• HOME
 • »
 • NEWS
 • »
 • explained
 • »
 • Series on Paramilitary | നമ്മുടെ അർധസൈനിക വിഭാഗങ്ങളെ അറിയാം; ഭാഗം 1: അതിർത്തി രക്ഷാ സേന

Series on Paramilitary | നമ്മുടെ അർധസൈനിക വിഭാഗങ്ങളെ അറിയാം; ഭാഗം 1: അതിർത്തി രക്ഷാ സേന

1999 ലെ കാർഗിൽ യുദ്ധകാലത്ത് പാക്കിസ്ഥാനുമായുള്ള പോരാട്ടത്തിനിടെ രാജ്യത്തെ മുഖ്യ പ്രതിരോധ ശക്തിയായി പ്രവർത്തിച്ചത് ബിഎസ്എഫ് ജവാൻമാർ ആയിരുന്നു.

 • Last Updated :
 • Share this:
  2.7 ലക്ഷം പട്ടാളക്കാർ ഉൾപ്പെടുന്ന അതിർത്തി രക്ഷാ സേന (Border Security Force) രാജ്യത്തെ തന്ത്രപ്രധാന മേഖലകളിലെല്ലാം നിലയുറപ്പിച്ചിരിക്കുന്നു. അതിർത്തി പ്രശ്നങ്ങൾ പോലുള്ള സങ്കീർണമായ വിഷയങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം അതിർത്തി രക്ഷാ സേനക്കുണ്ട്.

  ഇന്ത്യയുടെ അതിർത്തികൾ ശത്രുക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കുക, അതിർത്തി വഴിയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുക, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറുന്നത് തടയുക, നക്സലുകൾക്കും കലാപകാരികൾക്കും എതിരെ പോരാടുക, അതിർത്തിപ്രദേശങ്ങളിലെ ക്രമസമാധാനം ഉറപ്പു വരുത്തുക, തുടങ്ങിയവയാണ് അതിർത്തി രക്ഷാ സേനയുടെ
  പ്രധാന ഉത്തരവാദിത്തങ്ങൾ. 1965 ലാണ് ഈ സേന സ്ഥാപിക്കപ്പെട്ടത്.

  ചൂടും തണുപ്പും സഹിച്ചും ദുർഘടമായ മലനിരകൾ താണ്ടിയും ഉറക്കമില്ലാത്ത രാത്രികളിലൂടെ കടന്നുപോയും ഒക്കെയാണ് ഓരോ ബിഎസ്എഫ് ജവാനും രാജ്യത്തിന് കാവലാകുന്നത്. കശ്മീരിലെ മൈനസ് 30 ഡിഗ്രി തണുപ്പും രാജസ്ഥാനിലെ കൊടുംചൂടുമെന്നും വകവെയ്ക്കാതെയാണ് ഇവരുടെ പ്രവർത്തനം. അതിർത്തി സംരക്ഷിക്കുന്നത് മാത്രമല്ല, അതിർത്തി പ്രദേശത്തെ ജനങ്ങളുടെ ജീവൻ കാത്തുസംരക്ഷിക്കുന്നതും ബിഎസ്എഫ് ജവാൻമാരുടെ ഉത്തരവാദിത്തമാണ്.

  ചരിത്രം

  1965 വരെ വരെ ഇന്ത്യയുടെ അതിർത്തികൾ സംരക്ഷിച്ചിരുന്നത് അതിർത്തി സംസ്ഥാനങ്ങളിലെ പോലീസ് ആയിരുന്നു. 1965 ഏപ്രിലിൽ, കച്ചിലെ സർദാർ പോസ്റ്റ്, ചാർ ബെറ്റ്, ബെരിയ ബെറ്റ് എന്നിവിടങ്ങളിൽ പാകിസ്ഥാന്റെ ആക്രമണം ഉണ്ടായി. ആ സംഭവത്തോടെയാണ് ഇത്തരം വെല്ലുവിളികളെ നേരിടാൻ സംസ്ഥാന പോലീസ് സേന പര്യാപ്തമല്ല എന്നു തെളിഞ്ഞത്. തുടർന്നുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഡൽഹിയിൽ ഒരു യോഗം ചേർന്നു. അവിടെ നിന്നാണ് അതിർത്തി രക്ഷാ സേനയുടെ അഥവാ ബിഎസ്‍എഫിന്റെ കഥ ആരംഭിക്കുന്നത്.

  ബിഎസ് രൂപീകരിക്കുന്നതിന് പോലീസിന്റെ ഭാഗത്തു നിന്നുയർന്ന ഏക ശബ്ദം കെ.എഫ്. റുസ്തംജി എന്ന ഉദ്യോഗസ്ഥന്റേത് ആയിരുന്നു. ഏതാനും ദിവസങ്ങൾക്ക് ശേഷം അദ്ദേഹത്തെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. ബിഎസ്എഫിന്റെ ചുമതല ഏറ്റെടുക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അതിർത്തികൾ സംരക്ഷിക്കുന്നതിനും അനധികൃത നുഴഞ്ഞുകയറ്റം തടയുന്നതിനുമായാണ് സേന രൂപീകരിച്ചത്.

  തുടക്കത്തിൽ, 25 ബറ്റാലിയനുകളാണ് ഉണ്ടായിരുന്നത്. ഇന്ന് 192 (എൻ‌ഡി‌ആർ‌എഫിന്റെ 3 എണ്ണം ഉൾപ്പെടെ) ബറ്റാലിയനുകളും 7 ബി‌എസ്‌എഫ് ആർട്ടി റെജിമെന്റുകളും സേനയുടെ ഭാഗമായി ഉണ്ട്. ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്വന്തമായി ഹെലികോപ്റ്ററുകളും വിമാനങ്ങളും ഉള്ള ഏക സേന ആണിത്.

  പ്രധാന പോരാട്ടങ്ങൾ

  1999 ലെ കാർഗിൽ യുദ്ധകാലത്ത് പാക്കിസ്ഥാനുമായുള്ള പോരാട്ടത്തിനിടെ രാജ്യത്തെ മുഖ്യ പ്രതിരോധ ശക്തിയായി പ്രവർത്തിച്ചത് ബിഎസ്എഫ് ജവാൻമാർ ആയിരുന്നു. ജമ്മു ആൻഡ് കശ്മീരിലും കലാപങ്ങളെ നേരിടാൻ ബിഎസ്എഫ് സദാ കർമനിരതരാണ്. ശ്രീനഗർ താഴ്‌വരയിൽ വിമാനത്താവള സുരക്ഷാ ചുമതലകൾ, രാജ്ഭവൻ എന്നിവയ്ക്കായി ബിഎസ്എഫിനെ വിന്യസിച്ചിട്ടുണ്ട്.

  കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ ബിഎസ്എഫും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 1990-കളിൽ, തീവ്രവാദഭീഷണി വർധിച്ചു വന്ന സാഹചര്യത്തിലാണ് ഇവിടെ അതിർത്തി രക്ഷാസേനയെ വിന്യസിച്ചത്. തീവ്രവാദികളുമായി പോരാടി ബിഎസ്എഫ് രണ്ട് മേഖലകൾ തിരിച്ചുപിടിച്ചു. ഭീകരരുമായുള്ള പോരാട്ടത്തിനിടെ കശ്മീരിൽ, ഉദ്യോ​ഗസ്ഥരും ജവാൻമാരും ഉൾപ്പെടെ 1,000-ലധികം ബിഎസ് അം​ഗങ്ങൾക്കാണ് ജീവൻ നഷ്ടമായത്.

  മണിപ്പൂരിലെ സായുധകലാപം നേരിടുന്നതിലും ബിഎസ്എഫ് മുൻപന്തിയിൽ ഉണ്ടായിരുന്നു. 2001 ലെ ​​ഗുജറാത്ത് ഭൂകമ്പകാലത്ത് രക്ഷാപ്രവർത്തനത്തിലും ബിഎസ്എഫ് സജീവമായി ഉണ്ടായിരുന്നു. വർ​ഗീയ കലാപങ്ങൾ ഉണ്ടാകുമ്പോൾ വിവിധ ജനവിഭാ​ഗങ്ങൾക്കിടയിലെ ഐക്യം നിലനിർത്തുക എന്ന ഉത്തരവാദിത്തവും ബിഎസ്എഫിൽ ഭരമേൽപ്പിക്കപ്പെടാറുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നക്സലേറ്റുകൾക്കെതിരെ ഉള്ള പോരാട്ടത്തിനും ഇവരെ നിയോ​ഗിക്കാറുണ്ട്. 1967-ൽ, ഡൽഹി പോലീസിലെ ഒരു വിഭാഗം ജീവനക്കാർ നടത്തിയ പ്രക്ഷോഭം നിയന്ത്രിക്കുന്നതിനും അതിർത്തി രക്ഷാസേനയെ വിന്യസിച്ചിരുന്നു.

  ഘടന

  നിലവിൽ, ഇന്ത്യയിലെ രണ്ടാമത്തെ വലിയ അർദ്ധസൈനിക സേനയാണ് ബിഎസ്എഫ്. 192 ബറ്റാലിയനുകൾ, എയർ വിംഗ്, വാട്ടർ വിംഗ്, പീരങ്കി റെജിമെന്റുകൾ എന്നിവയെല്ലാം ബിഎസ്എഫിന്റെ ഭാ​ഗമായുണ്ട്. ഡയറക്ടർ ജനറൽ തലത്തിലുള്ള മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് സേനയുടെ തലവൻ. കമാൻഡുകൾ, ഫ്രണ്ടിയേഴ്സ് എന്നിങ്ങനെ രണ്ട് വിഭാ​ഗമായി ഉന്നത തലത്തിൽ സേനയെ തരംതിരിച്ചിരിക്കുന്നു. സ്പെഷ്യൽ ഡയറക്ടർ ജനറൽ (എസ്ഡിജി) തലത്തിലുള്ള ഉദ്യോഗസ്ഥനാണ് കിഴക്കൻ, പടിഞ്ഞാറൻ കമാൻഡുകളെ നയിക്കുന്നത്. വെസ്റ്റേൺ കമാൻഡിനെ നയിക്കുന്ന ഡയറക്ടർ ജനറലിന് ആണ് ശ്രീനഗർ, ജമ്മു, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളുടെ അതിർത്തികളുടെ ചുമതല. ബംഗാൾ, നോർത്ത് ബംഗാൾ, മേഘാലയ, മണിപ്പൂർ & കച്ചാർ, ത്രിപുര, ഗുവാഹത്തി മുതലായവയുടെ ചുമതല ഈസ്റ്റേൺ കമാൻഡിന്റെ ഡയറക്ടർ ജനറലിന് ആണ്. ഇവരെ കൂടാതെ മാനവവിഭവശേഷി, സേനാപ്രവർത്തനങ്ങൾ, ലോജിസ്റ്റിക്സ്, അക്കാദമി എന്നീ ചുമതലകൾ വഹിക്കുന്ന നാല് അഡീഷണൽ ഡയറക്ടർ ജനറൽമാരും ഉണ്ട്.

  ഓപ്പറേഷൻസ്, അഡ്മിനിസ്ട്രേറ്റീവ്, ജനറൽ, ട്രെയിനിംഗ്, കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, പ്രൊവിഷനിംഗ്, എയർ
  വിംഗ്, മെഡിക്കൽ എന്നിങ്ങനെ വിവിധ മേഖലകളിൽ നേതൃത്വം നൽകാൻ ഒരു ഇൻസ്പെക്ടർ ജനറൽ ലെവൽ ഓഫീസറും ഉണ്ട്.

  ബഡ്ജറ്റ്

  ഇന്ത്യ-പാക് അതിർത്തിയിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത്, കേന്ദ്രസർക്കാർ ബിഎസ്എഫിനുള്ള ബജറ്റ് വർധിപ്പിച്ചിരുന്നു. സേനയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുക, സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടാതിരിക്കുക എന്നതും ലക്ഷ്യം വെച്ചിരുന്നു. 2020 ലെ കണക്കനുസരിച്ച് 19,000 കോടി ആയിരുന്നു ബിഎസ്എഫിന്റെ മൊത്തം ബജറ്റ്. 2022-2023 സാമ്പത്തിക വർഷത്തിൽ മൂവായിരം കോടിയാണ് ബജറ്റിൽ വർദ്ധനവ് ഉണ്ടായത്.

  പരിശീലനം

  കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി അതിർത്തി രക്ഷാ സേനയുടെ മൊത്തം ശക്തിയിൽ വൻ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. രാജ്യത്തുടനീളം സേനക്ക് പരിശീലന കേന്ദ്രങ്ങൾ ഉണ്ട്. റീ-സ്കില്ലിംഗ്, അപ്പ്-സ്കില്ലിംഗ് എന്നിങ്ങനെ പല തരം പരിശീലനങ്ങൾ സേന നൽകുന്നുണ്ട്. അടിസ്ഥാന പരിശീലനങ്ങളിൽ നിന്ന് ആരംഭിച്ച് ക്രമേണ പ്രത്യേക കഴിവുകളും നേതൃത്വഗുണങ്ങളും വികസിപ്പിക്കാൻ ഉദ്യോ​ഗാർഥികളെ പ്രാപ്തരാക്കുകയാണ് ചെയ്യുന്നത്. തെക്കൻപൂർ ബിഎസ്എഫ് അക്കാദമിയിൽ വെച്ചാണ് കമാൻഡോ പരിശീലനം നൽകുന്നത്. കലാപങ്ങളെ നേരിടൽ, സ്ഫോടക വസ്തുക്കൾ കണ്ടെത്തൽ അവ കൈകാര്യം ചെയ്യൽ തുടങ്ങിയ കാര്യങ്ങളും ഈ സെന്ററിൽ വെച്ച് പഠിപ്പിക്കുന്നു. ശക്തി
  ഗ്വാളിയോറിൽ നായ്ക്കൾക്കായുള്ള പരിശീലന കേന്ദ്രവും ഉണ്ട്. ഓഫീസർമാർക്കും ജവാൻമാരും തീവ്രവാദ വിരുദ്ധ പ്രവർത്തന പരിശീലനവും ലഭിക്കുന്നു.

  സർവ്വം സജ്ജം

  അതിർത്തിപ്രശ്നങ്ങളും തീവ്രവാദ ഭീഷണിയും വർധിച്ചു വരുന്ന സാഹചര്യത്തിൽ പുത്തൻ സാങ്കേതിക വിദ്യകളുടെയും ആയുധങ്ങളുടെയുമൊക്കെ സഹായത്തോടെ അതിനെയൊക്കെ സജ്ജമാകുകയാണ് അതിർത്തി രക്ഷാ സേന. സാങ്കേതിക വിദ​ഗ്ധരുടെ സഹായത്തോടെ പുതിയ ആന്റി ടണലിങ്ങ് വിദ്യയിൽ വരെ ബിഎസ്എഫ് പരിശീലനം നേടിക്കഴിഞ്ഞു. പഞ്ചാബിലെയും ജമ്മുവിലെയും
  ചില പ്രദേശങ്ങളിൽ തുടർച്ചയായി ആക്രമണങ്ങൾ ഉണ്ടാകുന്നത് കണക്കിലെടുത്ത് ആന്റി ഡ്രോൺ സാങ്കേതികവിദ്യയും ബിഎസ്എഫ് ഉപയോ​​ഗപ്പെടുത്തുന്നുണ്ട്. ഹാൻഡ്‌ഹെൽഡ് തെർമൽ ഇമേജർ പോലുള്ള പ്രത്യേക നിരീക്ഷണ ഉപകരണങ്ങളും, വാഹനങ്ങളുമെല്ലാം സേനയുടെ പക്കലുണ്ട്. CCTV/PTZ ക്യാമറകൾ, ഇൻഫ്രാറെഡ് സെൻസറുകൾ, ഇൻഫ്രാറെഡ് അലാറം തുടങ്ങിയ സാങ്കേതിക വിദ്യകളുടെ ഉപയോ​ഗവും പരി​ഗണനയിലാണ്.

  അടുത്ത 10 വർഷത്തിനുള്ളിൽ അധിക റഡാറുകളും രാത്രികാലങ്ങളിൽ പ്രത്യേകം നിരീക്ഷണത്തിനുള്ള സാങ്കേതികവിദ്യയും സ്ഥാപിക്കാൻ ആകും എന്നും സേന പ്രതീക്ഷിക്കുന്നു.
  Published by:Jayashankar Av
  First published: