• HOME
 • »
 • NEWS
 • »
 • explained
 • »
 • Prisoners of War | യുദ്ധത്തടവുകാർ ആരൊക്കെ? അവകാശങ്ങളെന്തൊക്കെ? യുക്രൈൻ യുദ്ധത്തടവുകാർക്ക് എന്തു സംഭവിക്കും?

Prisoners of War | യുദ്ധത്തടവുകാർ ആരൊക്കെ? അവകാശങ്ങളെന്തൊക്കെ? യുക്രൈൻ യുദ്ധത്തടവുകാർക്ക് എന്തു സംഭവിക്കും?

എങ്ങനെയാണ് ഈ യുദ്ധത്തടവുകാരോടുള്ള സമീപനം? അവർക്ക് എന്തെല്ലാം അവകാശങ്ങളുണ്ട്? യുക്രെയ്‌നിനെതിരായ റഷ്യയുടെ ഏകദേശം മൂന്ന് മാസം നീണ്ട യുദ്ധത്തിനിടെ യുദ്ധത്തടവുകാരെക്കുറിച്ച് ഉയരുന്ന ചില പ്രധാന ചോദ്യങ്ങൾ ഇതാ

Ukraine_pows

Ukraine_pows

 • Share this:
  യുക്രൈൻ-റഷ്യ യുദ്ധം തുടരുന്നതിനിടെ യുക്രൈനിലെ തെക്കൻ നഗരമായ മരിയുപോളിലെ സ്റ്റീൽ ഫാക്ടറിയിൽ നിന്ന് റഷ്യൻ സൈന്യത്തോട് അടിയറവു പറഞ്ഞ അസോവ് പോരാളികളെ യുദ്ധത്തടവുകാരായി (prisoners of war) രജിസ്റ്റർ ചെയ്തതായി അറിയിച്ചിരിക്കുകയാണ് റെഡ് ക്രോസ് (Red Cross). റഷ്യ-യുക്രൈൻ യുദ്ധത്തടവുകാരെക്കുറിച്ചുള്ള ഇതുവരെയുള്ള നിശബ്ദതയെ ഭേദിച്ചുകൊണ്ടായിരുന്നു പ്രതികരണം.

  എങ്ങനെയാണ് ഈ യുദ്ധത്തടവുകാരോടുള്ള സമീപനം? അവർക്ക് എന്തെല്ലാം അവകാശങ്ങളുണ്ട്? യുക്രെയ്‌നിനെതിരായ റഷ്യയുടെ ഏകദേശം മൂന്ന് മാസം നീണ്ട യുദ്ധത്തിനിടെ യുദ്ധത്തടവുകാരെക്കുറിച്ച് ഉയരുന്ന ചില പ്രധാന ചോദ്യങ്ങൾ ഇതാ.

  ആരാണ് ഒരു യുദ്ധത്തടവുകാരൻ?

  ജനീവ കൺവെൻഷന്റെ ആർട്ടിക്കിൾ 4 പ്രകാരം, യുദ്ധത്തിനിടയിലെ സംഘട്ടനത്തിലോ ചെറുത്തു നിൽപിലോ ശത്രുവിന്റെ കയ്യിലകപ്പെട്ട സായുധ സേനാം​ഗത്തെ ആണ് പൊതുവേ യുദ്ധത്തടവുകാരൻ ആയി കണക്കാക്കുന്നത്. ഇതിൽ യുദ്ധം ചെയ്യാത്ത സേനാംഗങ്ങളും (non-combatant crew members) യുദ്ധ ലേഖകരും (war correspondents), ശത്രുക്കളെ ചെറുക്കാൻ ആയുധമെടുക്കേണ്ടി വന്ന പ്രദേശവാസികളും ഉൾപ്പെടും.

  യുദ്ധത്തടവുകാരുടെ അവകാശങ്ങൾ എന്തെല്ലാം?

  യുദ്ധത്തടവുകാർക്ക് എല്ലാ മനുഷ്യാവകാശങ്ങളും ബാധകമാണെന്ന് ജെനീവ കൺവെൻഷൻ വ്യക്തമാക്കിയിട്ടുണ്ട്. താമസിപ്പിക്കുന്ന സ്ഥലം, പരിക്കേറ്റവർക്കുള്ള വൈദ്യസഹായം, അവർ നേരിട്ടേക്കാവുന്ന നിയമനടപടികൾ എന്നിവയെല്ലാം സംബന്ധിക്കുന്ന ഇവരുടെ അവകാശങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്.

  യുദ്ധത്തടവുകാർ വിചാരണ നേരിടുമോ?

  ചില സാഹചര്യങ്ങളിൽ മാത്രം യുദ്ധത്തടവുകാർ വിചാരണ നേരിടും. യുദ്ധത്തിൽ ഒന്നോ അതിലധികമോ കുറ്റങ്ങൾ ചെയ്തതായി ആരോപിക്കപ്പെട്ടാൽ തെളിവുകളുടെ അടിസ്ഥാനത്തിൽ വിചാരണ നടത്താം. യുദ്ധത്തിൽ പങ്കെടുത്തതിന്റെ പേരിൽ അവരെ ശിക്ഷിക്കാനാവില്ല

  യുദ്ധത്തടവുകാരെ കൈമാറ്റം ചെയ്യാൻ സാധിക്കുമോ?

  ജനീവ കൺവെൻഷൻ തടവുകാരെ കൈമാറുന്നതിനുള്ള നിയമങ്ങൾ ഇതുവരെ രൂപീകരിച്ചിട്ടില്ല. പലപ്പോഴും യുദ്ധത്തടവുകാരെ കൈമാറ്റം ചെയ്യാൻ റെഡ് ക്രോസ് ഇടനിലക്കാരായി പ്രവർത്തിച്ചിട്ടുണ്ട്. തടവിലാക്കപ്പെട്ട യുക്രേനിയൻ പോരാളികൾ വിചാരണ നേരിടണമെന്നും കൈമാറ്റം ചെയ്യരുതെന്നും ചില റഷ്യൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.

  തടവിലാക്കപ്പെട്ടവർ യുദ്ധത്തടവുകാരല്ലെന്ന് റഷ്യക്ക് വാദിക്കാനാകുമോ?

  ചില രാജ്യങ്ങളെങ്കിലും ജനീവ കൺവെൻഷൻ നിർദേശിച്ചിരിക്കുന്ന നിയമങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയോ തങ്ങൾ അവയ്ക്ക് വിധേയരല്ലെന്ന് വാദിക്കുകയോ ചെയ്യാറുണ്ട്. അൽ-ഖ്വയ്ദ പോലുള്ള തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് നൂറുകണക്കിന് പോരാളികളെ അമേരിക്ക തടവിലാക്കിയത് ഒരു ഉദാഹരമാണ്. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെ തുടർന്നായിരുന്നു ഇത്. തടവിലാക്കപ്പെട്ടവർ സേനാം​ഗങ്ങൾ അല്ലെന്നോ മറ്റോ ഒരു രാജ്യത്തിന് വാദിക്കാം. പക്ഷേ ഇവിടെ ആരൊക്കെയാണ് തങ്ങളുടെ സേനാം​ഗങ്ങൾ എന്നു പറയേണ്ടത് യുക്രൈൻ ആണെന്ന് ജനീവ സർവകലാശാലയിലെ നിയമ വിദ​ഗ്ധൻ മാർക്കോ സസോളി (Marco Sassoli) പറയുന്നു. എന്നാൽ യുദ്ധം അവസാനിക്കുന്നതു വരെ അവരെ തടവിലാക്കാനാണ് സാധ്യതയെന്നും റഷ്യയിലേക്ക് കൊണ്ടുവന്നേക്കാമെന്നും അദ്ദേഹം പറയുന്നു.

  അസോവ് സൈന്യം

  റഷ്യന്‍ സൈന്യത്തെ പിടിച്ചുനിർത്തിയ അസോവ് പോരാളികള്‍ കീഴടങ്ങിയതോടെ ഇനി യുദ്ധത്തിന്റെ ഗതിയെന്താകുമെന്ന് ഉറ്റുനോക്കുകയാണ് ലോകം. ഇവരും യുക്രൈൻ സൈന്യത്തിന്റെ ഭാ​ഗം തന്നെയാണെന്ന് സസോളി പറയുന്നു. സ്റ്റീൽ ഫാക്ടറിയില്‍ നിന്നുളള പ്രതിരോധത്തിനു നേതൃത്വം നല്‍കിയ അസോവ് കമാന്‍ഡര്‍ അടക്കം ഉള്ളവരെ റഷ്യ യുദ്ധത്തടവുകാരാക്കിയിരിക്കുകയാണ്.

  റെഡ് ക്രോസ് നീക്കത്തിന്റെ പ്രാധാന്യം എന്ത്?

  യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന് ശേഷം ആദ്യമായാണ് റെഡ് ക്രോസ് ഇത്തരമൊരു പ്രസ്താവനയുമായി രം​ഗത്തു വരുന്നത്. സാധാരണയായി, ഇത്തരം ആളുകളോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് റെഡ് ക്രോസ് പുറത്തു പറയാറില്ല, എന്നാൽ അവർ ആരെയൊക്കെ സന്ദർശിച്ചു എന്ന കാര്യം പറയാറുണ്ടെന്നും സസോളി പറയുന്നു. അസോവ് പോരാളികളല്ലാതെ മറ്റ് യുദ്ധത്തടവുകാരുടെ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടോ അല്ലെങ്കിൽ ഇരുവശത്തുമുള്ള യുദ്ധത്തടവുകാരെ സന്ദർശിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ റെഡ് ക്രോസ് ഇതുവരെ പറഞ്ഞിട്ടില്ല.
  Published by:Anuraj GR
  First published: