• HOME
  • »
  • NEWS
  • »
  • explained
  • »
  • Gardening|വെള്ളവും വെളിച്ചവും പ്രശ്‌നമേയല്ല; വീടിനുള്ളിൽ പച്ചക്കറി വളർത്താം

Gardening|വെള്ളവും വെളിച്ചവും പ്രശ്‌നമേയല്ല; വീടിനുള്ളിൽ പച്ചക്കറി വളർത്താം

കൃഷി ചെയ്യാൻ വലിയ നൈപുണ്യം ഇല്ലാത്തവർക്കും തോട്ടം ഒരുക്കാൻ സ്ഥലപരിമിതി നേരിടുന്നവർക്കും സഹായകമാകുന്നതാണ് ഈ പുതിയ സംവിധാനം

(Credits: AFP)

(Credits: AFP)

  • Share this:
    നിർമിതബുദ്ധിയുടെ (Artificial intelligence) സഹായത്തോടെ വീട്ടിൽ പച്ചക്കറിത്തോട്ടം (Vegetable Garden) ഉണ്ടാക്കാനുള്ള നൂതനമായ മാർഗം അവതരിപ്പിക്കുകയാണ് ഗാർഡിൻ (Gardyn) എന്ന കമ്പനി. കൃഷി ചെയ്യാൻ വലിയ നൈപുണ്യം ഇല്ലാത്തവർക്കും തോട്ടം ഒരുക്കാൻ സ്ഥലപരിമിതി നേരിടുന്നവർക്കും സഹായകമാകുന്നതാണ് ഈ പുതിയ സംവിധാനം. ഗാർഡിൻ ഉണ്ടെങ്കിൽ നിങ്ങളുടെ ചെടികളൊന്നും വാടിപ്പോവില്ലെന്ന് നൂറു ശതമാനം ഉറപ്പ്! ചെടികൾക്ക് വെളിച്ചമോ വെള്ളമോ കിട്ടാത്തതിനെക്കുറിച്ചും ആകുലപ്പെടേണ്ടതില്ല. എല്ലാ കാര്യങ്ങളും കെൽബി (Kelby) എന്ന കമ്പ്യൂട്ടർ അസിസ്റ്റന്റ് നോക്കിക്കോളും.

    ലഭ്യമായ സാഹചര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തി വീട്ടിനുള്ളിൽ തന്നെ ചെടികൾ വളർത്താൻ ഉതകുന്ന സാങ്കേതിക സംവിധാനമാണ് ഗാർഡിൻ വാഗ്ദാനം ചെയ്യുന്നത്. ക്യാമറകളും നിങ്ങൾക്ക് വേണ്ട ഉപദേശങ്ങൾ നൽകാനായി ഒരു ആപ്ലിക്കേഷനും മാത്രമാണ് ഇതിന് വേണ്ടത്. ഹൈഡ്രോപോണിക്‌ കൃഷിരീതി അവലംബിക്കുന്ന ഈ സംവിധാനത്തിന് മണ്ണും ആവശ്യമില്ല. വ്യത്യസ്തമായ ജൈവപച്ചക്കറികൾ വളർത്താനായി ന്യൂട്രിയന്റ് സൊല്യൂഷനുകളാണ് ഗാർഡിൻ ഉപയോഗിക്കുക. പൂർണമായും ഓട്ടോമാറ്റിക് ആയി പ്രവർത്തിക്കുന്ന ഈ സംവിധാനത്തിന്റെ ആകെ ചെലവ് 800 ഡോളറാണ്.

    വീടിന് പുറത്ത് ചെടികൾ വളർത്താൻ സൗകര്യം ഇല്ലാത്തവർക്ക് അനുയോജ്യമാണ് വീട്ടിനുള്ളിൽ തന്നെ പച്ചക്കറിത്തോട്ടം സൃഷ്ടിക്കാൻ സഹായിക്കുന്ന ഈ സംവിധാനം. ഈ ചെടികൾ സദാസമയവും ക്യാമറകളുടെ നിരീക്ഷണത്തിലായിരിക്കും. നിർമിതബുദ്ധിയുടെ സഹായത്തോടെ ചെടികളുടെ വളർച്ച നിരീക്ഷിച്ച് പ്രശ്നങ്ങളും പ്രതിസന്ധികളും അപ്പപ്പോൾ വിലയിരുത്താനുള്ള സാങ്കേതികമികവാണ് ഈ നൂതന സംവിധാനത്തെ വ്യത്യസ്തമാക്കി മാറ്റുന്നത്. പ്രശ്നങ്ങൾക്കുള്ള പരിഹാരമാർഗങ്ങളും നിർമിതബുദ്ധിയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ആപ്ലിക്കേഷൻ നിർദ്ദേശിക്കും. ക്യാമറകളും സെൻസറുകളും ഉപയോഗിച്ചാണ് ചെടികളുടെ വളർച്ച സംബന്ധിച്ച വിവരങ്ങൾ ഈ കമ്പ്യൂട്ടർ സംവിധാനം ശേഖരിക്കുന്നത്.
    Also Read-Syrian Refugees | വാഴപ്പഴം കഴിക്കുന്ന ചിത്രം പങ്കുവെച്ച സിറിയൻ അഭയാർത്ഥികളെ തുർക്കി നാടുകടത്തും

    ഗാർഡിന്റെ ഈ സംവിധാനം ഉപയോഗിച്ച് 30 ചെടികൾ വരെ വളർത്താൻ കഴിയും. 'വൈക്യൂബ്സ്' എന്ന് പേരുള്ള ക്യാപ്സൂളുകളിലാണ് ചെടികളുടെ വിത്തുകൾ ഉണ്ടാവുക. ചെടി വളർത്താൻ ഗാർഡിൻ നൽകുന്ന, പ്രത്യേകം നിർമിച്ച ഘടനയിൽ വിത്തുകൾ ലംബമായി നടാനുള്ള സ്ലോട്ടുകൾ ഉണ്ടാകും. ഈ സംവിധാനത്തിന്റെ ഏറ്റവും താഴെ ചെടികൾക്ക് വളരാൻ ആവശ്യമായ വെള്ളം ഉൾക്കൊള്ളുന്ന ടാങ്ക് സജ്ജീകരിക്കും. ഒരു പമ്പ് ഉപയോഗിച്ചാണ് എല്ലാ ചെടികളിലേക്കും ആവശ്യമായ വെള്ളം എത്തിക്കുക. വെളിച്ചം ലഭിക്കുന്നതിനായി ചെടികൾക്ക് നേരെ പ്രത്യേകം തയ്യാറാക്കിയ പ്രകാശ സ്രോതസുകളും സജ്ജീകരിക്കും. അവയുടെ വളർച്ചയ്ക്കാവശ്യമായ പ്രകാശം അതിലൂടെ ലഭിക്കും.

    ഒരു മൊബൈൽ ആപ്പിന്റെ സഹായത്തോടെയാണ് ഗാർഡിന്റെ പച്ചക്കറിത്തോട്ടം നമുക്ക് കൈകാര്യം ചെയ്യാൻ കഴിയുക. ആപ്പ് കൂടാതെ ഒരു പവർ സോക്കറ്റും വൈഫൈ കണക്ഷനുമാണ് ഈ സംവിധാനത്തിന് ആവശ്യമുള്ളത്. ചെടികളുടെ ആവശ്യങ്ങൾ സെൻസറുകൾ കൃത്യമായി മനസിലാക്കുമെങ്കിലും അവ അമിതമായി വളരുന്നില്ലെന്ന് ഉറപ്പുവരുത്താൻ നമ്മളും ശ്രദ്ധിക്കേണ്ടതുണ്ട്. നിലവിൽ യു എസിൽ നിന്ന് ശേഖരിച്ച 20 വ്യത്യസ്ത ചെടികളുടെ വിത്തുകളാണ് ഗാർഡിൻ നൽകുന്നത്. ഇവയെല്ലാം ഓർഗാനിക് ആണ്. സ്മാർട്ട് ഗാർഡൻ എന്ന സങ്കൽപ്പം ഒട്ടും പുതിയതല്ലെങ്കിലും കോവിഡ് മഹാമാരിയ്ക്ക് ശേഷം ഇത്തരം സാദ്ധ്യതകൾക്ക് കൂടുതൽ പ്രസക്തി കൈവന്നിട്ടുണ്ട്.
    Published by:Naseeba TC
    First published: