• HOME
  • »
  • NEWS
  • »
  • explained
  • »
  • Explained: സമൂഹ മാധ്യമങ്ങൾ പാലിക്കേണ്ട പുതിയ നിയമങ്ങളും ശിക്ഷകളും

Explained: സമൂഹ മാധ്യമങ്ങൾ പാലിക്കേണ്ട പുതിയ നിയമങ്ങളും ശിക്ഷകളും

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കായി ഇൻഫർമേഷൻ ടെക്‌നോളജി നിയമങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിയമങ്ങൾ ഓൺലൈൻ മാധ്യമങ്ങൾക്കും ബാധകമാണെന്ന് സർക്കാർ അറിയിച്ചു.

കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്

കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്

  • Share this:
സുപ്രീം കോടതിയിൽ നിന്നുള്ള നിർദേശങ്ങളും പാർലമെന്റിൽ ഉന്നയിച്ച ആശങ്കകളും ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ വ്യാഴാഴ്ച സോഷ്യൽ മീഡിയ, ഡിജിറ്റൽ ന്യൂസ് മീഡിയ, ഓവർ-ദി-ടോപ്പ് (ഒടിടി) പ്ലാറ്റ്ഫോമുകൾ എന്നിവയെ നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കായി ഇൻഫർമേഷൻ ടെക്‌നോളജി നിയമങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിയമങ്ങൾ ഓൺലൈൻ മാധ്യമങ്ങൾക്കും ബാധകമാണെന്ന് സർക്കാർ അറിയിച്ചു.

ഈ മാർഗ്ഗനിർദ്ദേശങ്ങൾക്ക് പിന്നിലെന്ത്?

പത്രസമ്മേളനത്തിൽ നിയമ-ഐടി മന്ത്രി രവിശങ്കർ പ്രസാദ് 2018 ലെ സുപ്രീം കോടതി നിരീക്ഷണവും 2019 ലെ സുപ്രീം കോടതി ഉത്തരവും വ്യക്തമാക്കിയിരുന്നു. ഇതിനെ തുട‍ർന്ന് 2020 ൽ ഒരു കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോ​ഗിക്കുന്ന സാധാരണ ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതിനും അവരുടെ അവകാശങ്ങൾ ലംഘിക്കുന്ന സാഹചര്യത്തിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് ഉത്തരവാദിത്തബോധം ഉണ്ടാക്കുന്നതിനുമാണ് നിയമങ്ങൾ കൊണ്ടുവന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി സർക്കാർ ഈ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കുന്നതിനായി പ്രവർത്തിച്ച് വരികയായിരുന്നു. ജനുവരി 26 ന് ചെങ്കോട്ടയിൽ നടന്ന അക്രമസംഭവങ്ങളെ തുട‍ർന്നാണ് ഉടനടി നിയമങ്ങൾ പുറത്തിറക്കിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നിന്ന് ചില അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതിനെച്ചൊല്ലി സർക്കാരും ട്വിറ്ററും തമ്മിൽ അടുത്തിടെ തർക്കമുണ്ടായിരുന്നു.

സമൂഹ മാധ്യമങ്ങൾക്ക് നൽകിയിരിക്കുന്ന പ്രധാന മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌

ഉപയോക്താക്കളിൽ നിന്ന് പരാതികൾ സ്വീകരിക്കുന്നതിനും പരിഹരിക്കുന്നതിനുമായി പരാതി പരിഹാര സംവിധാനം സ‍‍ർക്കാ‍ർ നിർദ്ദേശിച്ചിട്ടുണ്ട്. അത്തരം പരാതികൾ കൈകാര്യം ചെയ്യുന്നതിന് ഈ പ്ലാറ്റ്ഫോമുകളിൽ ഉദ്യോഗസ്ഥനെ നിയമിക്കേണ്ടതുണ്ട്. അവർ 24 മണിക്കൂറിനുള്ളിൽ പരാതികൾ അംഗീകരിക്കുകയും 15 ദിവസത്തിനുള്ളിൽ അത് പരിഹരിക്കുകയും വേണം.

സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കാൻ പാടില്ലാത്ത ഉള്ളടക്കങ്ങൾ

ഇന്ത്യയുടെ ഐക്യം, സമഗ്രത, പ്രതിരോധം, സുരക്ഷ, പരമാധികാരം, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദ ബന്ധം എന്നിവ തക‍ർക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിക്കാൻ പാടില്ല.

അപകീർത്തിപ്പെടുത്തുന്നതോ അശ്ലീലമോ ശാരീരിക സ്വകാര്യത തക‍ർക്കുന്നതോ ആയ ചിത്രങ്ങളോ വീഡിയോയോ ഉള്ളടക്കങ്ങളോ സോഷ്യൽ മീഡിയയിലൂടെ പുറത്തു വിടരുത്.

Also Read മൊട്ടേര സ്റ്റേഡിയത്തിന് നരേന്ദ്ര മോദിയുടെ പേരിട്ടതിനെ പരിഹസിച്ചു; ആളുമാറി സൈബര്‍ ആക്രമണം നേരിട്ട് 'സ്‌പൈഡര്‍മാൻ'

ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിൽ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നതും വംശീയമായി ആക്ഷേപിക്കുന്ന ഉള്ളടക്കങ്ങളും പാടില്ല.  കള്ളപ്പണം വെളുപ്പിക്കൽ, ചൂതാട്ടം എന്നിവയുമായി ബന്ധപ്പെട്ടതോ പ്രോത്സാഹിപ്പിക്കുന്നതോ അല്ലെങ്കിൽ ഇന്ത്യയിലെ നിയമങ്ങൾക്ക് വിരുദ്ധമായ  മറ്റ് ഉള്ളടക്കങ്ങൾ ഷെയ‍ർ ചെയ്യാനോ പ്രസിദ്ധീകരിക്കാനോ പാടില്ല.

കോടതിയിൽ നിന്നോ സർക്കാർ ഏജൻസിയിൽ നിന്നോ ഇത്തരം നിരോധിത ഉള്ളടക്കം സംബന്ധിച്ച് വിവരങ്ങൾ ലഭിച്ചാൽ, 36 മണിക്കൂറിനുള്ളിൽ ഈ ഉള്ളടക്കം നീക്കം ചെയ്തിരിക്കണമെന്നാണ് നിയമം.

മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ ലംഘിക്കുന്ന കമ്പനികൾ‌ക്കുള്ള പിഴകൾ‌ എന്തൊക്കെ?

നിയമങ്ങൾ പാലിക്കുന്നതിൽ കമ്പനികൾ പരാജയപ്പെട്ടാൽ, ഐടി നിയമത്തിലെ വ്യവസ്ഥകളും ഇന്ത്യൻ നീതിന്യായ വ്യവസ്ഥകളും അനുസരിച്ച്  ശിക്ഷയ്ക്ക് ബാധ്യസ്ഥനാണ്.  ഐടി ആക്ടിന് കീഴിലുള്ള കുറ്റകൃത്യങ്ങളായ പ്രമാണങ്ങൾ തട്ടിയെടുക്കൽ, ഹാക്കിംഗ്, സ്വകാര്യത തക‍ർക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിക്കൽ എന്നിവയ്ക്ക് രണ്ട് ലക്ഷം രൂപ മുതൽ പിഴ ഈടാക്കും.

ഐടി നിയമത്തിലെ സെക്ഷൻ 66 പ്രകാരം, ഒരു വ്യക്തിയുടെ ഉടമസ്ഥന്റെയോ കമ്പ്യൂട്ടർ നെറ്റ്‌വർക്കിന്റെയോ ചുമതലയുള്ള മറ്റേതെങ്കിലും വ്യക്തിയുടെ അനുമതിയോ ഇല്ലാതെ ആവശ്യമായ രേഖകൾ നശിപ്പിച്ചാൽ, അയാൾക്ക് 5 ലക്ഷം രൂപ വരെ പിഴ നൽകേണ്ടി വരും. അല്ലെങ്കിൽ മൂന്ന് വർഷം വരെ തടവ് ലഭിക്കും. ഇവ രണ്ടും ഒരുമിച്ച് ലഭിക്കാനുള്ള സാധ്യതകളുമുണ്ട്.

ഐടി നിയമത്തിലെ സെക്ഷൻ 67 എയിൽ “ലൈംഗികത പ്രകടമാക്കുന്ന പ്രവൃത്തി അല്ലെങ്കിൽ പെരുമാറ്റത്തിന്”  പിഴയും തടവ് ശിക്ഷയും ബാധകമാണ്. ആദ്യ സന്ദർഭത്തിൽ, ഇത്തരം വ്യക്തികൾക്ക് 10 ലക്ഷം രൂപ വരെ പിഴയും അഞ്ച് വർഷം വരെ തടവും ലഭിക്കും. രണ്ടാമത്തെ സന്ദർഭത്തിൽ, ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കും.

രാജ്യത്തിന്റെ പരമാധികാരം അല്ലെങ്കിൽ സമഗ്രത, പ്രതിരോധം, സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്ന സമൂഹ മാധ്യമ എക്സിക്യൂട്ടീവുകൾക്ക് ഐടി നിയമത്തിലെ സെക്ഷൻ 69 പ്രകാരം ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കും.
Published by:Aneesh Anirudhan
First published: