• HOME
 • »
 • NEWS
 • »
 • explained
 • »
 • S-400 Missile System | ഇന്ത്യയിൽ എസ്-400 വിതരണം ആരംഭിച്ച് റഷ്യ; നൂതന മിസൈൽ സംവിധാനത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

S-400 Missile System | ഇന്ത്യയിൽ എസ്-400 വിതരണം ആരംഭിച്ച് റഷ്യ; നൂതന മിസൈൽ സംവിധാനത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

എസ്-400 മിസൈൽ സംവിധാനങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് തുർക്കിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ സമാനമായ ശിക്ഷാ നടപടികൾ ഇന്ത്യയ്‌ക്കെതിരെ ചുമത്തിയേക്കുമെന്ന ആശങ്കകൾ നിലനിൽക്കുന്നുണ്ട്.

Reuters Photo

Reuters Photo

 • Last Updated :
 • Share this:
  ഇന്ത്യയ്ക്ക് എസ്-400 ഉപരിതല മിസൈൽ സംവിധാനം (S-400 Missile System) വിതരണം ചെയ്യാൻ റഷ്യ ആരംഭിച്ചതായി മുതിർന്ന റഷ്യൻ ഉദ്യോഗസ്ഥൻ അറിയിച്ചു. വിതരണം മുമ്പ് ആസൂത്രണം ചെയ്തതുപോലെ നടക്കുന്നുണ്ടെന്ന് റഷ്യയുടെ ഫെഡറൽ സർവീസ് ഫോർ മിലിട്ടറി-ടെക്നിക്കൽ കോ-ഓപ്പറേഷൻ (FSMTC) ഡയറക്ടർ ദിമിത്രി ഷുഗേവ് സ്പുട്നിക് ന്യൂസിനോട് പറഞ്ഞു.

  കരാറുമായി മുന്നോട്ട് പോകുന്നത് യുഎസ് ഉപരോധത്തിലേക്ക് നയിച്ചേക്കാമെന്ന ട്രംപ് ഭരണകൂടത്തിന്റെ മുന്നറിയിപ്പ് അവഗണിച്ച് 2018 ഒക്ടോബറിൽ, എസ് -400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങളുടെ അഞ്ച് യൂണിറ്റുകൾ വാങ്ങാൻ റഷ്യയുമായി ഇന്ത്യ കരാർ ഒപ്പുവച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള 5 ബില്യൺ ഡോളറിന്റെ കരാറാണിത്. മിസൈൽ സംവിധാനങ്ങൾക്കായി 2019ൽ റഷ്യയ്ക്ക് ഏകദേശം 800 മില്യൺ യുഎസ് ഡോളറിന്റെ ആദ്യ ഗഡു ഇന്ത്യ നൽകിയിരുന്നു.

  മിസൈൽ സംവിധാനത്തെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം:

  അത്യാധുനിക സംവിധാനങ്ങളുള്ള മിസൈൽ സംവിധാനം

  റഷ്യയുടെ ഏറ്റവും നൂതനമായ ദീർഘദൂര ഉപരിതല മിസൈൽ പ്രതിരോധ സംവിധാനമായാണ് എസ്-400 അറിയപ്പെടുന്നത്. നൂറുകണക്കിന് കിലോമീറ്റർ ചുറ്റളവിൽ വിമാനങ്ങൾ, മിസൈലുകൾ, യു‌എ‌വികൾ എന്നിവയുൾപ്പെടെ നിരവധി വസ്തുക്കളെ ഒരേസമയം നിരീക്ഷിക്കാനും അവയെ നിർവീര്യമാക്കുന്നതിന് ഉചിതമായ മിസൈലുകൾ വിക്ഷേപിക്കാനും ഇതിന് കഴിയും.

  1000 കിലോമീറ്റർ ദൂരത്തിൽ നിന്ന് തന്നെ ആക്രമിക്കാനെത്തുന്ന മിസൈലുകളെ കണ്ടെത്താനും ഒരേസമയം തന്നെ നിരവധി വസ്തുക്കളെ ട്രാക്ക് ചെയ്യാനും മിസൈൽ സംവിധാനങ്ങളെ നിർവീര്യമാക്കാനും കഴിയുന്ന റഡാറുകൾ എസ്-400നിൽ ഉണ്ടെന്ന് ദി ഹിന്ദു റിപ്പോർട്ട് വ്യക്തമാക്കുന്നു.

  ബോംബറുകൾ, ഇലക്ട്രോണിക് യുദ്ധത്തിന് ഉപയോഗിക്കുന്ന വിമാനങ്ങൾ, രഹസ്യാന്വേഷണ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ നിരവധി വസ്തുക്കൾ കണ്ടെത്തുന്നതിനും നശിപ്പിക്കുന്നതിനുമാണ് എസ്-400 രൂപകൽപ്പന ചെയ്തിരിക്കുന്നത്.

  വിന്യസിക്കുന്നത് എവിടെ?

  എസ്-400 മിസൈൽ പ്രതിരോധ സംവിധാനത്തിൽ നാല് വ്യത്യസ്ത മിസൈലുകളാണുള്ളത്. അവയ്ക്ക് ശത്രുവിമാനങ്ങൾ, മിസൈലുകൾ എന്നിവ വ്യത്യസ്ത ദൂരത്തിൽ നിന്ന് നേരിടാൻ കഴിയും. അതായത്, 400 കിലോമീറ്റർ, 250 കിലോമീറ്റർ, 120 കിലോമീറ്റർ, ഹ്രസ്വദൂരമായ 40 കിലോമീറ്റർ എന്നിങ്ങനെയുള്ള ദൂരപരിധികളിൽ ആക്രമണത്തെ നേരിടാൻ കഴിയും. രാജ്യത്തിനകത്ത് തന്നെ സൈനികർക്ക് പരിശീലനം നൽകിയ ശേഷം കിഴക്കൻ അതിർത്തികളിലായിരിക്കും വ്യോമസേന സംവിധാനം വിന്യസിക്കുകയെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

  എന്താണ് കാറ്റ്‌സ (CAATSA)?

  യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ‘അമേരിക്കയുടെ എതിരാളികളെ ഉപരോധത്തിലൂടെ നേരിടാനുള്ള നിയമം’ (Countering America’s Adversaries Through Sanctions Act) നടപ്പിലാക്കിയിരുന്നു. ഇതുപ്രകാരം ഇറാൻ, റഷ്യ, ഉത്തര കൊറിയ എന്നീ രാജ്യങ്ങൾക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.

  2014ൽ റഷ്യ ക്രിമിയ പിടിച്ചടക്കിയതിനും 2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടപെട്ടതിനുമുള്ള പ്രതിഷേധ നടപടിയായി റഷ്യയിൽ നിന്ന് പ്രധാന പ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്ക് ഉപരോധം ഏർപ്പെടുത്താൻ രാജ്യത്തെ അധികാരപ്പെടുത്തുന്ന കടുത്ത യുഎസ് നിയമമാണ് CAATSA. റഷ്യയുടെ പ്രതിരോധ, രഹസ്യാന്വേഷണ മേഖലകളെ ലക്ഷ്യം വച്ചുള്ള ഈ ഉപരോധം ലോകമെമ്പാടുമുള്ള രാജ്യങ്ങൾ റഷ്യൻ ആയുധങ്ങൾ വാങ്ങുന്നത് നിരുത്സാഹപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന നിയമമാണ്.

  ഇന്ത്യയ്ക്കും അമേരിക്ക ഉപരോധം ഏർപ്പെടുത്തുമോ?

  എസ്-400 മിസൈൽ സംവിധാനങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് തുർക്കിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ സമാനമായ ശിക്ഷാ നടപടികൾ ഇന്ത്യയ്‌ക്കെതിരെ ചുമത്തിയേക്കുമെന്ന ആശങ്കകൾ നിലനിൽക്കുന്നുണ്ട്. എന്നാൽ റഷ്യയിൽ നിന്ന് എസ്-400 മിസൈൽ സംവിധാനം വാങ്ങിയതിന് ഇന്ത്യയ്‌ക്കെതിരെ നടപടി സ്വീകരിക്കരുതെന്ന് രണ്ട് ശക്തരായ യുഎസ് സെനറ്റർമാർ കഴിഞ്ഞ മാസം പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടിരുന്നു. ബൈഡന് അയച്ച കത്തിൽ, ഡെമോക്രാറ്റിക് പാർട്ടിയുടെ മാർക്ക് വാർണറും റിപ്പബ്ലിക്കൻ പാർട്ടിയുടെ ജോൺ കോർണിനും CAATSA പ്രകാരം നടപടി സ്വീകരിക്കാതെ ഇന്ത്യയ്ക്ക് ഇളവ് നൽകണമെന്ന് പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു.
  Published by:Naveen
  First published: