കല്യാൺ ജ്വല്ലേഴ്സിന്റെ പ്രാഥമിക ഓഹരി വിൽപ്പനയിൽ (I P O) 2021 മാർച്ച് 16 മുതൽ 21 വരെ വന്ന അപേക്ഷകളിൽ നിന്ന് 9.57 കോടി ഓഹരികളാണ് കമ്പനി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് നൽകുന്ന വിവരങ്ങൾ പ്രകാരം, കല്യാൺ ജ്വല്ലേഴ്സിന് ഇതുവരെ 24.95 കോടി ഓഹരി വിഹിതങ്ങൾ ലഭിച്ചിട്ടുണ്ട്. ഓഹരിക്ക് 86-87 രൂപയാണ് നിരക്ക് നിശ്ചയിച്ചിട്ടുളളത്.
പുതിയ ഓഹരി വില്‍പ്പന വഴി 800 കോടി രൂപ സമാഹരിക്കാനാണ് ജ്വല്ലറി ഗ്രൂപ്പ് പദ്ധതിയിടുന്നത്. ഇതോടൊപ്പം ഓഫര്‍ ഫോര്‍ സെയില്‍ വഴി 4.31 കോടി ഓഹരികള്‍ വിറ്റഴിച്ച് 375 കോടിയും സമാഹരിക്കും. കേരളത്തിൽ നിന്നുള്ള ഒരു കമ്പനി നടത്തുന്ന ഏറ്റവും വലിയ ഐ പി ഓകളിലൊന്നായിരിക്കും കല്യാൺ ജ്വല്ലേഴ്സിന്റേത്.
കല്യാൺ ജ്വല്ലേഴ്സിന്റെ ഐ പി ഓ-യുടെ ഓഹരി അലോട്ട് ചെയ്യുന്ന തീയതി അറിയാനാണ് നിക്ഷേപകരെല്ലാം കാത്തിരിക്കുന്നത്. ഓഹരികളുടെ അലോട്ട്മെന്റ് 2021 മാർച്ച് 23-ന് കമ്പനി അന്തിമമായി സ്ഥിരീകരിക്കും. കല്യാൺ ജ്വല്ലേഴ്സിന്റെ ഓഹരി വിൽപ്പനയിൽ നിങ്ങളും അപേക്ഷിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ അലോട്ട്മെന്റ് സ്റ്റാറ്റസ് ഈ വിധം അറിയാൻ കഴിയും:
ഐ പി ഓയുടെ രജിസ്ട്രാറിന്റെ വെബ്സൈറ്റിൽ അലോട്ട്മെന്റ് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യും. കല്യാൺ ജ്വല്ലേഴ്സിന്റെ കാര്യത്തിൽ അത് ലിങ്ക് ഇൻടൈം ഇന്ത്യ ആണ്. (ഇവിടെ ക്ലിക്ക് ചെയ്യുക:
https://linkintime.co.in/MIPO/Ipoallotment.html).
ഡ്രോപ്പ് ഡൗൺ മെനുവിൽ നിന്ന് അപേക്ഷകർ 'കല്യാൺ ജ്വല്ലേഴ്സ് ഇന്ത്യ ലിമിറ്റഡ് - ഐ പി ഓ' എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. തുടർന്ന് പാൻ കാർഡിന്റെ നമ്പറോ അപ്ലിക്കേഷൻ നമ്പറോ ഡി പി ക്ലയന്റ് ഐ ഡിയോ നൽകുക. സെർച്ച് ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ അലോട്ട്മെന്റ് സ്റ്റാറ്റസ് കാണാം.
ബി എസ് ഇ-യുടെ വെബ്സൈറ്റിൽ നിന്നും അപേക്ഷകർക്ക് അലോട്ട്മെന്റ് സ്റ്റാറ്റസ് കാണാൻ കഴിയും. (ഇവിടെ ക്ലിക്ക് ചെയ്യുക:
https://www.bseindia.com/investors/appli_check.aspx). ഇവിടെ ഇഷ്യു ടൈപ്പ് എന്ന വിഭാഗത്തിൽ 'ഓഹരി' തിരഞ്ഞെടുക്കുക. ഇഷ്യു നെയിം സെക്ഷനിൽ നിന്ന് 'കല്യാൺ ജ്വല്ലേഴ്സ് ഇന്ത്യ ലിമിറ്റഡ്' തിരഞ്ഞെടുക്കുക.
അപ്ലിക്കേഷൻ നമ്പർ, പാൻ നമ്പർ എന്നിവ നൽകിയ ശേഷം സെർച്ച് ഓപ്ഷൻ ക്ലിക്ക് ചെയ്യുക. അപ്പോൾ അലോട്ട്മെന്റ് സ്റ്റാറ്റസ് കാണാൻ കഴിയും.
പ്രമുഖ വ്യവസായി ടി എസ് കല്യാണരാമന്റെ നേതൃത്വത്തിൽ 1993ൽ തൃശ്ശൂരിൽ ഒരൊറ്റ ഷോറൂമുമായി തുടങ്ങിയ കല്യാൺ ജൂവലേഴ്സിന് 2020 ജൂൺ 30 ലേക്ക് എത്തുമ്പോൾ ആകെ 137 ഷോറൂമുകളുണ്ട്. 21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 107 ഷോറൂമുകളും മിഡിൽ ഈസ്റ്റിൽ 30 ഷോറൂമുകളുമാണ് ഉള്ളത്.
ഓഹരി വിൽപനയിലൂടെ ലഭിക്കുന്ന തുകയിൽ നിന്ന് 600 കോടി പ്രവർത്തന മൂലധനമാക്കി കൂടുതൽ വളർച്ച നേടുകയാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം. വാർബർഗ് പിൻകസ് പിന്തുണയുള്ള ജ്വല്ലറി ശൃംഖല തുടക്കത്തിൽ 1750 കോടി രൂപ ഐ പിഒ വഴി സമാഹരിക്കാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും വിപണി സാഹചര്യങ്ങൾ കണക്കിലെടുത്ത് ഓഫർ വലുപ്പം 1175 കോടി രൂപയായി കുറച്ചിട്ടുണ്ട്. പ്രമോട്ടർ ടി എസ് കല്യാണരാമൻ 125 കോടി രൂപയുടെ ഓഹരികളും നിക്ഷേപകനായ ഹൈഡെൽ ഇൻവെസ്റ്റ്മെന്റിന്റെ 250 കോടി രൂപയുടെ ഓഹരികളും വിൽക്കുന്നതിനാണ് പദ്ധതിയിടുന്നത്.
Keywords: IPO, Kalyan Jwellers, Equity Shares, BSE, NSEഐ പി ഓ, കല്യാൺ ജ്വല്ലേഴ്സ്, ഓഹരി വിഹിതം, ബി എസ് ഇ, എൻ എസ് ഇ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.