ജീവനക്കാരെ കൃത്യമായി ജോലി ചെയ്യിക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന 'ആക്സസ് കണ്ട്രോള് സിസ്റ്റം' (Access Control System) സെക്രട്ടേറിയറ്റിലാണ് (Secretariat ) ആദ്യം നടപ്പാക്കുന്നത്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഈ സംവിധാനം നടപ്പാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ജീവനക്കാരെ ബന്ദികളാക്കുന്ന രീതിയാണ് ആക്സസ് കണ്ട്രോള് സിസ്റ്റം നടപ്പാക്കുന്നതെന്ന് ജീവനക്കാര്‍ ആരോപണം ഉന്നയിച്ച് കഴിഞ്ഞു.
എന്താണ് സെക്രട്ടേറിയറ്റിലെ ആക്സസ് കണ്ട്രോള് സംവിധാനം
രാവിലെ 10.15 മുതല്‍ വൈകിട്ട് 5.15 വരെയാണ് സെക്രട്ടേറിയറ്റിലെ ഓഫീസുകളുടെ പ്രവര്‍ത്തന സമയം.
നിലവില്‍ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ രാവിലെയും വൈകിട്ടും പഞ്ച് ചെയ്യണമെന്നത് നിര്‍ബന്ധമാണ്. പഞ്ച് ചെയ്ത ശേഷം പുറത്തുപോകുന്നതിന് തടസ്സമില്ല.ഗേറ്റില്‍ സുരക്ഷാ ജീവനക്കാര്‍ ഉദ്യോഗസ്ഥരെ തടയാറുമില്ല.വൈകി എത്തുന്നതിനും നേരത്തെ പോകുന്നതിനും 300 മിനിറ്റ് വരെ ഇളവ് അനുവദിച്ചിട്ടുണ്ട്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചത്. 1.97 കോടി രൂപ ചെലവാക്കിയാണ് ഉപകരണം വാങ്ങിയത്.ആദ്യ ഗഡുവായ 56 ലക്ഷം രൂപ കെല്‍ട്രോണിന് കൈമാറി. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ സംവിധാനം പ്രവര്‍ത്തനക്ഷമമാകും.
കേരളത്തില്‍ കൊച്ചി മെട്രോയില്‍ യാത്രക്കാരെ നിയന്ത്രിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള സംവിധാനത്തോട് സമാനമാണ് സെക്രട്ടേറിയേറ്റിലെ ആക്സസ് കണ്ട്രോള് സംവിധാനം. ജീവനക്കാരുടെ കൈവശമുള്ള കാര്‍ഡ് ഒരു പ്രത്യേക സ്ഥലത്ത് സ്വൈപ്പ് ചെയ്യുമ്പോള്‍ വാതിലിന് മുന്‍പിലുള്ള തടസം നീങ്ങുന്ന തരത്തിലാണ് ഇത് പ്രവര്‍ത്തിക്കുക. സെക്രട്ടേറിയേറ്റിലെ എല്ലാ ഓഫീസുകളുടെ പ്രവേശന കവാടത്തിലും ഈ സംവിധാനം സ്ഥാപിക്കും
പഴയ പഞ്ചിങ് കാര്‍ഡിന് പകരം പുതിയ കാര്‍ഡ് ജീവനക്കാര്‍ക്ക് നല്‍കും. ബയോമെട്രിക് പഞ്ചിങ് കഴിഞ്ഞാലേ അകത്തേക്ക് കയറാനുള്ള വാതില്‍ തുറക്കുകയുള്ളു. പുറത്തുപോകുമ്പോഴും ഇത് ബാധകമാണ്. തിരികെയെത്തുന്നത് അരമണിക്കൂറിന് ശേഷം ആണെങ്കില്‍ അത്രയും സമയം ജോലി ചെയ്തില്ല എന്ന് കണക്കാക്കും. അല്ലെങ്കില്‍ മതിയായ കാരണം ബോധിപ്പിക്കണം.
Also Read- കോവിഡ് പ്രതിസന്ധി; കേരള ട്രാവൽമാർട്ട് ഉദ്ഘാടനം മേയ് അഞ്ചിലേക്ക് മാറ്റിവെച്ചു
പുതിയ സംവിധാനം വരുന്നതോടെ രാവിലെ ജോലിയില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ ഉച്ചയൂണിന് മാത്രമേ ജീവനക്കാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയു. കൈവശമുള്ള ആക്സസ് കാര്‍ഡ് ഉപയോഗിച്ചാണ് ഓഫിസിലേക്ക് കയറുന്നതും ഇറങ്ങുന്നതും. അര മണിക്കൂറില്‍ കൂടുതല്‍ ഓഫീസില്‍ ഇല്ലാതെ വന്നാല്‍ ആ വിവരം ശമ്പള സോഫ്റ്റ് വെയറായ സ്പാര്‍ക്കിലേക്ക് കൈമാറും.
ആക്സസ് കണ്ട്രോള് സിസ്റ്റം വരുന്നതോടെ സന്ദര്‍ശകര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. ഏത് സെക്ഷനില്‍ ആരെ സന്ദര്‍ശിക്കുന്നു എന്നു സന്ദര്‍ശക കാര്‍ഡ് വഴി നിയന്ത്രിക്കും. ജീവനക്കാരെ ഓഫീസുകളിലെത്തി സന്ദര്‍ശിക്കുന്നതിനും യോഗങ്ങള്‍ക്കും ഇനി നിയന്ത്രണം ഉണ്ടാകും.
ഔദ്യോഗിക യോഗങ്ങള്‍ക്ക് പോയാലും അവധി രേഖപ്പെടുത്തുമെന്നാണ് ജീവനക്കാരുടെ ആരോപണം. എന്നാല്‍ ഇതിന ്പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റില്‍ ഏര്‍പ്പെടുത്തുന്ന പുതിയ അക്സസ് സിസ്റ്റം രണ്ടാംഘട്ടമായി എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലുമെത്തും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala government, Secretariat