റെയില്‍ടെല്‍ (RailTel) ഇന്ത്യയിലെ 6,000ത്തിലധികം റെയില്‍വേ സ്റ്റേഷനുകളില്‍ (Railway Stations) അതിവേഗ വൈഫൈ ഇന്റര്‍നെറ്റ് (High Speed Internet) സ്ഥാപിച്ചിട്ടുണ്ട്. കൃത്യമായി പറഞ്ഞാൽ 6,100 സ്റ്റേഷനുകളില്‍ നിലവിൽ റെയിൽടെൽ വൈഫൈ ഇന്റര്‍നെറ്റ് സൗകര്യം നൽകുന്നുണ്ട്. ഈ പട്ടികയിൽ ഏറ്റവും ഒടുവിൽ ഇടംപിടിച്ച സ്റ്റേഷന് ഉത്തര്‍പ്രദേശിലെ റായ്ബറേലി മേഖലയിലെ ഉബര്നി റെയില്‍വേ സ്റ്റേഷനാണ്. ഗൂഗിളിന്റെ (Google) സാങ്കേതിക വൈദഗ്ദ്ധ്യം ഉപയോഗിച്ചാണ് റെയില്‍ടെല്‍ രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളിലുടനീളം വൈഫൈ സജ്ജീകരിച്ചത്. എന്നാല്‍, ഗൂഗിള്‍ ഒടുവില്‍ ഈ പങ്കാളിത്തത്തില്‍ നിന്ന് പിന്മാറുകയും റെയില്‍ടെൽ സ്വന്തം നിലയ്ക്ക് ഈ സേവനങ്ങൾ നൽകാൻ ആരംഭിക്കുകയും ചെയ്തു.
ഹാള്‍ട്ട് സ്റ്റേഷനുകള്‍ ഒഴികെ ഇന്ത്യയിലെ മിക്കവാറും എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും വൈഫൈ സേവനം ഒരുക്കുന്നതിന്റെ വക്കിലാണ് തങ്ങളെന്ന് റെയില്‍ടെല്‍ അറിയിക്കുന്നു. വൈഫൈ സേവനം നല്കുന്ന 6,100 സ്റ്റേഷനുകളില്‍ 5,000ത്തിലധികം സ്റ്റേഷനുകളും രാജ്യത്തിന്റെ ഗ്രാമപ്രദേശങ്ങളിലാണെന്നും റെയില്‍ടെല്‍ അറിയിച്ചു.
2015ലാണ് റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സേവനം ലഭ്യമാക്കുക എന്ന ആശയം രൂപപ്പെടുന്നത്. ഈ സേവനം സംബന്ധിച്ച് മാർക്കറ്റിങ്, കമ്മ്യൂണിക്കേഷൻ മേഖലകളിൽ ഗൂഗിളിന് വലിയ പങ്ക് വഹിക്കാൻ കഴിഞ്ഞ സമയമായിരുന്നു അത്. ഒരു തടസ്സവുമില്ലാതെ ഈ സേവനം ഉപയോക്താക്കള്‍ക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തിക്കൊണ്ട് റെയില്‍ടെലും തിരശ്ശീലയ്ക്ക് പിന്നിൽ നിർണായക പങ്ക് വഹിച്ചു.
Also Read-
വാട്ട്സ്ആപ്പ് പേയുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് എങ്ങനെ മാറ്റാം? അറിയേണ്ട കാര്യങ്ങൾ
രാജ്യത്തിന്റെ ഗ്രാമപ്രദേശങ്ങളില്‍ പ്രീമിയം ഇന്റര്‍നെറ്റ് സേവനം ഇപ്പോഴും പരിമിതമാണ്. എന്നാല്‍ മൊബൈല്‍ കണക്റ്റിവിറ്റി ഇക്കാലത്ത് വളരെ ശക്തമായി മാറിയിട്ടുണ്ട്. ജനങ്ങൾക്ക് പൊതുവിൽ താങ്ങാനാവുന്ന വിലയിൽ അത് ലഭ്യവുമാണ്. അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിയതോടെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഫേസ്ബുക്ക്, വാട്സ്ആപ്പ് പോലുള്ള പ്ലാറ്റ്ഫോമുകളില്‍ സൈന്‍ അപ്പ് ചെയ്യാനും മൊബൈലിലേക്ക് കണ്ടന്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും കഴിഞ്ഞു.
Also Read-
മൊബൈൽ സിം കാർഡുകളുടെ സവിശേഷമായ ആകൃതിയ്ക്ക് പിന്നിലെന്ത്? അറിയേണ്ടതെല്ലാം
സൗജന്യ വൈഫൈ സേവനം ഉപയോഗിക്കുന്നതിന് ആദ്യം നിങ്ങളുടെ ഫോണിൽ റെയില്‍ടെല്‍ വൈഫൈ നെറ്റ്വര്‍ക്ക് കണ്ടെത്തണം. തുടർന്ന് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് നെറ്റ്വർക്കിൽ സൈന്‍ അപ്പ് ചെയ്യുക. ഒടിപി വഴി ഇന്റർനെറ്റ് കണക്ഷന് സജീവമാക്കാം. റെയില്‍വേ സ്റ്റേഷനിലെ ഉപയോക്താക്കളുടെ എണ്ണത്തെ ആശ്രയിച്ച് ഒരു ഉപകരണത്തിൽ 20 Mbps വരെ വേഗത നല്കാന് ഈ വൈഫൈ നെറ്റ്വര്ക്കിന് കഴിയും. എന്നാൽ സൗജന്യ വൈഫൈ നെറ്റ്വര്‍ക്ക് ഉപയോഗിച്ച് കണ്ടന്റുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിൽ പ്രത്യേക പരിധി നിശ്ചയിച്ചിട്ടുണ്ട്.
അടുത്തിടെ, ഐആര്‍സിടിസി അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ യാത്രക്കാര്‍ക്കായി പുതിയ മാറ്റങ്ങള്‍ ഇന്ത്യന്‍ റെയില്‍വേ പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ ഐആര്‍സിടിസി അക്കൗണ്ടില്‍ ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് മാസത്തില്‍ 12 ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് റെയില്‍വേ വാഗ്ദാനം ചെയ്യുന്നത്. നേരത്തെ ഒരു അക്കൗണ്ടില്‍ നിന്ന് ഓരോ മാസവും ആറ് ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാനേ ഐആര്‍സിടിസി അനുവദിച്ചിരുന്നുള്ളൂ. ടിക്കറ്റ് ബുക്കിങ്ങിന്റെ പരിധി ഇരട്ടിയാക്കുന്നതിനുള്ള മുഴുവന്‍ പ്രക്രിയയും ഓണ്‍ലൈനായി തന്നെ ചെയ്യാനാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.