തിരുവനന്തപുരം: കിഫ്ബി (KIIFB)അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ഇഡി നൽകിയ സമൻസിനെതിരെ മുൻ മന്ത്രി തോമസ് ഐസക്ക് നൽകിയ ഹർജി ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ തോമസ് ഐസക്ക് നിലവില്‍ പ്രതിയല്ലെന്നും ബുധനാഴ്ച വരെ തുടർ നടപടിയുണ്ടാകില്ലെന്നും ഇ ഡി ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേസിൽ ഇഡി ഇന്ന് മറുപടി സത്യവാങ്മൂലം സമർപ്പിക്കും.
മസാല ബോണ്ട് കേസിലെ എൻഫോഴ്സ്മെന്റ് അന്വേഷണം ചോദ്യം ചെയ്ത് കിഫ്ബി നൽകിയ ഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നില്ല. ഇ ഡി സമൻസ് നല്ല ഉദ്ദേശത്തോടെ അല്ലെന്നും പ്രവർത്തനം തടസ്സപ്പെടുത്തലാണ് ലക്ഷ്യം എന്നുമായിരുന്നു കിഫ്ബിയുടെ വാദം. എന്നാൽ തുടർ നടപടികൾ സ്റ്റേ ചെയ്യണം എന്ന കിഫ്‌ബിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഹർജി സെപ്റ്റംബർ 2ന് വീണ്ടും പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്.
Also Read- CPI| ലോകായുക്ത ഭേദഗതിയെ സിപിഐ മന്ത്രിസഭയിൽ എതിർത്തതെന്തുകൊണ്ട്?
മസാല ബോണ്ടിലെ ഇഡിയുടെ സമൻസ് എന്തിന്?
മസാല ബോണ്ട് ഇറക്കിയതിൽ ഫെമ നിയമങ്ങളുടെ ലംഘനം നടന്നെന്നു കാണിച്ചാണ് കിഫ്ബിക്ക് ഇഡി സമൻസ് അയച്ചത്. ഈ നടപടിക്കെതിരെയാണ് കിഫ്ബിയും സിഇഒ കെ.എം.എബ്രഹാമും ജോയിന്റ് ഫണ്ട് മാനേജരും ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിച്ചു.
Also Read- വിഴിഞ്ഞം തുറമുഖ നിർമാണം താത്കാലികമായി നിർത്തിവെച്ചു; ലത്തീൻ സഭ ആവശ്യപ്പെടുന്നതെന്ത്?
മസാല ബോണ്ടിന് RBIയുടെ അംഗീകാരം ഉണ്ടെന്നും ഫെമ ലംഘനം അന്വേഷിക്കേണ്ടത് റിസർവ് ബാങ്കാണെന്നുമാണ് കിഫ്ബിയുടെ പ്രധാന വാദം. സത്യവാങ്മൂലം സമർപ്പിക്കാമെന്ന് ഹൈക്കോടതിയെ ഇഡി അറിയിച്ചതിനെ തുർന്നാണ് അന്വേഷണം സ്റ്റേ ചെയ്യാതെ ഹർജി പരിഗണിക്കുന്നത് മാറ്റിയത്.
എന്തുകൊണ്ട് കിഫ്ബിക്ക് തുടർച്ചയായി സമൻസ്? ഇഡിയോട് ഹൈക്കോടതി
മസാല ബോണ്ട് വിഷയത്തിൽ എന്തുകൊണ്ടാണ് കിഫ്ബിക്കു തുടർച്ചയായി സമൻസ് അയയ്ക്കുന്നതെന്ന് ഇഡിയോ ഹൈക്കോടതി ചോദിച്ചു. സംശയത്തിന്റെ അടിസ്ഥാനത്തിലാണോ ഉദ്യോഗസ്ഥരെ ആവർത്തിച്ച് വിളിച്ച് വരുത്തുന്നതെന്നാണ് കോടതി ചോദിച്ചത്. തുടർച്ചയായി സമൻസുകൾ അയച്ച് ഇഡി കിഫ്ബിയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയാണെന്ന് പറഞ്ഞപ്പോഴായിരുന്നു ഹൈക്കോടതിയുടെ വാക്കാലുള്ള ചോദ്യം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.