• HOME
  • »
  • NEWS
  • »
  • explained
  • »
  • Train | ജനറൽ കോച്ചുകളിൽ ഇനി റിസർവേഷൻ ടിക്കറ്റ് വേണ്ട; കോവിഡ് കാലത്തെ തീരുമാനം പിൻവലിച്ച് റെയിൽവേ

Train | ജനറൽ കോച്ചുകളിൽ ഇനി റിസർവേഷൻ ടിക്കറ്റ് വേണ്ട; കോവിഡ് കാലത്തെ തീരുമാനം പിൻവലിച്ച് റെയിൽവേ

ജനറൽ കോച്ചുകളിൽ പഴയ പോലെ റിസർവേഷൻെറ ആവശ്യമില്ലെന്ന് പുതിയ ഉത്തരവ് പ്രഖ്യാപിച്ചിരിക്കുകയാണ് ഈസ്റ്റ് സെൻട്രൽ റെയിൽവേ.

  • Last Updated :
  • Share this:
    രാജ്യത്ത് കോവിഡ്-19 (Covid-19) മഹാമാരി പടർന്ന് പിടിച്ച സമയത്ത് ജനങ്ങളുടെ സൗകര്യത്തിനായി ഇന്ത്യൻ റെയിൽവേ (Indian Railway) നിരവധി പുത്തൻ പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. നിരവധി ട്രെയിനുകൾ ആ സമയത്ത് റദ്ദാക്കിയിരുന്നു. യാത്രക്കാരുടെ എണ്ണവും കുറവായിരുന്നു. ഇപ്പോൾ കോവിഡ് കേസുകളിൽ കുറവ് വന്നതോടെ പഴയതു പോലെ തീവണ്ടികളിലും റെയിൽവേ സ്റ്റേഷനുകളിലും തിരക്ക് വർധിച്ചിരിക്കുകയാണ്. കോവിഡ് – 19 വ്യാപിച്ച സമയത്ത് റിസർവേഷൻ വേണ്ടാത്ത കോച്ചുകളിലും റെയിൽവേ റിസർവേഷൻ അനുവദിച്ചിരുന്നു.

    എന്നാലിപ്പോൾ, ജനറൽ കോച്ചുകളിൽ പഴയ പോലെ റിസർവേഷൻെറ ആവശ്യമില്ലെന്ന് പുതിയ ഉത്തരവ് പ്രഖ്യാപിച്ചിരിക്കുകയാണ് ഈസ്റ്റ് സെൻട്രൽ റെയിൽവേ. എക്സ്പ്രസ് തീവണ്ടികൾക്കും മെയിലുകൾക്കുമാണ് ഇത് ബാധകമാവുക. യാത്രക്കാരുടെ സൗകര്യം പരിഗണിച്ചാണ് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ പുതിയ തീരുമാനം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്നത് ജനറൽ കോച്ചുകളിലാണ്. അവർക്കാണ് ഈ തീരുമാനം ഏറ്റവും കൂടുതൽ ഗുണകരമാവുക.

    ഇനി ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്നവർ റിസർവ് ചെയ്യേണ്ട ആവശ്യമില്ല. ടിക്കറ്റ് കൗണ്ടറിൽ നിന്ന് സാധാരണ ടിക്കറ്റ് എടുത്താൽ മതിയാവും. കോവിഡ് കാലത്തിന് മുമ്പ് ചെയ്യാറുള്ളത് പോലെത്തന്നെ യാത്രക്കാർക്ക് ഇനി റിസർവേഷൻ ടിക്കറ്റില്ലാതെ തന്നെ ജനറൽ കോച്ചുകളിൽ യാത്ര ചെയ്യാൻ സാധിക്കും. റെയിൽവേയുടെ ഈ തീരുമാനത്തോടെ സാധാരണ കോച്ചുകളിൽ യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് യാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാവും.

    റെയിൽവേയുടെ ഈ തീരുമാനവുമായി ബന്ധപ്പെട്ടുള്ള വിജ്ഞാപനം എല്ലാ ഡിവിഷണൽ ഹെഡ്ക്വാർട്ടേഴ്സുകളിലേക്കും അയച്ചിട്ടുണ്ട്. യാത്രക്കാർ കുറച്ച് കാലമായി നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൻെറ ഭാഗമായാണ് മെയിൽ, എക്സ്പ്രസ് തീവണ്ടികളിൽ ജനറൽ കോച്ചുകളിൽ ഇനി റിസർവേഷൻ ടിക്കറ്റ് ആവശ്യമില്ലെന്ന തീരുമാനം ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചതെന്ന് ഈസ്റ്റ് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ വീരന്ദ്ര കുമാർ പറഞ്ഞു. ഉത്തരവ് ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണ കോച്ചുകളിൽ യാത്ര ചെയ്യുന്നവർ ഇനി മുതൽ സ്പെഷ്യൽ ചാർജ് നൽകേണ്ടതില്ലെന്നും വീരേന്ദ്ര കുമാർ കൂട്ടിച്ചേർത്തു.

    ഇതിനിടയിൽ കഴിഞ്ഞ മാസം യാത്രക്കാ‍ർക്കായി മറ്റൊരു സൗകര്യവും റെയിൽവേ പ്രഖ്യാപിച്ചിരുന്നു. ഐആർസിടിസി (IRCTC) അക്കൗണ്ട് ആധാർ (Aadhaar) നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ ഒരു മാസം 24 ട്രെയിൻ ടിക്കറ്റുകൾ (tickets) വരെ നിങ്ങൾക്ക് ബുക്ക് ചെയ്യാൻ കഴിയുമെന്നതാണ് തീരുമാനം. യാത്രക്കാരുടെ സൗകര്യാർത്ഥം ഓൺലൈൻ വഴി ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ പരിധി ഐആർസിടിസി വീണ്ടും ഉയർത്തിയിട്ടുമുണ്ട്.

    യൂസർ ഐഡിയും ആധാറും തമ്മിൽ ബന്ധിപ്പിച്ചിട്ടുള്ളവർക്ക് ഐആർസിടിസി വെബ്‌സൈറ്റിലൂടെയും ആപ്പിലൂടെയും ഇനി മുതൽ ഒരു മാസം 24 ട്രെയിൻ ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാൻ കഴിയും എന്ന് റെയിൽവെ മന്ത്രാലയം അറിയിച്ചു. അതേസമയം ആധാർ ലിങ്ക് ചെയ്യാത്തവർക്ക് ഇനി പ്രതിമാസം 12 ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാം. ഇതുവരെ അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ പ്രതിമാസം 12 ടിക്കറ്റുകളും ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ 6 ടിക്കറ്റുകളും ബുക്ക് ചെയ്യാനാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) അനുവദിച്ചിരുന്നത്.
    Published by:Amal Surendran
    First published: