• HOME
 • »
 • NEWS
 • »
 • explained
 • »
 • Explained | പ്രതിരോധമേഖലയിലും ‘മെയ്ക്ക് ഇൻ ഇന്ത്യ’; സൈന്യത്തിന് കരുത്തേകാൻ ഇന്ത്യയിൽ നിർമിക്കുന്ന AK-203 റൈഫിളിന്റെ പ്രത്യേകതകൾ

Explained | പ്രതിരോധമേഖലയിലും ‘മെയ്ക്ക് ഇൻ ഇന്ത്യ’; സൈന്യത്തിന് കരുത്തേകാൻ ഇന്ത്യയിൽ നിർമിക്കുന്ന AK-203 റൈഫിളിന്റെ പ്രത്യേകതകൾ

മെയ്ക്ക്-ഇൻ ഇന്ത്യ (Make In India) ക്യാമ്പെയ്നിന്റെ ഭാഗമാണ് എകെ-203 റൈഫിളുകളുടെ ഇന്ത്യയിലുള്ള ഉത്പാദനം. എകെ-203യെക്കുറിച്ച് നിങ്ങൾ അറിയേണ്ട കാര്യങ്ങൾ ഇതാ..

ak-203 rifle

ak-203 rifle

 • Last Updated :
 • Share this:
  എകെ 203 (AK-203) റൈഫിളുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നത് സംബന്ധിച്ച ഇന്ത്യ - റഷ്യ  (India- Russia) കരാർ തിങ്കളാഴ്ച്ച ഒപ്പിട്ടു. ഇന്ത്യൻ സേനയുടെ ഏറെ വിമർശിക്കപ്പെട്ട ഇൻസാസ് (INSAS) റൈഫിളിന് പകരമാണ് AK-203 ഉപയോഗിക്കാൻ ഒരുങ്ങുന്നത്. തോക്കിന്റെ ഉൽപ്പാദനത്തിനുള്ള സാമഗ്രികളുടെയും വിഭവങ്ങളുടെയുമടക്കം പൂർണ്ണമായ പ്രാദേശികവൽക്കരണമാണ് ഇന്ത്യ പുതിയ കരാർ വഴി ലക്ഷ്യമിടുന്നത്. മെയ്ക്ക്-ഇൻ ഇന്ത്യ (Make In India) ക്യാമ്പെയ്നിന്റെ ഭാഗമാണ് എകെ-203 റൈഫിളുകളുടെ ഇന്ത്യയിലുള്ള ഉത്പാദനം. എകെ-203യെക്കുറിച്ച് നിങ്ങൾ അറിയേണ്ട കാര്യങ്ങൾ ഇതാ..

  ഇന്ത്യയിൽ എകെ-203യുടെ നിർമ്മാണത്തിന് ഇത്രയും നാൾ തടസ്സമായത് എന്താണ്?

  എകെ-203 റൈഫിളുകൾ നിർമ്മിക്കുന്നതിനുള്ള നിർദ്ദേശം 2018ലാണ് ആദ്യം മുന്നോട്ട് വച്ചത്. എന്നാൽ ആയുധങ്ങൾക്കുള്ള സാങ്കേതികവിദ്യയുടെ വിലയും കൈമാറ്റവും സംബന്ധിച്ച പ്രശ്‌നത്തെച്ചൊല്ലി കരാർ നീണ്ടുപോകുകയായിരുന്നു. എന്നാൽ റൈഫിളിന്റെ സാങ്കേതിക അറിവ് പങ്കുവെക്കുന്നതിനുള്ള റോയൽറ്റി പേയ്‌മെന്റ് ഒഴിവാക്കാൻ റഷ്യ സമ്മതിച്ചതോടെ യുപിയിലെ അമേഠിയിൽ കോർവയിലുള്ള ഫാക്ടറി, ഉൽപ്പാദനം ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.

  6 ലക്ഷത്തിലധികം എകെ-203 റൈഫിളുകൾ നിർമ്മിക്കുന്നതിനുള്ള ഈ കരാറിന്റെ മൂല്യം 5,000 കോടി രൂപയിലധികമാണ്. അടുത്ത വർഷം അമേഠിയിൽ ഉത്പാദനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കരാർ ഉറപ്പിക്കുന്നതിലെ കാലതാമസങ്ങൾക്കിടയിൽ, റഷ്യയിൽ നിന്ന് 70,000 എകെ 203 റൈഫിളുകൾ വാങ്ങാൻ ഇന്ത്യ ഈ വർഷം ആദ്യം നീക്കം നടത്തിയിരുന്നു.

  സാങ്കേതിക വിദ്യയുടെ കൈമാറ്റം ഉൾപ്പെടെ, ഇന്ത്യയിലെ ആയുധ നിർമ്മാണവുമായി ബന്ധപ്പെട്ട് സമ്പൂർണ്ണ സ്വദേശിവൽക്കരണം കൈവരിക്കുന്നതിനുള്ള ആവശ്യകതകളെ തുടർന്നാണ് കരാറിന് കാലതാമസം നേരിട്ടത്. റൈഫിളുകൾ ഇറക്കുമതി ചെയ്യാൻ എടുക്കുന്നതിനേക്കാൾ കൂടുതലാണ് ഇത് ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്നതിനുള്ള ചെലവെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇന്ത്യയിൽ നിർമ്മിക്കുന്ന ഓരോ റൈഫിളിന്റെയും റോയൽറ്റി ഫീസ് കുറയ്ക്കാൻ റഷ്യ സമ്മതിച്ചതോടെ വിലനിർണ്ണയ പ്രശ്നം പരിഹരിച്ചതായാണ് വിവരം.

  എന്തുകൊണ്ടാണ് ഇന്ത്യ പുതിയ റൈഫിളുകളിലേയ്ക്ക് തിരിയുന്നത്?

  ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) രൂപകൽപന ചെയ്‌തതും 1990കളിൽ സേനയിൽ ഉൾപ്പെടുത്തിയതുമായ ഇന്ത്യൻ സ്‌മോൾ ആംസ് സിസ്റ്റം എന്ന ഇൻസാസ് റൈഫിളുകൾക്ക് പകരമായാണ് എകെ-203 റൈഫിളുകൾ വരുന്നത്. വർഷങ്ങളായി ഇൻസാസ് റൈഫിളുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, 2017ൽ, ഒരു മികച്ച പകരക്കാരനെ കണ്ടെത്താനുള്ള സമയമായിയെന്ന് കേന്ദ്രം തീരുമാനിക്കുകയായിരുന്നു.

  ഇൻസാസ് റൈഫിളിന്റെ റിപ്പോർട്ട് ചെയ്യപ്പെട്ട നിരവധി പോരായ്മകളിൽ, തോക്കിന്റെ ജാം ആകാനുള്ള പ്രവണതയും കൂടുതൽ തണുത്തുറഞ്ഞ താപനിലയിൽ പൊട്ടിപ്പോകുന്നതായും കണ്ടെത്തി.

  കൂടാതെ, ചെറിയ 5.56×45 എംഎം കാലിബർ ബുള്ളറ്റുകളുള്ള ഇൻസാസ് റൈഫിൾ എതിരാളിയെ കൊല്ലുന്നതിന് പകരം പരിക്കേൽപ്പിക്കാനുതകുന്ന തരത്തിൽ നിർമ്മിച്ചതായും കണക്കാക്കപ്പെടുന്നു. എന്നാൽ റഷ്യൻ ഓട്ടോമാറ്റിക് കാൽഷ്‌നിക്കോവ് റൈഫിളുകളുടെ വിഭാഗത്തിൽ വരുന്ന എകെ-203 ഉൾപ്പെടുത്താനുള്ള തീരുമാനത്തോടെ ഈ പോരായ്മകളെല്ലാം സൈന്യത്തിന് പരിഹരിക്കാനാകും.

  റഷ്യൻ പ്രതിരോധ കയറ്റുമതി ഏജൻസിയായ റോസോബോൺഎക്സ്പോർട്ടിന്റെ (Rosobornexport) റിപ്പോർട്ട് പ്രകാരം, എകെ-203 "കൃത്യതയും ബാരൽ ആയുസ്സും " കൂടുതലുള്ള റൈഫിളാണ്. മടക്കുന്നതും ക്രമീകരിക്കാവുന്നതുമായ ബട്ട്‌സ്റ്റോക്ക്, പിസ്റ്റൾ ഗ്രിപ് എന്നിവ പോലുള്ള ആധുനിക ഡിസൈൻ സവിശേഷതകളും എകെ-203യുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നു.

  എകെ-203യും ഇൻസാസ് റൈഫിളും തമ്മിലുള്ള വ്യത്യാസങ്ങൾ
  എകെ-203യ്ക്ക് ഇൻസാസ് റൈഫിളിനേക്കാൾ ഭാരവും നീളവും കുറവാണ് എന്നാൽ ഇൻസാസിനേക്കാൾ മാരകവുമാണ്. മാഗസിനും ബയണറ്റും ഇല്ലെങ്കിലും, ഇൻസാസ് റൈഫിളിന് 4.15 കിലോഗ്രാം ഭാരമുണ്ട്. AK-203ന്റെ ഭാരം 3.8 കിലോയാണ്. ബയണറ്റ് ഇല്ലാതെ ഇൻസാസ് റൈഫിളിന്റെ നീളം 960 മില്ലീമീറ്ററാണ്, AK-203ന്റെ നീളം 705 മില്ലീമീറ്ററാണ്.

  ഇൻസാസിൽ ഉപയോഗിക്കുന്നത് 5.56×45mm ബുള്ളറ്റുകളാണ്. എന്നാൽ എകെ-203ൽ 7.62x39mm ബുള്ളറ്റുകളാണ് ഉപയോഗിക്കുന്നത്. ഇത് എതിരാളികളുടെ മേൽ കൂടുതൽ മാരകമായിരിക്കും. ഇൻസാസിന് 400 മീറ്ററും എകെ-403ന് 800 മീറ്ററും ദൂരത്തിലുള്ള കാഴ്ച്ചകൾ വരെ ലഭ്യമാണ്.

  ഇൻസാസിന് ഒറ്റ ഷോട്ടുകളും മൂന്ന് റൗണ്ട് വെടിവയ്പ്പും നടത്താൻ കഴിയുമെങ്കിലും, എകെ-203 റൈഫിൾ ഓട്ടോമാറ്റിക്, സെമി-ഓട്ടോമാറ്റിക് മോഡിൽ ഉപയോഗിക്കാൻ കഴിയുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ, ഇൻസാസ് റൈഫിളിന് മിനിറ്റിൽ 650 ബുള്ളറ്റുകൾ എന്ന മികച്ച ഫയർ റേറ്റ് ഉള്ളപ്പോൾ, മിനിറ്റിൽ 600 ബുള്ളറ്റുകൾ തൊടുത്തു വിടാനുള്ള ശേഷിയാണ് എകെ-203യ്ക്കുള്ളത്. എന്നാൽ ഇവ കൂടുതൽ കൃത്യത ഉള്ളതാണെന്നാണ് റിപ്പോ‍ർട്ടുകൾ.

  മെയ്ക്ക് ഇൻ ഇന്ത്യ കാമ്പെയ്നിനെ എകെ-203 കരാ‍ർ എങ്ങനെ സഹായിക്കും?

  ഓർഡനൻസ് ഫാക്ടറി ബോർഡും (OFB) റഷ്യൻ സ്ഥാപനങ്ങളായ റോസോബോൺഎക്‌സ്‌പോർട്ട്, കൺസേൺ കലാഷ്‌നിക്കോവ് എന്നിവയുടെ സംയുക്ത സംരംഭമായി രൂപീകരിച്ച ഇന്തോ-റഷ്യ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് (IRRPL) ആണ് എകെ-203യുടെ നിർമ്മാണം ഇന്ത്യയിൽ ഏറ്റെടുത്തിരിക്കുന്നത്.

  2019 ഫെബ്രുവരിയിൽ ഇന്ത്യയും റഷ്യയും തമ്മിൽ ഒപ്പുവെച്ച കരാറിന്റെ ഫലമായാണ് ഈ സംയുക്ത സംരംഭം രൂപീകരിച്ചത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എകെ 203 വിമാനങ്ങളുടെ ഉൽപ്പാദനം 100 ശതമാനം സ്വദേശിവൽക്കരിക്കണമെന്ന് ഊന്നിപ്പറഞ്ഞിരുന്നതായി 2019 ലെ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവന വ്യക്തമാക്കുന്നു. ഇത് രാജ്യത്ത് കൂടുതൽ നിക്ഷേപവും തൊഴിലവസരവും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. കോർവ ഫാക്ടറിയിൽ ഉൽപ്പാദനം ആരംഭിച്ചതിന് ശേഷം ഐആർആർപിഎൽ മറ്റ് രാജ്യങ്ങളിലേക്ക് ആയുധം കയറ്റുമതി ചെയ്യുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ഇന്ത്യ-റഷ്യ സംയുക്ത സംരംഭത്തിലൂടെ അഞ്ച് ലക്ഷത്തിലധികം റൈഫിളുകൾ നിർമ്മിക്കുന്ന പദ്ധതി കരാർ ഒപ്പിട്ട് ഏഴ് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് വിവരം.

  ഈ കരാറിന് പുറമെ പ്രതിരോധം, വ്യാപാരം, ബഹിരാകാശം, സാങ്കേതികവിദ്യ, ഊർജം, സംസ്‌കാരികം എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനുള്ള നിരവധി കരാറുകൾ ഇന്ത്യയും റഷ്യയും ചർച്ച ചെയ്യുന്നുണ്ട്.
  Published by:Rajesh V
  First published: