലേക്ക് വെടിയുതിര്‍ക്കുന്നതിന് തുല്യമാണെന്ന് എനിക്കറിയാം. പക്ഷേ ഇത് എന്റെ മുന്നിലുള്ള അവസാനത്തെ സാധ്യതയാണ്'', ശസ്ത്രക്രിയയ്ക്ക് ഒരു ദിവസം മുമ്പ് ബെന്നറ്റ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

  ''ജനിതകമാറ്റം വരുത്തിയ മൃഗങ്ങളുടെ ഹൃദയത്തിന് സാധാരണ മനുഷ്യഹൃദയം പോലെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും, ശരീരം അതിനെ ഉടനടി തിരസ്‌കരിക്കുന്നില്ലെന്നും ഈ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആദ്യമായി തെളിയിച്ചു'' എന്ന് ജനുവരി 10ന് നടത്തിയ പത്രപ്രസ്താവനയില്‍ ശസ്ത്രക്രിയ നടത്തിയ യൂണിവേഴ്സിറ്റി ഓഫ് മേരിലാന്‍ഡ് സ്‌കൂള്‍ ഓഫ് മെഡിസിന്‍ പറഞ്ഞു.

  രോഗിയുടെ നില എങ്ങനെ?

  ശസ്ത്രക്രിയ കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം, ബെന്നറ്റിന്റെ ശരീരം മാറ്റിവച്ച ഹൃദയത്തോട് നന്നായി പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ശസ്ത്രക്രിയയുടെ വിജയത്തെക്കുറിച്ച് തീരുമാനിക്കാന്‍ ഇനിയും സമയമാകുന്നതെയുള്ളൂ. പുതിയ അവയവം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അറിയാന്‍ അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

  ശസ്ത്രക്രിയയ്ക്ക് മുമ്പ് ബെന്നറ്റ് ഹാര്‍ട്ട്-ലംഗ് ബൈപാസ് മെഷീനില്‍ മാസങ്ങള്‍ ചെലവഴിച്ചിരുന്നു. ഇപ്പോള്‍ മാറ്റിവച്ച ഹൃദയത്തില്‍ അധിക സമ്മര്‍ദ്ദം ചെലുത്താതിരിക്കാന്‍ ഈ ഉപകരണം ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് ഇപ്പോള്‍ സ്വന്തമായി ശ്വസിക്കാന്‍ കഴിയുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അടുത്ത ഏതാനും ആഴ്ചകള്‍ സുഖം പ്രാപിക്കുന്നതില്‍ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

  തങ്ങള്‍ ജാഗ്രതയോടെയാണ് മുന്നോട്ട് പോകുന്നതെന്നാണ് ശസ്ത്രക്രിയ നടത്തിയ ഡോ. ബാര്‍ട്ട്‌ല പി ഗ്രിഫിത്ത് പറയുന്നത്. ''ഭാവിയില്‍ രോഗികള്‍ക്ക് പുതിയ സാധ്യത തുറന്നു നല്‍കാന്‍ ഈ ശസ്ത്രക്രിയയുടെ വിജയത്തിന് കഴിയുമെന്ന് ശുഭാപ്തി വിശ്വാസമുണ്ട്'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ''ഭാവിയില്‍ നിരവധി രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ സാധ്യതയുള്ള ഈ രീതി കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായകമായ വിലപ്പെട്ട വിവരങ്ങളാണ് വിജയകരമായ ഈ ശസ്ത്രക്രിയ മെഡിക്കല്‍ കമ്മ്യൂണിറ്റിയ്ക്ക് നല്‍കിയതെന്ന് മേരിലാന്‍ഡിലെ സര്‍ജറി പ്രൊഫസര്‍ ഡോ മുഹമ്മദ് എം മൊഹിയുദ്ദീന്‍ വ്യക്തമാക്കി.

  ഇത്തരം അവയവം മാറ്റിവയ്ക്കലുകള്‍ എങ്ങനെ സഹായകരമാകും?

  മൃഗങ്ങളുടെ അവയവങ്ങള്‍ മാറ്റിവയ്ക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യുന്ന ശസ്ത്രക്രിയകളും രീതികളും പതിറ്റാണ്ടുകളായി ആധുനിക വൈദ്യശാസ്ത്രം പിന്തുടരുന്നുണ്ട്. എന്നാല്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനം പുറത്തുനിന്നുള്ള അവയവത്തെ നിരസിക്കുന്നത് സംബന്ധിച്ച വെല്ലുവിളിയെ അതിജീവിക്കുക ബുദ്ധിമുട്ടാണ്. ഇത് രോഗികളില്‍ മാരകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക.

  1984ല്‍ കാലിഫോര്‍ണിയയിലെ ബേബി ഫേ എന്നറിയപ്പെടുന്ന സ്റ്റെഫാനി ഫേ ബ്യൂക്ലെയര്‍ എന്ന വ്യക്തി ഉള്‍പ്പെട്ട ഒരു മെഡിക്കല്‍ കേസിന് ശേഷം സെനോട്രാന്‍സ്പ്ലാന്റുകള്‍ വലിയ തോതില്‍ ഉപേക്ഷിക്കപ്പെട്ടതായി മേരിലാന്‍ഡ് ആശുപത്രി അധികൃതര്‍ പറഞ്ഞു. മാരകമായ ഹൃദ്രോഗവുമായി ജനിച്ച കുഞ്ഞിന് ഒരു ബാബൂണിന്റെ (കുരുങ്ങു വര്‍ഗ്ഗത്തില്‍പ്പെട്ട ജീവി) ഹൃദയം മാറ്റിവെച്ചെങ്കിലും, പുറത്തുനിന്നുള്ള ഹൃദയത്തെ ശരീരത്തിലെ പ്രതിരോധ സംവിധാനം നിരസിച്ചതിനാല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ കുട്ടി മരിക്കുകയായിരുന്നു.

  1800കള്‍ മുതല്‍ മനുഷ്യ ശരീരത്തിന്റെ ഉപരിതലത്തിലെ മുറിവുകള്‍ക്ക് വിവിധ മൃഗങ്ങളില്‍ നിന്നുള്ള ചര്‍മം വെച്ചുപിടിപ്പിച്ച് ചികിത്സ നല്‍കി വരുന്നുണ്ട്. അതുപോലെ ആധുനിക ആരോഗ്യ രംഗത്ത്, മനുഷ്യരില്‍ ഹൃദയ വാല്‍വുകള്‍ മാറ്റിസ്ഥാപിക്കാന്‍ ''വര്‍ഷങ്ങളായി'' പന്നിയുടെ ഹൃദയ വാല്‍വുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും സങ്കീര്‍ണ്ണമായ അവയവങ്ങളുടെ മാറ്റിവയ്ക്കല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.1960കളില്‍ ചിമ്പാന്‍സികളില്‍ നിന്ന് 13 മനുഷ്യര്‍ വൃക്കകള്‍ സ്വീകരിച്ചതാണ് ഇതുമായി ബന്ധപ്പെട്ട് അറിയപ്പെടുന്ന പ്രധാന കേസുകളിലൊന്ന്. അവരില്‍ പന്ത്രണ്ട് സ്വീകര്‍ത്താക്കളും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മരിച്ചപ്പോള്‍, ഒരു രോഗി മാത്രം ഒമ്പത് മാസം ജീവിച്ചു.

  വളരെ സങ്കീര്‍ണ്ണമായ, വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിനൊടുവിലാണ് ബെന്നറ്റിന്റെ ശസ്ത്രക്രിയ്ക്കായുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചതെന്ന് യുഎംഎസ്ഒഎം സെനോട്രാന്‍സ്പ്ലാന്റേഷന്‍ പ്രോഗ്രാമിന്റെ സയന്റിഫിക് ഡയറക്ടറും മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യരിലേക്ക് മാറ്റിവയ്ക്കുന്നതില്‍ ലോകത്തിലെ ഏറ്റവും മികച്ച വിദഗ്ധരില്‍ ഒരാളായി കണക്കാക്കപ്പെടുന്നതുമായ ഡോ. മൊഹിയുദ്ദീന്‍ പറഞ്ഞു. ഒരു ജീവി വര്‍ഗത്തില്‍ നിന്നും മറ്റൊരു ജീവി വര്‍ഗത്തിലേക്ക് അവയവമാറ്റം നടത്തുന്നതിനെയാണ് സെനോട്രാന്‍സ്പ്ലാന്റേഷന്‍ (Xenotransplantation) എന്ന് പറയുന്നത്.

  അവയവങ്ങളുടെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ ഈ ഉദ്യമം സഹായിച്ചേക്കുമെന്നാണ് ഡോ. ഗ്രിഫിത്ത് പറയുന്നത്. യുഎസില്‍ മാത്രം ഓരോ വര്‍ഷവും 6,000ത്തിലധികം രോഗികള്‍ അവയവമാറ്റത്തിനായി കാത്തിരിക്കുന്നുവെന്ന് ഡോ. ഗ്രിഫിത്ത് ചൂണ്ടിക്കാട്ടുന്നു. ''അവയവ ദൗര്‍ലഭ്യം പരിഹരിക്കുന്നതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ ശസ്ത്രക്രിയ. കാരണം, അനുയോജ്യമായ അവയവങ്ങള്‍ക്കായി കാത്തിരിക്കുന്ന സ്വീകര്‍ത്താക്കള്‍ക്ക് ആവശ്യമായത്രയും മനുഷ്യ ഹൃദയങ്ങള്‍ ലഭ്യമല്ല'', അദ്ദേഹം പറയുന്നു.

  3817 അമേരിക്കന്‍ പൗരന്മാര്‍ക്കായിരുന്നു രാജ്യത്തെ വിവിധ മെഡിക്കല്‍ സെന്ററുകളിലൂടെ കഴിഞ്ഞ വര്‍ഷം ഹൃദയം മാറ്റിവച്ചത്. പക്ഷെ എന്നിട്ടും അനുയോജ്യമായ ഹൃദയത്തിനായി കാത്തുനില്‍ക്കുന്നവര്‍ ഏറെയാണ്. അനുയോജ്യമായ അവയവങ്ങള്‍ ലഭിക്കാത്തതിനാലും ദാതാക്കളുടെ ദൗര്‍ലഭ്യവും കാരണം കൃത്യ സമയത്ത് അവയവ മാറ്റിവയ്ക്കല്‍ നടക്കാത്തതിനാല്‍ അമേരിക്കയില്‍ മാത്രം പന്ത്രണ്ടോളം പേര്‍ ദിവസേന മരിക്കുന്നു എന്നാണ് കണക്ക്.

  മാറ്റിവെക്കാന്‍ അവയവങ്ങളുടെ ദൗര്‍ലഭ്യം കാരണമാണ് മനുഷ്യഹൃദയമല്ലാതെയുള്ള മറ്റു വഴികള്‍ ശാസ്ത്രലോകം തേടിയത്. യുഎംഎസ്ഒഎം നടത്തിയ ബെന്നറ്റിന്റെ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയാണ് ഈ രംഗത്ത് ഏറ്റവും പ്രതീക്ഷ നല്‍കുന്ന പുരോഗതി നടത്തിയത്.

  ശസ്ത്രക്രിയ നടത്താന്‍ എന്താണ് ചെയ്തത്?

  ജനിതക മാറ്റത്തിന് വിധേയമായ ഒരു പന്നിയില്‍ നിന്നാണ് ബെന്നറ്റിലേക്ക് ഹൃദയം മാറ്റിവച്ചത്. പന്നിയിലെ പ്രതിരോധകോശങ്ങള്‍ മനുഷ്യനിലെ പ്രതിരോധകോശങ്ങളുമായി വിജയകരമായി ഇടകലരാന്‍ സഹായിക്കുന്ന തരത്തിലുള്ള ജനിതകമാറ്റങ്ങളാണ് പണിയില്‍ വരുത്തിയത്. മനുഷ്യര്‍ പന്നിയുടെ അവയവങ്ങള്‍ നിരസിക്കാന്‍ കാരണമാകുന്ന മൂന്ന് ജീനുകളെ ശാസ്ത്രജ്ഞര്‍ നീക്കം ചെയ്തിരുന്നു. അതോടൊപ്പം പന്നിയുടെ ഹൃദയ കോശങ്ങളുടെ അമിത വളര്‍ച്ചയ്ക്ക് കാരണമാകുന്ന ജീനുകളും അതിലുള്‍പ്പെടുന്നു. കൂടാതെ, മനുഷ്യശരീരത്തിന് അവയവം സ്വീകരിക്കാന്‍ സഹായകമാകുന്ന ആറ് മനുഷ്യ ജീനുകള്‍ പന്നിയുടെ ജീനോമിലേക്ക് ചേര്‍ത്തു, അതായത് യുഎസ് ബയോടെക് സ്ഥാപനമായ റിവിവികോര്‍ പന്നിയില്‍ മൊത്തം 10 ജീന്‍ മാറ്റങ്ങള്‍ നടത്തി.

  Pig's Heart in Man | 25 വർഷം മുമ്പ് ഇന്ത്യൻ ഡോക്ടർക്ക് ജയിൽശിക്ഷയും അപമാനവും; പന്നിയുടെ ഹൃദയം മനുഷ്യനിൽ വെച്ചുപിടിപ്പിച്ച യുഎസ് ഡോക്ടർക്ക് ഇന്ന് അഭിനന്ദനപ്രവാഹം

  ശസ്ത്രക്രിയയുടെ ദിവസം, മെഡിക്കല്‍ സംഘം ജനിതക മാറ്റങ്ങള്‍ നടത്തിയ പന്നിയുടെ ഹൃദയം നീക്കം ചെയ്യുകയും ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കാന്‍ രൂപകല്‍പ്പന ചെയ്ത ഒരു പെര്‍ഫ്യൂഷന്‍ ഉപകരണത്തില്‍ സ്ഥാപിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുഎസ് ആസ്ഥാനമായുള്ള കിനിക്‌സാ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മ്മിച്ച ഒരു പരീക്ഷണാത്മക ആന്റി-റിജക്ഷന്‍ മരുന്നും ബെന്നറ്റിന് നല്‍കിയതിന് ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്.

  Precautionary Vaccine | രാജ്യത്ത് കരുതല്‍ ഡോസ് വാക്സിനേഷന്‍ തിങ്കളാഴ്ച മുതല്‍: മൂന്നാം ഡോസ് വാക്സിന് നിങ്ങള്‍ യോഗ്യനാണോ?

  ഏഴ് മണിക്കൂറോളം നീണ്ട സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയായിരുന്നു യൂണിവേഴ്സിറ്റി ഓഫ് മേരിലാന്‍ഡ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഡോക്ടര്‍മാര്‍ ബെന്നറ്റില്‍ നടത്തിയത്. മാറ്റിവച്ച പന്നി ഹൃദയത്തിന്റെ മനുഷ്യശരീരത്തിനുള്ളിലെ പ്രവര്‍ത്തനക്ഷമതയെയും സുരക്ഷയെയും കുറിച്ച് ഇനിയും ഉത്തരം ലഭിക്കേണ്ട നിരവധി ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
  Published by:Jayashankar AV
  First published: