• HOME
  • »
  • NEWS
  • »
  • explained
  • »
  • Changes From November 1 | LPG വില മുതൽ SBIയുടെ പുതിയ സേവനം വരെ; നവംബ‍‍ർ 1 മുതൽ നിലവിൽ വരുന്ന ആറ് സുപ്രധാന മാറ്റങ്ങൾ

Changes From November 1 | LPG വില മുതൽ SBIയുടെ പുതിയ സേവനം വരെ; നവംബ‍‍ർ 1 മുതൽ നിലവിൽ വരുന്ന ആറ് സുപ്രധാന മാറ്റങ്ങൾ

ഇന്ത്യയിലുടനീളമുള്ള സാധാരണക്കാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഇത്തരത്തിലുള്ള ചില പുതിയ നിയമങ്ങളെക്കുറിച്ച് അറിയാം

SBI

SBI

  • Share this:
    ഇന്ന് മുതൽ അതായത് നവംബർ ഒന്ന് മുതൽ നിങ്ങളുടെ ദൈനംദിന കാര്യങ്ങളുമായി ബന്ധപ്പെട്ട് പല മേഖലകളിലായി നടപ്പിലാക്കിയ ചില സുപ്രധാന മാറ്റങ്ങളെക്കുറിച്ച് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. 2021 ന്റെ അവസാന മാസങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത്. ഇതിനിടെ ചില പുതിയ നിയമങ്ങൾ വിവിധ സർക്കാർ, സർക്കാരിതര ഏജൻസികൾ നടപ്പിലാക്കുന്നുണ്ട്. ഈ നിയമ മാറ്റങ്ങൾ നിത്യജീവിതത്തിൽ നിങ്ങളെ തീർച്ചയായും ബാധിക്കുന്നവയുമാണ്. ഇന്ത്യയിലുടനീളമുള്ള സാധാരണക്കാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഇത്തരത്തിലുള്ള ചില പുതിയ നിയമങ്ങളെക്കുറിച്ച് അറിയാം.

    ഉദാഹരണത്തിന്, നവംബർ 1 മുതൽ, അതായത് തിങ്കളാഴ്ച മുതൽ, ലൈഫ് സർട്ടിഫിക്കറ്റ് (Life Certificate) സമർപ്പിക്കൽ പ്രക്രിയയിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (State Bank Of India) ഉപഭോക്താക്കൾക്ക് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള പുതിയ ഫീച്ചർ നിലവിൽ വന്നു. മറുവശത്ത്, മറ്റൊരു ബാങ്കായ ബാങ്ക് ഓഫ് ബറോഡ (Bank Of Baroda) പണം പിൻവലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും ഉപഭോക്താക്കളിൽ നിന്ന് സേവന നിരക്ക് ഈടാക്കാൻ തുടങ്ങി. ദീപാവലിക്ക് ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് ഇത്തരത്തിലുള്ള ചില മാറ്റങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ഇത്തരത്തിലുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ച് അറിയാം.

    ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള അവസാന തീയതി
    80 വയസ്സിന് താഴെയുള്ള പെൻഷൻകാർ നവംബർ 1 തിങ്കളാഴ്ച മുതൽ നിങ്ങളുടെ ലൈഫ് സർട്ടിഫിക്കറ്റ് അഥവാ ജീവൻ പ്രമാണം സമർപ്പിക്കാൻ തുടങ്ങാം. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 31 ആണ്. 80 വയസ്സും അതില്‍ കൂടുതലും പ്രായമുള്ള പെന്‍ഷര്‍കാര്‍ ഒക്ടോബര്‍ 1 മുതല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാൻ ആരംഭിച്ചിട്ടുണ്ട്.ലൈഫ് സർട്ടിഫിക്കറ്റ് പെൻഷൻകാർ സമർപ്പിക്കേണ്ട ഒരു പ്രധാന രേഖയാണ്. കാരണം അത് അവർ ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവായാണ് പ്രവർത്തിക്കുന്നത്. പെൻഷൻകാർക്ക് തങ്ങളുടെ പെൻഷൻ തടസ്സമില്ലാതെ തുടർന്നും ലഭിക്കുന്നതിന് ലൈഫ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കേണ്ടത് അത്യന്താപേഷിതമാണ്. പെൻഷൻ ലഭിക്കുന്നവരുടെ മരണശേഷം പെൻഷൻ വിതരണം നിർത്താനും ഇത് സഹായിക്കുന്നു.

    ബാങ്ക് ഓഫ് ബറോഡ (Bank Of Baroda) സേവന നിരക്കുകൾ
    നിങ്ങൾ ബാങ്ക് ഓഫ് ബറോഡ ഉപഭോക്താവാണെങ്കിൽ ഇക്കാര്യം നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. ബാങ്ക് ഓഫ് ബറോഡ നവംബർ 1 മുതൽ ബാങ്കിംഗ് സേവനങ്ങൾക്ക് സ്പെഷ്യൽ ഫീസ് ഈടാക്കാൻ തുടങ്ങി. അതായത് വായ്പ എടുക്കുന്നതിന് അക്കൗണ്ട് ഉടമകൾ 150 രൂപ സേവന ഫീസ് നൽകണം. മൂന്ന് തവണ വരെയുള്ള നിക്ഷേപങ്ങൾ ബാങ്കുകളിൽ സൗജന്യമായിരിക്കും. എന്നാൽ ഒരാൾ ഒരു മാസത്തിൽ നാലാമത്തെ തവണ പണം നിക്ഷേപിച്ചാൽ 40 രൂപ അധിക ചാർജായി നൽകണം. ജൻധൻ അക്കൗണ്ട് ഉടമകൾക്ക്, ഈ നിയമം ബാധകമല്ല. കൂടാതെ നിശ്ചിത പരിധിക്ക് ശേഷം പണം പിൻവലിക്കണമെങ്കിൽ 100 ​​രൂപ നൽകണം.

    എൽപിജി (LPG) സിലിണ്ടർ വില
    ദീപാവലിക്ക് മുന്നോടിയായി വാണിജ്യ ആവശ്യങ്ങൾക്കായുള്ള എൽപിജി സിലിണ്ടറുകളുടെ വില യൂണിറ്റിന് 265 രൂപ വർദ്ധിപ്പിച്ചു. ഈ വർദ്ധനവോടെ ഒരു വാണിജ്യ സിലിണ്ടറിന്റെ വില ഡൽഹിയിൽ 2000 കടന്നപ്പോൾ മുംബൈയിൽ 1733 രൂപയായി. എന്നാൽ ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. കഴിഞ്ഞ മാസം ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വില വര്‍ദ്ധിപ്പിച്ചിരുന്നു. ഒരു സിലിണ്ടറിന് 15 രൂപ എന്ന നിരക്കിലായിരുന്നു കഴിഞ്ഞ മാസത്തെ വില വര്‍ദ്ധനവ്.

    പെൻഷൻകാർക്കായി എസ്ബിഐയുടെ പുതിയ സേവനം
    സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അക്കൗണ്ടുള്ള മുതിർന്ന പൗരന്മാർക്ക് ഒരു സന്തോഷ വാർത്തയാണ് നവംബർ ഒന്ന് മുതൽ ബാങ്ക് നടപ്പിലാക്കുന്നത്. പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് കൂടുതൽ ലളിതമായ പദ്ധതിയാണ് ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. ഇതനുസരിച്ച് എസ്ബിഐ ഉപഭോക്താക്കളായ പെൻഷൻകാർ അവരുടെ ലൈഫ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതിന് ബാങ്ക് ശാഖയിൽ നേരിട്ട് എത്തേണ്ടതില്ല. അവരുടെ ജീവൻ പ്രമാൺ വീഡിയോ കോൾ വഴി സമർപ്പിക്കാം. “നിങ്ങളുടെ വീട്ടിലിരുന്ന് നിങ്ങളുടെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം! ഞങ്ങളുടെ വീഡിയോ ലൈഫ് സർട്ടിഫിക്കറ്റ് (#VideoLifeCertificate) സേവനം ആരംഭിക്കുന്നത് വഴി പെൻഷൻകാർക്ക് അവരുടെ ലൈഫ് സർട്ടിഫിക്കറ്റുകൾ ഒരു വീഡിയോ കോളിലൂടെ സമർപ്പിക്കാം" എന്ന് ബാങ്ക് വെള്ളിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു.

    ഇന്ത്യൻ റെയിൽവേ സമയക്രമം
    രാജ്യത്തുടനീളമുള്ള ട്രെയിനുകളുടെ സമയക്രമം മാറ്റാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ റെയിൽവേ. രാജസ്ഥാനിലെ നാല് ഡിവിഷനുകളിലായി ഓടുന്ന 100ലധികം ട്രെയിനുകളുടെ സമയക്രമം ഒക്ടോബർ ആദ്യ വാരം മുതൽ റെയിൽവേ മാറ്റിയിരുന്നു. ഇന്ന് മുതൽ പശ്ചിമ റെയിൽവേയിൽ നിന്ന് പുറപ്പെടുന്ന ചില സ്പെഷ്യൽ ട്രെയിനുകളുടെ സമയത്തിൽ റെയിൽവേ മാറ്റം വരുത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു

    വാട്ട്സ്ആപ്പ് (WhatsApp) സേവനം ചില ഫോണുകളിൽ അവസാനിപ്പിക്കുന്നു

    ചില ഐഫോൺ, ആൻഡ്രോയിഡ് ഫോണുകളിൽ വാട്‌സ്ആപ്പ് സേവനങ്ങൾ നൽകുന്നത് ഇന്ന് മുതൽ അവസാനിപ്പിച്ചു. Facebookന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ വാട്ട്സ്ആപ്പ് നൽകിയിരിക്കുന്ന അറിയിപ്പ് അനുസരിച്ച്, Android 4.0.3 Ice Cream Sandwich, iOS 9, KaiOS 2.5.0 തുടങ്ങിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ ഇനി മുതൽ വാട്ട്സ്ആപ്പ് ലഭിക്കില്ല. അതിനാൽ നിങ്ങൾ ഇപ്പോഴും ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ ഈ പതിപ്പുകളാണ് ഉപയോഗിക്കുന്നതെങ്കിൽ നിങ്ങൾക്ക് അവ അപ്‌ഗ്രേഡ് ചെയ്യാം.
    Published by:Karthika M
    First published: