• HOME
 • »
 • NEWS
 • »
 • explained
 • »
 • കോവിഡ്; വീട്ടിലിരുന്നു കഴിക്കാവുന്ന ഗുളിക; മെര്‍ക്കിന്റെ ആന്റിവൈറല്‍ മരുന്ന് പ്രതീക്ഷ ഉയര്‍ത്തുന്നത് എന്തുകൊണ്ട്?

കോവിഡ്; വീട്ടിലിരുന്നു കഴിക്കാവുന്ന ഗുളിക; മെര്‍ക്കിന്റെ ആന്റിവൈറല്‍ മരുന്ന് പ്രതീക്ഷ ഉയര്‍ത്തുന്നത് എന്തുകൊണ്ട്?

മരുന്നിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങളില്‍ കോവിഡ് ബാധിതരായ രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനോ അവർക്ക് മരണം സംഭവിക്കാനോ ഉള്ള സാധ്യത ഗണ്യമായി കുറഞ്ഞതായി തെളിഞ്ഞിട്ടുണ്ട്

 • Last Updated :
 • Share this:
  കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ മൂലമുള്ള ആഗോള മരണസംഖ്യ ഇപ്പോള്‍ 5 ദശലക്ഷം കവിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോള്‍ വാക്‌സിനുകള്‍ കൊറോണ വൈറസിനെതിരെയുള്ള മികച്ച പ്രതിരോധമായി ഉയര്‍ന്നു വരുന്നുണ്ട്. എങ്കിലും പകര്‍ച്ചവ്യാധിയുടെ പുതിയ വകഭേദങ്ങള്‍ക്ക് വാക്‌സിനുകള്‍ നല്‍കുന്ന സംരക്ഷണങ്ങളെ മറികടക്കാൻ ശേഷിയുള്ളതായി കാണപ്പെടുന്നു. ഇത് രോഗം വ്യാപിക്കാനും ഇടയാക്കുന്നുണ്ട്. അതിനാല്‍, രോഗബാധിതർക്ക് രോഗശമനം നേടാൻ ഒരു മരുന്ന് ലഭ്യമായാൽ വളരെയധികം പ്രയോജനപ്രദമാകും.

  പ്രതിരോധ കുത്തിവയ്പ് എടുക്കാന്‍ കാത്തിരിക്കുമ്പോഴോ അല്ലെങ്കില്‍ മുഴുവന്‍ ഡോസ് വാക്‌സിനേഷനും ലഭിച്ച ശേഷമോ കോവിഡ് വന്നാൽ രോഗം ഭേദമാകാൻ സഹായിക്കുന്ന ഒരു മരുന്ന് ലഭ്യമാണെങ്കില്‍ നിലവിലെ പ്രശ്‌നങ്ങളില്‍ നിന്ന് ആശ്വാസം ലഭിച്ചേനെ എന്ന് ചിന്തിക്കാത്തവരുണ്ടാകില്ല. എങ്കിൽ ശാസ്ത്രലോകം അത്തരമൊരു മരുന്ന് വികസിപ്പിച്ചെടുത്തുകഴിഞ്ഞു.

  ഔഷധ നിര്‍മ്മാതക്കളായ ജര്‍മ്മന്‍ കമ്പനി മെര്‍ക്ക് (Merck) വികസിപ്പിച്ചെടുത്ത ഒരു ആന്റിവൈറല്‍, ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ നല്ല ഫലങ്ങളാണ് കാണിച്ചത്. മെല്‍ക്കലിന്റെ പരീക്ഷണങ്ങളെക്കുറിച്ചും അവര്‍ നിര്‍മ്മിച്ച ആന്റിവൈറലിനെക്കുറിച്ചും കൂടുതല്‍ അറിയാം.

  എന്താണ് മെര്‍ക്ക് പില്‍?

  മോള്‍നുപിരവിര്‍ (Molnupiravir) എന്നറിയപ്പെടുന്ന മെര്‍ക്ക് പില്ലിന്റെ പരീക്ഷണം പൂര്‍ണമായി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഔദ്യോഗിക അംഗീകാരങ്ങള്‍ ലഭിച്ചാല്‍ കോവിഡ് -19 ചികിത്സയ്ക്കായി രോഗിക്ക് വായിലൂടെ എടുക്കാവുന്ന ആദ്യ ഗുളികയായി ഇത് മാറുമെന്നാണ് മെര്‍ക്ക് കമ്പനി പറയുന്നത്. യു എസ് ആസ്ഥാനമായുള്ള റിഡ്ജ്ബാക്ക് ബയോതെറാപ്പിറ്റിക്‌സുമായി ആയി ചേര്‍ന്നാണ് മെര്‍ക്ക് മരുന്ന് വികസിപ്പിച്ചിരിക്കുന്നത്. മൊള്‍നുപിരാവിര്‍ ഒരു പരീക്ഷണാത്മക ആന്റിവൈറല്‍ മരുന്നാണ്, വായിലൂടെ കഴിക്കാവുന്ന ഈ മരുന്ന് ഇന്‍ഫ്‌ലുവന്‍സ ചികിത്സയ്ക്കായി വികസിപ്പിച്ചതാണ്.

  2014-ല്‍ യുഎസ് സ്റ്റേറ്റായ ജോര്‍ജ്ജിയയിലെ എമോറി യൂണിവേഴ്‌സിറ്റിയാണ് മൊള്‍നുപിരാവിര്‍ വികസിപ്പിച്ചെടുത്തത്. യൂണിവേഴ്‌സിറ്റിയുടെ ഔഷധ നിര്‍മ്മാണ കമ്പനിയായ ഡ്രഗ് ഇന്നൊവേഷന്‍ വെഞ്ചേഴ്‌സ് അറ്റ് എമോറി (ഡ്രൈവ്) ആണ് മരുന്ന് വികസിപ്പിച്ചത്. ഇത് പിന്നീട് മിയാമി ആസ്ഥാനമായുള്ള കമ്പനി റിഡ്ജ്ബാക്ക് ബയോതെറാപ്പിറ്റിക്‌സ് സ്വന്തമാക്കുകയായിരുന്നു. ഇപ്പോള്‍ മെര്‍ക്ക് ആന്‍ഡ് കോയുമായി ചേര്‍ന്ന് മരുന്ന് കൂടുതല്‍ വികസിപ്പിച്ചെടുത്തു. 2020 ജൂലൈ അവസാനം മുതലായിരുന്നു മരുന്ന് വികസിപ്പിക്കുന്നതിനായി റിഡ്ജ്ബാക്ക് ബയോതെറാപ്പിറ്റിക്കുമായി മെര്‍ക്ക് ഗ്രൂപ്പ് സഹകരിച്ചു തുടങ്ങിയത്.

  മരുന്നിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങളില്‍ കോവിഡ് ബാധിതരായ രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനോ അവർക്ക് മരണം സംഭവിക്കാനോ ഉള്ള സാധ്യത ഗണ്യമായി കുറഞ്ഞതായി തെളിഞ്ഞിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കാത്ത, എന്നാൽ അപകടസാധ്യത കൂടുതലായ മുതിര്‍ന്ന രോഗികളിലും ഈ മരുന്ന് ഗുണപരമായി പ്രവർത്തിച്ചിട്ടുണ്ട്. '' ''കോവിഡ് -19 ലക്ഷണങ്ങള്‍ കാണിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ മരുന്ന് സ്വീകരിച്ച രോഗികളെ അപേക്ഷിച്ച്, മറ്റുള്ളവരില്‍ പകുതിയോളം പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയോ മരണപ്പെടുകയോ ചെയ്തു'' എന്നാണ് 775 പേര്‍ ഉള്‍പ്പെട്ട പരീക്ഷണത്തിലെ പ്രാഥമിക ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

  മോള്‍നുപിരവിര്‍ സ്വീകരിച്ച 7.3 ശതമാനം രോഗികള്‍ 29 ദിവസത്തിനുള്ളിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയോ മരണപ്പെടുകയോ ചെയ്തു. പ്ലേസിബോ ചികിത്സ ലഭിച്ചവരിൽ ഈ നിരക്ക് 14.1 ശതമാനമാണ്. പ്ലേസിബോ സ്വീകരിച്ച രോഗികളിലെ 8 മരണങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മോള്‍നുപിരവിര്‍ സ്വീകരിച്ച രോഗികളില്‍ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല", ട്രയല്‍ ഫലങ്ങളുടെ വിശദാംശങ്ങള്‍ നല്‍കിക്കൊണ്ട് കമ്പനി വിശദീകരിക്കുന്നു.

  ഈ മരുന്ന് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?

  ആര്‍ എന്‍ എ റിപ്ലിക്കേഷന്‍ ഉള്‍പ്പെടുന്ന മെക്കാനിസത്തില്‍ തടസങ്ങൾ വരുത്തിക്കൊണ്ടാണ് മോള്‍നുപിരവിര്‍ പ്രവര്‍ത്തിക്കുന്നത്. വൈറസ് ഒരു വ്യക്തിയെ ബാധിച്ചുകഴിഞ്ഞാല്‍ സ്വയം പകര്‍പ്പുകള്‍ ഉണ്ടാക്കുന്നു. മരുന്ന് വൈറസിനെ കബളിപ്പിച്ച് അതിന്റെ മെറ്റീരിയല്‍ വൈറസിന്റെ ആര്‍ എന്‍ എയുടെ പകര്‍പ്പുകളില്‍ ഉള്‍പ്പെടുത്തുന്നു. മരുന്ന് മ്യൂട്ടേഷനുകള്‍ അടിഞ്ഞുകൂടാന്‍ ഇടയാക്കുന്നു. ഒടുവില്‍ വൈറസ് പകര്‍പ്പുകള്‍ പുനരുല്‍പ്പാദിപ്പിക്കാന്‍ കഴിയാത്ത സ്ഥിതി വരുന്നു. ഇന്ത്യയില്‍ നിന്ന് ആദ്യമായി തിരിച്ചറിഞ്ഞ ഡെല്‍റ്റ പോലുള്ള സാര്‍സ്-കോവി -2 വേരിയന്റുകള്‍ക്കെതിരെ മോള്‍നുപിരവിര്‍ പ്രവർത്തിക്കുന്നതായി ക്ലിനിക്കല്‍ ഡാറ്റ വ്യക്തമാക്കുന്നു എന്ന് മെര്‍ക്ക് പറയുന്നു.

  ഈ മരുന്ന് രോഗികളെ എങ്ങനെ സഹായിക്കും?

  കോവിഡ് -19 ഭേദമാക്കാന്‍ ഇതുവരെ ഉപയോഗിച്ചിട്ടുള്ള എല്ലാ പ്രധാന ചികിത്സകളും ഒന്നുകില്‍ ഇന്‍ട്രാവൈനസ് ഡിപ് (ഞരമ്പുകളിലേക്ക്) ആയി അല്ലെങ്കില്‍ കുത്തിവയ്പ്പിലൂടെ നല്‍കേണ്ടതാണ്. ഇതിനര്‍ത്ഥം ഒരു രോഗിക്ക് ചികിത്സ ലഭിക്കുന്നതിന് മെഡിക്കല്‍ പ്രൊഫഷണലുകളെ ആശ്രയിക്കേണ്ടിവരും എന്നാണ്. എന്നാല്‍ മോള്‍നുപിരവിറിന്റെ പ്രത്യേകത അത് വായിലൂടെ കഴിക്കാന്‍ സാധിക്കും എന്നതാണ്. രോഗികള്‍ അഞ്ച് ദിവസത്തേക്ക്, ദിവസത്തില്‍ രണ്ടുതവണ നാല് മോള്‍നുപിരവിര്‍ ഗുളികകള്‍ ആണ് കഴിക്കേണ്ടത്.

  ''വൈറസ് വ്യാപകമായി പകരുന്നത് തുടരുന്നതിനാലും, നിലവില്‍ ലഭ്യമായ ചികിത്സാ സംവിധാനങ്ങളിൽ ആരോഗ്യ പരിരക്ഷാ സൗകര്യം ആവശ്യമായി വരുന്നതിനാലും, കോവിഡ് -19 ബാധിതരായ ആളുകളെ ആശുപത്രികളിൽ നിന്ന് ഒഴിവാക്കാന്‍ വീട്ടില്‍ വെച്ചുതന്നെ എടുക്കാവുന്ന ആന്റിവൈറല്‍ ചികിത്സകള്‍ വളരെ അത്യാവശ്യമാണ്,'' റിഡ്ജ്ബാക്ക് ബയോതെറാപ്പിറ്റിക്‌സ് സി ഇ ഒ വെന്‍ഡി ഹോള്‍മാന്‍ പറഞ്ഞു.

  പരീക്ഷണങ്ങളില്‍ ഭാഗഭാക്കായ എല്ലാ ആളുകളിലും രോഗബാധ ''മിതമായതോ തീക്ഷ്ണത കുറഞ്ഞതോ ആയ നിലയിൽ തുടർന്നതായി ലബോറട്ടറി സ്ഥിരീകരിച്ചു'' എന്ന് മെര്‍ക്ക് അറിയിക്കുന്നു. മൊള്‍നുപിരവിര്‍, കോവിഡ് രോഗികളെ ''ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള സാധ്യത /അല്ലെങ്കില്‍ മരണ സാധ്യത കുറയ്ക്കും'' എന്നും 'വീടുകൾക്കുള്ളിൽ കോവിഡ് -19 ന്റെ വ്യാപനം' തടയാനായി മരുന്നിൽ കൂടുതൽ ഗവേഷണം നടക്കുകയാണെന്നും കമ്പനി പറഞ്ഞു.

  മരുന്ന് എപ്പോള്‍ ലഭ്യമാകും?

  'മോള്‍നുപിരവിര്‍ ഉത്പാദനം റിസ്‌ക്' ആണെന്നാണ് മെര്‍ക്ക് അഭിപ്രായപ്പെടുന്നത്. 2021 അവസാനത്തോടെ 10 ദശലക്ഷം ചികിത്സാ കോഴ്‌സുകള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും മെര്‍ക്ക് പറഞ്ഞു. ഏകദേശം 1.7 ദശലക്ഷം കോഴ്‌സുകള്‍ വിതരണം ചെയ്യാന്‍ യു എസ് സര്‍ക്കാരുമായി ഇതിനകം ഒരു കരാര്‍ കമ്പനി ഒപ്പിട്ടിട്ടുണ്ട്. ഗുളികയ്ക്ക് യു എസ് ഡ്രഗ്‌സ് റെഗുലേറ്ററില്‍ നിന്നുള്ള അടിയന്തര അനുമതിയ്ക്കായി കാത്തിരിക്കുകയാണ്. റെഗുലേറ്ററി അംഗീകാരം ലഭിച്ചിട്ടില്ലെങ്കിലും ലോകമെമ്പാടുമുള്ള മറ്റ് സര്‍ക്കാരുകളുമായി മോള്‍നുപിരവിറിനായി വിതരണ -വാങ്ങല്‍ കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും മെര്‍ക്ക് കൂട്ടിച്ചേര്‍ത്തു.

  വിലനിര്‍ണ്ണയത്തിന്റെ വിശദാംശങ്ങള്‍ ഉടനടി ലഭ്യമല്ലെങ്കിലും, വിവിധ രാജ്യങ്ങളുടെ വരുമാനം മാനദണ്ഡമാക്കി വിലനിര്‍ണ്ണയം നടത്താൻ ലോക ബാങ്ക് പദ്ധതിയിട്ടിട്ടുണ്ടെന്ന് മെര്‍ക്ക് പറഞ്ഞു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും മരുന്ന് ലഭ്യമാക്കാൻ ജനറിക് മരുന്ന് നിര്‍മ്മാതാക്കളുമായി ലൈസന്‍സിംഗ് കരാറുകളില്‍ ഏര്‍പ്പെട്ടുവെന്നും കമ്പനി വ്യക്തമാക്കി.

  യുണൈറ്റഡ് സ്റ്റേറ്റ്‌സിനു പുറമേ, ബ്രിട്ടന്‍, ദക്ഷിണ കൊറിയ, മലേഷ്യ എന്നിവയുള്‍പ്പെടെയുള്ള മറ്റ് പല രാജ്യങ്ങളും മോള്‍നുപിരാവിര്‍ ഗുളികകളുടെ സ്റ്റോക്കുകള്‍ സംഭരിക്കുന്നതിന് മെര്‍ക്കുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം 300,000 മോള്‍നുപിരാവിര്‍ ഡോസുകള്‍ ഓസ്‌ട്രേലിയ വാങ്ങിയിട്ടുണ്ട്. 2022-ഓടെ മോള്‍നുപിരവിര്‍ മൂന്ന് ബില്യണ്‍ ഡോളറിലധികം വില്‍പ്പനയില്‍ എത്തുമെന്നാണ് പ്രവചനം.
  Published by:Karthika M
  First published: