HOME /NEWS /Explained / Hellfire R9X Missile | ഉന്നം തെറ്റാതെ അയ്മന്‍ അല്‍ സവാഹിരിയെ വധിക്കാന്‍ ഉപയോഗിച്ച മിസൈല്‍

Hellfire R9X Missile | ഉന്നം തെറ്റാതെ അയ്മന്‍ അല്‍ സവാഹിരിയെ വധിക്കാന്‍ ഉപയോഗിച്ച മിസൈല്‍

Ayman-Al-Zawahiri

Ayman-Al-Zawahiri

അതി മാരകമായ നീളമുള്ള ആറ് ബ്ലേഡുകളാണ് R9X ല്‍ ഉള്ളത്. ഇത് ലക്ഷ്യത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കി എന്ന് ഇവ ഉറപ്പു വരുത്തുന്നു.

  • Share this:

    ദ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (CIA) ഹെല്‍ഫയര്‍ R9X മിസൈല്‍ (missile) ഉപയോഗിച്ചാണ് അല്‍ ഖ്വയ്ദ നേതാവ് അയ്മാന്‍ അല്‍ സവാഹിരിയെ (al- zawahiri) വധിച്ചത്. സിഐഎ ഒരു രഹസ്യ ആയുധമാണ് (weapon) ഇതിനായി ഉപയോഗിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, അല്‍ സവാഹിരിയെ കൊല്ലാന്‍ ഉപയോഗിച്ച ഈ ആയുധം ഇതിന് മുന്‍പും പല തീവ്രവാദികള്‍ക്ക് നേരെയും പ്രയോഗിച്ചിട്ടുണ്ട്.

    എന്താണ് R9X മിസൈല്‍? പ്രവര്‍ത്തനം എങ്ങനെ?

    പ്രസിദ്ധമായ ഹെല്‍ഫയര്‍ മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഹെല്‍ഫയര്‍ R9X മിസൈല്‍. 1980കളില്‍ വികസിപ്പിച്ചെടുത്ത ആന്റി ടാങ്ക് മിസൈല്‍ ആണിത്. പിന്നീട് പല തവണ ഇതിനെ പരിഷ്‌ക്കരിച്ചു. പ്രത്യേകിച്ച് 9/11 ആക്രമണത്തിന് ശേഷമാണ് ഇതില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയത്.

    ഹെല്‍ഫയര്‍ R9X വേരിയന്റിന് നിരവധി സവിശേഷമായ കഴിവുകളുണ്ട്. 2019ല്‍ വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ വന്ന റിപ്പോര്‍ട്ട് അനുസരിച്ച്, ആകാശത്ത് നിന്ന് അതി വേഗത്തില്‍ ഒരു ലോഹക്കഷ്ണം താഴേയ്ക്ക് വന്ന് പതിക്കുന്നതിന് സമാനമായ ക്രമീകരണമാണ് R9Xന് ഉള്ളത്. 100 പൗണ്ടിലധികം തൂക്കമുള്ള ലോഹം താഴേയ്ക്ക് വന്ന് കെട്ടിടങ്ങളുടെ മേല്‍ക്കൂരകളിലോ കാറിന്റെ മുകളിലോ ഒക്കെ പതിയ്ക്കും. ലക്ഷ്യം വെയ്ക്കുന്ന ആളെ മാത്രമേ ഇത് ബാധിക്കുകയുള്ളൂ. സമീപത്തെ ആളുകള്‍ക്കോ വസ്തുക്കള്‍ക്കോ ഈ മിസൈല്‍ കേടുപാടുകള്‍ വരുത്തില്ല.

    അതി മാരകമായ നീളമുള്ള ആറ് ബ്ലേഡുകളാണ് R9X ല്‍ ഉള്ളത്. ഇത് ലക്ഷ്യത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കി എന്ന് ഇവ ഉറപ്പു വരുത്തുന്നു. മുന്‍ പതിപ്പ് ചില അടയാളങ്ങള്‍ അവശേഷിപ്പിച്ചിരുന്നു. എന്നാല്‍ അവശിഷ്ടങ്ങള്‍ പോലും ബാക്കി വെയ്ക്കാതെയാണ് R9X ന്റെ പ്രവര്‍ത്തനം. അഞ്ചടിയില്‍ അധികം നീളവും 45 കിലോയില്‍ കൂടുതല്‍ ഭാരവും ഇതിനുണ്ട്.

    മുന്‍പ് ഇത് ഉപയോഗിച്ചിട്ടുണ്ടോ?

    അല്‍-സവാഹിരിയെ കൊല്ലുന്നതിന് മുമ്പ് ഹെല്‍ഫയര്‍ R9X മിസൈല്‍ മറ്റ് ചില ഓപ്പറേഷനുകളിലും ഉപയോഗിച്ചിട്ടുണ്ട്. 2019 ജനുവരിയില്‍ ജമാല്‍ അല്‍ ബദാവിയെയും 2017 ഫെബ്രുവരിയില്‍ അഹമ്മദ് ഹസന്‍ അബു ഖൈര്‍ അല്‍ മസ്രിയെയും കൊലപ്പെടുത്തിയതും ഇതേ ആയുധം ഉപയോഗിച്ച് തന്നെ ആയിരുന്നു. യുഎസ്എസ് കോൾ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അയ്മാന്‍ സവാഹിരിയുടെ സംഘത്തിന്റെ ഭാഗമായിരുന്നു അല്‍ ബദാവി.

    സമീപത്തുള്ള യാതൊന്നും കേടുവരുത്താതെ R9X ലക്ഷ്യം വച്ചിരിക്കുന്ന വ്യക്തിയെ എങ്ങനെ കൊല്ലാനാകുമെന്ന് ലോകത്തിന് കാണിച്ചുകൊടുത്തത് അല്‍-മസ്രിയുടെ മരണത്തോടെയായിരുന്നു. മുന്‍ അല്‍ ഖ്വയ്ദ ഡെപ്യൂട്ടി നേതാവിനെ കിയ സെഡാന്റെ മുകളിലൂടെ ഒരു ദ്വാരമുണ്ടാക്കിയാണ് R9X കൊലപ്പെടുത്തിയത്. സിഐഎ ആണ് അന്ന് ആ കൊലപാതകം നടത്തിയത്.

    ലിബിയ, സിറിയ, ഇറാഖ്, യെമന്‍, സൊമാലിയ എന്നിവിടങ്ങളിലെ ഓപ്പറേഷനുകളില്‍ തീവ്രവാദികളെ ഇല്ലാതാക്കാന്‍ അമേരിക്ക അര ഡസനിലേറെ പ്രാവശ്യം ഇതേ മിസൈല്‍ ഉപയോഗിച്ചിട്ടുണ്ട്.

    എന്തിനാണ് R9X വികസിപ്പിച്ചത്?

    ഹെല്‍ഫയര്‍ മിസൈലിന്റെ പുതുക്കിയ പതിപ്പ് മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ അധികാരത്തിലിരിക്കുമ്പോഴാണ് വികസിപ്പിച്ചത്. സാധാരണക്കാരായ ആളുകളെ ബാധിക്കാത്ത തരത്തില്‍ ലക്ഷ്യം നടപ്പാക്കുക എന്നതാണ് ഈ മിസൈല്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ദശകങ്ങളില്‍ അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ഇറാഖ്, സിറിയ, സൊമാലിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ യുഎസ് നടത്തിയ വ്യോമാക്രമണങ്ങള്‍ സാധാരണക്കാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും മരണത്തിലേക്ക് നയിച്ചിരുന്നു. ഇത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായി.

    വിവിധ ഓപ്പറേഷനുകള്‍ നടക്കുന്ന സമയത്ത്, സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നില്ല എന്ന് ഉറപ്പാക്കണമെന്ന് മുന്‍ പ്രസിഡന്റ് ഒബാമ മിസൈലിന്റെ വികസന സമയത്ത് പറഞ്ഞതായി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

    First published:

    Tags: Attack, US