നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • Explained: മതന്യൂനപക്ഷ സംഘടനകളുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾ;  NCPCR  പഠനത്തിലെ കണ്ടെത്തലുകളും നിർദ്ദേശങ്ങളും

  Explained: മതന്യൂനപക്ഷ സംഘടനകളുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾ;  NCPCR  പഠനത്തിലെ കണ്ടെത്തലുകളും നിർദ്ദേശങ്ങളും

  ന്യൂനപക്ഷേതര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബാധകമായ നിയമങ്ങളിൽ നിന്നും വ്യവസ്ഥകളിൽ നിന്നും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുള്ള ഇളവുകളുടെ പരിണിതഫലങ്ങൾ എന്തൊക്കെ എന്ന് മനസ്സിലാക്കുകയായിരുന്നു കമ്മീഷന്റെ പഠനത്തിന്റെ ലക്ഷ്യം.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   മതന്യൂനപക്ഷ സംഘടനകളുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളെ സംബന്ധിച്ച് നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (എൻ സി പി സി ആർ) അടുത്തിടെ ഒരു പഠനം നടത്തിയിരുന്നു. ന്യൂനപക്ഷ വിദ്യാലയങ്ങൾ നിലവിൽ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെയും സർവ ശിക്ഷാ അഭിയാന്റെയും പരിധിയിൽ പെടുന്നില്ല. എന്നാൽ, ഈ വിദ്യാലയങ്ങളെക്കുറിച്ച് നടത്തിയ സമഗ്രമായ വിലയിരുത്തലിന്റെ ഫലമായി ഇവ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെയും സർവ ശിക്ഷാ അഭിയാന്റെയും കീഴിൽ കൊണ്ടുവരണമെന്ന് സർക്കാരിനോട് ശിപാർശ ചെയ്തിരിക്കുകയാണ് എൻ സി പി സി ആർ.

   വിദ്യാഭ്യാസ അവകാശ നിയമത്തിന്റെയും സർവ ശിക്ഷാ അഭിയാന്റെയും പരിധിയിൽ നിന്ന് ന്യൂനപക്ഷ വിദ്യാലയങ്ങളെ ഒഴിവാക്കിയത് എന്തിന്?

   2002-ൽ നിലവിൽ വന്ന 86-ാമത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലികാവകാശമായി മാറിയത്. ഇതേ ഭേദഗതിയുടെ ഭാഗമായി അനുച്ഛേദം 21 എ ഉൾപ്പെടുത്തുകയും അതിലൂടെ ആറു വയസിനും പതിനാല് വയസിനും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നിർബന്ധിതമാക്കുകയും ചെയ്തു. ഈ ഭരണഘടനാ ഭേദഗതിയ്ക്ക് പിന്നാലെ സർവ ശിക്ഷാ അഭിയാൻ (എസ് എസ് എ) എന്ന പദ്ധതിയ്ക്കും സർക്കാർ തുടക്കമിട്ടു. ആറ് വയസിനും പതിനാല് വയസിനും മദ്ധ്യേ പ്രായമുള്ള എല്ലാ കുട്ടികൾക്കും പ്രയോജനപ്രദവും പ്രസക്തവുമായ രീതിയിൽ പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യം സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ നിറവേറ്റുക എന്ന ഉദ്ദേശ്യത്തോടെയാണ് കേന്ദ്രസർക്കാർ ഈ പദ്ധതിയ്ക്ക് രൂപം നൽകിയത്.

   2006-ൽ പ്രാബല്യത്തിൽ വന്ന 93-ാമത് ഭരണഘടനാ ഭേദഗതി അനുച്ഛേദം 15-ൽ ഉൾച്ചേർത്ത വകുപ്പ് പ്രകാരം, പട്ടികജാതിയോ പട്ടികവർഗമോ പോലുള്ള പിന്നോക്ക വിഭാഗങ്ങൾക്ക് സംവരണം പോലുള്ള പ്രത്യേക വ്യവസ്ഥകൾ എല്ലാ എയ്ഡഡ്, അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടപ്പാക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് ലഭിച്ചു. അപ്പോഴും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇത് ബാധകമായിരുന്നില്ല. ഇതിന്റെ തുടർച്ചയെന്നോണം 2009-ൽ സർക്കാർ വിദ്യാഭ്യാസ അവകാശ നിയമം പാസാക്കി. അതിലൂടെ വിദ്യാലയങ്ങളിൽ പിന്നോക്ക സാഹചര്യങ്ങളിൽ നിന്നുള്ള കുട്ടികളെ ഉൾപ്പെടുത്തുക എന്നത് നിർബന്ധിതമാക്കി. ഈ നിയമത്തിലെ വകുപ്പ് 12(1)(c) സാമ്പത്തികമായോ സാമൂഹ്യമായോ പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ 25 ശതമാനം സംവരണം നൽകണമെന്നും നിഷ്കർഷിച്ചു.

   എന്നാൽ, ഈ നിയമങ്ങൾക്ക് വിരുദ്ധമായി ഭരണഘടനയുടെ അനുച്ഛേദം 30 ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താനുള്ള അവകാശം നൽകുന്നുണ്ട്. മതപരവും ഭാഷാപരവുമായി ന്യൂനപക്ഷ പദവി വഹിക്കുന്ന വിഭാഗങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ അനുച്ഛേദം ഭരണഘടനയിൽ ഉൾപ്പെടുത്തിയത്. തുടർന്ന് 2012-ൽ ഒരു ഭേദഗതിയിലൂടെ മതപരമായ വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങളെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി. പിന്നീട് 2014-ൽ ന്യൂനപക്ഷ പദവിയുള്ള വിദ്യാലയങ്ങളിൽ വിദ്യാഭ്യാസ അവകാശ നിയമം ബാധകമല്ലെന്നും ന്യൂനപക്ഷങ്ങൾക്ക് തങ്ങളുടെ ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താനുള്ള അവകാശത്തെ ഈ നിയമം ഹനിക്കരുതെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

   കമ്മീഷൻ ഈ പഠനം നടത്താനുള്ള കാരണമെന്ത്?

   ന്യൂനപക്ഷേതര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബാധകമായ നിയമങ്ങളിൽ നിന്നും വ്യവസ്ഥകളിൽ നിന്നും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുള്ള ഇളവുകളുടെ പരിണിതഫലങ്ങൾ എന്തൊക്കെ എന്ന് മനസ്സിലാക്കുകയായിരുന്നു കമ്മീഷന്റെ പഠനത്തിന്റെ ലക്‌ഷ്യം. എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം മൗലിക അവകാശമാക്കി മാറ്റുന്ന അനുച്ഛേദം 21 എ-യും ന്യൂനപക്ഷങ്ങൾക്ക് തങ്ങളുടേതായ നിയമങ്ങളുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാൻ അവകാശം നൽകുന്ന അനുച്ഛേദം 30, വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കുന്ന അനുച്ഛേദം 15(5) എന്നിവ പരസ്പര വിരുദ്ധമായി നിലകൊള്ളുന്നു എന്ന കാഴ്ചപ്പാടാണ് കമ്മീഷന്റേത്.

   കമ്മീഷൻ ഈ പഠനം നടത്തിയതെങ്ങനെ?

   2015-16 അധ്യയന വർഷത്തിൽ എൻ സി പി സി ആർ വിദ്യാർത്ഥികൾ, അധ്യാപകർ, വിവിധ സമുദായങ്ങൾ എന്നിവരുമായി കൂടിക്കാഴ്ചകൾ നടത്താൻ ആരംഭിച്ചു. അത്തരത്തിൽ ആകെ 16 കൂടിക്കാഴ്ചകൾ സംഘടിക്കപ്പെട്ടിട്ടുണ്ട്. അതുകൂടാതെ, സംസ്ഥാന കമ്മീഷനുകളുമായി 2017-ൽ ഒരു യോഗം ചേർന്നിരുന്നു, ആ യോഗത്തിൽ ചെയർപേഴ്‌സൺമാരും 19 സംസ്ഥാന കമ്മീഷനുകളിലെയും ദേശീയ കമീഷനിലെയും അംഗങ്ങളും ഉൾപ്പെടുന്ന 80 പ്രതിനിധികൾ ചേർന്ന് ശിപാർശകളുടെ ഒരു ചാർട്ടർ പാസാക്കി. എൻ സി പി സി ആർ ഇപ്പോൾ നടത്തിയ പഠനവും ആ ചാർട്ടറിൽ ശിപാർശ ചെയ്തിട്ടുണ്ട്.

   രണ്ടു ഘട്ടങ്ങളായാണ് പഠനം നടത്തിയത്. ആദ്യ ഘട്ടത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം, സമുദായ വിഭാഗം, എൻറോൾമെന്റ്, ഔദ്യോഗിക അംഗീകാരത്തിന്റെ നില, അഫിലിയേഷൻ നില എന്നീ ഘടകങ്ങൾക്കാണ് ഊന്നൽ നൽകിയത്. ഇന്ത്യയിലെ മതപരവും ഭാഷാപരവുമായ ന്യൂനപക്ഷങ്ങളുടെ കീഴിലുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിലയിരുത്തലാണ് ഈ ഘട്ടത്തിൽ നടന്നത്.

   രണ്ടാം ഘട്ടത്തിൽ ന്യൂനപക്ഷ സമുദായങ്ങളുടെ പ്രതിനിധികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവന്മാർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവരുടെ ആശങ്കകളും നിർദ്ദേശങ്ങളും പരിഗണിക്കുകയാണ് ചെയ്തത്. ഈ ഘട്ടത്തിൽ മദ്രസകളിൽ പഠിക്കുന്ന കുട്ടികൾക്കും പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. വർക്ഷോപ്പുകൾ, രേഖകളുടെ വിശകലനം, ഔപചാരികവും അനൗപചാരികവുമായ ചർച്ചകൾ തുടങ്ങിയവ ഈ ഘട്ടത്തിൽ നടന്നു. ഐക്യരാഷ്ട്ര സംഘടനയുടെ വിവിധ ഏജൻസികളുമായും ചർച്ച നടത്തിയിരുന്നു.

   ഈ റിപ്പോർട്ടിലെ കണ്ടെത്തലുകൾ എന്തൊക്കെ?

   ന്യൂനപക്ഷ വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് മറ്റു വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് ലഭിക്കുന്ന അവകാശങ്ങളിൽ പലതും ലഭിക്കുന്നില്ല എന്ന് കമ്മീഷൻ ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ നിരീക്ഷിക്കുന്നു. ഈ വിദ്യാലയങ്ങൾ പല അവകാശങ്ങളുമായി ബന്ധപ്പെട്ട വ്യവസ്ഥകളുടെ പരിധിയിൽ വരുന്നില്ല എന്നതും ഈ സ്ഥാപനങ്ങൾ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രത്യേക അവകാശങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത് എന്നതുമാണ് കാരണം. ഈ വിദ്യാലയങ്ങൾക്ക് നൽകിയിട്ടുള്ള ഇളവുകൾ മൂലം ദോഷകരമായ പ്രത്യാഘാതമാണ് സമൂഹത്തിൽ ഉണ്ടാകുന്നത് എന്നും കമ്മീഷൻ നിരീക്ഷിക്കുന്നു. ചില വിദ്യാലയങ്ങൾ, പ്രേത്യേകിച്ചും ക്രിസ്ത്യൻ മിഷനറി വിദ്യാലയങ്ങൾ ഒരു പ്രത്യേക വർഗസാഹചര്യത്തിൽ നിന്നുള്ള കുട്ടികൾക്ക് മാത്രമേ പ്രവേശനം നൽകുന്നുള്ളൂ എന്നും പിന്നോക്ക സാഹചര്യങ്ങളിൽ നിന്നുള്ള കുട്ടികളെ പൂർണമായും അവഗണിക്കുകയാണെന്നും പഠനത്തിന്റെ ഭാഗമായി കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്.

   അതേ സമയം മറ്റു ന്യൂനപക്ഷ സ്ഥാപനങ്ങൾ, പ്രത്യേകിച്ച് മദ്രസകൾ പിന്നോക്കാവസ്ഥയിൽ കിടന്ന് നട്ടം തിരിയുന്ന പാവപ്പെട്ട വിദ്യാർത്ഥികളുടെ 'ഗെറ്റോ'കൾ ആയി മാറിയെന്നും കമ്മീഷൻ നിരീക്ഷിക്കുന്നു. മതപഠനത്തിന് പുറമെ മതേതര വിദ്യാഭ്യാസമോ ശാസ്ത്ര വിദ്യാഭ്യാസമോ നൽകാത്ത മദ്രസകളിൽ പഠിച്ച് പുറത്തിറങ്ങുന്ന വിദ്യാർത്ഥികളിൽ ഒരു തരത്തിലുള്ള അന്യവത്കരണവും അപകർഷതയും രൂപപ്പെടുന്നതായും കമ്മീഷൻ പറയുന്നു. സൗജന്യമായി യൂണിഫോം, പുസ്തകങ്ങൾ, സ്‌കോളർഷിപ്പ് മുതലായ പ്രയോജനങ്ങൾ ലഭിക്കുന്ന വിദ്യാർത്ഥികൾ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 4.18 ശതമാനം മാത്രമാണെന്നും കമ്മീഷൻ കണ്ടെത്തി.

   2009-ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം കുട്ടികൾക്ക് സൗജന്യവും സർവത്രികവും മികച്ച ഗുണനിലവാരം ഉള്ളതുമായ വിദ്യാഭ്യാസം ഉറപ്പു വരുത്താൻ വിദ്യാലയങ്ങൾ അടിസ്ഥാനസൗകര്യം, അധ്യാപകരുടെ എണ്ണം, പുസ്തകങ്ങൾ, യൂണിഫോം, ഉച്ചഭക്ഷണം തുടങ്ങിയ സൗകര്യങ്ങളുടെ കാര്യത്തിൽ നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന മാനദണ്ഡങ്ങൾ പാലിക്കണം എന്ന് വ്യവസ്ഥയുണ്ട്. പക്ഷേ, ന്യൂനപക്ഷ വിദ്യാലയങ്ങളുടെ കാര്യത്തിൽ ഈ വ്യവസ്ഥകൾ ബാധകമല്ലാത്തത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. 93-ാമത് ഭരണഘടനാ ഭേദഗതിയ്ക്ക് ശേഷം ന്യൂനപക്ഷ പദവിയ്ക്കായി അപേക്ഷ സമർപ്പിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം വളരെയധികം കൂടിയതായും കമ്മീഷൻ നിരീക്ഷിക്കുന്നു. 2005-2009 കാലഘട്ടത്തിലും അതിന് ശേഷവും 85 ശതമാനത്തിലധികം വിദ്യാലയങ്ങൾ ന്യൂനപക്ഷ പദവി നേടിയിട്ടുണ്ട്. പിന്നോക്ക വിഭാഗങ്ങൾക്ക് സീറ്റുകൾ സംവരണം ചെയ്യണമെന്ന നിയമപരമായ വ്യവസ്ഥയെ മറികടന്നുകൊണ്ട് പ്രവർത്തിക്കാൻ ഈ വിദ്യാലയങ്ങൾ ആഗ്രഹിക്കുന്നതാണ് ഇതിന് കാരണമെന്ന് കമ്മീഷൻ അനുമാനിക്കുന്നു. വിദ്യാഭ്യാസ അവകാശ നിയമം അൺ എയ്ഡഡ് ന്യൂനപക്ഷ വിദ്യാലയങ്ങൾക്ക് ബാധകമല്ലാതാക്കി മാറ്റിയതോടെ 2010-2014 കാലഘട്ടത്തിലാണ് ന്യൂനപക്ഷ പദവി നേടിയ വിദ്യാലയങ്ങളുടെ എണ്ണത്തിൽ പിന്നീട് വലിയൊരു വർദ്ധനവ് ഉണ്ടായതെന്നും കമ്മീഷൻ വിലയിരുത്തി.

   ഇന്ത്യയിൽ ന്യൂനപക്ഷ വിദ്യാലയങ്ങളുടെ അനുപാതം എങ്ങനെയാണ്? ഈ വിദ്യാലയങ്ങളിൽ എത്ര ന്യൂനപക്ഷ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്?

   ക്രൈസ്തവരുടെ ജനസംഖ്യയുമായും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാലയങ്ങളുടെ എണ്ണവുമായും താരതമ്യം ചെയ്യുമ്പോൾ ക്രിസ്ത്യൻ മിഷണറി വിദ്യാലയങ്ങളുടെ എണ്ണം ക്രമാതീതമാം വിധം കൂടുതലാണെന്ന് കമ്മീഷൻ കണ്ടെത്തി. ആകെ ന്യൂനപക്ഷ ജനസംഖ്യയുടെ 11.54 ശതമാനം മാത്രം ഉൾക്കൊള്ളുന്ന ക്രൈസ്തവ സമുദായത്തിന്റെ കീഴിലാണ് ന്യൂനപക്ഷ വിദ്യാലയങ്ങളുടെ 71.96 ശതമാനവും. എന്നാൽ, ന്യൂനപക്ഷങ്ങളിൽ 69.18 ശതമാനം വരുന്ന മുസ്ലീങ്ങൾക്ക് ആകെ 22.75 ശതമാനം വിദ്യാലയങ്ങൾ മാത്രമേ ഉള്ളൂ. സിഖ് സമുദായം ന്യൂനപക്ഷങ്ങളിൽ 9.78 ശതമാനം ആണെങ്കിൽ അവരുടെ കൈവശമുള്ള വിദ്യാലയങ്ങൾ കേവലം 1.54 ശതമാനം മാത്രമാണ്. ബുദ്ധവിശ്വാസികളുടെ ജനസംഖ്യ ആകെ ന്യൂനപക്ഷങ്ങളുടെ 3.83 ശതമാനം വരുമെങ്കിലും അവരുടെ കീഴിലുള്ള ന്യൂനപക്ഷ വിദ്യാലയങ്ങൾ 1.56 ശതമാനം മാത്രമാണ്. ക്രിസ്ത്യൻ മിഷണറി വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ 74 ശതമാനവും ന്യൂനപക്ഷേതര വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ആണെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്.

   ന്യൂനപക്ഷ വിദ്യാലയങ്ങളിൽ പഠിക്കുന്ന ആകെ വിദ്യാർത്ഥികളിൽ 62.50 ശതമാനം വിദ്യാർത്ഥികളും ന്യൂനപക്ഷേതര വിഭാഗങ്ങളിൽ പെടുന്നവരാണെന്ന് കമ്മീഷൻ പറയുന്നു. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം കേവലം 8.76 ശതമാനം മാത്രമാണ്. ഈ വിദ്യാലയങ്ങൾ പ്രവേശനം നൽകേണ്ട ന്യൂനപക്ഷ വിദ്യാർത്ഥികളുടെ എണ്ണത്തിന്റെ കുറഞ്ഞ പരിധി സർക്കാർ നിശ്ചയിക്കണമെന്നും കമ്മീഷൻ ശിപാർശ ചെയ്യുന്നുണ്ട്. അതോടൊപ്പം ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകുന്നതിന് മുമ്പ് ആ സമുദായത്തിന്റെ കീഴിലുള്ള ആകെ വിദ്യാലയങ്ങളുടെ എണ്ണവും ആ സംസ്ഥാനത്തെ ആ സമുദായത്തിന്റെ ജനസംഖ്യയും തമ്മിലുള്ള അനുപാതവും കണക്കിലെടുക്കണം എന്നും കമ്മീഷൻ നിർദ്ദേശിക്കുന്നു.

   മദ്രസകളെ സംബന്ധിച്ച് കമ്മീഷന്റെ കണ്ടെത്തലുകൾ എന്തൊക്കെയായിരുന്നു?

   ഇന്ത്യയിൽ മൂന്ന് തരത്തിലുള്ള മദ്രസകളാണ് ഉള്ളത്. സർക്കാർ അംഗീകാരമുള്ള മദ്രസകളിൽ മതപഠനത്തോടൊപ്പം ശാസ്ത്രപഠനം ഉൾപ്പെടെയുള്ള മതേതര വിദ്യാഭ്യാസവും നൽകുന്നുണ്ട്. അത്തരത്തിലുള്ള 10,064 മദ്രസകളാണ് രാജ്യത്തെമ്പാടും ഉള്ളത്. നാല് ശതമാനം മുസ്ലീം വിദ്യാർത്ഥികൾ (15.3 ലക്ഷം) മദ്രസകളിൽ പഠിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചപ്പോൾ സച്ചാർ കമ്മീഷൻ പരിഗണിച്ചത് ഈ മദ്രസകളെയായിരുന്നു.

   എന്നാൽ, അംഗീകാരമില്ലാത്ത മദ്രസകളും രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. മതേതര വിദ്യാഭ്യാസം നൽകാത്തതിനാലോ അടിസ്ഥാന ഭൗതിക സൗകര്യങ്ങളുടെ അഭാവം മൂലമോ ആണ് സർക്കാർ ഈ മദ്രസകൾക്ക് അംഗീകാരം നൽകാത്തത്. ഇവ കൂടാതെ, തിരിച്ചറിയപ്പെടാത്ത വിധത്തിൽ അനൗപചാരികമായി പ്രവർത്തിക്കുന്ന മദ്രസകളും നിലവിലുണ്ട്. ഇവ സർക്കാർ അംഗീകാരത്തിന് ഇതുവരെ അപേക്ഷിക്കാത്തവയാണ്. ഇത്തരത്തിലുള്ള മദ്രസകളുടെയോ അവിടെ പഠിക്കുന്ന കുട്ടികളുടെയോ എണ്ണം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. 2016-ൽ ആറ് വയസിനും പതിനാല് വയസിനും മദ്ധ്യേ പ്രായമുള്ള 3.8 മുസ്ലീം കുട്ടികളിൽ 2.7 കോടി കുട്ടികൾ വിദ്യാലയങ്ങളിൽ പ്രവേശനം നേടിയതായും 1.1 കോടി കുട്ടികൾ വിദ്യാഭ്യാസം നേടിയിട്ടില്ലെന്നും കണക്കാക്കപ്പെടുന്നു.

   വിദ്യാഭ്യാസ അവകാശ നിയമവും സർവ ശിക്ഷാ അഭിയാനും മദ്രസകളിലും ബാധകമാക്കണമെന്ന് പല രക്ഷിതാക്കളും വിദ്യാർത്ഥികളും ആവശ്യപ്പെട്ടതായി കമ്മീഷൻ വ്യക്തമാക്കുന്നു. അതിലൂടെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം, പാഠപുസ്തകങ്ങൾ, യൂണിഫോം തുടങ്ങിയവ സൗജന്യമായി ലഭ്യമാക്കണമെന്നും അവർ ആഗ്രഹിക്കുന്നു. മതപഠനത്തിന് പുറമെ മതേതര വിദ്യാഭ്യാസം, സ്‌കോളർഷിപ്പുകൾ, ആരോഗ്യ സംവിധാനങ്ങൾ, കായികപഠനം തുടങ്ങിയവയും ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കണം എന്ന ആവശ്യം ഉയർന്നതായും കമ്മീഷൻ അറിയിക്കുന്നു.
   Published by:Rajesh V
   First published:
   )}