• HOME
  • »
  • NEWS
  • »
  • explained
  • »
  • Shehbaz Sharif | പാകിസ്ഥാന് പുതിയ പ്രധാനമന്ത്രി; ലോകം ഉറ്റുനോക്കുന്ന ഷെഹബാസ് ഷെരീഫ് ആരാണ്?

Shehbaz Sharif | പാകിസ്ഥാന് പുതിയ പ്രധാനമന്ത്രി; ലോകം ഉറ്റുനോക്കുന്ന ഷെഹബാസ് ഷെരീഫ് ആരാണ്?

മാ‍ർച്ച് 28ന് ഇമ്രാനെതിരായ അവിശ്വാസ പ്രമേയം കൊണ്ടുവന്നതും ഷെഹബാസ് തന്നെയാണ്.

  • Share this:
പാകിസ്ഥാൻ പ്രധാനമന്ത്രി (Pakistan PM) പദത്തിൽ നിന്ന് ഇമ്രാൻ ഖാൻ (Imran Khan) പടിയിറങ്ങുകയാണ്. പിടിച്ച് നിൽക്കാൻ എല്ലാ തന്ത്രങ്ങളും പയറ്റി നോക്കിയെങ്കിലും മുൻ ദേശീയ ക്രിക്കറ്റ് ടീം നായകൻ കൂടിയായ ഇമ്രാന് ഒടുവിൽ അവിശ്വാസ വോട്ടെടുപ്പിൽ കാലിടറി. പ്രതിപക്ഷ നേതാവ് ഷെഹബാസ് ഷെരീഫാണ് (Shehbaz Sharif) ഇനി പുതിയ പ്രധാനമന്ത്രിയാവാൻ പോവുന്നത്. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിൻെറ സഹോദരനാണ് ഷെഹബാസ്. തിങ്കളാഴ്ച എതിരില്ലാതെയാണ് ദേശീയ അസംബ്ലിയിൽ ഷെഹബാസ് പാകിസ്ഥാൻെറ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. പിടിഐ അംഗങ്ങൾ അസംബ്ലിയിൽ നിന്ന് വിട്ട് നിൽക്കുകയും രാജിവെക്കുകയും ചെയ്തു.

ആഗസ്ത് 2018 മുതൽ പാകിസ്ഥാനിലെ പ്രതിപക്ഷ നേതാവാണ് ഷെഹബാസ് ഷെരീഫ്. പാകിസ്ഥാൻ മുസ്ലിം ലീഗ് എൻ (PML-N) പ്രസിഡൻറായ ഷെഹബാസ് മുമ്പ് പാകിസ്ഥാനിലെ പഞ്ചാബിൽ മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്നു. പഞ്ചാബ് പ്രവിശ്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നേതാവെന്ന നേട്ടവും അദ്ദേഹത്തിൻെറ പേരിലാണ്. പഞ്ചാബ് പ്രൊവിൻഷ്യൽ അസംബ്ലിയിലേക്ക് 1988ലാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത്. 1990ൽ ദേശീയ അസംബ്ലിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1993ൽ വീണ്ടും പഞ്ചാബ് പ്രൊവിൻഷ്യൽ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും അവിടുത്തെ പ്രതിപക്ഷ നേതാവാകുകയും ചെയ്തു. 1997ലാണ് ആദ്യമായി മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്.

1999ൽ പാകിസ്ഥാനിൽ പട്ടാള അട്ടിമറിയുണ്ടായതിനെ തുട‍ർന്ന് ഷെഹബാസ് ഷെരീഫും കുടുംബവം രാജ്യം വിട്ടിരുന്നു. വ‍ർഷങ്ങളോളം സൗദി അറേബ്യയിലാണ് ഇവർ കഴിഞ്ഞത്. പിന്നീട് 2007ലാണ് പാകിസ്ഥാനിൽ തിരിച്ചെത്തുന്നത്. 2008ലെ തെരഞ്ഞെടുപ്പിൽ പഞ്ചാബ് പ്രവിശ്യയിൽ പിഎംഎൽ-എൻ വിജയം നേടിയതോടെ വീണ്ടും മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തു. 2013ൽ മൂന്നാം തവണയും അദ്ദേഹം മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 2018ലെ പൊതുതെരഞ്ഞെടുപ്പിൽ പാ‍ർട്ടി പരാജയപ്പെടുന്നത് വരെ അദ്ദേഹം മുഖ്യമന്ത്രിയായി തുടരുകയും ചെയ്തു. സഹോദരൻ നവാസ് ഷെരീഫിന് പാ‍ർട്ടി ചുമതലകളിൽ നിന്ന് മാറിനിൽക്കേണ്ട സാഹചര്യം വന്നതോടെ ഷെഹബാസ് പിഎംഎൽ-എൻ പ്രസിഡൻറ് സ്ഥാനവും ഏറ്റെടുത്തു. മാ‍ർച്ച് 28ന് ഇമ്രാനെതിരായ അവിശ്വാസ പ്രമേയം കൊണ്ടുവന്നതും ഷെഹബാസ് തന്നെയാണ്.

കള്ളപ്പണക്കേസ്

2019 ഡിസംബറിൽ ഷെഹബാസിൻെറയും മകൻ ഹംസ ഷെരീഫിൻെറയും 23 വസ്തുവകകൾ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ പിടിച്ചെടുക്കുകയുണ്ടായി. കള്ളപ്പണം വെളുപ്പിച്ചുവെന്നതായിരുന്നു ഇവ‍ർക്കെതിരെ ഉണ്ടായ ആരോപണം. 2020 സെപ്തംബറിൽ കേസിൽ ഷെഹബാസ് അറസ്റ്റിലാവുകയും ചെയ്തു. കഴിഞ്ഞ വ‍ർഷം ഏപ്രിലിലിൽ ലാഹോ‍ർ ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണവും കോടതി നടപടികളും ഇനിയും നടക്കാൻ ബാക്കിയിരിക്കുകയാണ്.

ഇമ്രാൻ ഖാനെതിരെ ഒറ്റക്കെട്ടായി പ്രതിപക്ഷം

പാകിസ്ഥാനിലെ പ്രതിപക്ഷ പാ‍ർട്ടികളെല്ലാം ചേർന്ന് ഒറ്റക്കെട്ടായാണ് ഇമ്രാൻ ഖാനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഇടതുപാ‍ർട്ടികളും മതത്തോട് തീവ്രമായി ചേ‍ർന്ന് നിൽക്കുന്ന പാർട്ടികളുമെല്ലാം ഇമ്രാനെതിരായ നീക്കത്തിൽ ഒത്തൊരുമിച്ചിട്ടുണ്ട്. പ്രതിപക്ഷത്തെ ഇങ്ങനെ ഒറ്റക്കെട്ടായി ചേ‍ർത്ത് നിർത്തിയത് ഷെഹബാസ് ഷെരീഫിൻെറ നേതൃത്വ മികവ് തന്നെയായിരുന്നു. 342 സീറ്റുകളുള്ള പാക് പാ‍ർലമെൻറിൽ 172 വോട്ടുകളാണ് ഐക്യ പ്രതിപക്ഷത്തിന് ഇമ്രാനെതിരായ അവിശ്വാസ പ്രമേയം വിജയിക്കാൻ വേണ്ടിയിരുന്നത്. ഇമ്രാനെതിരായ അവിശ്വാസം വിജയിച്ചതോടെ പാകിസ്ഥാനിൽ പുതിയൊരു യുഗത്തിന് തുടക്കമാവുകയാണ്. ഇന്ത്യയുമായി അടുപ്പം സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്ന നേതാവാണ് ഷെഹബാസെന്ന് റിപ്പോ‍ർട്ടുകളുണ്ട്.
Published by:Jayashankar Av
First published: