• HOME
  • »
  • NEWS
  • »
  • explained
  • »
  • Women| ബാറിൽ സ്ത്രീകൾ മദ്യം വിളമ്പിയതിന് കേസെടുത്ത എക്സൈസ് നടപടി കോടതി വിധിയുടെ ലംഘനമോ?

Women| ബാറിൽ സ്ത്രീകൾ മദ്യം വിളമ്പിയതിന് കേസെടുത്ത എക്സൈസ് നടപടി കോടതി വിധിയുടെ ലംഘനമോ?

സ്ത്രീകളെ ബാറിലെ ജോലിയിൽനിന്നു വിലക്കുന്നത് ഭരണഘടനാ വിരുദ്ധമെന്നാണ് 2015ൽ ഹൈക്കോടതി വിധിച്ചത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
തിരുവനന്തപുരം: അബ്കാരി ചട്ടം (Abkari Act)ലംഘിച്ച് സ്ത്രീകൾ മദ്യം വിളമ്പിയെന്ന് ചൂണ്ടിക്കാട്ടിയാണ് കൊച്ചി ഹാർബർ വ്യൂ ഹോട്ടലിനെതിരെ എക്സൈസ് (Excise) കേസെടുത്തിരിക്കുന്നത്. വിദേശത്ത് നിന്നുള്ള വനിതകളെ എത്തിച്ച് മദ്യം വിതരണം നടത്തിയത് ചട്ട ലംഘനമാണെന്നാണ് എക്സൈസ് വാദം. ഹോട്ടൽ മാനേജരെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു.

അബ്കാരി ചട്ടലംഘനമെന്ന് എക്സൈസ്

കൊച്ചി തേവരയിൽ ഷിപ്പ് യാര്‍ഡിനടുത്ത് പ്രവര്‍ത്തിക്കുന്ന ഹാര്‍ബര്‍ വ്യൂ ഹോട്ടല്‍ കഴിഞ്ഞ ദിവസമാണ് നവീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. കേരളത്തിലെ ആദ്യത്തെ പബ്ബ് എന്ന പേരിൽ സോഷ്യല്‍ മീഡിയയില്‍ വൻ പ്രചാരണം നടന്നിരുന്നു. ഫ്ലൈ ഹൈ എന്ന ബാറിനായി സിനിമാ താരങ്ങളെ അടക്കം അണിനിരത്തിയുള്ള പരസ്യങ്ങളും പ്രചരിപ്പിച്ചിരുന്നു. ബാറിനൊപ്പം വിദേശ നർത്തകിമാരെ രംഗത്തെത്തിച്ചുള്ള നൃത്തവിരുന്നുകളുടെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

Related News- Arrest | വിദേശ വനിതകളെ ഉപയോഗിച്ച് മദ്യം വിളമ്പി; കൊച്ചി ബാറിലെ മാനേജരെ അറസ്റ്റ് ചെയ്തു

സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം ശ്രദ്ധയിൽപ്പെട്ടതോടെ ഇന്നലെ രാത്രി എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബാറില്‍ പരിശോധന നടത്തി. മദ്യ വിതരണത്തിന് യുവതികളെ അടക്കം നിയോഗിക്കുന്നത് നേരിൽ കണ്ട് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഹോട്ടലിനെതിരെ കേസെടുത്ത് മാനേജരെ അറസ്റ്റ് ചെയ്തതെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. സ്ത്രീകളെ മദ്യം വിളമ്പാൻ നിയോഗിക്കുന്നത് അബ്കാരി ചട്ടലംഘനമാണെന്നാണ് എക്സൈഡ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചത്.

'സ്ത്രീകളെ ബാറിലെ ജോലിയിൽനിന്ന് വിലക്കുന്നത് ഭരണഘടനാ വിരുദ്ധം'

സ്ത്രീകളെ ബാറിലെ ജോലിയിൽനിന്നു വിലക്കുന്നത് ഭരണഘടനാ വിരുദ്ധമെന്നാണ് 2015ൽ ഹൈക്കോടതി വിധിച്ചത്. വിദേശമദ്യ ചട്ടം 27 എ പ്രകാരമാണു കൊച്ചിയിലെ ഹാർബർവ്യൂ ഹോട്ടലിനെതിരെ എക്സൈസ് കേസെടുത്തത്. എന്നാൽ സ്ത്രീകൾക്ക് ബാറിൽ ജോലി ചെയ്യാമെന്നാണ് ഹൈക്കോടതി വിധി. കോടതി വിധിയുടെ ലംഘനമാണ് കൊച്ചിയിൽ എക്സൈസ് എടുത്ത കേസെന്ന് വ്യക്തമാകുകയാണ്. ബിവറേജസ് കോർപറേഷന്റെ മദ്യവിൽപന ശാലകളിൽ അൻപതോളം സ്ത്രീകൾ ജോലി ചെയ്യുന്നുണ്ടെന്നിരിക്കെയാണ് ബാറിനെതിരെ എക്സൈസിന്റെ നടപടിയെന്നാണ് ആരോപണം ഉയരുന്നത്.

വിദേശമദ്യ ചട്ടത്തിൽ സ്ത്രീകൾക്ക് വിലക്കുണ്ടോ?

ഹോട്ടലുകൾക്ക് ബാർ ലൈസൻസ് (എഫ്എൽ 3) നൽകുന്നതിനുള്ള വ്യവസ്ഥകളിലാണ് സ്ത്രീകളെ വിലക്കിയിരിക്കുന്നത്. 1953ലെ വിദേശ മദ്യചട്ടത്തിൽ 2013 ഡിസംബറിൽ കൊണ്ടുവന്ന ഭേദഗതിയിലാണ് സ്ത്രീകളെ വിലക്കുന്ന വകുപ്പ് കൂട്ടിച്ചേർത്തത്. ബാറിൽ ഒരിടത്തും മദ്യം വിളമ്പുന്ന ജോലിക്കു സ്ത്രീകളെ നിയോഗിക്കാൻ പാടില്ല. ബാറിൽ സ്ത്രീകൾ ജോലി ചെയ്യുന്നതിനെക്കുറിച്ചു പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് ഭേദഗതിയെന്നായിരുന്നു സർക്കാരിന്റെ വാദം.

ഹൈക്കോടതി പറഞ്ഞത്

ഭരണഘടന ഉറപ്പു നൽകുന്ന തുല്യത ചൂണ്ടിക്കാട്ടിയാണു തിരുവനന്തപുരത്തെ ബാർ ഹോട്ടലിലെ വെയിറ്റർ ധന്യാമോളും സഹപ്രവർത്തക സോണിയാ ദാസും കോടതിയെ സമീപിച്ചത്. ഭരണഘടനയിലെ ആർട്ടിക്കിൾ 14, 15 (1), (3), 16 (1), 19 (1) എന്നിവ ലംഘിക്കപ്പെട്ടതായാണ് ഇവർ പരാതിപ്പെട്ടത്. ചട്ടത്തിൽ ഭേദഗതി വന്നതോടെ തങ്ങളെ ജോലിയിൽനിന്നു പിരിച്ചുവിടുകയാണെന്നും കുടുംബത്തിലെ വരുമാനദായകർ തങ്ങൾ മാത്രമാണെന്നും റിട്ട് ഹർജിയിൽ ഇവർ ചൂണ്ടിക്കാട്ടി. ബാറിൽ വരാനും മദ്യം കഴിക്കാനും ഭക്ഷണം കഴിക്കാനും സ്ത്രീകൾക്ക് അനുവാദമുള്ളപ്പോൾ അവിടെ ജോലി ചെയ്യുന്നതിൽനിന്നു സ്ത്രീകളെ വിലക്കുന്നതിലെ ഇരട്ടത്താപ്പും ഇവർ ഉന്നയിച്ചു. വിദേശ രാജ്യങ്ങളിലെ കോടതി വിധികൾ പോലും ഉദ്ധരിച്ചാണ് ഈ കേസിൽ ഹൈക്കോടതി തീർപ്പുണ്ടാക്കിയത്.

കോടതിയെ സമീപിച്ചത് ജോലി നഷ്ടപ്പെട്ട ബാർ ജീവനക്കാർ

ഭരണഘടന ഉറപ്പു നൽകുന്ന അവസര സമത്വത്തിന് എതിരായാണ് വിദേശമദ്യ ചട്ടത്തിൽ സർക്കാർ വരുത്തിയ ഭേദഗതിയെന്നാണ് സി ജെ ധന്യാമോൾ vs സംസ്ഥാന സർക്കാർ കേസിൽ സിംഗിൾ ബെഞ്ച് ഉത്തരവിൽ പറഞ്ഞത്. തന്നെയുമല്ല, ഈ ചട്ടത്തിന്റെ മൂല നിയമമായ അബ്കാരി നിയമത്തിലോ, 1953ലെ വിദേശമദ്യ ചട്ടത്തിലോ സ്ത്രീകളെ ബാർ ജോലികളിൽനിന്നു വിലക്കുന്ന വ്യവസ്ഥകളിലെന്നും കോടതി കണ്ടെത്തി. 1953ലെ ചട്ടത്തിൽ കുഷ്ഠം രോഗം പോലെയുള്ള സാംക്രമിക രോഗമുള്ളവരെ ബാറിലെ ജോലിക്ക് നിയോഗിക്കരുതെന്നാണു പറഞ്ഞിരിക്കുന്നത്. ഇതിൽ ഭേദഗതി വരുത്തിയാണു സ്ത്രീകൾക്കു വേർതിരിവ് കൊണ്ടുവന്നതെന്ന് കോടതി കണ്ടെത്തി.

ബാറുകളിൽ മുന്നൂറിലേറെ സ്ത്രീകൾ; ബെവ്കോ ഔട്ട്ലെറ്റിൽ അൻപതോളം പേർ

സംസ്ഥാനത്ത് ബാറുകളിൽ മുന്നൂറിലേറെ സ്ത്രീ ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ അധികം പേരും വടക്കുകീഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ബെവ്കോയില്‍ പി.എസ്.സി വഴി നിയമിക്കപ്പെട്ട അൻപതോളം പേർ ഔട്ട്ലറ്റുകളിൽ ജോലി ചെയ്യുന്നുണ്ട്. ബാറുകൾക്കു ബാധകമായ എഫ്എൽ 3 ലൈസൻസിനു മാത്രമാണു സ്ത്രീകളെ ജോലി ചെയ്യിക്കാൻ ചട്ടപ്രകാരം തടസ്സമുള്ളതെന്നും, ബെവ്കോയ്ക്ക് ഇതു ബാധകമല്ലെന്നും എക്സൈസ് വകുപ്പ് പറയുന്നു.
Published by:Rajesh V
First published: