നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • explained
    • »
    • PPF Withdrawal | പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം പിൻവലിക്കുന്നത് എങ്ങനെ? പണം ഭാഗികമായി പിൻവലിക്കുന്നതിനുള്ള നടപടിക്രമങ്ങൾ

    PPF Withdrawal | പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം പിൻവലിക്കുന്നത് എങ്ങനെ? പണം ഭാഗികമായി പിൻവലിക്കുന്നതിനുള്ള നടപടിക്രമങ്ങൾ

    പി പി എഫിന്റെ നിലവിലെ പലിശ നിരക്ക് 7.1 ശതമാനമാണ്. ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപ പലിശ നിരക്കുകളേക്കാൾ വളരെ കൂടുതലാണത്

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      സർക്കാരിന്റെ പിന്തുണയുള്ളതും ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്നതുമായ ഒരു ചെറുകിട സമ്പാദ്യ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (Public Provident Fund) അഥവാ പി പി എഫ് (PPF). ഇത് നിക്ഷേപകരെ റിട്ടയർമെന്റിന് ശേഷമുള്ള കാലയളവിലേയ്ക്ക് ഒരു നിശ്ചിത തുക സമ്പാദിക്കാൻ സഹായിക്കുന്നു. 1968 ൽ ധനമന്ത്രാലയം അവതരിപ്പിച്ച പി പി എഫിന്റെ നിലവിലെ പലിശ നിരക്ക് 7.1 ശതമാനമാണ്. ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപ പലിശ നിരക്കുകളേക്കാൾ വളരെ കൂടുതലാണത്. കേന്ദ്ര സർക്കാരിന്റെ പിന്തുണയുള്ള ഈ സ്കീം വഴി കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപകർക്ക് ഉറപ്പുള്ള വരുമാനം ലഭിക്കും. അതുകൊണ്ട് തന്നെ പി പി എഫ് നിക്ഷേപം ആളുകൾക്കിടയിൽ വളരെ ജനപ്രിയമാണ്.

      പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകളിൽ ഉടമകൾക്ക് ഇഷ്ടാനുസരണം നിക്ഷേപം നടത്താം. ഓരോ നിക്ഷേപകർക്കും എത്ര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ഈ പദ്ധതിയിൽ നിക്ഷേപം നടത്താം. എന്നാൽ ഒരു വ്യക്തി അക്കൗണ്ടുകളിൽ പ്രതിവർഷം കുറഞ്ഞത് 500 രൂപയും പരമാവധി 1,50,000 രൂപയും നിക്ഷേപിക്കേണ്ടതാണ്. കൂടാതെ പി പി എഫ് നിക്ഷേപകർക്ക് പലിശയ്ക്ക് മേൽ പലിശയ്ക്കും അർഹതയുണ്ട്. അത് നിക്ഷേപത്തിലൂടെ കൂടുതൽ വരുമാനം നൽകുന്നു. സർക്കാരിന്റെ പിന്തുണയുള്ളതിനാൽ പി പി എഫ് 100 ശതമാനം അപകടസാധ്യതയില്ലാത്ത ഒരു നിക്ഷേപം കൂടിയാണ്. കൂടാതെ ഇത് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് നിരക്കുകൾക്ക് അനുസൃതമായി വ്യത്യാസപ്പെടുകയുമില്ല.

      പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ കാലാവധി 15 വർഷമാണ്. എന്നാൽ ഒരു അക്കൗണ്ട് ഉടമയ്ക്ക് മെച്യൂരിറ്റി കാലയളവിന് മുമ്പും അക്കൗണ്ട് ക്ലോസ് ചെയ്യാൻ കഴിയും. പി പി എഫ് പിൻവലിക്കൽ നിയമങ്ങൾ (PPF Withdrawal Rules) അനുസരിച്ച്, നിർദ്ദിഷ്ട നിബന്ധനകളും വ്യവസ്ഥകളും പാലിച്ചാൽ അക്കൗണ്ട് ഉടമകൾക്ക് അക്കൗണ്ട് ക്ലോസ് ചെയ്യാൻ കഴിയും. എന്നാൽ അക്കൗണ്ട് ആരംഭിച്ച് അഞ്ച് സാമ്പത്തിക വർഷം പൂർത്തിയായാൽ മാത്രമേ ഇത് ബാധകമാകൂ. പി പി എഫ് പിൻവലിക്കൽ, കാലാവധി പൂർത്തിയാകുന്നതിന് മുമ്പുള്ള പിൻവലിക്കൽ, പ്രിമച്വർ ക്ലോഷർ എന്നിവ സംബന്ധിച്ച എല്ലാ നിയമങ്ങളെക്കുറിച്ചും മറ്റ് വിശദാംശങ്ങളെക്കുറിച്ചും അറിയാം.

      പി പി എഫ് പിൻവലിക്കൽ നിയമങ്ങൾ

      പി പി എഫിൽ നിക്ഷേപിച്ചിരിക്കുന്ന പണം പൂർണമായി പിൻവലിക്കുന്നതിന് 15 വർഷം പൂർത്തിയാക്കിയതിന് ശേഷം പോസ്റ്റ് ഓഫീസിലോ ബാങ്കിലോ എത്തി ഫോം സി പൂരിപ്പിച്ച് സമർപ്പിക്കണം. തുടർന്ന് പി പി എഫ് അക്കൗണ്ട് ക്ലോസ് ചെയ്യാം. എന്നാൽ 15 വർഷത്തിന് ശേഷവും അക്കൗണ്ട് ക്ലോസ് ചെയ്യാൻ താൽപ്പര്യമില്ലെങ്കിൽ തുടർന്നുള്ള വർഷങ്ങളിൽ നിക്ഷേപം നടത്താതെ തന്നെ അക്കൌണ്ട് സജീവമായി നിലനിർത്താം. ഈ സാഹചര്യത്തിൽ, അക്കൗണ്ട് ക്ലോസ് ചെയ്യുന്നതു വരെ നിക്ഷേപത്തിന്റെ പലിശ ലഭിക്കുകയും ചെയ്യും.

      അക്കൗണ്ട് ഉടമയ്ക്ക് നിക്ഷേപം നടത്തി അക്കൗണ്ട് സജീവമായി നിലനിർത്താൻ താൽപ്പര്യമുണ്ടെങ്കിൽ, അഞ്ച് വർഷത്തേയ്ക്ക് നിക്ഷേപം വിപുലീകരിക്കാം. ഒരാൾക്ക് എത്ര തവണ വേണമെങ്കിലും ഇത്തരത്തിൽ നിക്ഷേപ കാലയളവ് വിപുലീകരിക്കാം.

      കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് പി പി എഫ് നിക്ഷേപം പിൻവലിക്കൽ
      അഞ്ച് വർഷത്തേക്ക് അക്കൗണ്ട് നിലനിർത്തിയാൽ ഒരു പിപിഎഫ് അക്കൗണ്ട് ഉടമക്ക് പണം പിൻവലിക്കാൻ അർഹതയുള്ളൂ. ഉദാഹരണത്തിന്, ഒരാൾ 2020 ഫെബ്രുവരിയിൽ ഒരു അക്കൗണ്ട് ആരംഭിച്ചാൽ, അയാൾക്ക് 2025-26 സാമ്പത്തിക വർഷത്തിൽ പണം പിൻവലിക്കാൻ കഴിയും. എന്നാൽ മുഴുവൻ തുകയും പി പി എഫ് അക്കൗണ്ടിൽ നിന്ന് പിൻവലിക്കാൻ കഴിയില്ല.

      ഒരാൾക്ക് നാലാമത്തെ സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ ബാലൻസ് തുകയുടെ 50 ശതമാനം അല്ലെങ്കിൽ മുൻ വർഷത്തിന്റെ അവസാനത്തിലെ ബാലൻസ് തുകയുടെ 50 ശതമാനം പിൻവലിക്കാം. ഇതിൽ ഏതാണോ കുറവ് ആ തുക പിൻവലിക്കാം.

      പ്രിമച്വർ ക്ലോഷർ

      ഒരു അക്കൗണ്ട് ഉടമയ്ക്ക് ചില പ്രത്യേക സാഹചര്യങ്ങളിൽ പിപിഎഫ് അക്കൗണ്ട് നേരത്തെ തന്നെ ക്ലോസ് ചെയ്യേണ്ടി വന്നേക്കാം. അക്കൗണ്ട് തുറന്ന് അഞ്ച് വർഷം കഴിയുമ്പോൾ ഇത് ചെയ്യാം. അക്കൗണ്ട് ഉടമയോ മാതാപിതാക്കളോ ജീവിതപങ്കാളിയോ ആശ്രിതരായ കുട്ടികളോ മാരകമായ രോഗത്താൽ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ പി പി എഫ് അക്കൗണ്ടുകൾ ഇത്തരത്തിൽ ക്ലോസ് ചെയ്യാം. അക്കൗണ്ട് ഉടമയ്ക്ക് ഉപരി പഠനത്തിനായി തുക ഉപയോഗിക്കാനും അക്കൌണ്ട് പിൻവലിക്കാം. എന്നാൽ ഈ രണ്ട് സാഹചര്യത്തിലും അക്കൗണ്ട് നേരത്തെ ക്ലോസ് ചെയ്യുന്നതിന് ചില രേഖകൾ ആവശ്യമാണ്.

      അക്കൗണ്ട് ഉടമയുടെ റസിഡൻസി സ്റ്റാറ്റസ് മാറിയിട്ടുണ്ടെങ്കിലും അക്കൗണ്ട് ക്ലോസ് ചെയ്യാം. ഇതിനായി അക്കൌണ്ട് ഉടമ പാസ്‌പോർട്ട്, വിസ അല്ലെങ്കിൽ ആദായ നികുതി റിട്ടേൺ എന്നിവയുടെ പകർപ്പുകൾ നൽകേണ്ടതുണ്ട്.

      ഈ സാഹചര്യങ്ങളിലെല്ലാം, അക്കൗണ്ട് ഉടമ തന്റെ പിപിഎഫ് അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കിൽ നിലവിലുള്ള പലിശ നിരക്കുകളേക്കാൾ ഒരു ശതമാനം കുറഞ്ഞ പലിശ നിരക്ക് മാത്രമേ ലഭിക്കൂ.

      ഏതൊരു ഇന്ത്യൻ പൗരനും നിക്ഷേപം നടത്താൻ സാധിക്കുന്ന പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി പി എഫ്). പ്രധാനപ്പെട്ട ഒരു ബാങ്കിലോ പോസ്റ്റ് ഓഫീസിലോ അക്കൗണ്ട് തുടങ്ങുന്നതിലൂടെ നിങ്ങൾക്ക് ഈ പദ്ധതിയുടെ ഭാഗമായി പണം നിക്ഷേപിക്കാൻ കഴിയും. വിപണിയുടെ സ്ഥിതിഗതികൾ വിലയിരുത്തി ഓരോ പാദത്തിലും പബ്ലിക് പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള പലിശ എത്രയെന്ന് കേന്ദ്ര സർക്കാർ തീരുമാനിക്കും. പി പി എഫ് അക്കൗണ്ട് ഉടമയ്ക്ക് പ്രതിവർഷം ഒറ്റത്തവണയായോ അല്ലെങ്കിൽ പരമാവധി പന്ത്രണ്ട് തവണകളായോ പണം നിക്ഷേപിക്കാൻ കഴിയും.

      പി പി എഫിന് ലഭിക്കുന്ന പലിശ നികുതിരഹിതമാണ്. എൻ‌ പി‌ എസ്, മ്യൂച്വൽ ഫണ്ടുകൾ പോലുള്ള മറ്റ് ദീർഘകാല നിക്ഷേപ ഉപകരണങ്ങളിൽ നിങ്ങൾക്ക് നികുതി ഇളവ് ലഭിക്കില്ല. എന്നാൽ പി‌ പി‌ എഫിൽ‌ നിന്ന് നേടുന്ന പലിശയ്ക്കും നികുതി ഇളവ് ലഭിക്കും. ഹ്രസ്വകാല വായ്പയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് പി പി എഫിൽ നിന്ന് വായ്പയെടുക്കാം. സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണലുകൾക്കും ഇപിഎഫ്ഒയിൽ അംഗങ്ങളായ ജീവനക്കാർക്കും ഏറ്റവും അനുയോജ്യമായ നിക്ഷേപ ഓപ്ഷനാണ് പി പി എഫ്.

      ഓണ്‍ലൈനായും പി പി എഫ് അക്കൗണ്ട് തുറക്കാം. ഇതിനായി ബാങ്കിന്റെ നെറ്റ് ബാങ്കിംഗ് പ്ലാറ്റ്‌ഫോമിൽ ലോഗ് ഇന്‍ ചെയ്ത് പി പി എഫ് അക്കൗണ്ട് ആരംഭിക്കുവാനുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കാം. ഇനി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, നോമിനി അടക്കമുള്ള എല്ലാ വിശദാംശങ്ങളും നല്‍കുക. നിങ്ങള്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്തിയതിന് ശേഷം പിപിഎഫ് അക്കൗണ്ട് തുറക്കപ്പെടും. തുടർന്ന് നിങ്ങള്‍ക്ക് നിക്ഷേപം നടത്താൻ സാധിക്കും.
      Published by:Anuraj GR
      First published:
      )}