നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • Gandhi topi row| 'ഗാന്ധിജിയല്ല നെഹ്‌റുവാണ് ഗാന്ധിത്തൊപ്പി ധരിച്ചത്' ഗുജറാത്തിൽ ഗാന്ധിത്തൊപ്പി വിവാദം

  Gandhi topi row| 'ഗാന്ധിജിയല്ല നെഹ്‌റുവാണ് ഗാന്ധിത്തൊപ്പി ധരിച്ചത്' ഗുജറാത്തിൽ ഗാന്ധിത്തൊപ്പി വിവാദം

  ഗാന്ധിജി 1918ല്‍ ആരംഭിച്ച നിസ്സഹകരണ പ്രസ്ഥാനത്തിലൂടെയാണ് ഗാന്ധി തൊപ്പി ഉയര്‍ന്നുവന്നതെന്ന് വിശ്വസിക്കപ്പെടുന്നത്.

  • Share this:
   അഹമ്മദാബാദ്: ഗുജറാത്ത് രാഷ്ട്രീയത്തില്‍ ഗാന്ധി തൊപ്പി വിവാദം ചൂടുപിടിക്കുകയാണ്. ഗുജറാത്തിലെ ബിജെപിയുടെ പുതിയ സംഘടനാ സെക്രട്ടറിയായ രത്നാകര്‍ ഗാന്ധി തൊപ്പിയെക്കുറിച്ച് പരാമര്‍ശിച്ച് ഒരു ട്വീറ്റ് ചെയ്തിരുന്നു. ഗാന്ധിജി വെള്ള തൊപ്പി ധരിച്ചിട്ടില്ലെന്നാണ് രത്നാകര്‍ ട്വീറ്റ് ചെയ്തത്. കൂടാതെ, നെഹ്രുവാണ് (ജവഹര്‍ലാല്‍ നെഹ്രു) ഗാന്ധി തൊപ്പി ധരിച്ചിരുന്നതെന്നും അദ്ദേഹം കുറിക്കുന്നു. സംഭവം വിവാദമായത്തോടെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. ബിജെപി മന്ത്രി ഗാന്ധി തൊപ്പിയെ അപമാനിച്ചുവെന്ന് ആരോപിച്ച കോണ്‍ഗ്രസ് ഗാന്ധി തൊപ്പി ധരിച്ച മഹാത്മാഗാന്ധിയുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും, മന്ത്രി ഗുജറാത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ ഇപ്പോള്‍ വിവാദമായ ഗാന്ധി തൊപ്പിയുടെ ചരിത്രവും അത് എവിടെയാണ് ഉത്ഭവിച്ചതെന്ന കാര്യങ്ങളും നമുക്ക് നോക്കാം..

   ഗാന്ധി തൊപ്പി സംബന്ധിച്ച വിവാദം എന്ത്?

   ഗാന്ധി തൊപ്പി ധരിക്കുന്നതിന്റെ പേരില്‍ രത്നാകര്‍, ട്വീറ്ററിലൂടെ കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയ ആക്രമണം നടത്തുകയായിരുന്നു. കോണ്‍ഗ്രസുകാര്‍ എല്ലാത്തിലും ഒരു തൊപ്പി ധരിച്ചിട്ടുണ്ടെന്നായിരുന്നു ആ ട്വീറ്റില്‍ പറയുന്നത്. ഗാന്ധിജി ഒരിക്കലും ധരിക്കാത്ത വെള്ള തൊപ്പി ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും ആളുകള്‍ ധരിച്ചിരുന്നു. പക്ഷേ അതിന് ഗുജറാത്തുമായും മഹാരാഷ്ട്രയുമായും ഒരു ബന്ധവുമില്ല. നെഹ്രുജി ഇത് എപ്പോഴും ധരിച്ചിരുന്നു, അതുകൊണ്ടാണ് ഇത് ഗാന്ധി തൊപ്പി എന്ന് അറിയപ്പെട്ടത് എന്നും രത്നാകറിന്റെ ട്വീറ്റില്‍ പറയുന്നു. ഇതിന് പിന്നാലെ, ഗാന്ധി തൊപ്പി ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ മുഖമുദ്രയാണെന്ന് കുറിച്ചുക്കൊണ്ട് ഗുജറാത്ത് കോണ്‍ഗ്രസിലെ മുന്‍ പ്രസിഡന്റ് അര്‍ജുന്‍ മോദ്വാധിയ രംഗത്തzത്തി. സംഭവം വിവാദവും ആയി.

   ഇന്ത്യന്‍ വസ്തുക്കളുടെ പ്രചാരണത്തിനായി ഗാന്ധി തൊപ്പികള്‍ ധരിച്ചിരുന്നു

   ഗാന്ധിജി 1918ല്‍ ആരംഭിച്ച നിസ്സഹകരണ പ്രസ്ഥാനത്തിലൂടെയാണ് ഗാന്ധി തൊപ്പി ഉയര്‍ന്നുവന്നതെന്ന് വിശ്വസിക്കപ്പെടുന്നത്. തദ്ദേശീയമായ വസ്തുക്കള്‍ ഉപയോഗിക്കണമെന്ന ഗാന്ധിജിയുടെ ആഹ്വാനത്തെ തുടര്‍ന്ന്, ഗാന്ധിജി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അതിന്റെ പ്രചരണത്തിനായി ഗാന്ധി തൊപ്പികള്‍ ധരിക്കാന്‍ തുടങ്ങി. അതിന് മുമ്പ് അദ്ദേഹം ഒരു ഫാന്റോ/പഗാഡി (പ്രത്യേകതരം തലപ്പാവ്) ധരിച്ചിരുന്നു. 1921ല്‍ അദ്ദേഹം ഗാന്ധി തൊപ്പി ഉപേക്ഷിച്ചു. ഏകദേശം മൂന്ന് വര്‍ഷത്തോളം അദ്ദേഹം ഗാന്ധി തൊപ്പി ധരിച്ചിരുന്നു.

   ഗാന്ധി തൊപ്പി എങ്ങനെ പ്രചാരത്തില്‍ വന്നു

   ഗാന്ധി തൊപ്പിയെ സംബന്ധിച്ചുള്ള 1919ലെ ഒരു കഥയാണിത്. റാംപൂരില്‍ നിന്നുള്ള 74കാരനായ ചരിത്രകാരന്‍ നഫീസ് സിദ്ദീഖ് പറയുന്നത് 1889 നും 1930 നും ഇടയില്‍ ഗാന്ധിജി റാംപൂരില്‍ രണ്ടാം തവണ കോതി ഖാസ് ബാഗില്‍ നവാബ് സയ്യിദ് ഹമീദ് അലി ഖാന്‍ ബഹദൂറിനെ (റാംപൂരിലെ രാജകുമാരന്‍) കാണാന്‍ വന്നപ്പോഴുള്ള ഒരു സംഭവമാണത്. റാംപൂര്‍ സന്ദര്‍ശന വേളയില്‍, നവാബിന്റെ കോടതിയില്‍ അതിഥികള്‍ പോലും തല മറയ്ക്കേണ്ട ഒരു പാരമ്പര്യമുണ്ടെന്ന് ഗാന്ധിജിയോട് അനുചരന്മാര്‍ അറിയിച്ചു. ബാപ്പുജി, ആ സമയത്ത് വസ്ത്രങ്ങളോ തൊപ്പികളോ കരുതിയിരുന്നില്ലെന്ന് റാംപൂരിന്റെ ചരിത്രത്തെക്കുറിച്ച് നിരവധി പുസ്തകങ്ങള്‍ രചിച്ച നഫീസ് സിദ്ദീഖ് പറഞ്ഞു.

   മഹാത്മാവിന് അനുയോജ്യമായ തൊപ്പി വാങ്ങാനുള്ള അന്വേഷണം ആരംഭിച്ചത് റാംപൂരിലെ ചന്തകളിലാണെന്ന് സിദ്ദിഖ് പറയുന്നു. ''പക്ഷേ, ആ ചുമതല ഏറ്റെടുത്തവര്‍ക്ക് ഗാന്ധിജിക്ക് അനുയോജ്യമായ ഒരു തൊപ്പി കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു. കാരണം തൊപ്പികളൊന്നും അദ്ദേഹത്തിന് അനുയോജ്യമല്ല,'' സിദ്ദിഖ് പറഞ്ഞു. ഖിലാഫത്ത് പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ അലി സഹോദരന്‍മാരായ മുഹമ്മദ് അലി, ഷൗക്കത്ത് അലി എന്നിവരുടെ അമ്മയായ അബാദി ബീഗമാണ് ഗാന്ധിക്ക് ഒരു തൊപ്പി തുന്നാന്‍ തീരുമാനിച്ചത്. 'ആ തൊപ്പി പിന്നീട് 'ഗാന്ധി തൊപ്പി' എന്ന പേരില്‍ പ്രസിദ്ധമായി,' അദ്ദേഹം വിശദീകരിച്ചു.

   കൂര്‍ത്ത അറ്റങ്ങളും വിസ്താരമുള്ള തോല്‍പ്പട്ടയും ഒക്കെ ചേര്‍ന്ന ഗാന്ധി തൊപ്പി, പിന്നീട് അഹിംസയുടെയും സ്വാശ്രയത്തിന്റെയും പ്രതീകമായി ഉയര്‍ന്നു. നിരവധി ചിത്രങ്ങളില്‍, പ്രത്യേകിച്ച് 1919 നും 1921 നും ഇടയില്‍ പകര്‍ത്തിയ ചിത്രങ്ങളില്‍ ഗാന്ധിജി ഈ തൊപ്പി ധരിച്ചിരിക്കുന്നത് കാണാം. ഇത് പിന്നീട് സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വസ്ത്രത്തിന്റെ ഭാഗമായി മാറി. ബ്രിട്ടീഷ് ഗവണ്‍മെന്റ് അതിന്റെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതി അടിച്ചമര്‍ത്തുന്നതിനായി ഗാന്ധി തൊപ്പികള്‍ നിരോധിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

   എന്തുകൊണ്ടാണ് ഗാന്ധിജി തൊപ്പി ധരിക്കാത്തത്?

   ഒരിക്കല്‍ സമ്പന്നനായ ഒരു മാര്‍വാഡി ബാപ്പുവിനെ കാണാന്‍ വന്നു. മര്‍വാഡി ഒരു വലിയ തലപ്പാവ് ധരിച്ചിരുന്നു. സംഭാഷണത്തിനിടെ അദ്ദേഹം ചോദിച്ചു, ബാപ്പുജി രാജ്യമെമ്പാടുമുള്ള ആളുകള്‍ അങ്ങയുടെ പേരിലുള്ള ഗാന്ധി തൊപ്പി ധരിക്കുന്നു. പക്ഷേ അങ്ങ് അത് ധരിക്കുന്നില്ല. എന്തുകൊണ്ടാണ് അങ്ങനെ? അദ്ദേഹത്തിന് ഒരു പുഞ്ചിരിയോടെ ഗാന്ധിജി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ''താങ്കള്‍ പറഞ്ഞത് തികച്ചും സത്യമാണ്. നിങ്ങളുടെ തലപ്പാവ് അഴിച്ച് ഒന്ന് നോക്കുക, കുറഞ്ഞത് ഇരുപത് ഗാന്ധി തൊപ്പിയെങ്കിലും അതില്‍ നിന്ന് ഉണ്ടാക്കാം. നിങ്ങളെപ്പോലെയുള്ള ഒരു ധനികന്‍ ഒരു തലപ്പാവില്‍ 20 തൊപ്പികള്‍ ധരിക്കുമ്പോള്‍, 19 പാവപ്പെട്ടവരെയാണ് അത് തുറന്നുകാട്ടുന്നത്. ആ 19 പേരില്‍ ഒരാളാണ് ഞാനും.'' ഗാന്ധിജിയുടെ മറുപടി കേട്ടശേഷം മാര്‍വാഡി ഒന്നും പറഞ്ഞില്ല. അയാള്‍ നിശബ്ദനായി.
   Published by:Jayashankar AV
   First published:
   )}