• HOME
 • »
 • NEWS
 • »
 • explained
 • »
 • Explained | ഭീതിയിൽ വിറങ്ങലിച്ച് കാശ്മീരി ഹിന്ദുക്കൾ; 1990 ആവർത്തിക്കപ്പെടുമോ?

Explained | ഭീതിയിൽ വിറങ്ങലിച്ച് കാശ്മീരി ഹിന്ദുക്കൾ; 1990 ആവർത്തിക്കപ്പെടുമോ?

ഇവിടെ ഇരകള്‍ കശ്മീരി ഹിന്ദുക്കളും സിഖുകാരും മാത്രമല്ല, ഇന്ത്യക്കാര്‍ എന്ന് സ്വയം വിളിക്കുന്ന സാധാരണ കശ്മീരി മുസ്ലീങ്ങള്‍ പോലും ഇരകളാണ്.

 • Last Updated :
 • Share this:
  ആദിത്യ രാജ് കൗള്‍

  1990 ജനുവരി 19. എനിക്ക് അന്ന് ഒമ്പത് മാസം പ്രായം. അന്ന് ട്വിറ്റര്‍ ഉണ്ടായിരുന്നില്ല. എന്തിന് 24 മണിക്കൂറും വാര്‍ത്തകള്‍ പുറത്തുവിടുന്ന സ്വകാര്യ ന്യൂസ് ചാനലുകള്‍ പോലുമില്ല. ദിവസങ്ങള്‍ക്ക് ശേഷമാണ് പലപ്പോഴും പല വാര്‍ത്തകളും ആളുകളില്‍ എത്തുന്നത്. ആ രാത്രി കാശ്മീരിലെ പള്ളികളിലെ ഉച്ചഭാഷിണിയിലൂടെ കാശ്മീരി പണ്ഡിറ്റ് പുരുഷന്മാര്‍ അവരുടെ സ്ത്രീകളെ ഉപേക്ഷിച്ച് താഴ്വരയില്‍ നിന്ന് ഒഴിയണമെന്ന ആവശ്യമുയര്‍ന്നു. പാകിസ്ഥാന്റെ പിന്തുണയുള്ള ഇസ്ലാം മതക്കാര്‍ കശ്മീരിലെ തെരുവുകളില്‍ ആസാദി മുദ്രാവാക്യങ്ങള്‍ മുഴക്കി.

  ഈ അരാജകത്വം നിരവധി കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതത്തിലേയ്ക്ക് നയിച്ചു. ടിക ലാല്‍ തപ്ലൂ പോലുള്ള രാഷ്ട്രീയ നേതാക്കള്‍ മുതല്‍ ജഡ്ജി നീലകണ്ഠന്‍ ഗഞ്ചൂ വരെ, ദൂരദര്‍ശനിലെ ലസ്സ കൗള്‍ മുതല്‍ എഴുത്തുകാരന്‍ സര്‍വാനന്ദ് കൗള്‍ പ്രേമി വരെ ഇക്കൂട്ടത്തില്‍പ്പെടുന്നു. ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (JKLF) പണ്ഡിറ്റുകളെ കൊന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. യാസിന്‍ മാലിക്, ബിറ്റ കരാട്ടെ തുടങ്ങിയ തീവ്രവാദികള്‍ കശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരെയുള്ള ആക്രമണത്തിലെ പ്രധാന വില്ലന്മാരായി. നിരായുധരായ നാല് ഇന്ത്യന്‍ വ്യോമസേനക്കാരെ കൊല്ലാനും അന്നത്തെ ആഭ്യന്തര മന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ മകളെ തട്ടിക്കൊണ്ടുപോകാനും വരെ ജെകെഎല്‍എഫ് ധൈര്യപ്പെട്ടു. എന്നാല്‍ ഒരു ജെകെഎല്‍എഫ് ഭീകരനെയും ഇതുവരെ ശിക്ഷിച്ചിട്ടില്ല. പകരം പ്രധാനമന്ത്രിമാരായ അടല്‍ ബിഹാരി വാജ്പേയിയും മന്‍മോഹന്‍ സിങ്ങും വിവിധ അവസരങ്ങളില്‍ യാസിന്‍ മാലിക്കിനെപ്പോലുള്ള ഭീകരവാദികളെ ക്ഷണിക്കുകയും ആതിഥ്യമരുളുകയും ചെയ്തു.

  1990 മുതല്‍ 400,000ലധികം കാശ്മീരി ഹിന്ദുക്കള്‍ സ്വന്തം ജന്മനാട്ടില്‍ നിന്ന് പലായനം ചെയ്യപ്പെട്ടു. അമ്മയും മുത്തശ്ശിയും ചേര്‍ന്ന് എന്നെ 1990 ജനുവരി 20ന് ശ്രീനഗറിലെ റൈനവാരിയിലുള്ള ഞങ്ങളുടെ വീട് ഉപേക്ഷിച്ച് കാറില്‍ ജമ്മുവിലേക്ക് കൊണ്ടുപോയി. പിന്നീട് ഒരിയ്ക്കലും അങ്ങോട്ട് തിരികെ പോയിട്ടില്ല.

  ഇന്ന് മൂന്ന് പതിറ്റാണ്ടിന് ശേഷം കശ്മീര്‍ താഴ്വര വീണ്ടും നിശബ്ദമായി. വീണ്ടും കാശ്മീരില്‍ ശരത് കാലമെത്തി. പൊഴിഞ്ഞു വീണ ചിനാര്‍ ഇലകള്‍ നിലത്ത് അനക്കമറ്റ് കിടക്കുന്നു. ശ്രീനഗറിലെങ്ങും നിശബ്ദത. പതിവിലും നേരത്തെ മാര്‍ക്കറ്റുകള്‍ അടയ്ക്കുന്നു. അജ്ഞാതമായ ഒരു ഭീതി എങ്ങും നിഴലിച്ചിട്ടുണ്ട്. ലാല്‍ചൗക്കും സമീപത്തെ മാര്‍ക്കറ്റുകളും ഇരുട്ടുന്നതിനു മുമ്പ് തന്നെ അടച്ചു തുടങ്ങി. ന്യൂനപക്ഷ സമുദായക്കാരായ മധുരപലഹാരക്കട ഉടമകളും പഴക്കച്ചവടക്കാരും മുന്‍കരുതലിന്റെ ഭാഗമായി നേരത്തെ വീട്ടിലേക്ക് മടങ്ങുന്നു.

  കാരണം കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍, അഞ്ച് പേരെയാണ് കശ്മീര്‍ താഴ്വരയില്‍ വെടിവെച്ചു കൊന്നത്. അവരില്‍ ഭൂരിഭാഗവും ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള സാധാരണക്കാരാണ്. കശ്മീരിലെ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ഭീകരരുടെ ലക്ഷ്യം.

  ഇരകള്‍

  അറുപത്തിയെട്ടുകാരനായ മഖാന്‍ ലാല്‍ ബിന്ദ്രൂ തീവ്രവാദത്തിന്റെ കൊടുമുടിയില്‍ പോലും താഴ്വര വിട്ടുപോകാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ശ്രീനഗര്‍ എസ്എസ്പി ഓഫീസില്‍ നിന്ന് വെറും 500 മീറ്റര്‍ അകലെയുള്ള ഇക്ബാല്‍ പാര്‍ക്കിലെ അദ്ദേഹത്തിന്റെ സ്വന്തം ഫാര്‍മസിയില്‍ വച്ച് ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പ്രദേശവാസികള്‍ ബഹുമാനിച്ചിരുന്ന ബിന്ദ്രൂ എക്കാലത്തും ദുരിതബാധിതര്‍ക്ക് മരുന്നുകള്‍ എത്തിച്ച് നല്‍കിയിരുന്ന വ്യക്തിയാണ്. കാശ്മീരി മുസ്ലീം ജനതയെ സഹായിച്ച ഈ മനുഷ്യന്‍ ചെയ്ത കുറ്റം എന്താണ്?

  ബിഹാര്‍ സ്വദേശിയായ ഗോല്‍ഗപ്പ വില്‍ക്കുന്ന തെരുവ് കച്ചവടക്കാരന്‍ ബിരേന്ദര്‍ പസ്വാനെയും ശ്രീനഗറിലെ ലാല്‍ ബസാര്‍ പ്രദേശത്ത് ഭീകരര്‍ പിന്നില്‍ നിന്ന് വെടിവച്ചു വീഴ്ത്തി. നവരാത്രി വ്രതത്തിന്റെ ആദ്യ ദിവസമാണ് അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തിയത്. രാവിലെ അദ്ദേഹം ബീഹാറിലെ ഭഗല്‍പൂരിലുള്ള തന്റെ ഭാര്യയോട് സംസാരിക്കുകയും വീട്ടിലേയ്ക്ക് വരുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. തന്റെ അഞ്ചു വയസ്സുകാരിയായ മകളെ കാണാന്‍ കാത്തിരിക്കുകയായിരുന്നു ആ പിതാവ്. അന്ന് വൈകുന്നേരം ഉന്തുവണ്ടിയുമായി നീങ്ങവേ ഭീകരര്‍ പിന്നില്‍ നിന്ന് വെടി വച്ചു കൊന്നു. കൊലപാതകത്തിന്റെ 18 സെക്കന്‍ഡ് ക്ലിപ്പിംഗ് ഒരു ദിവസത്തിന് ശേഷം ഐസിസ് (ISIS) പുറത്തുവിട്ടു.

  ശ്രീനഗറിലെ ഈദ്ഗാഹ് പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളിലെ പ്രിന്‍സിപ്പലും അദ്ധ്യാപകനുമാണ് കൊല്ലപ്പെട്ട സുപീന്ദര്‍ കൗറും ദീപക് ചന്ദും. വ്യാഴാഴ്ച രാവിലെ അവര്‍ മറ്റ് അധ്യാപകരെപ്പോലെ തന്നെ സ്‌കൂളില്‍ എത്തി. സ്‌കൂള്‍ വളപ്പിനുള്ളില്‍ കടന്ന ഭീകരര്‍ അധ്യാപകരോട് അവരുടെ തിരിച്ചറിയല്‍ കാര്‍ഡുകളും മൊബൈല്‍ ഫോണുകളും കാണിക്കാന്‍ ആവശ്യപ്പെട്ടു. ചോദ്യം ചെയ്യലിന് ശേഷം, എല്ലാ മുസ്ലീം അധ്യാപകരെയും പോകാന്‍ അനുവദിച്ചു. ദീപക് ചന്ദിനെ പിടികൂടി. ദീപക് ചന്ദിന് നേരെ വെടിയുതിര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ചന്ദിനെ രക്ഷിക്കാന്‍ സുപീന്ദര്‍ ശ്രമിച്ചു. തുടര്‍ന്ന് ഇരുവര്‍ക്കും നേരെ വെടിയുതിര്‍ത്ത് ഭീകരര്‍ കടന്നു കളഞ്ഞു.

  അനാഥയായ ഒരു കശ്മീരി മുസ്ലീം പെണ്‍കുട്ടിക്ക് വിദ്യാഭ്യാസം നല്‍കാനും അവളുടെ ചെലവുകള്‍ വഹിക്കാനും സഹായിച്ചിരുന്ന ഒരു മനുഷ്യസ്‌നേഹിയായിരുന്നു സുപീന്ദര്‍ കൗര്‍. പ്രിന്‍സിപ്പല്‍ ആയിരുന്ന സ്‌കൂളിലെ ഒരു കശ്മീരി മുസ്ലീം സെക്യൂരിറ്റി ഗാര്‍ഡിന്റെ ചികിത്സാ ചെലവുകള്‍ക്കും കൗര്‍ സഹായിച്ചിരുന്നു. സ്‌കൂളില്‍ വച്ച് നിഷ്‌കരുണം വധിക്കപ്പെട്ട ഈ അധ്യാപിക ചെയ്ത കുറ്റം എന്താണ്?

  2021ലെ ഈ പുതിയ പലായനത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ എന്റെ ഹൃദയം തകരുന്നു. സമീപകാലത്ത് നടന്ന ക്രൂരമായ കൊലപാതകങ്ങളുടെ ഭീതിയില്‍ നിരവധി ഹിന്ദു കുടുംബങ്ങള്‍ ശ്രീനഗറും അനന്ത്‌നാഗും വിട്ടു പോയി. ചിലര്‍ കണ്ണീരോടെ തങ്ങളുടെ ബാഗുകള്‍ പായ്ക്ക് ചെയ്യുന്നു. ഞാന്‍ മരവിച്ചിരിക്കുകയാണ്.

  വീണ്ടും പാലായനം

  ജമ്മുവില്‍ വിന്യസിച്ചിരിക്കുന്ന കശ്മീരി പണ്ഡിറ്റ് സമുദായത്തില്‍ നിന്നുള്ള ഒരു യുവ ജമ്മു കശ്മീര്‍ പോലീസുകാരന്‍ എന്നോട് പറഞ്ഞു. വടക്കന്‍ കശ്മീരിലെ ബാരാമുള്ളയിലെ വീട്ടില്‍ താമസിക്കുന്ന അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ വെള്ളിയാഴ്ച രാവിലെ ജമ്മുവിലേക്ക് പാലായനം ചെയ്തുവെന്ന്. ഈ ചെറുപ്പക്കാരന്‍ ഒരു ഗായകനാകാനാണ് ആഗ്രഹിച്ചത്. എന്നാല്‍ ജീവിത സാഹചര്യങ്ങള്‍ അദ്ദേഹത്തെ ഒരു പോലീസുകാരനാക്കി.

  ഒരു പ്രശസ്ത കശ്മീരി പണ്ഡിറ്റ് ബിസിനസ്സ് കുടുംബം വ്യാഴാഴ്ച ശ്രീനഗര്‍ വിട്ടു. കഴിഞ്ഞ 32 വര്‍ഷമായി അവര്‍ ശ്രീനഗര്‍ വിട്ടുപോയിരുന്നില്ല. അവരുടെ പേരക്കുട്ടി വിദേശത്തുനിന്ന് എന്നെ വിളിച്ചു. ഇപ്പോള്‍ പോലും ശ്രീനഗര്‍ വിട്ടു പോകാന്‍ തയ്യാറാകാത്ത മുത്തച്ഛനോട് ഒന്ന് സംസാരിക്കാമോ എന്ന് അഭ്യര്‍ത്ഥിച്ചു. ഈ ലേഖനം പ്രസിദ്ധീകരിക്കുന്ന സമയത്ത് അദ്ദേഹവും കാശ്മീര്‍ വിട്ടിട്ടുണ്ടാകും.

  കാശ്മീരിലെ ബഡ്ഗാമിലെ ഷെയ്ഖ്‌പോറയില്‍ നിന്ന് എനിക്ക് ലഭിച്ച രണ്ട് മിനിറ്റ് ദൈര്‍ധഘ്യമുള്ള ഓഡിയോ ക്ലിപ്പില്‍ ഒരു വയോധിക പറയുന്നത്, നാളെ നേരം പുലരുന്നതിനുമുമ്പ് സ്വന്തം വീട് വിട്ട് പോകാന്‍ അവര്‍ ബാഗുകള്‍ പായ്ക്ക് ചെയ്തുവെന്നാണ്. 15 കുടുംബങ്ങള്‍ ഇതിനകം ഈ പ്രദേശം വിട്ടുപോയതായും അവര്‍ പറയുന്നു. വെസ്സുവില്‍നിന്നും ഗന്ദര്‍ബാലില്‍നിന്നും പലരും വീട് ഉപേക്ഷിച്ച് പോയി.

  കശ്മീരില്‍ നിന്ന് എനിയ്ക്ക് ലഭിച്ച വിവരം അനുസരിച്ച് മധ്യ, തെക്കന്‍ കശ്മീരിലെ നിരവധി കശ്മീരി പണ്ഡിറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ പോലീസ് സംരക്ഷണം തേടിയിട്ടുണ്ടെന്നാണ്. സര്‍ക്കാര്‍ സുരക്ഷ നല്‍കുന്നുണ്ടെന്ന് അവരില്‍ പലരും എന്നോട് പറഞ്ഞു. എന്നാല്‍ ഈ ജീവനക്കാരുടെ ലിസ്റ്റ് ഇതിനകം തന്നെ കശ്മീരിലെ വാട്ട്സ്ആപ്പില്‍ വൈറലാണ്. ഇത് അവരുടെ ജീവന്‍ അപകടത്തിലാക്കും.

  സെപ്റ്റംബര്‍ 21ന്, ശ്രീനഗറില്‍ കശ്മീരി ഹിന്ദുക്കളെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരം ആദ്യം ജമ്മു കശ്മീര്‍ സുരക്ഷാ സേനയ്ക്ക് ലഭിച്ചിരുന്നു. ഇതിന് മുമ്പ് ജൂലൈയില്‍ ലാല്‍ചൗക്കിനടുത്തുള്ള ഒരു ഹിന്ദു മധുരപലഹാര കട ഉടമയ്ക്കെതിരെ ആക്രമണ ഭീഷണി ഉയര്‍ന്നിരുന്നു. അതിന് മുമ്പ് ദാല്‍ ഗേറ്റ് പ്രദേശത്ത് ഒരു ഹിന്ദു രസതന്ത്രജ്ഞനും ഭീഷണി ഉണ്ടായിരുന്നു.

  ജൂലൈയില്‍, ഞാന്‍ 26 ദിവസം ശ്രീനഗറിലും സമീപ ജില്ലകളിലും കാശ്മീരി ഹിന്ദു കുടുംബങ്ങള്‍ക്കൊപ്പം താമസിച്ചിരുന്നു. അന്ന് അവര്‍ക്ക് നേരെയുള്ള ഭീഷണികളെക്കുറിച്ചും ക്ഷേത്ര ഭൂമി കൈയേറ്റത്തെക്കുറിച്ചും ഹിന്ദുക്കളെ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങളെക്കുറിച്ചും പലരും സംസാരിച്ചു. ഹിന്ദു സമൂഹം മാത്രമല്ല, ശ്രീനഗറിലെ ക്ഷേത്ര പൂജാരികളും നിരന്തരമായ ഭീഷണി നേരിടുന്നുണ്ട്. ജീവന്‍ പണയം വച്ചാണ് അവര്‍ പൂജകള്‍ ചെയ്യുന്നത്. ജമ്മു കശ്മീര്‍ പോലീസ് മുന്‍കരുതല്‍ നടപടിയായി ശ്രീനഗറിലെ ഏതാനും ഹിന്ദു പ്രദേശങ്ങളിലും ബിസിനസുകാര്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കിയിരുന്നു. താഴ്വരയിലുടനീളമുള്ള ഹിന്ദു പ്രദേശങ്ങള്‍ക്ക് സുരക്ഷ വിന്യസിക്കേണ്ടത് പ്രധാനമാണ്. വര്‍ഷങ്ങളോളം തീവ്ര വിഘടനവാദികളുടെ സുരക്ഷയ്ക്കായി സര്‍ക്കാരിന് പണം പാഴാക്കാന്‍ കഴിയുമെങ്കില്‍, എന്തുകൊണ്ട് ദേശസ്‌നേഹികളായ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും സുരക്ഷ നല്‍കുന്നില്ല?

  ഭയാനകമായ നിശബ്ദത

  ''കഴിഞ്ഞ പത്ത് ദിവസത്തിലേറെയായി കച്ചവടക്കാരെയും പ്രമുഖരെയും ഉള്‍പ്പെടെയുള്ള കശ്മീരി പണ്ഡിറ്റുകളെയും കാശ്മീര്‍ താഴ്വരയില്‍ താമസിക്കുന്ന ഹിന്ദുക്കളെയും താഴ്വരയില്‍ നിന്ന് ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ബന്ധപ്പെട്ട അധികൃതര്‍ ഇതൊന്നും കാണാതെ കണ്ണടച്ചിരിക്കുകയാണ്'' കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി താഴ്വരയില്‍ തുടരാന്‍ തീരുമാനിച്ച പണ്ഡിറ്റുകളുടെ കൂട്ടായ്മയായ കശ്മീരി പണ്ഡിറ്റ് സംഘര്‍ഷ് സമിതി, ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയ്ക്ക് അയച്ച കത്തില്‍ പറയുന്നു.

  'ഒരു വശത്ത് ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഞങ്ങളുടെ അഭ്യര്‍ത്ഥനകള്‍ ചവറ്റുകുട്ടയില്‍ ഇടുന്നു, മറുവശത്ത്, നിങ്ങളുടെ ഓഫീസും സുരക്ഷാ ഏജന്‍സികളും കശ്മീര്‍ താഴ്വരയില്‍ ജീവിക്കുന്ന ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ പരാജയപ്പെടുന്നു''കത്തില്‍ പറയുന്നു.

  കശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരെയുള്ള ക്രൂരമായ കുടിയൊഴിപ്പിക്കലും വംശീയ ഉന്മൂലനവും ആരംഭിച്ച് 32 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. താഴ്വരയില്‍ ശേഷിക്കുന്ന ഹിന്ദുക്കളും സിഖുകാരും സുരക്ഷിതരല്ലെന്ന് അവര്‍ക്ക് തോന്നുമ്പോള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പണ്ഡിറ്റുകളുടെ പുനരധിവാസം എങ്ങനെ ഉറപ്പാക്കും?

  ഭീകരാക്രമണങ്ങളില്‍ കാശ്മീരി സമൂഹം പുലര്‍ത്തുന്ന മൗനം ഭയപ്പെടുത്തുന്നതാണ്. 'ഈ കൂട്ടായ നിശബ്ദത അമ്പരപ്പിക്കുന്നതാണ്, പക്ഷേ അതിശയിക്കാനില്ല. ന്യൂഡല്‍ഹിയിലെ പണ്ടാര റോഡ് ഉള്‍പ്പെടെ ഇന്ത്യയില്‍ എവിടെയും നിങ്ങള്‍ക്ക് ഗോള്‍ഗപ്പയുണ്ടാക്കാം, വില്‍ക്കാം. പക്ഷേ ഒരു ബിഹാറി കശ്മീരില്‍ ഗോള്‍ഗപ്പ വില്‍ക്കാന്‍ വന്നാല്‍ അയാള്‍ പുറത്തു നിന്ന് വന്നവനാണ്.

  ഇവിടെ ഇരകള്‍ കശ്മീരി ഹിന്ദുക്കളും സിഖുകാരും മാത്രമല്ല, ഇന്ത്യക്കാര്‍ എന്ന് സ്വയം വിളിക്കുന്ന സാധാരണ കശ്മീരി മുസ്ലീങ്ങള്‍ പോലും ഇരകളാണ്. നിരപരാധികളായ കാശ്മീരി ഹിന്ദുക്കളുടെയും സിഖുകാരുടെയും രക്തം വീണ് തണുത്തുറഞ്ഞതാണ് താഴ്വരയിലെ തെരുവുകള്‍.

  കാശ്മീരി പണ്ഡിറ്റുകള്‍ ഇന്ന് നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നത് ഇതാണ്, നാളെ അവര്‍ കുടുംബത്തോടൊപ്പം കൊല്ലപ്പെട്ടേക്കാം. പുതിയ കാശ്മീരിലെ 2021ലെ ശരത്കാലം ഹിന്ദുക്കളും സിഖുകാരും 1990ല്‍ അനുഭവിച്ച ശൈത്യകാല ഭീതിയാണ് തിരികെ കൊണ്ടുവന്നിരിക്കുന്നത്. ബഹുമാനപ്പെട്ട പ്രധാനമന്ത്രി അങ്ങയുടെ കീഴില്‍ ഇനി ഒരു കുടിയൊഴിപ്പിക്കലിന് കൂടി കാശ്മീര്‍ സാക്ഷിയാകരുത്.

  ലേഖകന്‍: ആദിത്യ രാജ് കൗള്‍, വിദേശനയം, ആഭ്യന്തര സുരക്ഷ എന്നിവ വിഷയങ്ങളില്‍ ഒരു പതിറ്റാണ്ടിലേറെ പരിചയ സമ്പത്തുള്ള റിപ്പോര്‍ട്ടര്‍
  Published by:Jayashankar AV
  First published: