• HOME
 • »
 • NEWS
 • »
 • explained
 • »
 • History of Right to wear | പാന്റ്സ് ധരിക്കുന്നതിനായി സ്ത്രീകൾ നടത്തിയ ഒരു നൂറ്റാണ്ട് കാലത്തെ പോരാട്ടത്തിന്റെ ചരിത്രം

History of Right to wear | പാന്റ്സ് ധരിക്കുന്നതിനായി സ്ത്രീകൾ നടത്തിയ ഒരു നൂറ്റാണ്ട് കാലത്തെ പോരാട്ടത്തിന്റെ ചരിത്രം

എന്നാൽ കാലക്രമേണ, പാന്റ്സ് പുരുഷന്മാർ മാത്രം ധരിക്കുന്ന വസ്ത്രമാണെന്ന് സാംസ്കാരികമായി അംഗീകരിക്കപ്പെട്ടു

 • Share this:
  കേരളത്തിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം (Gender Neutral Uniform) നടപ്പിലാക്കിയ സ്കൂളിനെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ മാധ്യമങ്ങളിലെ പ്രധാന ചർച്ച. എന്നാൽ സ്ത്രീകളും പെൺകുട്ടികളും ഇന്ന് ധരിക്കുന്ന അവരുടെ കാലുകൾ വരെ മറയ്ക്കുന്ന പാന്റ്സിനായി നടത്തിയ പോരാട്ടത്തിന് (Rights to Wear) പിന്നിൽ ഒരു നീണ്ട ചരിത്രം തന്നെയുണ്ട്.

  2019 മാർച്ചിൽ, ഒരു ഫെഡറൽ ജഡ്ജി നോർത്ത് കരോലിനയിലെ ചാർട്ടർ സ്കൂളിലെ ഒരു നിയമം എടുത്തുകളഞ്ഞു. സ്കൂളിലെ പെൺകുട്ടികൾ പാന്റ്സ് ധരിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള നിയമമാണ് ജഡ്ജി നീക്കം ചെയ്തത്. പാന്റിന് പകരം പാവാടയോ ജമ്പറുകളോ ധരിക്കാനാണ് സ്കൂൾ പെൺകുട്ടികളോട് ആവശ്യപ്പെട്ടിരുന്നത്. ഇത്തരം ഡ്രസ് കോഡ് "പരമ്പരാഗത മൂല്യങ്ങൾ" പ്രോത്സാഹിപ്പിക്കുമെന്നാണ് സ്കൂൾ വാദിച്ചിരുന്നത്.

  അതേ മാസം തന്നെ പെൻസിൽവാനിയ ഹൈസ്കൂളിലെ സീനിയറായ ഹന്ന കൊസാക്കിന് തന്റെ സ്കൂളിൽ നടക്കാനിരിക്കുന്ന ബിരുദദാന ചടങ്ങിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ലഭിച്ചു. അതിൽ പെൺകുട്ടികൾ "പാന്റ്സ് ധരിക്കരുത്" എന്ന് എഴുതിയിരുന്നു. പെൺകുട്ടികൾ "ഇളം നിറത്തിലുള്ള വസ്ത്രമോ പാവാടയോ" ധരിക്കണമെന്നാണ് വ്യക്തമാക്കിയിരുന്നത്. പാന്റ് ധരിക്കാനുള്ള അവകാശത്തിനായി സ്കൂൾ ബോർഡിനോട് കൊസാക്കിന് പോരാടേണ്ടി വന്നു.

  പാശ്ചാത്യ സമൂഹങ്ങൾ അല്ലെങ്കിൽ പാശ്ചാത്യ സമൂഹത്തിലെ പുരുഷന്മാർ ഓരോ കാലും വെവ്വേറെ മറയ്ക്കുന്ന പാന്റ് ധരിക്കുന്നതിൽ നിന്ന് സ്ത്രീകളെ വിലക്കുന്നതിന് പറഞ്ഞിരുന്ന കാരണങ്ങൾ പലപ്പോഴും പാരമ്പര്യ മൂല്യങ്ങളിൽ ഊന്നിയതായിരുന്നു. സലം സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഹിസ്റ്ററി അസോസിയേറ്റ് പ്രൊഫസറും 'പാന്റലൂൺസ് ആൻഡ് പവർ: എ നൈന്റ്റ്‌റ്റീന്ത്-സെഞ്ച്വറി ഡ്രസ് റിഫോം' (Pantaloons & Power: A Nineteenth Century Dress Reform) എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമായ ഗെയ്‌ൽ ഫിഷർ (Gayle Fischer), ബൈബിളിൽ അനുശാസിക്കുന്ന മൂല്യങ്ങളെ ഒരു ന്യായീകരണമായി ആളുകൾ ചൂണ്ടിക്കാണിക്കുന്നുണ്ടെന്ന് 2017ൽ എൻപിആറിൽ വിശദീകരിച്ചിരുന്നു. ആവർത്തനപുസ്‌തകം 22:5ൽ സ്‌ത്രീകൾ പുരുഷന്റെ വസ്ത്രവും പുരുഷൻ സ്‌ത്രീകളുടേതും ധരിക്കരുതെന്ന്‌ പറയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

  എന്നാൽ ഇതിൽ പാന്റിനെക്കുറിച്ച് പ്രത്യേകമായി ഒന്നും പരാമർശിക്കുന്നില്ല. എന്നാൽ കാലക്രമേണ, പാന്റ്സ് പുരുഷന്മാർ മാത്രം ധരിക്കുന്ന വസ്ത്രമാണെന്ന് സാംസ്കാരികമായി അംഗീകരിക്കപ്പെട്ടു. "പാന്റ്സ് ഒരു പുരുഷ വസ്ത്രമാണെന്നത് പാശ്ചാത്യ സംസ്കാരത്തിന്റെ ഭാഗമായി മാറി. കാരണം നൂറ്റാണ്ടുകളായി പാന്റ്സ് ധരിക്കുന്നത് പുരുഷന്മാരാണ്", ഫിഷർ എൻപിആറിൽ പറയുന്നു.

  പാന്റ്സ് വളരെ സൌകര്യപ്രദമായ ഒരു വസ്ത്രമാണ്. അവ കാലുകൾ മറയ്ക്കുകയും അതേസമയം എളുപ്പത്തിൽ ശാരീരിക ചലനങ്ങൾ അനുവദിക്കുകയും ചെയ്യുന്നു. പാന്റിന്റെ ആദ്യകാല ചരിത്രത്തിൽ, സ്ത്രീകളും പുരുഷന്മാരോടൊപ്പം പാന്റ്സ് ധരിച്ചിരുന്നു. എന്നാൽ പിന്നീടാണ് അവകാശത്തിനുവേണ്ടിയുള്ള ഈ പോരാട്ടം തുടങ്ങേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

  പാന്റുകളുടെ ഉത്ഭവം
  നോർത്ത് കരോലിന കേസിൽ പരാതി നൽകിയ മൂന്ന് പെൺകുട്ടികളും തങ്ങൾ പാവാട ധരിക്കുമ്പോൾ, കാലുകൾ എങ്ങനെ വയ്ക്കുന്നു എന്നതിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതായി വരുന്നെന്നും ശൈത്യകാലത്ത് പാവാട ധരിക്കുമ്പോൾ കൂടുതൽ തണുപ്പ് അനുഭവപ്പടാൻ കാരണമാകുന്നുവെന്നുമാണ് വ്യക്തമാക്കിയത്.

  സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ ക്ലാസിക് പണ്ഡിതയായ അഡ്രിയെൻ മേയറും ഇതേ അനുഭവം വ്യക്തമാക്കിയിരുന്നു. "ഞാൻ വളർന്നത് സൗത്ത് ഡക്കോട്ടയിലാണ്, അവിടെ വളരെ തണുപ്പാണ്, എന്നാൽ ഞങ്ങൾക്ക് പാന്റ് ധരിച്ച് സ്കൂളിൽ പോകാൻ അനുവാദമില്ലായിരുന്നു", മേയർ പറയുന്നു.

  ഗ്രീക്കുകാരെക്കുറിച്ചും സിഥിയൻമാരോടുള്ള അവരുടെ മനോഭാവത്തെക്കുറിച്ചും പഠനം നടത്തിയിട്ടുള്ള വ്യക്തിയാണ് മേയർ. യുറേഷ്യയിലുടനീളമുണ്ടായിരുന്ന നാടോടികളായ, കുതിരസവാരി ചെയ്യുന്ന ഗോത്രവിഭാഗക്കാരെയാണ് ഗ്രീക്കുകാർ സിഥിയൻസ് എന്ന് വിളിച്ചിരുന്നത്. ഇവരാണ് പാന്റ്സിന്റെ കണ്ടുപിടുത്തക്കാർ എന്ന് അറിയപ്പെടുന്നത്. കുതിരപ്പുറത്ത് കൂടുതൽ സമയം യാത്ര ചെയ്യുന്നതിനാലാവാം ഇവർ ഇത്തരത്തിൽ വസ്ത്രം ധരിച്ചിരുന്നത്. സ്റ്റെപ്പി ഗോത്ര വിഭാഗത്തിൽ ഉള്ളവർ ധരിച്ചിരുന്ന, ഏകദേശം 3,000 വർഷങ്ങൾക്ക് മുമ്പുള്ള വസ്ത്രമാണ് പാന്റുകളുടെ ആവിർഭാവത്തിന് തുടക്കമിട്ടതെന്നാണ് ചരിത്രം.

  സ്ത്രീകളും പുരുഷന്മാരും അവ ധരിച്ചിരിക്കാമെന്നാണ് തെളിവുകൾ നൽകുന്ന സൂചനകളെന്ന് മേയർ പറയുന്നു. ഗ്രീക്ക് രചനകളിൽ സിഥിയൻ സ്ത്രീകൾ പാന്റ്സ് ധരിച്ചിരുന്നതിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. സിഥിയൻ സ്ത്രീകൾ പുരുഷന്മാരെപ്പോലെ തന്നെ കുതിരപ്പുറത്ത് യാത്ര ചെയ്യുകയും പോരാടുകയും ചെയ്തിരുന്നതായും ചരിത്ര രേഖകൾ വ്യക്തമാക്കുന്നു. "അക്കാലത്ത് പുരുഷന്മാരും സ്ത്രീകളും ഒരേ വസ്ത്രം ധരിച്ചിരുന്നുവെന്നും അവർക്ക് ഒരേ കഴിവുകളാണ് ഉണ്ടായിരുന്നതെന്നും" മേയർ പറയുന്നു.

  പാന്റിന് വേണ്ടിയുള്ള പോരാട്ടം
  എഴുത്തുകാരി കാത്‌ലീൻ കൂപ്പർ ദി ടോസ്റ്റിൽ വിശദീകരിച്ചിരിക്കുന്നതുപോലെ, യൂറോപ്പിലും യുഎസിലും സ്ത്രീകൾ പാന്റ്‌സ് ധരിച്ചിരുന്നതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്. സൈന്യത്തിൽ ചേരുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്കായി സ്ത്രീകൾ പുരുഷന്മാരുടെ വേഷം ധരിച്ചിരുന്നതായാണ് ചരിത്ര രേഖകൾ വ്യക്തമാക്കുന്നത്. 18-ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് വനിത ഹന്ന സ്നെൽ ആയിരുന്നു ഇതിന് ഒരു ഉദാഹരണം. അവർ വർഷങ്ങളോളം ബ്രിട്ടീഷ് നാവികസേനയിൽ സേവനമനുഷ്ഠിക്കുകയും പിന്നീട് താൻ ഒരു സ്ത്രീയാണെന്ന് വെളിപ്പെടുത്തിയതിന് ശേഷം ലോകശ്രദ്ധ ആകർഷിക്കുകയും ചെയ്തിരുന്നു. യുഎസ് ആഭ്യന്തരയുദ്ധകാലത്ത്, യൂണിയൻ ആർമിയിലെ ഒരു അസിസ്റ്റന്റ് സർജൻ മേരി വാക്കർ, പാവാടയ്ക്ക് പകരം പാന്റ്സ് ധരിച്ചിരുന്നു. ആൾമാറാട്ടത്തിന് ജയിൽശിക്ഷ വരെ അനുഭവിക്കേണ്ടി വരുന്ന കുറ്റമായിരുന്നു അക്കാലത്തിത്.

  എന്നാൽ യുഎസിലെയും യൂറോപ്പിലെയും സ്ത്രീകൾക്ക് പാന്റ് ധരിക്കുന്നത് അനുവദനീയമാക്കുന്നതിനുള്ള പോരാട്ടം 1850കളിലാണ് ആരംഭിച്ചത്. 1851 ഏപ്രിലിൽ, ആദ്യത്തെ വനിതാ പത്രമായ ദി ലില്ലിയുടെ എഡിറ്ററായ അമേലിയ ബ്ലൂമർ തന്റെ വായനക്കാരോട് സ്ത്രീകൾ പാന്റ് ധരിക്കുന്നതിനെക്കുറിച്ച് പറഞ്ഞു. അതിന് ശേഷമാണ് പാന്റിന് ബ്ലൂമർ (ഇറക്കം കുറഞ്ഞ നിക്കറുകളാണ് ബ്ലൂമറുകൾ) എന്ന മറ്റൊരു പേര് കൂടി ലഭിച്ചത്.

  ബ്ലൂമറുകൾ കുറച്ച് വർഷത്തേക്ക് മാത്രമേ ജനപ്രിയമായിരുന്നുള്ളൂ. എന്നാൽ ഈ വസ്ത്രം സ്ത്രീകൾക്ക്ആകർഷകമായി തോന്നിയിരുന്നില്ല. ഇത് ധരിച്ച് സംസാരിക്കാൻ സ്റ്റേജിൽ കയറിയപ്പോൾ ആളുകൾ തന്റെ വസ്ത്രത്തിൽ മാത്രമാണ് ശ്രദ്ധിച്ചതെന്നും തനിക്ക് എന്താണ് പറയാനുള്ളതെന്ന് കേട്ടില്ലെന്നും ആക്ടിവിസ്റ്റ് സൂസൻ ബി ആന്റണി ഒരു കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

  പാന്റ്സ് ധരിക്കുന്ന സ്ത്രീകൾ അക്കാലത്ത് ഒരു കൗതുകമായിരുന്നു. 1895ൽ പർവതാരോഹകയായ ആനി സ്മിത്ത് പെക്ക് അവരുടെ ക്ലൈംബിംഗ് വസ്ത്രത്തിൽ പാന്റും ഉൾപ്പെടുത്തിയിരുന്നു. പെക്കിന്റെ കാലത്തെ ഭൂരിഭാഗം സ്ത്രീകളും കമ്പിളി പാവാടകളാണ് അന്ന് ധരിച്ചിരുന്നത്.

  എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, അമേരിക്കക്കാരുടെയും യൂറോപ്യന്മാരുടെയും വസ്ത്ര സങ്കൽപ്പങ്ങളിൽ ചില മാറ്റങ്ങൾ ഉടലെടുത്തു. സ്പോർട്സ് വസ്ത്രങ്ങൾ സ്ത്രീകളുടെ അലമാരകളിൽ ഇടം നേടി. ആളുകൾ സുഗമമായ സഞ്ചാരത്തിന് മുൻഗണന നൽകാൻ തുടങ്ങി. 1910കളിൽ, കൊക്കോ ചാനൽ എന്ന ഒരു യുവ ഡിസൈനർ അവരുടെ ജനപ്രിയവും സ്‌പോർട്ടിയുമായ വസ്ത്രങ്ങൾ ഉപയോഗിച്ച് ഈ മാറ്റത്തിന് പ്രചോദനം നൽകി. 1920കളുടെ അവസാന പകുതിയിൽ, പുരുഷന്മാരുടെ മാത്രമായിരുന്ന ചില വസ്ത്രങ്ങൾ സ്ത്രീകളുടെ വാർഡ്രോബുകളിൽ കൊണ്ടുവരാൻ അവ അവ‍രെഎറെ സഹായിച്ചു. ജാക്കറ്റുകളും ട്രൗസറുകളും ഇതിൽ ഉൾപ്പെടുന്നു. സ്ത്രീകൾക്ക് വേണ്ടി പാന്റ്സ് ഡിസൈൻ ചെയ്ത ഒരേയൊരു ഡിസൈനറായിരുന്നില്ല കൊക്കോയെങ്കിലും അവരുടെ സ്വാധീനം ശക്തമായിരുന്നു.

  ചരിത്രകാരന്മാരായ വലേരി മെൻഡസും ആമി ഡി ലാ ഹേയും അവരുടെ 20-ാം സെഞ്ച്വറി ഫാഷൻ എന്ന പുസ്തകത്തിൽ "ഈ നീക്കം ശക്തിപ്പെടുത്തുന്നതിന് കൊക്കോ ചാനൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും ഫാഷനബിളായ യുവതികൾ അക്കാലത്ത് പ്രത്യേകിച്ച് കടൽത്തീരത്തോ അല്ലെങ്കിൽ യാത്രകളിലും മറ്റും ട്രൗസർ ധരിക്കാൻ തുടങ്ങി. വീട്ടിൽ ധരിക്കുന്ന രാത്രികാല വസ്ത്രങ്ങളായും ആഡംബരവും ചൈനീസ് ശൈലിയിലുള്ള അച്ചടിച്ച സിൽക്ക് പൈജാമ സ്യൂട്ടുകളുമായൊക്കെ പാന്റുകൾ ജനപ്രിയമാകാൻ തുടങ്ങി. അങ്ങനെ പാന്റ്സ് സ്ത്രീകളുടെ അലമാരകളിലേയ്ക്ക് സ്ഥിരമായി കുടിയേറി.

  പാന്റിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ വിജയം
  1993 വരെ, സ്ത്രീകൾ പാന്റ്സ് ധരിക്കാൻ പാടില്ലെന്നത് യുഎസ് സെനറ്റിലെ അനൗദ്യോഗിക നിയമമായിരുന്നു. എന്നാൽ പാന്റ് ധരിക്കാനുള്ള അവകാശം നേടിയെടുക്കാൻ ഒരു നീണ്ട കാലം തന്നെ സഞ്ചരിക്കേണ്ടി വന്നു. 2013ൽ, പാരീസിലെ സ്ത്രീകൾ പാന്റ് ധരിക്കുന്നത് വിലക്കുന്ന നിയമം ഫ്രാൻസ് പിൻവലിച്ചിരുന്നു. "പുരുഷന്മാരെപ്പോലെ വസ്ത്രം ധരിക്കുന്ന സ്ത്രീകൾക്ക് ചില ഓഫീസുകളിലും ജോലി സ്ഥലങ്ങളിലും പ്രവേശനം നിഷേധിച്ചിരുന്ന" നിയമമായിരുന്നു ഇതെന്ന് ഫ്രാൻസിലെ വനിതാ അവകാശ വകുപ്പ് മന്ത്രി നജാത്ത് വല്ലൗഡ്-ബെൽകാസെം പറഞ്ഞിരുന്നു.

  നോർത്ത് കരോലിനയിലെയും പെൻസിൽവാനിയയിലെയും സ്കൂളുകൾ ഇത്തരത്തിലുള്ള നിരോധനങ്ങളുടെ സമീപ കാല ഉദാഹരണങ്ങളാണ്. ഈ കാലഘട്ടത്തിൽ ഇത് കാലഹരണപ്പെട്ട വിശ്വാസങ്ങളാണ്. തന്റെ ബിരുദദാന ചടങ്ങിൽ സ്കൂൾ അധികൃത‍ർ നി‍‍ർദ്ദേശിച്ചിരുന്ന വസ്ത്രധാരണ നയം മാറ്റാൻ പോരാടിയ പെൻസിൽവാനിയയിലെ പെൺകുട്ടി ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. "സ്ത്രീകൾ ഉടുപ്പുകളോ പാവാടയോ ധരിക്കുന്നത് 'പരമ്പരാഗത മൂല്യങ്ങൾ' പ്രോത്സാഹിപ്പിക്കുമെന്ന് നിങ്ങൾ വാദിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇത് 2019 ആണെന്ന് നിങ്ങളെ ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു," എന്നാണ് പെൺകുട്ടി സ്കൂൾ അഡ്മിനിസ്ട്രേറ്ററോട് പറഞ്ഞത്. ഞങ്ങൾ 1800-കളിൽ അല്ല ജീവിക്കുന്നതെന്നും പെൺകുട്ടി വ്യക്തമാക്കിയിരുന്നു.

  (ക്വാർട്സ് ഡോട്ട് കോമിൽ പ്രസിദ്ധീകരിച്ച ജോലിസ്ഥലത്തെ ലിംഗസമത്വത്തെക്കുറിച്ചുള്ള ഹൗ വീ വിൽ വിൻ ഇൻ 2019 (How We’ll Win in 2019) എന്ന ലേഖനത്തിലെ ഭാഗമാണിത്)
  Published by:Karthika M
  First published: