ഇന്റർഫേസ് /വാർത്ത /Explained / Rajanikanth | രജനീകാന്ത് ഫാൽക്കെ അവാർഡ് സമർപ്പിച്ചത് ഉറ്റതോഴൻ രാജ്‍ ബഹദൂറിന്; ആരാണ് രാജ് ബഹദൂർ? രജനിയുമായുള്ള ബന്ധമെന്ത്?

Rajanikanth | രജനീകാന്ത് ഫാൽക്കെ അവാർഡ് സമർപ്പിച്ചത് ഉറ്റതോഴൻ രാജ്‍ ബഹദൂറിന്; ആരാണ് രാജ് ബഹദൂർ? രജനിയുമായുള്ള ബന്ധമെന്ത്?

രാജ് ബഹദൂറുമൊത്ത് രജനികാന്ത്

രാജ് ബഹദൂറുമൊത്ത് രജനികാന്ത്

ബാംഗ്ലൂര്‍ മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബി എം ടി സി) ഡ്രൈവറായി വിരമിച്ച ചാമരാജ്‌പേട്ട സ്വദേശിയാണ് 76 കാരനായ പി രാജ് ബഹദൂര്‍

  • Share this:

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ (National Film Awards) കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയില്‍ വെച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു (Vice President Venkiah Naidu) വിതരണം ചെയ്തത്. ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌ക്കാരമായ ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌ക്കാരം (Dada Saheb Phalke Award) ലഭിച്ചത് തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനായിരുന്നു (Rajinikanth).

ഇന്ത്യന്‍ ചലച്ചിത്ര രംഗത്തിന് നല്‍കിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സര്‍ക്കാര്‍ സമ്മാനിക്കുന്ന പുരസ്‌കാരമാണ് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ 100-ാമത് ജന്മവാര്‍ഷികമായ 1969 മുതലാണ് ഈ പുരസ്‌കാരം നല്‍കിത്തുടങ്ങിയത്.ശിവാജി ഗണേശനു ശേഷം ഒരു ദക്ഷിണേന്ത്യന്‍ താരത്തിന് ഈ പുരസ്‌കാരം വീണ്ടും ലഭിക്കുന്നു എന്ന പ്രത്യേകത കൂടി ഇത്തവണയുണ്ട്.

പുരസ്‌കാരം സ്വീകരിച്ചുകൊണ്ട്, തന്നെ സിനിമയിലെത്തിച്ച തമിഴ് സംവിധായകന്‍ കെ ബാലചന്ദറിനും കര്‍ണാടകയില്‍ തന്റെ സഹപ്രവര്‍ത്തകനായിരുന്ന ബസ് ഡ്രൈവര്‍ രാജ് ബഹദൂറിനും സഹോദരന്‍ സത്യനാരായണ റാവുവിനും രജനീകാന്ത് നന്ദി പറഞ്ഞിരുന്നു. "ഈ പുരസ്‌കാരം എന്റെ ഗുരുതുല്യനായ കെ ബാലചന്ദര്‍ സാറിന് ഞാൻ സമര്‍പ്പിക്കുന്നു. ഈ നിമിഷം ഞാന്‍ ഏറെ നന്ദിയോടെ അദ്ദേഹത്തെ ഓര്‍ക്കുന്നു. എന്റെ സഹോദരന്‍ സത്യനാരായണനെയും ഓര്‍ക്കുന്നു. അച്ഛന്റെ സ്ഥാനത്ത് നിന്ന് എന്നെ പഠിപ്പിച്ചതും മൂല്യബോധത്തോടെയും ആത്മീയതയോടെയും വളര്‍ത്തിയതും അദ്ദേഹമാണ്", രജനീകാന്ത് പറഞ്ഞു.

''കര്‍ണാടകയില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് ഡ്രൈവറായിരുന്ന എന്റെ സഹപ്രവര്‍ത്തകനായിരുന്നു രാജ് ബഹദൂര്‍ (Raj Bahadur). ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന സമയത്ത് എന്റെ ഉള്ളിലെ കലാവാസന തിരിച്ചറിഞ്ഞ് എന്നെ സിനിമയില്‍ അഭിനയിക്കാന്‍ പ്രേരിപ്പിച്ചത് അവനാണ്'', പുരസ്‌ക്കാരം സ്വീകരിച്ചു കൊണ്ടുള്ള രജനിയുടെ വാക്കുകളാണിവ.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആരാണ് രാജ് ബഹദൂര്‍ ?

ബാംഗ്ലൂര്‍ മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബി എം ടി സി) ഡ്രൈവറായി വിരമിച്ച ചാമരാജ്‌പേട്ട സ്വദേശിയാണ് 76 കാരനായ പി രാജ് ബഹദൂര്‍. രജനീകാന്തിന് അവാര്‍ഡ് ലഭിച്ച് മിനിറ്റുകള്‍ക്ക് ശേഷം അങ്ങ് കര്‍ണാടകയില്‍ സംഭവിച്ചതെന്തെന്നോ? രാജ് ബഹദൂര്‍ തന്റെ പെട്ടി പാക്ക് ചെയ്ത് ചെന്നൈയിലേക്ക് യാത്ര പുറപ്പെട്ടു, തന്റെ ഉറ്റസുഹൃത്തിനെ കാണാന്‍.

'അദ്ദേഹത്തിന് അഭിമാനകരമായ അവാര്‍ഡ് ലഭിച്ച അവസരത്തില്‍ തന്റെ പേര് എടുത്തു പറയേണ്ട ആവശ്യമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സത്യസന്ധതയും വിനയവും അദ്ദേഹം തന്റെ പഴയ കാലവും ഇതുവരെ യാത്ര ചെയ്ത പാതയും മറന്നില്ല എന്നതിന്റെ സൂചനയാണ് അവാർഡ് വാങ്ങിക്കൊണ്ട് നടത്തിയ പ്രസംഗത്തിലെ വാക്കുകൾ. തന്നെ പ്രോത്സാഹിപ്പിച്ച സുഹൃത്തുക്കളെയൊന്നും അദ്ദേഹം ഒരിക്കലും മറക്കില്ല. ബന്ധുക്കളെ കാണാനായി ബംഗളൂരുവില്‍ വരുമ്പോഴെല്ലാം സുഹൃത്തുക്കളെ കാണുകയെന്ന പതിവ് അദ്ദേഹം തെറ്റിക്കാറില്ലായിരുന്നു'', രാജ് ബഹദൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തങ്ങളുടെ നീണ്ട 50 വര്‍ഷത്തെ സുഹൃത്ബന്ധത്തിന്റെ കഥ പറയാനും അദ്ദേഹം മറന്നില്ല. 1970 ലാണ് രാജ് ബഹദൂര്‍ രജനീകാന്തിനെ ആദ്യമായി കാണുന്നത്. ആ സമയത്ത് താന്‍ ബസ് ഡ്രൈവറും രജനി ബസ് കണ്ടക്ടറുമായിരുന്നു എന്ന് അദ്ദേഹം ഓർക്കുന്നു. "രജനി ഒരിക്കലും മറ്റുള്ള കണ്ടക്ടര്‍മാരെ പോലെ ആയിരുന്നില്ല. ബസ് തൊഴിലാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന നാടകങ്ങളിലെല്ലാം രജനി മുഖ്യ കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചിരുന്നത്. എന്നാല്‍ രജനി ഒരിക്കലും ഒരു നടനാകണമെന്ന് സ്വപ്‌നം പോലും കണ്ടിരുന്നില്ല. ഒരിക്കല്‍ ഞാനാണ് നിനക്ക് അഭിനയത്തില്‍ കഴിവുണ്ട്, സിനിമയില്‍ നല്ലൊരു നടനാകാന്‍ നിനക്ക് കഴിയും എന്നൊക്കെ രജനിയോട് പറഞ്ഞത്. എന്നാല്‍ രജനി അതൊന്നും ചെവിക്കൊണ്ടില്ല. പിന്നീട് തന്റെ നിരന്തരമായ നിര്‍ബന്ധം കൊണ്ടാണ് രജനിയെ മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്", അഭിമാനം സ്ഫുരിക്കുന്ന വാക്കുകളോടെ ആത്മമിത്രത്തെക്കുറിച്ച് ബഹദൂർ പറയുന്നു.

അങ്ങനെയിരിക്കെയാണ് പ്രശസ്ത തമിഴ് സംവിധായകന്‍ കെ ബാലചന്ദര്‍ മുഖ്യ അതിഥിയായുള്ള ഒരു പരിപാടിയില്‍ സംഘടിപ്പിച്ച നാടകത്തില്‍ രജനി അഭിനയിച്ചത്. "ഒരു ദിവസം രജനി എന്നെ കാണാനായി ബംഗളൂരുവിലേക്ക് വരികയും ബാലചന്ദര്‍ സര്‍ തമിഴ് പഠിക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന് പറയുകയും ചെയ്തു. എന്നാല്‍ മറ്റൊന്നും അദ്ദേഹം പറഞ്ഞില്ല. ഇത്രയും വലിയ ഒരു സംവിധായകന്‍ ഇങ്ങനെ ആവശ്യപ്പെട്ടുവെങ്കില്‍ നിര്‍ബന്ധമായും തമിഴ് പഠിക്കണമെന്ന് ഞാന്‍ രജനിയോട് പറഞ്ഞു. എനിക്ക് തമിഴ് അറിയാവുന്നതുകൊണ്ട്, ആ നിമിഷം മുതല്‍ ഞങ്ങള്‍ തമിഴില്‍ മാത്രം സംസാരിക്കാന്‍ തുടങ്ങി. രണ്ട് മാസം കൊണ്ട് തന്നെ രജനീകാന്ത് പച്ചവെള്ളം പോലെ തമിഴ് പഠിച്ചു", അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത തവണ രജനി ബാലചന്ദര്‍ സാറിനെ കണ്ടു. തമിഴ് സംസാരിക്കാന്‍ അറിയാമെങ്കില്‍ ഒരു റോള്‍ ഉണ്ടെന്നും ഇല്ലെങ്കില്‍ അവസരം നഷ്ടപ്പെടുമെന്നും അദ്ദേഹം പറയുകയുണ്ടായി. എന്നാല്‍ രജനിയുടെ തമിഴ് കേട്ട് അദ്ദേഹം തന്നെ ഞെട്ടിപ്പോയി. അങ്ങിനെയാണ് 1975 ല്‍ പുറത്തിറങ്ങിയ 'അപൂര്‍വ്വ രാഗങ്ങളി'ല്‍ രജനീകാന്ത് വേഷമിടുന്നത്. അതിനു ശേഷം സംഭവിച്ചതെല്ലാം ചരിത്രം!'', രാജ് ബഹദൂര്‍ പറഞ്ഞു.

2005 ലാണ് രാജ് ബഹദൂര്‍ വിരമിച്ചത്. എന്നാല്‍ രജനിയുമായുള്ള സുഹൃത്ബന്ധം ഇപ്പോഴും പവിത്രമായി കാത്തുസൂക്ഷിക്കുന്നു. രജനികാന്തും ഞാനും തമ്മില്‍ മാത്രമല്ല, അദ്ദേഹവും അദ്ദേഹത്തിന്റെ എല്ലാ സുഹൃത്തുക്കളും തമ്മിലുള്ള സ്‌നേഹവും വാത്സല്യവും പതിറ്റാണ്ടുകളായി മാറ്റമില്ലാതെ തുടരുന്നുണ്ടെന്നും ബഹദൂര്‍ കൂട്ടിച്ചേര്‍ത്തു.

മറ്റ് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍:

മോഹന്‍ലാല്‍ നായകനായ പ്രിയദര്‍ശന്‍ ചിത്രം 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത 'കള്ളനോട്ട'ത്തിന് ലഭിച്ചു. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം മാത്തുകുട്ടി സേവിയര്‍ 'ഹെലന്‍' സിനിമയ്ക്കായി കരസ്ഥമാക്കി. 'ജെല്ലിക്കട്ടി'ലൂടെ മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം ഗിരീഷ് ഗംഗാധരന്‍ സ്വന്തമാക്കി.

മികച്ച നടിക്കുള്ള പുരസ്‌കാരം കങ്കണ റണൗട്ടും മികച്ച നടനുള്ള പുരസ്‌കാരം ധനുഷും മനോജ് ബാജ്‌പേയിയും ഏറ്റുവാങ്ങി. മികച്ച സംവിധായകന്‍ സഞ്ജയ് പൂരണ്‍ സിംഗ് ചൗഹാനാണ്. മികച്ച സഹനടനുള്ള പുരസ്‌കാരം വിജയ് സേതുപതി 'സൂപ്പര്‍ ഡീലക്‌സ്' എന്ന ചിത്രത്തിലെ അഭിനയത്തിന് ഏറ്റുവാങ്ങി.

'എന്റെ തലൈവര്‍ അഭിമാനകരമായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ അതേ വേദിയില്‍ തന്നെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടുക എന്നത് നിര്‍വചിക്കാനാകാത്ത ഒരു നിമിഷമായിരുന്നു. ഈ ബഹുമതി നല്‍കിയ ദേശീയ അവാര്‍ഡ് ജൂറിക്ക് നന്ദി. നിരന്തരമായ പിന്തുണ നല്‍കുന്ന മാധ്യമങ്ങള്‍ക്കും നന്ദി,'' അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് ധനുഷ് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.

First published:

Tags: National Film Awards, Rajanikanth