ഇന്റർഫേസ് /വാർത്ത /Explained / Explained: ​ഗർഭിണിയായ സ്ത്രീകൾക്കും ഇനി കോവിഡ് വാക്സിൻ എടുക്കാം; കേന്ദ്ര സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അറിയാം

Explained: ​ഗർഭിണിയായ സ്ത്രീകൾക്കും ഇനി കോവിഡ് വാക്സിൻ എടുക്കാം; കേന്ദ്ര സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അറിയാം

Vaccine

Vaccine

വാക്സിന്റെ ​ഗുണം, പാർശ്വഫലങ്ങൾ എന്നിവയെക്കുറിച്ച് ​ഗർഭിണികൾക്കിടയിൽ അവബോധമുണ്ടെന്ന് ഉറപ്പാക്കാൻ ആരോഗ്യ വിദഗ്ധർക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്

  • Share this:

ഗർഭിണികൾക്ക് കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിന് കേന്ദ്ര സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കൂടാതെ, വാക്സിന്റെ ​ഗുണം, പാർശ്വഫലങ്ങൾ എന്നിവയെക്കുറിച്ച് ​ഗർഭിണികൾക്കിടയിൽ അവബോധമുണ്ടെന്ന് ഉറപ്പാക്കാൻ ആരോഗ്യ വിദഗ്ധർക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുമുണ്ട്.

നിലവിൽ ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങളില്ലാത്ത ഗർഭിണികളായ സ്ത്രീകൾക്ക് കോവിഡ് -19 വാക്സിൻ നൽകാം. കോവിഡ്- 19 ​ഗർഭിണികൾക്കും നവജാത ശിശുവിനും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കൂടുതൽ പഠനങ്ങൾ ലഭ്യമല്ല. അതിനാൽ, വാക്സിൻ എടുത്ത ശേഷം ​ഗർഭിണികൾക്ക് പ്രത്യേക ശ്രദ്ധവേണമെന്നും ഇക്കാര്യങ്ങൾ റിപോർട്ട് ചെയ്യണമെന്നും മാർ​ഗനിർദേശത്തിൽ പറയുന്നു.

കേന്ദ്രത്തിന്റെ നിർദ്ദേശങ്ങൾ എന്തൊക്കെയാണ്?

പ്രസവ ചികിത്സാവിദഗ്ദ്ധൻ, ഗൈനക്കോളജിസ്റ്റ്, അല്ലെങ്കിൽ ശിശുരോഗവിദഗ്ദ്ധൻ, അല്ലെങ്കിൽ നിയോനാറ്റോളജിസ്റ്റ് എന്നിവരെ എഇഎഫ്ഐ കമ്മിറ്റികളിൽ ഉൾപ്പെടുത്തണമെന്ന് ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. ഗർഭിണികൾക്ക് വാക്സിൻ നൽകിയ ശേഷമുള്ള ഗുരുതരവും പ്രതികൂലവുമായ സംഭവങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യണം എന്നും സർക്കാർ നിർദേശിക്കുന്നു. ഗർഭിണികളായ സ്ത്രീകൾക്ക് പ്രതിരോധ വാക്സിൻ നൽകിയ ശേഷമുള്ള എല്ലാ പ്രതികൂല സംഭവങ്ങളുടെയും കാരണങ്ങൾ വിലയിരുത്തണം. വാക്സിനേഷൻ സമയത്ത് സ്ത്രീകൾക്ക് ഗർഭധാരണത്തെക്കുറിച്ച് അറിയാമോ എന്ന കാര്യം വാക്സിനേറ്റർ അല്ലെങ്കിൽ മെഡിക്കൽ ഓഫീസർ പരിഗണിക്കണം. ജില്ലാ, ബ്ലോക്ക്, സബ്-ബ്ലോക്ക് തലങ്ങളിലെ പ്രോഗ്രാം മാനേജർമാരുടെ ഒരു ഓറിയന്റേഷൻ സംസ്ഥാനങ്ങൾ നടത്തണം.

ഗർഭിണികൾക്ക് കോവിഡ്-19 വാക്സിൻ ശുപാർശ ചെയ്യുന്നത് എന്തുകൊണ്ട്?

കോവിഡ് ബാധിച്ച ഗർഭിണികൾക്ക് പ്രീ-ടേം ജനനത്തിനുള്ള സാധ്യത കൂടുതലാണ്. കൂടാതെ നവജാത ശിശുവിനും ​ഗർഭിണിക്കും രോഗാവസ്ഥയ്ക്കുള്ള സാധ്യതകൾ കൂടുതലാണ്. മിക്ക ഗർഭിണികളും രോഗലക്ഷണങ്ങൾ കാണിക്കാത്തവരോ നേരിയ രോഗമുള്ളവരോ ആയിരിക്കും. എന്നാൽ അവരുടെ ആരോഗ്യം അതിവേഗം ​ഗുരുതരമാവാനും ​ഗർഭസ്ഥശിശുവിനെ ബാധിക്കാനും സാധ്യതയുണ്ട്. ഇത് തടയാൻ വാക്സിൻ സ്വീകരിക്കൽ പ്രധാനമാണ്. ഗർഭിണികൾക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതലായതിനാൽ ലോകാരോ​ഗ്യ സംഘടനയും വാക്സിൻ എടുക്കാൻ ശുപാർശ ചെയ്യുന്നുണ്ട്.

കോവിഡ്-19 കുഞ്ഞുങ്ങളെ എങ്ങനെ ബാധിക്കുന്നു?

കോവിഡ് 19 ബാധിതരായ അമ്മമാരിൽ ജനിച്ച കുഞ്ഞുങ്ങളിൽ 95 ശതമാനത്തിനും ജനന സമയത്ത് ആരോഗ്യം പ്രശ്നങ്ങൾ ഒന്നുമില്ല. എന്നാൽ, ഗർഭകാലത്തെ കോവിഡ് രോ​ഗബാധ പ്രീ-ടേം ജനനത്തിനും നവജാത ശിശുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. ചില സന്ദർഭങ്ങളിൽ മരണത്തിന് പോലും ഇത് കാരണമാവാം.

ഗർഭിണികൾക്കുള്ള അപകട സാധ്യതകൾ എന്തൊക്കെയാണ്?

പ്രമേഹം, അവയവമാറ്റം നടത്തിയവർ, ശ്വാസകോശ രോ​ഗങ്ങൾ, സിസ്റ്റിക് ഫൈബ്രോസിസ് എന്നിവയുള്ള ഉയർന്ന അപകടസാധ്യതയുള്ള ചില ഗർഭിണികൾക്ക് കോവിഡ് ബാധിതരായാൽ ​ഗുരുതരമാവാനുള്ള സാധ്യതയുണ്ട്. പ്രസവത്തോട് അടുത്ത ഘട്ടത്തിൽ അണുബാധയുണ്ടായാൽ പ്രസവശേഷം ഉടൻ തന്നെ വാക്സിനേഷൻ നൽകണമെന്ന് മാർ​ഗരേഖയിൽ പറയുന്നു.

നിലവിലെ പഠനങ്ങളുടെ അടിസ്ഥാനത്തിൽ, കോവിഡ്-19 വാക്സിനുകൾ ഗർഭിണി​ക്കോ ഗർഭസ്ഥശിശുവിനോ പാർശ്വഫലങ്ങളോ അപകടമോ ഉണ്ടാക്കാൻ സാധ്യതയില്ലെന്ന് വിദ​ഗ്ധർ പറയുന്നു. എല്ലാ മരുന്നുകളെയും പോലെ കോവിഡ് വാക്സിനും ലഘുവായ പാർശ്വഫലങ്ങൾ ഉണ്ടാകാം. വാക്സിൻ ലഭിച്ച ശേഷം, നേരിയ പനി, കുത്തിവച്ച ഭാ​ഗത്തെ വേദന എന്നിവയുണ്ടാകാം. വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് പ്രശ്നമുണ്ടായവർ, അലർജി പോലുള്ള അവസ്ഥകൾ ഉള്ളവർ വാക്സിനേഷൻ ഒഴിവാക്കണം.

ഗർഭാവസ്ഥയിൽ വാക്സിൻ സ്വീകരിക്കുന്നതിന് എന്തെങ്കിലും ദോഷങ്ങളുണ്ടോ?

കോവിഡ് ആദ്യ ഡോസ് വാക്സിൻ, കുത്തിവയ്പ്പ് മരുന്നുകൾ, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയോട് അലർജിയുള്ളവർ വാക്സിനേഷൻ ഒഴിവാക്കണം. കൂടാതെ, വിപരീത ഫലുമണ്ടാകുമെന്നതിനാൽ കോവിഡ് സ്ഥിരീകരിച്ചവർ 12 ആഴ്ചയും വരെയും കോവിഡ് മുക്തരായവർ 4 മുതൽ 8 ആഴ്ച വരെയും വാക്സിനേഷൻ സ്വീകരിക്കരുത്.

ഏതെല്ലാം രാജ്യങ്ങൾ ഗർഭിണികൾക്ക് വാക്സിനേഷൻ നൽകുന്നു?

ഓസ്‌ട്രേലിയ, കാനഡ, ഇസ്രായേൽ, സിംഗപ്പൂർ, യുണൈറ്റഡ് കിങ്ഡം, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ ഗർഭിണികൾക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകുന്നുണ്ട്.

First published:

Tags: Covid 19, Covid 19 Vaccination, Covid vaccine, Pregnancy