• HOME
  • »
  • NEWS
  • »
  • explained
  • »
  • Explained | ഒലവക്കോട് കാവിൽപ്പാട് ശങ്കരോടത്ത് കോവിൽ അരിയിട്ട് വാഴ്ച; എന്താണ് ജനുവരി ഒമ്പതിന് നടക്കുന്ന ഈ ചടങ്ങ്?

Explained | ഒലവക്കോട് കാവിൽപ്പാട് ശങ്കരോടത്ത് കോവിൽ അരിയിട്ട് വാഴ്ച; എന്താണ് ജനുവരി ഒമ്പതിന് നടക്കുന്ന ഈ ചടങ്ങ്?

ചരിത്രവിദ്യാർത്ഥികൾക്കും ഗവേഷകർക്കും മൺ മറഞ്ഞുപോയ ഈ ചടങ്ങിനെ അടുത്തറിയാനുള്ള അവസരം കൂടിയാണിത്. 

Yogathirippad

Yogathirippad

  • Last Updated :
  • Share this:
    പാലക്കാട്: ഒലവക്കോട് കാവിൽപ്പാട് ശങ്കരോടത്ത് കോവിൽ അരിയിട്ട് വാഴ്ച ജനുവരി ഒൻപതിന് നടക്കും. കോവിലകത്തെ മാനവേന്ദ്ര ശർമൻ വെളളാട്ടിരിയെന്ന ഉണ്ണി അമ്പോറ്റിയെ (32) യോഗാതിരിപ്പാടായി വാഴിക്കുന്ന ചടങ്ങാണിത്. സ്ഥാനാരോഹണ ചടങ്ങിനെയാണ് അരിയിട്ട് വാഴ്ച (Ariyittu Vazhcha) എന്ന് പറയുന്നത്. രാജഭരണക്കാലം മുതലുള്ളതാണ് ഈ ചടങ്ങ്. നാടുവാഴികളെ ആചാര അനുഷ്ഠാനങ്ങളുടേയും വിധിപ്രകാരമുള്ള പൂജകളുടെയും അകമ്പടിയോടെ അധികാരമേറ്റുന്നതാണ് അരിയിട്ട് വാഴ്ച ചടങ്ങ്.
    ചരിത്രവിദ്യാർത്ഥികൾക്കും (History Students) ഗവേഷകർക്കും (Researchers) മൺ മറഞ്ഞുപോയ ഈ ചടങ്ങിനെ അടുത്തറിയാനുള്ള അവസരം കൂടിയാണിത്.

    എന്തൊക്കെയാണ് ചടങ്ങുകൾ?

    ജനുവരി ഒൻപതിന് ഗണപതി പൂജയോടെയാണ് ചടങ്ങുകൾ തുടങ്ങുന്നത്. കോവിലകത്തെ പടിഞ്ഞാറെ നാലുകെട്ടിന്റെ തെക്കേ തളത്തിലാണ് പൂജ. തുടർന്ന് നാന്ദി മുഖവും പ്രായശ്ചിത്തവും പുണ്യാഹവും നടക്കും. അത് കഴിഞ്ഞ് മൂന്നു കലശങ്ങൾ പൂജിച്ച് യോഗാതിരിപ്പാടായി സ്ഥാനാരോഹണം നടത്തുന്ന വ്യക്തിയെ അഭിഷേകം നടത്തും. തുടർന്ന് കെട്ടിലമ്മയിൽ നിന്ന് ഉടവാൾ ഏറ്റുവാങ്ങും. അടുത്തതായി ശങ്കരോടത്ത് സ്വരൂപത്തിന്റെ ദേവത കീഴ്ക്കാവിൽ വീരപോർക്കലി ദേവിയേയും യോഗാതിരിപ്പാടാകുന്നയാളേയും ഐകീകരണം ചെയ്ത കലശമാടിച്ച് യോഗാതിരിപ്പാടാസ്ഥാനം ഏൽപ്പിക്കും.

    അവിടെ നിന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കോവിലകത്തിന്റെ പൂമുഖത്തുള്ള സിംഹാസനത്തിൽ ഇരുത്തി തന്ത്രി, വൈദികൻ, ഓതിക്കൻ , മറ്റു സ്ഥാനക്കാർ എന്നിവർ വേദമന്ത്രോച്ചാരണത്തോടെ അരിയിട്ട് വാഴിക്കും. അതിനു ശേഷം ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ അനുവാദത്തോടെ "ശേഷകാലം നൈഷ്ടിക ബ്രഹ്‌മചര്യത്തോടെ ഈശ്വരാരാധനയും ധർമ ഉന്നമനത്തിനായി ഗോബ്രാഹ്മണ രക്ഷാർത്ഥം " എന്ന സത്യവാചകം ചൊല്ലി യോഗദണ്ഡ് സ്വീകരിക്കുന്നതോടെ ചടങ്ങുകൾ പൂർണമാകും.

    തിരൂർ വെട്ടത്ത് രാജവംശത്തിന്‍റെ ശാഖ

    താനൂർ സ്വരൂപത്തിൽ ഉൾപ്പെടുന്ന തൃപ്രങ്ങോട്ട് വടക്കേ കോവിലകത്താണ് ശങ്കരോടത്ത് കോവിലകത്തുകാരുടെ പൂർവികർ ഉണ്ടായിരുന്നത്. തിരൂരിനടുത്ത് ഉണ്ടായിരുന്ന വെട്ടത്ത് രാജവംശത്തിന്റെ ഒരു ശാഖയാണിവർ. ഭരണാധികാരികൾ എന്നതിലുപരി യോഗാതിരിപ്പാടായാണ് ഇവർക്ക് സ്ഥാനം കൽപ്പിച്ചിരുന്നത്. ക്ഷത്രിയരായ ഇവർക്ക് രാജ ഋഷി സ്ഥാനമുണ്ടായിരുന്നു.

    മാമാങ്കത്തിന്‍റെ അധ്യക്ഷസ്ഥാനം വഹിച്ചിരുന്നവർ

    മാമാങ്കം, തൃക്കണ്ടിയൂർ യോഗം, തിരുന്നാവായ യോഗം എന്നിവയുടെ അധ്യക്ഷ സ്ഥാനം യോഗാതിരിപ്പാടിനായിരുന്നു. ഈ സ്ഥാനമേൽക്കുന്നവർ ആദ്യം ഉണ്ണി എന്ന പേരിൽ സംവത്സര ദീക്ഷ അനുഷ്ഠിക്കണം. അടുത്ത പടിയായി സന്യാസജീവിതത്തെ മുറുകെ പിടിച്ച് യോഗീന്ദ്ര സ്ഥാനത്ത് ഏഴ് വർഷം ഉണ്ണി യോഗീന്ദ്രനാകും. തന്ത്ര വിദ്യയുംപൂജകളും അനുഷ്ഠിച്ച്അതിനു ശേഷം നാല് വർഷം ഉണ്ണി അമ്പോറ്റി ആകും. പിന്നെയും നാല് വർഷം കഴിഞ്ഞാണ് യോഗാതിരിപ്പാടാകുന്നത്.
    Published by:Anuraj GR
    First published: