• HOME
 • »
 • NEWS
 • »
 • explained
 • »
 • Ukraine - Russia | കിഴക്കൻ യുക്രൈനിലെ വിമത പ്രദേശങ്ങൾ റഷ്യയുമായി കൂടുതൽ അടുത്തത് എങ്ങനെ?

Ukraine - Russia | കിഴക്കൻ യുക്രൈനിലെ വിമത പ്രദേശങ്ങൾ റഷ്യയുമായി കൂടുതൽ അടുത്തത് എങ്ങനെ?

കിഴക്കൻ യുക്രൈനിലെ ഡോൺബാസ് മേഖലയുടെ നിയന്ത്രണത്തിലുള്ള റഷ്യൻ അനുകൂല വിഘടനവാദികളുമായി മോസ്കോ അടുത്ത ബന്ധം വളർത്തിയെടുത്തിട്ടുണ്ട്

Image : AP Photo

Image : AP Photo

 • Share this:
  കിഴക്കൻ യുക്രൈനിലെ (Eastern Ukraine) ഡോൺബാസ് മേഖലയുടെ നിയന്ത്രണത്തിലുള്ള റഷ്യൻ (Russian) അനുകൂല വിഘടനവാദികളുമായി മോസ്കോ (Moscow) അടുത്ത ബന്ധം വളർത്തിയെടുത്തിട്ടുണ്ട്. റഷ്യൻ പിന്തുണയോടെ യുക്രൈൻ സൈന്യവുമായി ഏറ്റുമുട്ടി കൊണ്ടിരിക്കുന്ന സ്വയം പ്രഖ്യാപിത ഡൊനെറ്റ്‌സ്‌ക് പീപ്പിൾസ് റിപ്പബ്ലിക്കിന്റെയും ഡോൺബാസിലെ ലുഗാൻസ്ക് പീപ്പിൾസ് റിപ്പബ്ലിക്കിന്റെയും സ്വാതന്ത്ര്യം അംഗീകരിക്കുന്നത് റഷ്യ പരിഗണിക്കണമെന്ന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ (Vladimir Putin) തിങ്കളാഴ്ച തന്റെ സുരക്ഷാ കൗൺസിലിനോട് പറഞ്ഞു.

  ഇത് സംബന്ധിച്ച് തിങ്കളാഴ്ച തീരുമാനമെടുക്കുമെന്ന് പുടിൻ പറഞ്ഞു. എന്നാൽ അത് എന്തായിരിക്കുമെന്ന് പറയാതെ പുടിൻ തന്റെ വാക്കുകൾ അവസാനിപ്പിച്ചു. യുക്രൈനിന്റെ (Ukraine) അതിർത്തിക്കടുത്ത് ഏകദേശം 150,000 സൈനികരെ വിന്യസിച്ചിരിക്കുന്ന റഷ്യ ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന പാശ്ചാത്യ ഭയം വർദ്ധിക്കുന്നതിനിടയിലാണ് ഇത്തരം ചില പ്രഖ്യാപനങ്ങൾ.

  റഷ്യൻ ഭാഷ സംസാരിക്കുന്ന രണ്ട് പ്രദേശങ്ങളുടെയും സ്വാതന്ത്ര്യം അംഗീകരിക്കാൻ റഷ്യൻ സ്റ്റേറ്റ് ഡുമ ഇതിനകം തന്നെ പുടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിരോധ മന്ത്രി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും തിങ്കളാഴ്ച നടപടിയെടുക്കാൻ പുടിനോട് ആവശ്യപ്പെട്ടിരുന്നു. ഡോൺബാസിലെ സുരക്ഷാ സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്നും മേഖലയിൽ നിന്ന് 70,000 പേരെ റഷ്യയിലേക്ക് മാറ്റിപ്പാർപ്പിച്ചതായും ഫെഡറൽ സെക്യൂരിറ്റി സർവീസ് മേധാവി പറഞ്ഞു.

  2014ൽ സംഘർഷം ആരംഭിച്ചതിന് ശേഷം കിഴക്കൻ യുക്രൈനിലെ ഈ രണ്ട് വിമത പ്രദേശങ്ങൾ റഷ്യയോട് എങ്ങനെ കൂടുതൽ അടുത്തു എന്നതിന്റെ ചില ഉദാഹരണങ്ങൾ നോക്കാം..

  റഷ്യൻ പാസ്പോർട്ട്
  2019 ഏപ്രിലിൽ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഡോൺബാസ് നിവാസികൾക്കായി പൗരത്വത്തിന് അപേക്ഷിക്കാൻ അവസരം നൽകിയിരുന്നു. ഇതനുസരിച്ച് ഇവിടെയുള്ളവർക്ക് മോസ്കോ 800,000 റഷ്യൻ പാസ്‌പോർട്ടുകൾ നൽകിയതായി മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ് തിങ്കളാഴ്ച പറഞ്ഞു.

  ഈ നടപടി യുക്രേനിയൻ പരമാധികാരത്തിനെതിരായ ആക്രമണമാണെന്ന് അന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കിയിരുന്നു. കൂടാതെ മോസ്കോയ്‌ക്കെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തണമെന്ന് യുക്രേനിയൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി ആവശ്യപ്പെട്ടു. പ്രദേശം കൂട്ടിച്ചേർക്കുന്നതിനുള്ള മോസ്കോയുടെ ആദ്യ പടിയായി ഈ നടപടിയെ 2021 മെയ് മാസത്തിൽ സെലെൻസ്കി വിശേഷിപ്പിച്ചിരുന്നു.

  സാമ്പത്തിക പിന്തുണ
  കിഴക്കൻ യുക്രെയ്നിലെ രണ്ട് വിമത മേഖലകളിൽ റഷ്യ നേരിട്ട് പെൻഷനും ശമ്പളവും നൽകുന്നുണ്ടെന്ന് ഡൊനെറ്റ്സ്ക് പീപ്പിൾസ് റിപ്പബ്ലിക്കിലെ ഒരു മുൻ മുതിർന്ന ഉദ്യോഗസ്ഥൻ 2016ൽ റോയിട്ടേഴ്സിനോട് പറഞ്ഞിരുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രെസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം, വിഘടനവാദികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് പൊതുമേഖലാ വേതനം നൽകുന്നത് കീവ് (യുക്രൈനിന്റെ തലസ്ഥാനം) നിർത്തി. വരുമാനത്തിനായി ഡോൺബാസ് ആശ്രയിക്കുന്ന വലിയ വ്യവസായങ്ങളിൽ ഭൂരിഭാഗവും നിർത്തിവച്ചു. എന്നാൽ വിമത ഭരണകൂടങ്ങൾക്ക് മൂലധനം നൽകുന്നില്ലെന്ന് മോസ്കോയും പറയുന്നു.

  റഷ്യൻ റൂബിൾ, വിദ്യാഭ്യാസം
  രണ്ട് വിമത പ്രദേശങ്ങളും തങ്ങളുടെ ഔദ്യോഗിക കറൻസിയായി റഷ്യൻ റൂബിൾ തിരഞ്ഞെടുത്തു. യുക്രേനിയൻ ഹ്രീവ്നിയ ഉപേക്ഷിച്ചു. യുക്രൈൻ പാഠ്യപദ്ധതി പഠിപ്പിക്കുന്നതിനു പകരം ഈ പ്രദേശങ്ങളിലെ സ്കൂളുകൾ ഇപ്പോൾ റഷ്യൻ ദേശീയ പാഠ്യപദ്ധതിയാണ് പിന്തുടരുന്നത്. 2021 ജൂൺ 12 ഡൊനെറ്റ്സ്ക് പീപ്പിൾസ് റിപ്പബ്ലിക് റഷ്യ ദിനമായി ആചരിച്ചിരുന്നു. സോവിയറ്റ് യൂണിയനിൽ നിന്ന് വേർപിരിഞ്ഞ റഷ്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപന സ്മരണയ്ക്കായി ഈ ദിനം റഷ്യയിൽ ദേശീയ അവധി ദിനമാണ്.

  വ്യാപാര കരാർ
  2021ന്റെ അവസാനത്തിൽ, റഷ്യയ്ക്കും ഡൊനെറ്റ്‌സ്‌ക്, ലുഹാൻസ്ക് പ്രദേശങ്ങളുടെ ഭാഗങ്ങൾക്കുമിടയിലുള്ള ചരക്കുകളുടെ കയറ്റുമതിയിലും ഇറക്കുമതിയിലുമുള്ള നിയന്ത്രണങ്ങൾ നീക്കാൻ പുടിൻ റഷ്യൻ സർക്കാരിനോട് ഉത്തരവിട്ടിരുന്നു. ഈ പ്രദേശങ്ങളും യുക്രൈനും മറ്റ് ഭാഗങ്ങളും തമ്മിലുള്ള സാമ്പത്തിക തടസ്സം പരിഹരിക്കുന്നതിനാണ് ഈ നീക്കമെന്നാണ് റഷ്യൻ അധികൃതർ വ്യക്തമാക്കിയത്.

  പുടിന്റെ ഉത്തരവ് "യുക്രൈനിന്റെ ആഭ്യന്തര കാര്യങ്ങളിലെ കടുത്ത ഇടപെടൽ" ആണെന്ന് അറിയിച്ച് റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന് യുക്രൈൻ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചിരുന്നു.

  ഭരണകക്ഷിയ്ക്ക് പിന്തുണ
  പുടിനെ പിന്തുണയ്ക്കുന്ന ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യ, 2021 സെപ്റ്റംബറിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് കിഴക്കൻ യുക്രൈനിൽ മോസ്കോ പിന്തുണയുള്ള വിമത പ്രദേശത്ത് പ്രചാരണം നടത്തിയിരുന്നു.

  "റഷ്യഫിക്കേഷന്റെ" ഒരു രൂപമായി കീവ് ഈ നീക്കത്തെ അവതരിപ്പിച്ചപ്പോൾ, റഷ്യൻ, യുക്രേനിയൻ ദേശീയതയുള്ള ആളുകൾ റഷ്യൻ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് മോസ്കോ വ്യക്തമാക്കി. ഡോൺബാസിലെ റഷ്യൻ വോട്ടർമാർ ഭരണകക്ഷിയെ വൻതോതിൽ പിന്തുണയ്ക്കുന്നുമുണ്ട്.

  കോവിഡ് -19 വാക്സിൻ
  കീവിന്റെ നിരോധനം വകവയ്ക്കാതെ, വിമതരുടെ നിയന്ത്രണത്തിലുള്ള ഡൊനെറ്റ്‌സ്‌കിലേക്ക് കോവിഡിനെതിരെ റഷ്യ സ്‌പുട്‌നിക് V വാക്‌സിൻ വിതരണം ചെയ്യാൻ തുടങ്ങിയതായി ഡൊനെറ്റ്‌സ്കിലെ പ്രാദേശിക അധികൃതർ 2021 ജനുവരിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ സ്‌പുട്‌നിക് വാക്‌സിൻ വിദേശത്ത് വിപണനം ചെയ്യുന്ന റഷ്യൻ ഡയറക്‌ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (RDIF), ഡൊനെറ്റ്‌സ്‌ക് അല്ലെങ്കിൽ ലുഗാൻസ്‌ക് പ്രദേശങ്ങളിൽ സ്പുട്നിക് വിതരണം ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി.

  വിമതരുടെ നിയന്ത്രണത്തിലുള്ള ഡോണെറ്റ്‌സ്‌ക്, ലുഹാൻസ്‌ക് മേഖലകളിൽ റഷ്യൻ സൈന്യത്തെ വിന്യസിക്കാൻ വഴിയൊരുക്കുന്നതാണ് റഷ്യയുടെ പുതിയ നീക്കത്തിന് പിന്നിൽ. കിഴക്കാൻ മേഖലകളിലേക്ക് റഷ്യൻ സൈന്യത്തിന് വേഗത്തിൽ പ്രവേശിക്കാൻ ഈ നടപടിയിലൂടെ കഴിയുമെന്ന് യുഎസ് അടക്കമുള്ള രാജ്യങ്ങൾ ആശങ്കപ്പെടുന്നു. യുക്രൈൻ പരമാധികരത്തിൻമേൽ കടന്നുകയറി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് റഷ്യ നടത്തിയിരിക്കുന്നതെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതികരിച്ചിരുന്നു. അതേസമയം യുക്രൈന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂറോപ്യൻ യൂണിയനും രംഗത്തെത്തി. യുക്രൈൻ അതിർത്തിയിൽ ഒന്നരലക്ഷത്തോളം സൈനികരെ വിന്യസിച്ചുകൊണ്ട് റഷ്യ കടന്നുകയറ്റത്തിനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് പുതിയ സംഭവ വികാസങ്ങൾ.
  Published by:Naveen
  First published: