2024 -ഓടെ പൊതുവിതരണ സംവിധാനവും (പിഡിഎസ്) സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണവും ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ വഴി ഫോര്‍ട്ടിഫൈഡ് അരി (പോഷക ഗുണങ്ങള്‍ വര്‍ദ്ധിപ്പിച്ച) വിതരണം ചെയ്യുമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. എന്നാല്‍ എന്താണ് ഫോര്‍ട്ടിഫൈഡ് അരി ?
എന്താണ് റൈസ് ഫോര്ട്ടിഫിക്കേഷന്
ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) 'ഭക്ഷണത്തിലെ പോഷക ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഭക്ഷണത്തിലെ അവശ്യ മൈക്രോ ന്യൂട്രിയന്റുകളുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനുമായി നടത്തുന്ന പ്രക്രിയയാണ് ' റൈസ് ഫോര്ട്ടിഫിക്കേഷന്. അതായത്, സാധാരണ അരിയില്‍ മൈക്രോ ന്യൂട്രിയന്റുകള്‍ ചേര്‍ക്കുന്ന പ്രക്രിയയാണ് റൈസ് ഫോര്ട്ടിഫിക്കേഷന്. ഭക്ഷണത്തിന്റെ ആവശ്യകതകള്‍ കണക്കിലെടുത്ത് മൈക്രോ ന്യൂട്രിയന്റുകള്‍ ചേര്‍ക്കുന്നു.
റൈസ് ഫോര്ട്ടിഫിക്കേഷന് വിവിധ തരം സാങ്കേതികവിദ്യകള്‍ ലഭ്യമാണ്. ഇന്ത്യയിലെ 'എക്സ്ട്രൂഷന്‍' രീതി ഏറ്റവും മികച്ച സാങ്കേതികവിദ്യയായി കണക്കാക്കപ്പെടുന്നു. എക്സ്ട്രൂഡര്‍ മെഷീന് ഉപയോഗിച്ച് നെല്ല് കുത്തി പോഷകങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഫോര്‍ട്ടിഫൈഡ് റൈസ് കേര്‍ണലുകള്‍ (എഫ്ആര്‍കെ) ഉത്പാദിപ്പിക്കുന്ന രീതിയാണിത്.
ഫോര്‍ട്ടിഫൈഡ് റൈസ് കേര്‍ണലുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള എക്സ്ട്രൂഷന്‍ സാങ്കേതികവിദ്യ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?
എക്സ്ട്രൂഷന്‍ പ്രക്രിയയില്‍, ഉണങ്ങിയ അരിപ്പൊടി മൈക്രോ ന്യൂട്രിയന്റുകളുടെ മിശ്രിതത്തില്‍ കലര്‍ത്തി, ഈ മിശ്രിതത്തിലേക്ക് വെള്ളം ചേര്‍ക്കുന്നു. ഈ മിശ്രിതം പിന്നീട് എക്സ്ട്രൂഡറിലിട്ട് ചൂടാക്കുന്നു. ഇത് അരിയുടെ ആകൃതിയിലും വലുപ്പത്തിലും സമാനമായ അരിമണികള്‍ ഉത്പാദിപ്പിക്കുന്നു. ഈ കേര്‍ണലുകള്‍ ഉണക്കി തണുപ്പിച്ച് പായ്ക്കറ്റുകളിലാക്കും. FRK സൂക്ഷിക്കാവുന്ന കാലാവധി 12 മാസമാണ്.
ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഫോര്‍ട്ടിഫൈഡ് റൈസ് കേര്‍ണലിന്റെ ആകൃതിയും വലിപ്പവും 'സാധാരണ അരിയുടേതിന് സമാനമായിരിക്കും'. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ധാന്യത്തിന്റെ നീളവും വീതിയും യഥാക്രമം 5 മില്ലീമീറ്ററും 2.2 മില്ലീമീറ്ററും ആയിരിക്കണം.
ഇന്ത്യയില്‍ റൈസ് ഫോര്‍ട്ടിഫിക്കേഷന്റെ ആവശ്യമെന്ത്
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ ഇന്ത്യയില്‍ പോഷകാഹാരക്കുറവ് വളരെ കൂടുതലാണ്. ഭക്ഷ്യ മന്ത്രാലയത്തിന്റെ അഭിപ്രായത്തില്‍, രാജ്യത്തെ ഓരോ രണ്ടാമത്തെ സ്ത്രീയും വിളര്‍ച്ച നേരിടുന്നവരാണ്. ഓരോ മൂന്നാമത്തെ കുട്ടിയ്ക്കും വളര്‍ച്ച കുറവുണ്ട്. ആഗോള പട്ടിണി സൂചികയില്‍ (ജിഎച്ച്ഐ) 107 രാജ്യങ്ങളില്‍ 94 -ാം സ്ഥാനത്താണ് ഇന്ത്യ. പോഷകാഹാരക്കുറവിനെ പ്രതിരോധിക്കാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗ്ഗങ്ങളിലൊന്നാണ് ഭക്ഷണത്തിന്റെ ഫോര്ട്ടിഫിക്കേഷന്. ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും കഴിക്കുന്ന ഇന്ത്യയിലെ പ്രധാന ഭക്ഷണങ്ങളിലൊന്നാണ് അരി. ഇന്ത്യയിലെ പ്രതിശീര്‍ഷ അരി ഉപഭോഗം പ്രതിമാസം 6.8 കിലോഗ്രാം ആണ്. അതിനാല്‍, അരി സൂക്ഷ്മ പോഷകങ്ങള്‍ ഉപയോഗിച്ച് ഫോര്‍ട്ടിഫൈ ചെയ്യുന്നത് ദരിദ്ര വിഭാഗങ്ങളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ മികച്ച മാര്‍ഗമാണ്.
ഫോര്ട്ടിഫിക്കേഷന് മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്
മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, 10 ഗ്രാം FRKയില്‍ ഒരു കിലോ സാധാരണ അരി ചേര്‍ത്തിരിക്കണം. FSSAI മാനദണ്ഡമനുസരിച്ച്, 1 കിലോ ഫോര്‍ട്ടിഫൈഡ് അരിയില്‍ ഇനിപ്പറയുന്ന പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ടാകും. ഇരുമ്പ് (28 mg-42.5 mg), ഫോളിക് ആസിഡ് (75-125 മൈക്രോഗ്രാം), വൈറ്റമിന്‍ ബി -12 (0.75-1.25 മൈക്രോഗ്രാം), സിങ്ക് (10 മി.ഗ്രാം -15 മി.ഗ്രാം), വൈറ്റമിന്‍ എ (500-750 മൈക്രോഗ്രാം ആര്‍ഇ), വൈറ്റമിന്‍ ബി -1 (1 മി.ഗ്രാം -1.5 മി.ഗ്രാം), വൈറ്റമിന്‍ ബി -2 (1.25 മി.ഗ്രാം -1.75 മി.ഗ്രാം) എന്നിവ അടങ്ങിയിരിക്കും.
ഫോര്‍ട്ടിഫൈഡ് അരി പ്രത്യേക രീതിയില്‍ പാകം ചെയ്യേണ്ടതുണ്ടോ
ഫോര്‍ട്ടിഫൈഡ് അരി പാചകം ചെയ്യുന്നതിന് പ്രത്യേക രീതി ആവശ്യമില്ല. പാചകം ചെയ്യുന്നതിനുമുമ്പ് അരി വൃത്തിയാക്കി സാധാരണ രീതിയില്‍ കഴുകേണ്ടതുണ്ട്. പാചകം ചെയ്തതിനുശേഷവും ഫോര്‍ട്ടിഫൈഡ് അരി പാചകം ചെയ്യുന്നതിന് മുമ്പ് ഉണ്ടായിരുന്ന അതേ ഗുണങ്ങളും സൂക്ഷ്മ പോഷക നിലവാരവും നിലനിര്‍ത്തും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: BJP Modi Government, Pm modi