നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • Explained: അഫ്ഗാനിസ്ഥാൻ താലിബാന്റെ കൈകളിൽ; ജെയ്‌ഷെ, ലഷ്‌കർ ഭീകര സംഘടനകൾ ഇന്ത്യയിൽ വീണ്ടും തല ഉയർത്തുമോ?

  Explained: അഫ്ഗാനിസ്ഥാൻ താലിബാന്റെ കൈകളിൽ; ജെയ്‌ഷെ, ലഷ്‌കർ ഭീകര സംഘടനകൾ ഇന്ത്യയിൽ വീണ്ടും തല ഉയർത്തുമോ?

  വരും കാലങ്ങളിൽ അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം ഇന്ത്യയ്ക്ക് ബുദ്ധിമുട്ടേറിയതായിരിക്കുമെന്നാണ് ചില വിദഗ്ദ്ധരുടെ അഭിപ്രായം.

  News18 Malayalam

  News18 Malayalam

  • Share this:

   അഫ്ഗാനിസ്ഥാനിൽ വീണ്ടും താലിബാൻ ഭരണം പിടിച്ചെടുക്കുന്നു. പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടു. അധികാര കൈമാറ്റം ഏതാണ്ട് പൂർത്തിയായി. ഇതോടെ, കഴിഞ്ഞ 20 വർഷമായി രാജ്യത്ത് ജനാധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിൽ ഏർപ്പെട്ടിരുന്ന രാജ്യങ്ങളുടെ ശ്രമങ്ങൾക്ക് കടുത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഇതിൽ അമേരിക്ക, നാറ്റോ രാജ്യങ്ങൾ, ഇന്ത്യ എന്നിവ ഉൾപ്പെടുന്നു.


   അഫ്ഗാൻ താലിബാൻ പിടിച്ചെടുത്തതോടെ ഇന്ത്യയുടെ മുന്നോട്ടുള്ള അഫ്ഗാനുമായുള്ള ബന്ധം വളരെ ബുദ്ധിമുട്ടേറിയതായിരിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. കാരണം അഫ്ഗാനിസ്ഥാൻ താലിബാൻ പിടിച്ചെടുത്തത് ഏറ്റവും കൂടുതൽ ബാധിക്കുന്ന ലോകരാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു.


   ഇന്ത്യ-അഫ്ഗാനിസ്ഥാൻ ബന്ധം എങ്ങനെ മാറും? അഫ്ഗാനിസ്ഥാന്റെ വികസനത്തിനായി ഇന്ത്യ ചെലവഴിച്ച പണത്തിന് എന്ത് സംഭവിക്കും? ചബഹർ പദ്ധതിക്ക് എന്ത് സംഭവിക്കും? ജെയ്‌ഷെയും ലഷ്‌കറിനെയും പോലുള്ള ഭീകര സംഘടനകൾക്ക് ഇന്ത്യയിൽ വീണ്ടും തല ഉയർത്താൻ കഴിയുമോ? ഇങ്ങനെ സംശയങ്ങൾ നീളുന്നു.


   അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്താൽ ഇന്ത്യയെ എങ്ങനെ ബാധിക്കും?
   ഒബ്സർവർ റിസർച്ച് ഫൗണ്ടേഷന്റെ കബീർ തനേജ പറയുന്നത് അനുസരിച്ച് ഉടനടി ഈ മാറ്റം ഇന്ത്യയിൽ കാര്യമായ സ്വാധീനം ചെലുത്തില്ല. കഴിഞ്ഞ നാല്-അഞ്ച് ദിവസങ്ങളിൽ, ആർക്കും അനുകൂലമോ പ്രതികൂലമോ ആയ ഒരു പ്രസ്താവനയും ഇന്ത്യ പുറത്തു വിട്ടിട്ടില്ല. ഈ വിഷയത്തിൽ ഇന്ത്യ ഇതുവരെ കൂടുതൽ ഒന്നും പറഞ്ഞിട്ടില്ലെന്നതാണ് ശ്രദ്ധേയം. അതുകൊണ്ട് തന്നെ വരും കാലങ്ങളിൽ താലിബാനുമായി ഇന്ത്യ ഏതു തരത്തിലുള്ള ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് കണ്ടറിയേണ്ടതുണ്ട്.


   അഫ്ഗാനിസ്ഥാൻ വിഷയത്തിൽ ഇന്ത്യ ഏത് നിലപാട് സ്വീകരിക്കുമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ബുദ്ധിമുട്ടുകയാണെന്ന് മുൻ വിദേശകാര്യ സെക്രട്ടറി വിവേക് ​​കട്ജു ഒരു മാധ്യമത്തോട് പറഞ്ഞു. ഓഗസ്റ്റ് 12ന് ദോഹയിൽ നടന്ന യോഗത്തിൽ ഇന്ത്യ ഇരുവശങ്ങളോടും പ്രതിബദ്ധത കാണിച്ചിരുന്നില്ല. വരും കാലങ്ങളിൽ അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം ഇന്ത്യയ്ക്ക് ബുദ്ധിമുട്ടേറിയതായിരിക്കുമെന്നാണ്
   ചില വിദഗ്ദ്ധരുടെ അഭിപ്രായം. യുഎസിനോടുള്ള ഇന്ത്യയുടെ സമീപനവും നയവിധിയിലെ ചില പിഴവുകളുമാണ് ഇതിന് കാരണം.


   കഴിഞ്ഞ 20 വർഷത്തിനിടെ അഫ്ഗാനിസ്ഥാനിൽ ഇന്ത്യ നടത്തിയ നിക്ഷേപത്തിന് എന്ത് സംഭവിക്കും?
   അഫ്ഗാനിസ്ഥാനിൽ ഇന്ത്യ ചെയ്തത് നിക്ഷേപമല്ല, സഹായമാണെന്ന് കബീർ തനേജ പറയുന്നു. ഇന്ത്യ ചെലവഴിച്ച 3 ബില്യൺ ഡോളർ അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് വേണ്ടിയായിരുന്നു. ആ സഹായത്തിന് എന്ത് സംഭവിക്കുമെന്ന് പറയാൻ പ്രയാസമാണ്. കഴിഞ്ഞ 20 വർഷത്തിനിടെ ഇന്ത്യ അഫ്ഗാനിസ്ഥാനിൽ 500 ചെറുതും വലുതുമായ പദ്ധതികളുടെ ഭാഗമായി. സ്കൂളുകൾ, ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, കുട്ടികളുടെ ഹോസ്റ്റലുകൾ, പാലങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.


   അഫ്ഗാനിസ്ഥാൻ പാർലമെന്റ് ഹൗസ്, സൽമ ഡാം, സരഞ്ജ്-ദേലാരം ഹൈവേ തുടങ്ങിയ പദ്ധതികൾക്കായി ഇന്ത്യ വൻ തോതിൽ പണം ചെലവഴിച്ചിട്ടുണ്ട്. താലിബാൻ ഇത്രയും വലിയ സഹായം പൂർണ്ണമായും നിരാകരിക്കുമെന്ന് കരുതുന്നില്ല. താലിബാൻ വന്നതിനു ശേഷവും ഇവയെല്ലാം അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് ഉപകാരപ്രദമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.


   അതേസമയം, താലിബാൻ അധികാരത്തിൽ വന്നതിനു ശേഷം അഫ്ഗാനിസ്ഥാനിൽ ചൈനയുടെയും പാകിസ്താന്റെയും ഇടപെടൽ വർദ്ധിക്കുമെന്ന് ചില വിദഗ്ധർ പറയുന്നു. ഈ രണ്ട് രാജ്യങ്ങളും അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ ഇടപെടൽ കഴിയുന്നത്ര കുറയ്ക്കാനായിരിക്കും ശ്രമിക്കുക. മുമ്പ് താലിബാൻ സർക്കാർ അധികാരത്തിലിരുന്നപ്പോൾ അയൽരാജ്യമായ പാക്കിസ്ഥാൻ ഉൾപ്പെടെ നാല് രാജ്യങ്ങൾ മാത്രമാണ് താലിബാനെ അംഗീകരിച്ചിരുന്നത്. അമേരിക്കയും ഐക്യരാഷ്ട്രസഭയും താലിബാനെതിരെ ഉപരോധം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ ചൈന പോലുള്ള മറ്റ് രാജ്യങ്ങൾ താലിബാനെ നിയമാനുസൃതമായ ഭരണമായി അംഗീകരിക്കുമെന്ന് സൂചന നൽകാൻ തുടങ്ങിയിട്ടുണ്ട്. ഇസ്ലാമിക് നിയമങ്ങൾ രാജ്യത്ത് അടിച്ചേൽപ്പിക്കുകയും വിദേശ സ്വാധീനം ഇല്ലാതാക്കുകയുമാണ് താലിബാന്റെ ലക്ഷ്യം.


   താലിബാൻ അധികാരത്തിൽ വന്നതിനുശേഷം ഇന്ത്യയുടെ ചബഹാർ പദ്ധതി എത്രത്തോളം പ്രസക്തമാകും?
   ഇറാന്റെ ചബഹാർ തുറമുഖം ഇന്ത്യയെ അഫ്ഗാനിസ്ഥാനുമായും ഇറാനെ മധ്യേഷ്യൻ രാജ്യങ്ങളുമായും ബന്ധിപ്പിക്കുന്ന ഒന്നാണ്. ഈ പദ്ധതിയിലൂടെ അഫ്ഗാനിസ്ഥാനുമായി നേരിട്ടുള്ള വ്യാപാര പാത സൃഷ്ടിക്കാൻ ഇന്ത്യ ആഗ്രഹിച്ചിരുന്നു. ഈ പദ്ധതികളുടെ ഭാവി എന്തായിരിക്കുമെന്ന് ഇപ്പോൾ പറയാൻ വളരെ ബുദ്ധിമുട്ടാണെന്ന് തനേജ പറയുന്നു. എന്നാൽ വരും വർഷങ്ങൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ അത്ര എളുപ്പമല്ല. വരും കാലങ്ങളിൽ കറാച്ചി, ഗ്വാദർ തുറമുഖങ്ങൾ വഴി അഫ്ഗാനിസ്ഥാനുമായുള്ള വ്യാപാരം നടത്താൻ സാധിച്ചേക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ചബഹാർ തുറമുഖത്ത് ഇന്ത്യയുടെ നിക്ഷേപം പ്രായോഗികമായിരിക്കില്ല.

   ജെയ്‌ഷെയും ലഷ്‌കറും പോലുള്ള സംഘടനകൾക്ക് ഇന്ത്യയിൽ പ്രത്യേകിച്ച് കശ്മീരിൽ താലിബാന്റെ വരവോടെ വീണ്ടും സജീവമാകാൻ കഴിയുമോ?
   അഫ്ഗാനിസ്ഥാന്റെ ശക്തിയിൽ മുല്ല ബരാദറിന് പ്രധാന സ്ഥാനം ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ബരാദർ വർഷങ്ങളായി പാകിസ്താനിലെ ജയിലിലാണ്. നിലവിലെ സാഹചര്യത്തിൽ, ജെയ്‌ഷെയും ലഷ്‌കറും പോലുള്ള സംഘടനകൾ അഫ്ഗാനിസ്ഥാനിൽ വന്ന് പരിശീലനം നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമല്ല. താലിബാൻ പോരാളികൾക്ക് അമേരിക്കയുമായും നാറ്റോ രാജ്യങ്ങളുമായും യുദ്ധത്തിന്റെ ദീർഘകാല അനുഭവമുണ്ട്. അതിനാൽ ഭീകരർക്ക് അതിൽ നിന്ന് പ്രയോജനം ലഭിക്കും. ഈ സാഹചര്യങ്ങളെല്ലാം ഇന്ത്യയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തും. ഇത് ഭാവിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കും.


   ഈ വെല്ലുവിളി നേരിടാൻ ഇന്ത്യയ്ക്ക് എന്തെല്ലാം മാർഗങ്ങൾ ഉണ്ട്?
   ഇന്ത്യയ്ക്ക് കൂടുതൽ മാർഗങ്ങളില്ല എന്ന് തന്നെ വേണം കരുതാൻ. താലിബാനുമായി എങ്ങനെ ബന്ധം നിലനിർത്തണമെന്ന് അടുത്ത ഏതാനും ആഴ്ചകളിലോ മാസങ്ങളിലോ ഇന്ത്യ തീരുമാനമെടുക്കേണ്ടി വരും. ഇന്ത്യ നേരിട്ടുള്ള ബന്ധം നിലനിർത്തുമോ അതോ അർദ്ധ ഔദ്യോഗിക പദവിയിൽ തുടരുമോ അതോ പിൻവാതിൽ നയതന്ത്രമായിരിക്കുമോ സ്വീകരിക്കുക എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. എന്നാൽ ഒരു തീരുമാനത്തിലെത്താൻ കുറച്ച് അധികം സമയമെടുത്തെന്നും വരാം.

   Published by:Naveen
   First published: