HOME » NEWS » Explained » NINE POINTS ON WHY KSSP ASKING TO HALT SILVERLINE HSRC CV

കെ റെയില്‍ പദ്ധതി നിര്‍ത്തണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നത് എന്തുകൊണ്ട് ?

തിരുവനന്തപുരം- കാസറഗോഡ് സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ (കെ റെയില്‍) പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്.

News18 Malayalam | news18-malayalam
Updated: July 2, 2021, 8:35 PM IST
കെ റെയില്‍ പദ്ധതി നിര്‍ത്തണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നത് എന്തുകൊണ്ട് ?
പ്രതികാത്മക ചിത്രം
  • Share this:
സമഗ്ര പാരിസ്ഥിതിക ആഘാത പഠനം തയ്യാറാക്കി, പ്രസ്തുത രേഖയും വിശദ പദ്ധതി രേഖയും ജനങ്ങള്‍ക്ക് ചര്‍ച്ചയ്ക്കായി നല്‍കണമെന്നും അത്തരമൊരു ചര്‍ച്ച നടക്കും വരെ കെ റെയില്‍ പദ്ധതി സംബന്ധിച്ച എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കണമെന്നാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആവശ്യം. എന്തുകൊണ്ട് ?

പരിസ്ഥിതി ആഘാതം, പഠനം

ഇത്രയും വലിയൊരു പ്രോജക്ടിന്റെ വിശദ പദ്ധതി രേഖ, സമഗ്ര പാരിസ്ഥിതിക ആഘാത പഠനം എന്നിവയൊന്നും ലഭ്യമല്ല. ലഭിച്ച വിവരം വെച്ച് 88 കി.മീ. പാടത്തിലൂടെയുള്ള ആകാശ റെയിലാണ്. 4 മുതൽ  6 മീറ്റര്‍ വരെ ഉയരത്തില്‍ തിരുവനന്തപുരം- കാസറഗോഡ് മതില്‍ പോലെ ഉയരത്തിലാണ് പാത. 11 കി.മീ. പാലങ്ങള്‍, 11.5 കി.മീ. തുരങ്കങ്ങള്‍ 292 കി.മീ. എംബാങ്ക്‌മെന്റ് എന്നിവ ഉണ്ടാകും. ആയിരക്കണക്കിന് വീടുകള്‍, പൊതു കെട്ടിടങ്ങള്‍ എന്നിവ ഇല്ലാതാകുമെന്നും ലഭ്യമായ പാരിസ്ഥിതിക ആഘാത പഠനത്തില്‍ പറയുന്നു.

വേണ്ടത് റെയില്‍ തന്നെ

കേരളത്തിലെ ജനങ്ങളുടെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ വേണ്ടത് സമഗ്രമായ ഗതാഗത നയവും അതിനനുസൃതമായ പ്രവര്‍ത്തനങ്ങളുമാണ്. പൊതുഗതാഗതത്തെ കേന്ദ്രമാക്കിയാവണം അത്തരമൊരു നയം ആസൂത്രണം ചെയ്യേണ്ടത്. റെയില്‍ ഗതാഗതം ആകണം അതിന്റെ കേന്ദ്ര സ്ഥാനത്ത്.

പ്രയോജനം ലഭിക്കുമോ ?

കേരളത്തിലെ റെയില്‍ യാത്രക്കാരില്‍ ഭൂരിഭാഗവും അന്തര്‍ സംസ്ഥാന യാത്രക്കാരും, അന്തര്‍ ജില്ലാ യാത്രക്കാരുമാണ് .സില്‍വര്‍ ലൈന്‍ പദ്ധതി സ്റ്റാന്‍ഡേര്‍ഡ് ഗേജിലാണ്. അതുകൊണ്ടുതന്നെ നിലവിലുള്ള ബ്രോഡ്‌ഗേജുമായി പരസ്പരം ചേര്‍ന്നുപോകില്ല. അതിനാല്‍ അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് പ്രയോജനം ചെയ്യില്ല. കൂടാതെ നിലവിലുള്ള പാതയില്‍ നിന്ന് വളരെ മാറിയാണ്. അതുകൊണ്ടുതന്നെ അതൊരു ഒറ്റയാന്‍ പാതയായിരിക്കും.

പകരം എന്തു ചെയ്യാം?

പാളം ഇരട്ടിപ്പിക്കലും പൂര്‍ണമായ ഇലക്ട്രോണിക്‌സ് സിഗ്‌നലിങ് സംവിധാനവും നടപ്പാക്കിക്കഴിഞ്ഞാല്‍ കേരളത്തിലെ ട്രെയിന്‍ ഗതാഗതത്തിന്റെ ശേഷി വലിയ തോതില്‍ വര്‍ധിപ്പിക്കാനും കൂടുതല്‍ വണ്ടികള്‍ ഓടിക്കാനും കഴിയും.ബ്രോഡ്‌ഗേജില്‍ സമാന്തരമായി മൂന്ന്, നാല് ലൈനുകള്‍ ആദ്യം എറണാകുളം- ഷൊര്‍ണൂര്‍ റൂട്ടിലും പിന്നിട് തിരുവനന്തപുരം- മാംഗളൂര്‍ റൂട്ടിലും വന്നാല്‍ അതനുസരിച്ച് തിരുവനന്തപുരത്തു നിന്ന് കാസര്‍കോടു വരെ 5- 6 മണിക്കൂറില്‍ എത്താന്‍ കഴിയും വിധം വേഗം കൂടിയ വണ്ടികളും ഓടിക്കാന്‍ കഴിയും. 96 ശതമാനവും ബ്രോഡ്‌ഗേജില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ റെയില്‍വെയുമായി പൂരകമായി നിലകൊള്ളാനും കേരളത്തില്‍ നിന്ന് ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലേക്കുമുള്ള ട്രെയിനുകളുടെ വേഗം വര്‍ധിപ്പിക്കാനും കഴിയും.

ചെലവ് ഒരു ലക്ഷം കോടി കവിയുമോ?

ഇപ്പോഴത്തെ മതിപ്പ് ചെലവായ 65000 കോടി രൂപ എന്നത് ഇരട്ടിയെങ്കിലും ആകുമെന്ന് നീതി ആയോഗ് പറഞ്ഞുകഴിഞ്ഞു. പൂര്‍ത്തിയാകുമ്പോള്‍ അതില്‍ കൂടുതലാകുമെന്ന് വിദഗ്ധര്‍ പറയുന്നു. 90 ശതമാനം മൂലധനവും വായ്പയായാണ് സ്വരൂപിക്കുന്നത്.

പദ്ധതി ലാഭകരമാകുമോ ?

ഒരു ട്രിപ്പില്‍ 675 യാത്രക്കാരുള്ള 74 ട്രിപ്പുകള്‍ ആണ് പ്രതിദിനമെന്നു മനസ്സിലാക്കുന്നു.കിലോമീറ്ററിന് 2.75 രൂപയാണ് യാത്രാക്കൂലി ഇപ്പോള്‍ കണക്കാക്കുന്നത്. തുടക്കത്തില്‍ പ്രതിദിനം 79000 യാത്രക്കാര്‍ ഉണ്ടാകുമെന്നും പദ്ധതി സംബന്ധിച്ച് ഇതുവരെ പുറത്തുവന്ന വിവരങ്ങളില്‍ നിന്ന് മനസ്സിലാവുന്നത്. ഇത്രയും വലിയ ചാര്‍ജ് നല്കി ഇത്രയും യാത്രക്കാര്‍ പ്രതിദിനം ഉണ്ടാകുമോയെന്നത് സംശയമാണ് . ഉണ്ടായാലും ടിക്കറ്റ് പണം കൊണ്ട് പദ്ധതി ലാഭകരമായി നടപ്പാക്കാന്‍ കഴിയില്ല.

ഇന്ത്യൻ മാതൃകകൾ എന്തുകൊണ്ട് പാടില്ല ?

ഇന്ത്യന്‍ റെയില്‍വെ പൊതുമേഖലയില്‍ നിര്‍മിച്ച അര്‍ധ അതിവേഗ തീവണ്ടികളായ ഗതിമാന്‍, വന്ദേഭാരത് എന്നീ എക്‌സ്പ്രസ്സുകള്‍ ഓടിക്കുന്നുണ്ട്. അവ ബ്രോഡ്‌ഗേജിലാണ്. കേരളത്തിലും ബ്രോഡ്‌ഗേജ് പാത ശക്തിപ്പെടുത്തിയാല്‍ ഇത്തരം വണ്ടികള്‍ ഓടിക്കാം.ചില വികസിത രാജ്യങ്ങള്‍ സ്റ്റാന്റേര്‍ഡ് ഗേജ് ഉപയോഗിക്കുന്നു എന്നതുകൊണ്ട് കേരളത്തിന് അത് അനുയോജ്യമാവണമെന്നില്ല.

ചർച്ച ചെയ്യാതെ പാടില്ല

ഇന്നത്തേതിനേക്കാള്‍ കൂടുതല്‍ മെച്ചമാണല്ലോ സില്‍വര്‍ ലൈന്‍ കൊണ്ടുണ്ടാകേണ്ടത്. അത് ജനങ്ങള്‍ക്ക് ബോധ്യപ്പെടണം.  തുടക്കമെന്ന നിലയില്‍ പദ്ധതിയുടെ ഡി.പി.ആര്‍, സമഗ്ര ഇ.ഐ.എ എന്നിവ  ചര്‍ച്ചചെയ്യണം. സാമൂഹിക ചെലവുകള്‍ കൂടി പരിഗണിച്ചുള്ള നേട്ട- കോട്ട വിശ്ലേഷണം നടക്കണം. ഇത്തരം പ്രാരംഭ നടപടികള്‍ പോലും പൂര്‍ത്തിയാക്കാതെ സില്‍വര്‍ ലൈനുമായി മുന്നോട്ടു പോകുന്നത് ആശാസ്യമല്ല. അതിനാല്‍ കെ-റെയിലുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവെക്കണം.

സർക്കാരിന് പിന്തുണ

കേരളത്തിലെ റെയില്‍ ഗതാഗതം മെച്ചപ്പെടുത്താന്‍ ഇന്ത്യന്‍ റെയില്‍വെക്ക് മേല്‍ രാഷ്ട്രീയ സമ്മര്‍ദവും ബഹുജന പ്രക്ഷോഭങ്ങളും ഉണ്ടാകണമെന്നും ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ റെയില്‍വേക്ക് നല്‍കാന്‍ കഴിയുന്ന മറ്റു പിന്തുണ സംവിധാനങ്ങളും നല്‍കണമെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.
Published by: Chandrakanth viswanath
First published: July 2, 2021, 8:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories