നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • കാബൂൾ കീഴടക്കി താലിബാൻ; അഫ്ഗാനിസ്ഥാനിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം എന്ത്?

  കാബൂൾ കീഴടക്കി താലിബാൻ; അഫ്ഗാനിസ്ഥാനിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം എന്ത്?

  കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ താലിബാൻ നേതാക്കൾ. (Image:Twitter @AJEnglish)

  കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ താലിബാൻ നേതാക്കൾ. (Image:Twitter @AJEnglish)

  • Share this:
   അഫ്ഗാനിസ്ഥാന്‍ മുന്‍ പ്രസിഡന്റ് അഷ്റഫ് ഘാനി രാജ്യം വിട്ട് മണിക്കൂറുകള്‍ പിന്നിടുമ്പോഴേക്കും കാബൂളിലെ രാഷ്ട്രപതിയുടെ കൊട്ടാരത്തിലേക്ക് കൂടി പ്രവേശിച്ചുകൊണ്ട് താലിബാന്‍ അഫ്ഗാനിസ്ഥാന്റെ സമ്പൂര്‍ണമായ നിയന്ത്രണം ഉറപ്പു വരുത്തിക്കഴിഞ്ഞു. രണ്ടു പതിറ്റാണ്ടുകളോളം നീണ്ട യുദ്ധത്തിനൊടുവില്‍ അഫ്ഗാനിസ്ഥാനില്‍ കൈവന്ന കയ്പു നിറഞ്ഞ രാഷ്ട്രീയ സാഹചര്യം അമേരിക്കയിലെയും മറ്റു ലോക രാജ്യങ്ങളിലെയും സര്‍ക്കാരുകളില്‍ ആശങ്കകളും ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഈ അവസരത്തില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ഒന്ന് വിലയിരുത്താം.

   അഫ്ഗാനിസ്ഥാനില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യം എന്താണ്?

   യു എസിന്റെ പിന്തുണയോടെ അഫ്ഗാനിസ്ഥാനില്‍ ഭരണം നടത്തിയിരുന്ന അഷ്റഫ് ഘാനി സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞതിനെ തുടര്‍ന്ന് കാബൂളിലെ രാഷ്ട്രപതിയുടെ വസതി താലിബാന് കൈമാറി. മൂന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് താലിബാന്‍ രാഷ്ട്രപതിയുടെ കൊട്ടാരത്തിന് മേലെ അവകാശവാദം ഉന്നയിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമം അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ സമാധാനപരമായാണ് കൈമാറ്റം ചെയ്യപ്പെടുന്നതെന്ന് താലിബാന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അഫ്ഗാന്‍ പ്രസിഡന്റ് ആയിരുന്ന അഷ്റഫ് ഘാനി ഞായറാഴ്ച രാജ്യം വിട്ട് തജാക്കിസ്ഥാനിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

   കാബൂളിലെ എംബസിയില്‍ നിന്ന് 72 മണിക്കൂറുകള്‍ക്കുള്ളില്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാനാണ് അമേരിക്കയുടെ തീരുമാനമെന്ന് ഞായറാഴ്ച സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ യു എസ് എംബസിയിലെ ഉദ്യോഗസ്ഥരില്‍ ഭൂരിപക്ഷവും കാബൂള്‍ വിമാനത്താവളത്തിലൂടെ രാജ്യം വിട്ടു. എംബസിയുടെ കെട്ടിടത്തിനു മുകളില്‍ നിന്ന് യു എസ് പതാക നീക്കം ചെയ്തു. മറ്റു വിദേശ രാജ്യങ്ങളിലെ സര്‍ക്കാരുകളും തങ്ങളുടെ പൗരന്മാരെ അഫ്ഗാനിസ്ഥാനില്‍ നിന്ന് മാറ്റാന്‍ ശ്രമം നടത്തി വരികയാണ്. കാബൂള്‍ വിമാനത്താവളത്തില്‍ വെടിവെപ്പുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്ന് അമേരിക്കന്‍ പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ യു എസ് എംബസി ആവശ്യപ്പെട്ടു. 'കാബൂളിലെ സുരക്ഷാ സാഹചര്യം അതിവേഗത്തില്‍ മാറിക്കൊണ്ടിരിക്കുകയാണ്. വിമാനത്താവളത്തില്‍ വെടിവെപ്പുണ്ടായതായി വാര്‍ത്തകള്‍ വരുന്നു. അതിനാല്‍, യു എസ് പൗരന്മാര്‍ സുരക്ഷിത സ്ഥാനങ്ങളില്‍ നിലകൊള്ളാന്‍ ഞങ്ങള്‍ നിര്‍ദ്ദേശം നല്‍കുന്നു', യു എസ് എംബസി സുരക്ഷാ മുന്നറിയിപ്പ് നല്‍കി.

   ഈ സാഹചര്യത്തിലേക്ക് നയിച്ചതെന്ത്?

   അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യു എസ് സൈന്യത്തിന്റെ പിന്മാറ്റമാണ് രാജ്യത്തെ സ്ഥിതിഗതികള്‍ വഷളാകാനും അഫ്ഗാന്‍ സുരക്ഷാ സേനയെ പരാജയപ്പെടുത്തിക്കൊണ്ട് എളുപ്പത്തില്‍ ഭരണം പിടിച്ചെടുക്കാന്‍ താലിബാന് വഴിയൊരുങ്ങാനും കാരണമായത്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പലതും അനായാസമായാണ് താലിബാന് പിടിച്ചെടുക്കാന്‍ കഴിഞ്ഞത്. ഞായറാഴ്ച വളരെ പ്രധാനപ്പെട്ട നഗരകേന്ദ്രമായ ജലാലാബാദും താലിബാന്‍ സൈന്യം പിടിച്ചെടുത്തു.

   ഈ സംഭവ വികാസങ്ങള്‍ സംബന്ധിച്ച് തങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റിയതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഔദ്യോഗിക പ്രതിനിധികള്‍ അംഗീകരിക്കുന്നു. അതിവേഗത്തില്‍ അഫ്ഗാനിസ്ഥാനിലെ ദേശീയ സേനയ്ക്കും സര്‍ക്കാരിനും പരാജയം വഴങ്ങേണ്ടി വന്നു എന്ന വാര്‍ത്ത യു എസ് പ്രസിഡന്റ് ജോ ബൈഡനെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായ ഒന്നായിരുന്നു. അമേരിക്കന്‍ സൈന്യം പിന്മാറി ഏതാനും മാസങ്ങള്‍ക്ക് ശേഷം മാത്രമേ അതിന്റെ പ്രത്യാഘാതങ്ങള്‍ വെളിവാകപ്പെടൂ എന്നതായിരുന്നു അമേരിക്കയുടെ കണക്കുകൂട്ടല്‍. അഫ്ഗാന്‍ സര്‍ക്കാരിന് അധികാരം നഷ്ടപ്പെട്ടാല്‍ തന്നെ അതിന്റെ നേരിട്ടുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ വേണ്ടത്ര സമയം അവര്‍ക്ക് ലഭിക്കും എന്നും കരുതപ്പെട്ടു. എന്നാല്‍, താലിബാന്റെ അപ്രതീക്ഷിത മുന്നേറ്റം അമേരിക്കയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.

   ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ അപ്രതീക്ഷിതമാണ് എന്ന് യു എസ് ഭരണകൂടത്തിന്റെ ഔദ്യോഗിക പ്രതിനിധികളും അംഗീകരിക്കുന്നു. താലിബാന്‍ മുന്നേറ്റത്തിനെതിരെ രാജ്യത്തെ പ്രതിരോധിക്കാന്‍ അഫ്ഗാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും തങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണ് താലിബാന്റെ മുന്നേറ്റം ഉണ്ടായതെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞതായി സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു.

   അഫ്ഗാനിസ്ഥാന്റെ ഭാവി എന്താണ്?
   അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണത്തിലേക്ക് തിരികെ വരുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. 1990-കളിലെ താലിബാന്‍ ഭരണത്തിന്റെ തനിപ്പകര്‍പ്പിനാണ് ഇനി അഫ്ഗാനിസ്ഥാന്‍ സാക്ഷ്യം വഹിക്കുന്നതെങ്കില്‍ പൗരാവകാശങ്ങളെ അടിച്ചമര്‍ത്തുകയും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്വാതന്ത്ര്യവും അവകാശങ്ങളും നിഷേധിക്കുകയും ചെയ്യുന്ന സമീപനമാണ് താലിബാന്‍ ഭരണകൂടത്തില്‍ നിന്ന് പ്രതീക്ഷിക്കാന്‍ കഴിയുക. പൗര സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ രാജ്യത്ത് സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിച്ചിരുന്നു.

   താലിബാന്‍ ഭരണത്തിന്റെ തണലില്‍ അല്‍ ഖ്വെയ്ദ പോലുള്ള ഭീകരവാദ സംഘങ്ങള്‍ വീണ്ടും തഴച്ചു വളരുമെന്ന ഭീതിയും വ്യാപകമാകുന്നുണ്ട്. 2001 സെപ്റ്റംബര്‍ 11-നുണ്ടായ അല്‍ ഖ്വെയ്ദ ആക്രമണത്തിന്റെ ഇരുപതാം വാര്‍ഷികം അടുത്തുവരുന്ന വേളയില്‍ ആഗോളതലത്തില്‍ തീവ്രവാദ ഭീഷണി വീണ്ടും ഉയര്‍ത്താനും ഇത് കാരണമായേക്കുമെന്ന ആശങ്കയും വിവിധ ലോകരാജ്യങ്ങള്‍ ഉയര്‍ത്തുന്നു.

   അഫ്ഗാനിസ്ഥാനിലേക്ക് 1,000 സൈനിക സംഘങ്ങളെക്കൂടി അയയ്ക്കാന്‍ യു എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ അനുമതി നല്‍കിയതായി സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ആകെ 6,000 യു എസ് സൈനിക സംഘങ്ങള്‍ അഫ്ഗാനിസ്ഥാനിലെത്തും. കാബൂള്‍ വിമാനത്താവളം സംരക്ഷിക്കുക എന്നതാണ് ഈ സൈനിക ദൗത്യത്തിന്റെ ലക്ഷ്യം. ഇതിനിടയില്‍ അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി സംബന്ധിച്ച് എന്ത് നിലപാടെടുക്കണം എന്ന കാര്യത്തില്‍ ബൈഡന്‍ ഭരണകൂടത്തിന്റെ ഉന്നതതല ഉപേദേശകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

   തിങ്കളാഴ്ച ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതി യോഗം ചേര്‍ന്നേക്കും. താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് വെള്ളിയാഴ്ച യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാനെ അന്താരാഷ്ട്ര സമൂഹം കൈയൊഴിഞ്ഞു എന്ന ആരോപണത്തെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.
   Published by:Jayashankar AV
   First published:
   )}