രാജ്യത്ത് ഉടൻ തന്നെ ചിപ്പ് അധിഷ്ഠിത പാസ്പോർട്ടുകൾ (chip-based passports) ലഭ്യമായി തുടങ്ങിയേക്കും. ഈ വർഷം അവസാനത്തോടെ ചിപ്പ് അധിഷ്ഠിത പാസ്പോർട്ടുകൾ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) എന്ന് റിപ്പോർട്ടുകൾ. ഇമിഗ്രേഷൻ (immigration) നടപടികൾ കൂടുതൽ സുഗമവും സുരക്ഷിതവും ആക്കുന്നതിനായി ചിപ്പ് അധിഷ്ഠിത പാസ്പോർട്ടുകൾ രാജ്യത്ത് ഉടൻ ലഭ്യമാക്കി തുടങ്ങുമെന്ന് കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
സർക്കാരിന്റെ പാസ്പോർട്ട് സേവാ പദ്ധതിയുടെ ഭാഗമാണ് ഇ-പാസ്പോർട്ട് (e-passport). പാസ്പോർട്ട് നടപടിക്രമങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നതിനും ഓൺലൈൻ സേവനങ്ങൾ നൽകുന്നതിനുമായി 2008-ൽ ആണ് ഈ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ രണ്ടാം ഘട്ടം ഏറ്റെടുത്ത ടിസിഎസ് ഇ-പാസ്പോർട്ടുകൾ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്.
“ഈ വർഷം തന്നെ ഇ- പാസ്സ്പോർട്ടുകൾ പുറത്തിറക്കാനാണ് വിദേശകാര്യ മന്ത്രാലയം ലക്ഷ്യമിടുന്നത്. കമ്പനി ഇപ്പോൾ അതിനുള്ള പ്രവർത്തനങ്ങളിലാണ് “ ടിസിഎസിന്റെ പബ്ലിക് സെക്ടർ ബിസിനസ് യൂണിറ്റ് മേധാവി തേജ് ഭട്ല പറഞ്ഞു.
Also Read-
എന്താണ് ബഫര്സോണ്? എങ്ങനെയാണ് ജനങ്ങളെ ബാധിക്കുക?
പുതിയ പാസ്പോർട്ടുകൾ ചിപ്പുകൾ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നും നിലവിൽ പ്രചാരത്തിലുള്ള പാസ്പോർട്ടുകൾ പുതുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോളതലത്തിൽ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ സുഗമമാക്കാൻ സഹായിക്കുന്ന സുരക്ഷിതമായ ബയോമെട്രിക് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഇ-പാസ്പോർട്ടുകൾ. ഇത് ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ICAO) മാനദണ്ഡങ്ങൾ പാലിക്കുന്നതായിരിക്കും. ഇമിഗ്രേഷൻ നടപടിക്രമകളിൽ വ്യാജരേഖകൾ ഉപയോഗിക്കുന്നത് തടയാൻ ഇ-പാസ്പോർട്ടുകൾ സഹായിക്കും.
പാസ്പോർട്ടിൽ ഘടിപ്പിച്ചിരിക്കുന്ന ചിപ്പിൽ പാസ്സ്പോർട്ട് ഉടമയുടെ ബയോഗ്രഫിക്കൽ ഡാറ്റകൾ ശേഖരിക്കും, കൂടാതെ ഇതിന് ഒരു ഡിജിറ്റൽ സുരക്ഷാ ഫീച്ചറും ഉണ്ടായിരിക്കും. ഒരോ രാജ്യത്തിനും വേണ്ടി ഓരോ ചിപ്പിലും യുണീക്കായ ഡിജിറ്റൽ സിഗ്നേച്ചർ ഉണ്ടായിരിക്കും ഇത് സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് സ്ഥിരീകരിക്കാവുന്നതാണ്.
ആഗോളതലത്തിൽ കമ്പനികൾ സെമികണ്ടക്ടർ ചിപ്പുകളുടെ ക്ഷാമം നേരിടുന്നുണ്ടെങ്കിലും ഇ-പാസ്പോർട്ട് പദ്ധതിയെ ഇത് ബാധിക്കാൻ സാധ്യതയില്ലെന്ന് ഭട്ല പറഞ്ഞു. “ആവശ്യകത ഇനിയും ഉയരുമെന്നാണ് കരുതുന്നത് , എന്നാൽ അടുത്ത ഏതാനും മാസങ്ങളിലേക്ക് ആവശ്യമുള്ളതെല്ലാം സർക്കാർ ഉറപ്പാക്കിയിട്ടുണ്ട് “ ഭട്ല വ്യക്തമാക്കി. പദ്ധതിക്കായി കമ്പനി പുതിയ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്നുണ്ടെന്നും നിലവിലുള്ള രണ്ട് കേന്ദ്രങ്ങൾ പുതുക്കുമെന്നും ഭട്ല കൂട്ടിചേർത്തു. ഹാർഡ്വെയർ ഉൾപ്പെടെയുള്ള സംവിധാനങ്ങളും സൗകര്യങ്ങളും പുതുക്കാനും ഇ-പാസ്പോർട്ട് പദ്ധതിക്കായി പുതിയ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനുമായുള്ള പദ്ധതികൾ ആവിഷ്കരിക്കാനുള്ള ശ്രമങ്ങളിലാണ് ടിസിഎസ്. ചാറ്റ്ബോട്ടുകൾ, ഓട്ടോ റെസ്പോൺസ്, ബയോമെട്രിക്സിന്റെ ഉപയോഗം എന്നിവയിലൂടെ ഉപയോക്താക്കളുടെ അനുഭവം കൂടുതൽ മെച്ചപ്പെടുത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നിലവിൽ പ്രചാരത്തിലുള്ള അച്ചടിച്ച പാസ്പോർട്ടിലെ അതേ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഇലക്ട്രോണിക് ചിപ്പ് അടങ്ങിയതാണ് ഇ-പാസ്പോർട്ട്. പാസ്പോർട്ട് ഉടമയുടെ പേര്, ജനനത്തീയതി, മറ്റ് വിശദാംശങ്ങൾ തുടങ്ങിയ വിവരങ്ങൾ മൈക്രോചിപ്പിലായിരിക്കും ഉൾപ്പെടുത്തിയിരിക്കുക. ഇ-പാസ്പോർട്ട് അവതരിപ്പിച്ചു കഴിഞ്ഞാൽ, ഇമിഗ്രേഷൻ കൗണ്ടറിന് മുന്നിൽ നീണ്ട ക്യൂവിൽ നിൽക്കേണ്ട ആവശ്യമില്ല. ഇ-പാസ്പോർട്ട് ഇമിഗ്രേഷൻ കൗണ്ടറിലെ ഫിസിക്കൽ വെരിഫിക്കേഷന് പകരം മിനിറ്റുകൾക്കുള്ളിൽ സ്കാൻ ചെയ്യാനാകും. മൈക്രോചിപ്പിൽ ഡാറ്റകൾ രേഖപ്പെടുത്തുന്നതിനാൽ തട്ടിപ്പുകാർക്ക് വ്യാജ പാസ്പോർട്ട് ഉണ്ടാക്കാനും സാധിക്കില്ല.b
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.