Explained: ബഹിരാകാശ യാത്രക്കൊരുങ്ങി ജെഫ് ബെസോസ്; ചരിത്ര യാത്രയെ കുറിച്ച് അറിയേണ്ടതെല്ലാം
Explained: ബഹിരാകാശ യാത്രക്കൊരുങ്ങി ജെഫ് ബെസോസ്; ചരിത്ര യാത്രയെ കുറിച്ച് അറിയേണ്ടതെല്ലാം
ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ പര്യവേക്ഷണ കമ്പനിയായ ബ്ലൂ ഒറിജിൻ നിർമ്മിക്കുന്ന ന്യൂ ഷെപ്പേർഡ് റോക്കറ്റിലും ക്യാപ്സ്യൂളിലും മനുഷ്യരടങ്ങുന്ന സംഘത്തെ വഹിക്കുന്ന ആദ്യ ദൗത്യമാണിത്.
ബഹിരാകാശ പര്യവേഷണ ദൗത്യത്തിൽ ജെഫ് ബെസോസും റിച്ചാർഡ് ബ്രാൻസണും തമ്മിലുള്ള മത്സരം മുറുകുമ്പോള്‍ ബഹിരാകാശ ദൗത്യങ്ങള്‍ ബഹിരാകാശ ടൂറിസത്തിന് വഴിമാറുന്നുവെന്നും തങ്ങളുടെ 'താന്‍പോരിമ' പ്രദര്‍ശിപ്പിക്കുന്നതിന് ശതകോടീശ്വരന്മാര് ഈ ദൗത്യങ്ങളെ വിനിയോഗിക്കുന്നുവെന്നൊക്കെ വിമര്‍ശനങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. പക്ഷേ ജെഫ് ബെസോസ് തന്റെ ട്രേഡ് മാര്‍ക്ക് ശൈലിയിൽ ഈ കാര്യങ്ങളെല്ലാം തന്നെ ചിരിച്ചു തള്ളിക്കളയാനാണ്ഇഷ്ടപ്പെടുന്നത്. കാരണം തന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ഒറിജിൻ കമ്പനി നിർമ്മിച്ച റോക്കറ്റിൽ ബഹിരാകാശത്തിലേക്ക് പറക്കാൻ തയ്യാറെടുക്കുകയാണ് അദ്ദേഹം.
എല്ലാവർക്കും ബഹിരാകാശയാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ചില ബഹിരാകാശ സംരംഭകരാണ് ഇത് ആരംഭിച്ചത്. വളരെ കുറച്ചുപേർ മാത്രം മുമ്പ് സഞ്ചരിച്ച ആ അസാധാരണലോകത്തേക്ക് പോകാനുള്ള അവസരം എല്ലാവര്ക്കും നല്‍കിക്കൊണ്ട് മനുഷ്യരെ ബഹിരാകാശ യാത്രയോട് കൂടുതൽ അടുപ്പിക്കുകയെന്നത് കൂടിയാണ് ഇവരുടെ ലക്ഷ്യം. റീട്ടെയിൽ ഭീമനായ ആമസോണിന്റെ സ്ഥാപകനും ലോകത്തെ ഏറ്റവും ധനികനുമായ ജെഫ് ബെസോസ് ആധുനിക ബഹിരാകാശ യുഗത്തിന്റെ തുടക്കക്കാരിൽ പ്രഥമസ്ഥാനീയനായി നിലകൊള്ളുകയാണ്.
ഒറ്റവാക്കിൽ പറയുകയാണെങ്കിൽ കൂടുതലും കാഴ്ചകൾ കാണുന്നതിനായി എന്നുവേണം പറയാന്‍. ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ പര്യവേക്ഷണ കമ്പനിയായ ബ്ലൂ ഒറിജിൻ നിർമ്മിക്കുന്ന ന്യൂ ഷെപ്പേർഡ് റോക്കറ്റിലും ക്യാപ്സ്യൂളിലും മനുഷ്യരടങ്ങുന്ന സംഘത്തെ വഹിക്കുന്ന ആദ്യ ദൗത്യമാണിത്.
ഈ ബഹിരാകാശവാഹനം 15 പരീക്ഷണ പറക്കലുകള്‍ ഇതിനോടകം നടത്തിയിട്ടുണ്ട്. പക്ഷേ ഇതുവരെ ഒരിക്കൽ പോലും മനുഷ്യരെയും വഹിച്ച് കൊണ്ട് യാത്ര നടത്തിയിട്ടില്ല. ജൂലൈ 20 ന് നടക്കാനിരിക്കുന്ന ബഹിരാകാശ യാത്രയിൽ ബെസോസിന്റെയും അദ്ദേഹത്തിൻറെ സഹോദരൻമാർക്കുമൊപ്പം ഇതുവരെ ബഹിരാകാശ യാത്ര നടത്തിയതില്‍ വച്ച് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ഏറ്റവും പ്രായം കൂടിയ വ്യക്തിയും ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബഹിരാകാശ പേടകത്തിൽ ഒരു സീറ്റ് ബുക്ക് ചെയ്യാൻ 28 മില്യൺ ഡോളർ നൽകിയ അജ്ഞാതനായ വിജയിക്ക് തന്റെ ഷെഡ്യൂളിംഗ് പ്രശ്നങ്ങൾ കാരണം യാത്ര നഷ്ടമായതിനാല്‍ അദ്ദേഹത്തിന്റെ സീറ്റ് 18 കാരനായ ഒലിവർ ഡെമന്‍ കൈമാറുകയുണ്ടായി.
നാലാമത്തെ ബഹിരാകാശസഞ്ചാരി 82 കാരിയായ അമേരിക്കൻ ഏവിയേഷൻ വിദഗ്ധ വാലി ഫങ്കാണ്. ബഹിരാകാശ യാത്രയ്ക്ക് പരിശീലനം നേടിയെങ്കിലും യഥാർത്ഥത്തിൽ അവര്‍ ആ അജ്ഞാത ലോകത്തിലേക്ക് ഇതുവരെ ഒരു യാത്ര നടത്തിയിട്ടില്ല. ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞതും ഏറ്റവും പ്രായം കൂടിയതുമായ ബഹിരാകാശയാത്രികരെയാണ് ഇരുവരും പ്രതിനിധീകരിക്കുന്നുവെന്ന് ജെഫ് ബെസോസിന്റെ കമ്പനി അറിയിച്ചു.
ബെസോസ് യാത്ര ചെയ്യുന്ന റോക്കറ്റിന്റെ പേര്
ബെസോസും കമ്പനിയും ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്ന പുതിയ ഷെപ്പേർഡ് ക്രാഫ്റ്റ് ഒരു റോക്കറ്റ് ആൻഡ് ക്യാപ്സ്യൂൾ കോംബോ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് ആറ് യാത്രക്കാരെ 62 മൈലിലധികം വായുവിലൂടെ ഭൂമിയുടെ മുകളിലുള്ള സബോർബിറ്റൽ ബഹിരാകാശ തലത്തിലേക്ക് പറക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ബ്ലൂ ഒറിജിൻ വെബ്സൈറ്റ് ഇതിനെ “ബഹിരാകാശയാത്രികരെയും ഗവേഷണ പേലോഡുകളെയും അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ബഹിരാകാശ അതിർത്തിയായ കോർമൻ ലൈനിനപ്പുറത്തേക്ക് കൊണ്ടുപോകാൻ രൂപകൽപ്പന ചെയ്ത, വീണ്ടും ഉപയോഗിക്കാവുന്ന സബോർബിറ്റൽ റോക്കറ്റ് സംവിധാനം” എന്നാണ് വിശേഷിപ്പിക്കുന്നത്.
കീഴ്ഭാഗം മുതല്‍ മേല്‍ഭാഗം വരെ 60 അടി ഉയരമുള്ള ഈ റോക്കറ്റിന് ബഹിരാകാശത്തേക്ക് പോയ ആദ്യത്തെ അമേരിക്കക്കാരനായ അലൻ ഷെപ്പേർഡിന്റെ പേരാണ് നൽകിയിരിക്കുന്നത്.
ഭൂമിയെ ചുറ്റി സഞ്ചരിച്ച ആദ്യത്തെ അമേരിക്കക്കാരനായ യുഎസ് ബഹിരാകാശയാത്രികന് ജോൺ ഗ്ലെന്റെ പേരിലുള്ള ന്യൂ ഗ്ലെൻ എന്ന മറ്റൊരു റോക്കറ്റും ബ്ലൂ ഒറിജിന്‍ സ്വന്തമായിട്ടുണ്ട്. 270 അടി ഉയരമുള്ള ഒരു ഭീമന് റോക്കറ്റാണ് ന്യൂ ഗ്ലെൻ. ഇത് വലിയ പേലോഡുകൾ ഭ്രമണപഥത്തിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ചെലവ് കുറഞ്ഞ ബഹിരാകാശ യാത്രയിലൂടെ പുതു തലമുറയിലെ ശതകോടീശ്വര സംരംഭകർക്കുള്ള ഒരു നൂതന ദൗത്യമാണ് ഈ ബഹിരാകാശ വാഹനങ്ങള്‍ നിര്‍വഹിക്കുന്നത്. ന്യൂ ഷെപ്പേഡും ന്യൂ ഗ്ലെനും കുത്തനെ ടേക്ക് ഓഫും, ലാൻഡിംഗും നടത്താന്‍ കഴിവുള്ള ബഹിരാകാശ വാഹനങ്ങൾ ആണ്. അവയെ ഒന്നിലധികം തവണ വീണ്ടും ഉപയോഗിക്കാൻ കഴിയും എന്നതാണ് അവയുടെ മറ്റൊരു സവിശേഷത.
യാത്രസുരക്ഷിതമാണോ?
ബ്ലൂ ഒറിജിന്റെ റിപ്പോര്‍ട്ടനുസരിച്ച് ന്യൂ ഷെപ്പേർഡ് റോക്കറ്റും അതിന്റെ അനുബന്ധ സുരക്ഷാ സംവിധാനങ്ങളും 2012 മുതൽ പരീക്ഷണത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. തുടർച്ചയായ 15 തവണ വിജയകരമായ ദൗത്യങ്ങൾ നടത്തിയിട്ടുമുണ്ട്. എന്നാൽ ഇതിന് മുമ്പ് നടന്ന ഈ ബഹിരാകാശ വാഹനത്തിന്റെ പരീക്ഷണപ്പറക്കലില്‍ മനുഷ്യ യാത്രക്കാർ ഉണ്ടായിരുന്നില്ല. ബ്ലൂ ഒറിജിൻ സ്റ്റാഫിനെ സംബന്ധിച്ചിടത്തോളം, ഇത് അവരുടെ ബോസിന്റെ കന്നിയാത്രയാണ്. ആയതിനാൽ അവര്‍ എല്ലാ സുരക്ഷാ സന്നാഹങ്ങള്‍ക്കും ഏറെ ശ്രദ്ധ നൽകുന്നുണ്ടെന്ന് നമുക്ക് പ്രതീക്ഷിക്കാം.
"ന്യൂ ഷെപ്പേർഡിൽ യാത്രക്കാര്‍ക്കായി ഒരു ക്രൂ എസ്കേപ്പ് സംവിധാനമുണ്ട്, അതായത് റോക്കറ്റില്‍, അസാധാരണമായ രീതിയില്‍ എന്തെങ്കിലും ഒരു പ്രശ്നം കണ്ടെത്തിയാൽ അത് ക്യാപ്സ്യൂളിനെ ബൂസ്റ്ററിൽ നിന്ന് അകറ്റുന്നതാണ്," വാഹനത്തിന്റെ സുരക്ഷാ സംവിധാനങ്ങൾ വിശദീകരിച്ച് കമ്പനി പറയുന്നു.
എസ്കേപ്പ് സിസ്റ്റം ലോഞ്ച് പാഡ്, മിഡ്-ഫ്ലൈറ്റ്, സ്പെയ്സ് വാക്വം എന്നിവയിൽ നിന്ന് മൂന്ന് തവണ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. ഏത് ഘട്ടത്തിലും ഫ്ലൈറ്റിന്റെ സുരക്ഷ ഉറപ്പാക്കാൻ സിസ്റ്റത്തിന് കഴിയുമെന്ന് ഇത് തെളിയിക്കുന്നു. കൂടാതെ പ്രത്യേക ലാൻഡിംഗ് സംവിധാനവും ഇതിൽ ഒരുക്കിയിട്ടുണ്ട്. അത് നിരവധി അപകട സാധ്യത കണക്കിലെടുത്ത് രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. വെസ്റ്റ് ടെക്സസ് മരുഭൂമിയിലെ കമ്പനിയുടെ ലോഞ്ച്പാഡിൽ വെറും 1.6 കിലോമീറ്റർ വേഗതയിൽ തിരികെ ഇറങ്ങാനാവുമെന്ന് ഉറപ്പാക്കുന്ന ഒരു റെട്രോ-ത്രസ്റ്റ് സംവിധാനമാണ് കാപ്സ്യൂളിന്റെ അടിഭാഗത്ത് ഉള്ളത്. കൂടാതെ, ക്യാപ്സ്യൂളിന് അതിന്റെ മൂന്ന് പാരച്യൂട്ടുകളിൽ രണ്ടെണ്ണം ഉപയോഗിച്ച് ലാൻഡ് ചെയ്യാനും കഴിയും.
ബെസോസും സഹയാത്രികരും സഞ്ചരിക്കുന്ന ഉയരം തീർച്ചയായും മനുഷ്യർക്ക് ആതിഥ്യമരുളുന്നതോ സ്വാഭാവിക സാഹചര്യങ്ങളില്‍ അതിജീവിക്കാനാകുന്നതോ അല്ല. പക്ഷേ ക്യാപ്സ്യൂൾ, വായു സമ്മര്‍ദ്ദത്താല്‍ നിയന്ത്രിച്ചിരിക്കുന്ന ഒന്നായതിനാല്‍,അതിലെ യാത്രികര്‍ക്ക് മാസ്കുകളും സ്പെയ്സ്യൂട്ടുകളും ധരിക്കേണ്ട ആവശ്യമില്ല. ക്യാപ്സ്യൂൾ പൂർണ്ണമായും യാന്ത്രികമായതിനാൽ യാത്രക്കാർക്ക് എന്തെങ്കിലും കാരണവശാല്‍ വാഹനം പരിശോധിക്കണമെന്ന് താൽപ്പര്യമുണ്ടെങ്കിൽത്തന്നെ അത് നിര്‍വഹിക്കുന്നതിന് ആ ബഹിരാകാശ വാഹനത്തില്‍ പൈലറ്റുണ്ടായിരിക്കില്ല.
ബ്രാൻസന്റെ ഫ്ലൈറ്റുമായി എങ്ങനെ താരതമ്യം ചെയ്യാം?
ജൂലൈ 12 ന് വിർജിൻ ഗാലക്റ്റിക്കിന്റെ ബോസ് റിച്ചാർഡ് ബ്രാൻസണും അഞ്ച് സഹയാത്രികരും യുഎസിലെ തങ്ങളുടെ താവളത്തിൽ നിന്ന് ബഹിരാകാശത്തേക്ക് പറന്നുയർന്നിരുന്നു. ഇതോടെ “ഫണ്ട് നല്കി സഹായിച്ച റോക്കറ്റിൽ ബഹിരാകാശത്തേക്ക് പോകുന്ന ആദ്യത്തെ വ്യക്തി” ആയി മാറിയിരിക്കുകയാണ് അദ്ദേഹം. എന്നാൽ യാത്രയ്ക്കായി ബ്രാൻസന്റെ കമ്പനി ആവിഷ്കരിച്ച സംവിധാനം ബ്ലൂ ഒറിജിൻ ഉപയോഗിക്കുന്നതിൽ നിന്ന് വളരെ വ്യത്യസ്തമാണ്. വിർജിൻ ഗാലക്റ്റിക് ഉപയോഗിക്കുന്നത് ബ്ലൂ ഒറിജിന്റേതുപോലെ റോക്കറ്റല്ല. മറിച്ച്, രണ്ട് വിമാനങ്ങളുടെ പൂര്‍ണ്ണമായ ഒരു സെറ്റാണ്. ബ്രാൻസണും മറ്റ് സഹയാത്രികരും ഒരു സൂപ്പർസോണിക് വിമാനത്തിലാണ് അവരുടെ ബഹിരാകാശ യാത്ര പൂർത്തിയാക്കിയത്. തുടര്‍ന്ന് അവര്‍ ഈ ചെറിയ വിമാനത്തെ വഹിക്കുന്ന മറ്റൊരു വലിയ വിമാനമായ ഒരു മദര്‍ഷിപ്പിലേക്ക് മാറുകയും അത് 50,000 അടി ഉയരത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു. അതേസമയം ചെറുവിമാനമാകട്ടെ, സ്വയം അടര്‍ന്നുമാറുകയും ഭൂമിയിൽ നിന്ന് 90 കിലോമീറ്റർ ഉയരത്തിൽ ഭ്രമണം നടത്തുന്നത് തുടരുകയും ചെയ്യുന്നു.
ബ്ലൂ ഒറിജിൻ വെബ്സൈറ്റ് ഇപ്പോൾ വിർജിൻ ഗാലക്റ്റിക് ക്രാഫ്റ്റിനെ അപേക്ഷിച്ച് സ്വന്തം സബോർബിറ്റൽ സിസ്റ്റത്തിന്റെ പ്രവർത്തന സംവിധാനങ്ങളെ കുറിച്ച് വിശദമായ വിവരങ്ങൾ നൽകുന്നുണ്ട്. കൂടാതെ റോക്കറ്റ് 100 കിലോമീറ്റർ ഉയരത്തിലാണ് ഭൂമിക്ക് മുകളിലൂടെ കടന്നുപോകുന്നത്,അതേസമയം വിർജിൻ ഗാലക്റ്റിക് ക്രാഫ്റ്റിന്റെ പ്രവർത്തനരീതിയാകട്ടെ, ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ബ്രാൻസന്റെ ക്രാഫ്റ്റിലെ “വിമാന വലുപ്പത്തിലുള്ള ജാലകങ്ങളുമായി” താരതമ്യപ്പെടുത്തുമ്പോൾ ബ്ലൂ ഒറിജിന്റെ ക്രാഫ്റ്റിലാകട്ടെ, “ബഹിരാകാശത്തെ ഏറ്റവും വലിയ ജാലകങ്ങൾ” ഉണ്ടെന്ന് അവരല്പം പൊങ്ങച്ചം പറയുകയും ചെയ്യുന്നുണ്ട്.
ബ്ലൂ ഒറിജിൻ ഉപയോഗിക്കുന്ന “ലിക്വിഡ് ഹൈഡ്രജൻ / ലിക്വിഡ് ഓക്സിജൻ റോക്കറ്റ് എഞ്ചിന്” എയര്‍ ലോഞ്ച്ഡ് ഹൈബ്രിഡ് എഞ്ചിനേക്കാൾ (വിർജിൻ ഗാലക്റ്റിക് ഉപയോഗിക്കുന്നത്) ” 100 മടങ്ങ് കുറഞ്ഞ ഓസോൺ നഷ്ടവും (ഓസോണ്‍ ലോസ്) 750 മടങ്ങ് കുറഞ്ഞ കാലാവസ്ഥ സമ്മര്‍ദ്ദവും (ക്ലൈമറ്റ് ഫോഴ്സിംഗ്) ഉണ്ടെന്ന് അവകാശപ്പെടുന്ന ഒരു പഠനവും ബ്ലൂ ഒറിജിൻ ഉദ്ധരിക്കുന്നുണ്ട്.
ഏതായാലും ശതകോടീശ്വരന്മാരുടെ ബഹിരാകാശദൗത്യങ്ങള്‍ ഭാവിയിലെ ബഹിരാകാശ ടൂറിസത്തിന്റെ വാതായനങ്ങള്‍ മലര്‍ക്കെ തുറക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും തന്നെ സംശയമേയില്ല.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.