നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • explained
    • »
    • Kashi Vishwanath Temple | മുഖം മിനുക്കി കാശി വിശ്വനാഥ ക്ഷേത്രം; പുരാതന ക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

    Kashi Vishwanath Temple | മുഖം മിനുക്കി കാശി വിശ്വനാഥ ക്ഷേത്രം; പുരാതന ക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

    ഗംഗയുടെ പടിഞ്ഞാറന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഇന്ത്യയിലെ 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാണ്

    • Share this:
      വളരെ പ്രസിദ്ധവും പുരാതനവും തിരക്കേറിയതുമായ ക്ഷേത്രങ്ങളിലൊന്നാണ് കാശി വിശ്വനാഥ ക്ഷേത്രം (Kashi Vishwanath Temple). ദശാശ്വമേധഘട്ടിനോട് ചേര്‍ന്ന് നില്‍ക്കുന്ന വിശ്വനാഥ ക്ഷേത്രം വാരണാസി (Varanasi) ബനാസ് എന്നീ നഗരങ്ങളുടെമധ്യഭാഗത്താണ്സ്ഥിതി ചെയ്യുന്നത്.

      പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി ക്ഷേത്ര സമുച്ചയത്തില്‍ വലിയ മാറ്റങ്ങളാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. ശ്രീകോവിലിലേക്കും ഗംഗാ നദിയിലേയ്ക്കുമുള്ള ഭക്തരുടെ പ്രവേശനം എളുപ്പമാക്കാന്‍ ലക്ഷ്യമിട്ടുള്ള മാറ്റങ്ങളാണ് ക്ഷേത്രത്തില്‍ പ്രധാനമായും നടത്തിയിരിക്കുന്നത്. പുനര്‍നിര്‍മ്മിച്ച ക്ഷേത്ര ഇടനാഴി പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi) ഇന്ന് ഉദ്ഘാടനം ചെയ്തു. ക്ഷേത്രത്തില്‍ വരുത്തിയ പ്രധാന മാറ്റങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം

      ശ്രീ കാശി വിശ്വനാഥ് ധാമിനെ നവീകരിക്കുന്നതിനുള്ള പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനമാണ് പ്രധാനമന്ത്രി ഇന്ന് നിര്‍വ്വഹിച്ചത്. ''കാശി വിശ്വനാഥ ക്ഷേത്രത്തെ ഗംഗ നദിയുടെ തീരങ്ങളുമായി ബന്ധിപ്പിക്കുന്നതിന് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന പാത സൃഷ്ടിക്കുക എന്നതാണ് ആദ്യഘട്ട നടപടി. ബാബ വിശ്വനാഥിന്റെ തീര്‍ഥാടകര്‍ക്കും ഭക്തര്‍ക്കും സൗകര്യമൊരുക്കുക എന്നത് പ്രധാനമന്ത്രിയുടെ ദീര്‍ഘകാല ലക്ഷ്യങ്ങളിലൊന്നായിരുന്നു. നദിയില്‍ നിന്ന് ഗംഗാ ജലം ശേഖരിച്ച് ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നത് ഇവിടുത്തെ പ്രധാന ആചാരങ്ങളില്‍ ഒന്നാണെന്ന് ' പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

      ഒന്നാം ഘട്ടത്തിന്റെ ഭാഗമായി, 'വിവിധ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന 23 കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്. തീര്‍ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കേന്ദ്രങ്ങള്‍, വേദ കേന്ദ്രം, മുമുക്ഷു ഭവന്‍, ഭോഗ്ശാല, സിറ്റി മ്യൂസിയം, വ്യൂവിംഗ് ഗാലറി, ഫുഡ് കോര്‍ട്ട് തുടങ്ങിയവയാണ് നിലവില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ സജ്ജമായിരിക്കുന്നത്.

      ക്ഷേത്രത്തിന് വരുത്തിയ പ്രധാന മാറ്റങ്ങള്‍

      ക്ഷേത്ര സമുച്ചയം മുമ്പ് ഏകദേശം 3,000 ചതുരശ്ര അടി വിസ്തൃതിയിലാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഏകദേശം 5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമായാണ് ക്ഷേത്രത്തിന്റെ മേക്ക് ഓവര്‍ നടത്തുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നു. വികലാംഗരായ സന്ദര്‍ശകര്‍ക്ക് ഉള്‍പ്പെടെ ക്ഷേത്രത്തില്‍ പുതിയ റാമ്പുകള്‍, എസ്‌കലേറ്ററുകള്‍, തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പിഎംഒ അറിയിച്ചു.

      പൈതൃകത്തിന് കോട്ടം തട്ടാതെയാണ് പുനര്‍ നിര്‍മ്മാണം നടത്തിയിരിക്കുന്നത്. ക്ഷേത്ര ഇടനാഴി വിശാലമാക്കുന്നതിന്റെ ഭാഗമായി 40ലധികം പുരാതന ക്ഷേത്രങ്ങള്‍ ''പുനരുദ്ധാരണം നടത്തുകയും മനോഹരമാക്കുകയും ചെയ്തുവെന്നും പിഎംഒ പ്രസ്താവനയില്‍ പറയുന്നു.

      ''ഈ കാശി വിശ്വനാഥ് ധാം ഒരു തരത്തില്‍ ഭോലെ ബാബയെ മോചിപ്പിക്കാനുള്ള അവസരമാണ്. ഭഗവാന്‍ ഏറെക്കാലമായി ഈ നാല് ചുവരുകള്‍ക്കുള്ളില്‍ തളയ്ക്കപ്പെട്ടിരിക്കുകയാണ്. നാളുകളായി നമ്മുടെ ദൈവം ഇവിടെ കുടുങ്ങി ശ്വാസംമുട്ട് അനുഭവിക്കുകയാണ്. പുനര്‍നിര്‍മ്മാണത്തിലൂടെ ഭോലെ ബാബ മോചിതനാകുമെന്ന് മാത്രമല്ല, ഭക്തര്‍ക്കും ഇത് വലിയ ഒരു അനുഭവമായിരിക്കും', 2019 മാര്‍ച്ചില്‍ പദ്ധതിക്ക് തറക്കല്ലിടുമ്പോള്‍ പ്രധാനമന്ത്രി മോദി പറഞ്ഞത് ഇങ്ങനെയാണ്.

      Kashi Viswanath Corridor | കാശിയിൽ വിശ്വാസം മാത്രമല്ല, ഭൂതകാലത്തിന്റെ മഹത്വവും അനുഭവപ്പെടും: പ്രധാനമന്ത്രി

      ഹിന്ദു മത വിശ്വാസം അനുസരിച്ച് കാശി വളരെ പ്രാചീനമായ ക്ഷേത്രമാണ്, കാശി വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള പാതകളും മാറ്റങ്ങളില്ലാതെ സങ്കുചിതമായി തന്നെ നിലനിന്നു. എന്നാല്‍ ഈ പ്രദേശത്തിന്റെ ആ പഴയ ഭൂപടം മാറ്റുന്നതിന് പദ്ധതിയ്ക്കായി ക്ഷേത്രത്തിന് ചുറ്റുമുള്ള 300-ലധികം വസ്തുക്കള്‍ ഏറ്റെടുക്കേണ്ടതുണ്ടെന്നും പിഎംഒ അറിയിച്ചു.

      ഐതിഹ്യങ്ങളിലും മറ്റും നിറഞ്ഞു നിന്ന് പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയതില്‍ പ്രദേശവാസികളുടെ പ്രതിഷേധവും എതിര്‍പ്പും റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും, '1,400 ഓളം കടയുടമകളുടെയും വാടകക്കാരുടെയും വീട്ടുടമകളുടെയും പുനരധിവാസം വളരെ സൗഹാര്‍ദ്ദപരമായിരുന്നു' എന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നു.

      ''നമ്മുടെ പവിത്രമായ ക്ഷേത്രത്തിന്റെ പാതകള്‍ അഴുക്കുനിറഞ്ഞ് കിടക്കുന്നത് ശരിയാണോ? വളരെ ഇടുങ്ങിയതാണ് ക്ഷേത്രത്തിലേയ്ക്കുള്ള പാതകള്‍. നമ്മുടെ ക്ഷേത്രങ്ങള്‍ പോലും വൃത്തിയുടെ മാതൃകകളല്ലെങ്കില്‍, നമ്മുടെ സ്വന്തം കാര്യം എങ്ങനെയായിരിക്കുും? 1916ല്‍ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ സംസാരിക്കവെ മഹാത്മാഗാന്ധി ചോദിച്ചതായി 2019 മാര്‍ച്ചില്‍ വാരാണസിയില്‍ നടന്ന പ്രസംഗത്തില്‍ പ്രധാനമന്ത്രി മോദി പരാമര്‍ശിച്ചു. 'മഹാത്മാഗാന്ധി ഈ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍, ഭോലെ ബാബയുടെ ശോചനീയാവസ്ഥ കണ്ട് അദ്ദേഹം പോലും വേദനിച്ചു'എന്നും മോദി പറഞ്ഞു.

      നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഈ പദ്ധതി കാശി വിശ്വനാഥ ക്ഷേത്രത്തെയും പരിസരത്തെയും മാറ്റിമറിക്കുമെന്ന് വിശ്വസിക്കുന്നതായി പ്രദേശവാസികളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ പദ്ധതിയുടെ വികസന വേളയില്‍ എല്ലാ പൈതൃക നിര്‍മിതികളും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

      Kashi Viswanath Dham | ഡബിൾ ഡെക്കർ ബോട്ടിൽ മോദിയും യോഗിയും; കാശിയിൽ നിന്നുള്ള കാഴ്ച

      ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി പ്രദേശവാസികളുമായുള്ള പരസ്പര ചര്‍ച്ചകളും സൗഹാര്‍ദ്ദപരമായ ഒത്തുതീര്‍പ്പുകളും ''പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ഏറ്റെടുക്കലിനെ ഒരു കോടതിയിലും എത്തിച്ചില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

      പദ്ധതിയുടെ ഒന്നാം ഘട്ടം ഏകദേശം 339 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കി. 2019 ജൂണില്‍ അഹമ്മദാബാദ് ആസ്ഥാനമായുള്ള ബിമല്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള എച്ച്‌സിപി ഡിസൈന്‍, പ്ലാനിംഗ് ആന്‍ഡ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡാണ് പദ്ധതിയ്ക്ക് ആവശ്യമായ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ന്യൂഡല്‍ഹിയിലെ സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ആര്‍ക്കിടെക്റ്റ് കൂടിയായ പട്ടേല്‍, മുഴുവന്‍ പദ്ധതിയുടെയും ചെലവ് 750 കോടി രൂപയായാണ് കണക്കാക്കിയിരിക്കുന്നത്.

      കാശി വിശ്വനാഥ ക്ഷേത്രത്തെക്കുറിച്ച്

      ചരിത്രം എപ്പോഴും കെട്ടുകഥകളുമായി ഇടകലര്‍ന്നതാണ്. ഇന്ത്യയിലെ പുരാതന ആരാധനാലയങ്ങളുടെ കാര്യം വരുമ്പോള്‍ വസ്തുതകള്‍ ഇതിഹാസമായി മാറുന്നു. നൊബേല്‍ സമ്മാന ജേതാവായ അമേരിക്കന്‍ നോവലിസ്റ്റ് മാര്‍ക്ക് ട്വെയ്ന്‍ എഴുതിയതുപോലെ, 'ബനാറസിന് ചരിത്രത്തേക്കാള്‍ പഴക്കമുണ്ട്, പാരമ്പര്യത്തേക്കാള്‍ പഴക്കമുണ്ട്, ഇതിഹാസത്തേക്കാള്‍ പഴക്കമുണ്ട്, അവയെല്ലാം ഒരുമിച്ച് ചേര്‍ന്നതിന്റെ ഇരട്ടി പഴക്കമുണ്ട്.'

      ഗംഗയുടെ പടിഞ്ഞാറന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഇന്ത്യയിലെ 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാണെന്ന് വാരണാസി ജില്ലാ ഭരണകൂടം പറയുന്നു.

      1780ല്‍ ഇന്‍ഡോറിലെ മഹാറാണി അഹല്യ ബായി ഹോള്‍ക്കര്‍ പണികഴിപ്പിച്ചതാണ് ഇന്നത്തെ രൂപത്തിലുള്ള ക്ഷേത്രം എന്ന് കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് പറയുന്നു. മഹാരാജ രഞ്ജിത് സിങ്ങിന്റെ സംഭാവന ഉപയോഗിച്ച് 1839ലാണ് ക്ഷേത്രത്തിന്റെ രണ്ട് ഗോപുരങ്ങള്‍ സ്വര്‍ണ്ണം പൂശിയത്.
      Published by:Jayashankar AV
      First published: