• HOME
  • »
  • NEWS
  • »
  • explained
  • »
  • 50 രൂപയുടെ ഗുഡ് ഡേ കാർഡിന് 24 മണിക്കൂർ യാത്ര; തിരുവനന്തപുരം നഗരത്തിൽ KSRTC സിറ്റി സര്‍ക്കിള്‍ സര്‍വീസ് റെഡി

50 രൂപയുടെ ഗുഡ് ഡേ കാർഡിന് 24 മണിക്കൂർ യാത്ര; തിരുവനന്തപുരം നഗരത്തിൽ KSRTC സിറ്റി സര്‍ക്കിള്‍ സര്‍വീസ് റെഡി

ആദ്യഘട്ടത്തിൽ സിറ്റി സര്‍ക്കിള്‍ സർവീസിനായി ഏഴു റൂട്ടുകൾ ആണ് തെരഞ്ഞെടുത്തിരിക്കുന്നത്.

KSRTC സിറ്റി സര്‍ക്കിള്‍

KSRTC സിറ്റി സര്‍ക്കിള്‍

  • Share this:
    തിരുവനന്തപുരം; നഗരത്തിലെ യാത്രാക്ലേശം പരിഹരിക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി സിറ്റി സര്‍ക്കിള്‍ സര്‍വീസുകള്‍ കെഎസ്ആര്‍ടിസി അടുത്ത മാസം ആദ്യവാരം ആരംഭിക്കും. ആദ്യഘട്ടത്തില്‍ ഏഴു റൂട്ടുകള്‍ ആണ് തെരഞ്ഞെടുത്തിരിക്കുന്നത്.

    ഒരു സ്ഥലത്ത് നിന്നും ആരംഭിച്ച് അതേ സ്ഥലത്ത് തന്നെ ക്ലോക്ക് വൈസായും, ആന്റി ക്ലോക്ക് വൈസായി അഞ്ചിലധികം ബസുകള്‍ ഒരേ ദിശയിലേക്ക് തന്നെ സര്‍വീസ് നടത്തുന്നതാണ് സര്‍ക്കിള്‍ സര്‍വീസ്.

    ബസ് സര്‍വീസ് നടത്തുന്ന ഓരോ പോയിന്റിലും 10 മിനിറ്റിനുള്ളില്‍ ഇരുവശത്തേക്കും ബസുകള്‍ വരുന്ന രീതിയിലാണ് ഇവ ക്രമപ്പെടുത്തിയിരിക്കുന്നത്. ഒരു സ്ഥലത്ത് നിന്നും ആരംഭിച്ച് മറ്റൊരു സ്ഥലത്തേക്ക് പോകുന്നതിന് ഒരു സര്‍ക്കിളില്‍ നിന്നും അതിന്റെ ഇന്റര്‍ ചെയ്ഞ്ച് പോയിന്റില്‍ വെച്ച് മറ്റ് സര്‍ക്കിളില്‍ കൂടി വരുന്ന ബസില്‍ കയറില്‍ കിഴക്കേകോട്ട മുതല്‍ പേരൂര്‍ക്കട വരെയുള്ള ഭാഗങ്ങളില്‍ എവിടെയുമുള്ള പ്രധാനപ്പെട്ട റോഡുകളില്‍ ഇറങ്ങുവാന്‍ കഴിയും. ഉള്ളൂര്‍, മെഡിക്കല്‍ കോളേജ് തുടങ്ങിയ എവിടെയും എത്തിച്ചേരാനാകും.

    കിഴക്കേകോട്ടയാണ് സിറ്റി സര്‍ക്കിള്‍ സര്‍വീസിന്റെ മെയിന്‍ ഹബ്. നാല് സാറ്റലൈറ്റ് ഹബ്ബുകളും സിറ്റി സര്‍ക്കിള്‍ സര്‍വീസിന്റെ ഭാഗമാണ്. പാപ്പനംകോട്, ആനയറ, കിഴക്കേകോട്ട, പേരൂര്‍ക്കട എന്നിവിടങ്ങളിലാണ് സാറ്റലൈറ്റ് ഹബുകള്‍. 50 രൂപയുടെ ഗുഡ് ഡേ കാര്‍ഡ് എടുത്താല്‍ 24 മണിക്കൂര്‍ ബസ്സുകളില്‍ സഞ്ചരിക്കാം.

    നഗരത്തിലെ പ്രധാനപ്പെട്ട ഏതാണ്ട് എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ , ആശുപത്രികള്‍, വ്യാപാര കേന്ദ്രങ്ങള്‍ എന്നിവ ബന്ധിപ്പിച്ച് കൊണ്ടാണ് സര്‍വ്വീസുകള്‍. ഈ സര്‍വീസുകള്‍ ഒരോ പ്രത്യേക നിറത്തില്‍ ഉള്ളവയായിരിക്കും. കൂടാതെ ഓരോ റൂട്ടും ഓരോ കളറിലാകും അറിയപ്പെടുക. വൈലറ്റ്, മഞ്ഞ, ബ്രൗണ്‍,നീല, ചുവപ്പ്, മജന്ത, ഓറഞ്ച് എന്നീ നിറങ്ങളാകും ഓരോ റൂട്ടുകള്‍ക്ക് നല്‍കുക. കൃത്യമായ ഇടവേളകളില്‍ ജനങ്ങള്‍ക്ക് ലക്ഷ്യ സ്ഥാനത്ത് എത്തിക്കുന്ന രീതിയിലാണ് ഇവ ക്രമീകരിച്ചിരിക്കുക.ബസിന്റെ ബോര്‍ഡ് നോക്കാതെ സര്‍ക്കിളിന്റെ അടിസ്ഥാനത്തില്‍ ബസ്സ് ഏത് റൂട്ടിലേക്ക് ആണ് സഞ്ചരിക്കുന്നതെന്ന് യാത്രക്കാര്‍ക്ക് മനസ്സിലാക്കാനാകും.

    യാത്രക്കാര്‍ക്ക് ആയാസ രഹിതമായി കയറുന്നതിനും, ഇറങ്ങുന്നതിനും വീതികൂടിയ വാതിലുകളോട് കൂടിയതും, രണ്ട് ചവിട്ടുപടികള്‍ ഉള്ളതുമായ ലോ ഫ്‌ളോര്‍ ബസുകളാണ് ഇതിനായി ഉപയോഗിക്കുക. ഉദ്ദേശം 200 ബസുകളാണ് ആവശ്യം വരുക. ആദ്യഘട്ടത്തില്‍ ഏഴ് റൂട്ടുകളിലാണ് സര്‍വീസ്. തുടര്‍ന്ന് 15 റൂട്ടുകളില്‍ നടത്തും.

    ഏത് സമയത്തും എപ്പോഴും യാത്ര ചെയ്യുന്നതിനുള്ള വണ്‍ ഡേ ടിക്കറ്റ് ഗുഡ് ഡേ എന്ന പേരില്‍ പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു. പ്രീ പെയ്ഡ് കാര്‍ഡ് മുഖേനയുള്ള കണ്‍സഷന്‍ ടിക്കറ്റും സിറ്റി സര്‍വീസില്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

    10 രൂപയാണ് മിനിമം ടിക്കറ്റ് നിരക്ക്, 10, 15, 20,25 അങ്ങനെ പരമാവധി 30 രൂപയാണ് ഈ സര്‍വീസുകളിലെ ടിക്കറ്റ് നിരക്ക്. ഇത് കൂടാതെയാണ് ഒരു ദിവസത്തേക്കുള്ള വണ്‍ ഡേ ടിക്കറ്റും.

    സര്‍വ്വീസ് ആരംഭിക്കുന്നതിന്റെ മുന്നോടിയായി സമയം ക്രമപ്പെടുത്തുന്നതിനും തമ്പാനൂര്‍, യൂണിവേഴ്‌സിറ്റി തുടങ്ങിയ ചില സ്ഥലങ്ങളില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുമോ എന്നുള്‍പ്പടെ പരിശോധിക്കുന്നതിന് വേണ്ടി നടത്തിയ ട്രയല്‍ റണ്‍ വിജയകരം. നിശ്ചയിച്ച സമയത്തിനകത്ത് തന്നെ സര്‍വീസുകള്‍ ഏറെക്കുറെ പൂര്‍ത്തിയായി. ഇന്നത്തെ ട്രയല്‍ റണ്ണില്‍ നിന്നും ജീവനക്കാരുടെ നിര്‍ദ്ദേശമനുസരിച്ച് മാറ്റങ്ങള്‍ വരുത്തി വീണ്ടും റിഹേഴ്‌സല്‍ നടത്തും. പുതിയതായി ആരംഭിക്കാന്‍ പോകുന്ന 90 സിറ്റി സര്‍വീസ് ലോഫ്‌ലോര്‍ നോണ്‍ എ.സി ബസുകള്‍ ഉപയോഗിച്ചാണ് ഞായറാഴ്ച റിഹേഴ്‌സല്‍ നടത്തിയത്. ഗതാഗതമന്ത്രി ആന്റണി രാജുവും, സിഎംഡി ബിജുപ്രഭാകറും ട്രയല്‍ റണ്‍ വീക്ഷിച്ചു. സര്‍വീസ് ആരംഭിക്കുന്നതിന്റെ മുന്നോടിയായി ടൈമിംഗ് അഡ്ജസ്റ്റ് ചെയ്യുവാനും ഗതാഗതക്കുരുക്കുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മനസിലാക്കുന്നതിനും വേണ്ടിയാണ് പരീക്ഷണ ഓട്ടം നടത്തിയത്.

    അടുത്ത ഞായറാഴ്ചയാണ് രണ്ടാംഘട്ട പരീക്ഷണ ഓട്ടം നടക്കുക. അതിനു ശേഷം ഒരു പ്രവര്‍ത്തി ദിനത്തിലും അന്തിമഘട്ട പരീക്ഷണ ഓട്ടം നടത്തും. ഇതോടെ സര്‍വീസിന് ബസ്സുകള്‍ സജ്ജമാകും.

    അടുത്ത് വരുന്ന ഒരു ലോക്ഡൗണ്‍ ദിവസത്തിലും അതിന് ശേഷം ഒരു തിരക്കുള്ള പ്രവര്‍ത്തി ദിനത്തിലും കൂടെ റിഹേഴ്‌സല്‍ നടത്തിയതിന് ശേഷമാകും അന്തിമമായ ഷെഡ്യൂല്‍ തയ്യാറാക്കുന്നത്.

    തിരുവനന്തപുരത്തെ സിറ്റി സര്‍വീസ്് കൂടുതല്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും കൂടുതല്‍ റൂട്ടുകളിലൂടെ സര്‍വീസ് നടത്തി ജനോപാകാര പ്രദമാക്കുന്നതിന് വേണ്ടിയാണ് അടിമുടി മാറ്റം വരുത്തുന്ന ഈ സംരംഭമെന്ന് ട്രയല്‍ റണ്‍ വിലയിരുത്തിയ ശേഷം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു.

    കെഎസ്ആര്‍ടിസിയിലെ 90 ബസുകളിലുമായി 180 ജീവനക്കാരും 35 ഓളം ഇന്‍സ്‌പെക്ടര്‍മാര്‍ അടക്കം 85 പേര്‍ റൂട്ടില്‍ ടൈമിംഗ് ഉള്‍പ്പെടെ ചെക്ക് ചെയ്യാന്‍ റിഹേഴ്‌സലില്‍ പങ്കെടുത്തിരുന്നു.

    തിരുവനന്തപുരം നഗരത്തിലെ സര്‍വീസുകള്‍ വിജയം കണ്ടാല്‍ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുന്നതും ഗതാഗത വകുപ്പിന്റെ പരിഗണനയിലുണ്ട്.
    Published by:Jayesh Krishnan
    First published: