• HOME
 • »
 • NEWS
 • »
 • explained
 • »
 • Kiswa | 670 കിലോഗ്രാം പട്ട്; സ്വർണവും വെള്ളിയും പൂശിയ നൂലുകൾ; 'കിസ്‍വ'ക്കു പറയാൻ കഥകളേറെ

Kiswa | 670 കിലോഗ്രാം പട്ട്; സ്വർണവും വെള്ളിയും പൂശിയ നൂലുകൾ; 'കിസ്‍വ'ക്കു പറയാൻ കഥകളേറെ

അതി സൂക്ഷ്മമായ കരവിരുതോടെയാണ് ഓരോ കിസ്‌വയും നിർമിക്കുന്നത്. കിസ്‍വയെക്കുറിച്ച് കൂടുതലറിയാം.

 • Last Updated :
 • Share this:
  മക്കയില്‍ വിശുദ്ധ കഅ്ബയെ (Kaaba) പുതപ്പിക്കുന്ന പട്ടാണ് കിസ്‍വ (Kiswa) എന്നറിയപ്പെടുന്നത്. മക്കയിൽ മസ്ജിദുൽ ഹറമിനകത്ത് സ്ഥിതിചെയ്യുന്ന ഖന ചതുരാകൃതിയിലുള്ള കെട്ടിടമാണ്‌ കഅ്ബ. ഓരോ വര്‍ഷവും അറഫാദിനത്തിൽ കഅ്ബയുടെ കിസ്‌വ അഴിച്ചുമാറ്റി പുതിയതു സ്ഥാപിക്കാറുണ്ട്. കറുത്ത നിറത്തിലുള്ള പട്ടാണിത്. ഇതിൽ ഖുറാൻ വചനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടാകും. ഹജ് തീര്‍ഥാടനത്തിലെ പ്രധാന കര്‍മമായ അറഫാ സം​ഗമ ദിനത്തിൽ പ്രഭാത നമസ്കാരത്തോടെയാണ് കഅ്ബയ്ക്ക് പുതിയ കിസ്‌വ അണിയിക്കാൻ തുടങ്ങുന്നത്. അതി സൂക്ഷ്മമായ കരവിരുതോടെയാണ് ഓരോ കിസ്‌വയും നിർമിക്കുന്നത്. കിസ്‍വയെക്കുറിച്ച് കൂടുതലറിയാം.

  കിസ്‍വയുടെ നിർമാണം ?

  15 മീറ്റർ ഉയരവും 10-12 മീറ്റർ നീളവുമുള്ള പള്ളിയുടെ മധ്യഭാഗം മറയ്ക്കാനുള്ള കിസ്‌വക്ക് കുറഞ്ഞത് 670 കിലോഗ്രാം പട്ട് ആവശ്യമാണ്. ഇറ്റലിയിൽ നിന്ന് ഇറക്കുമതി ചെയ്ത പട്ട് പരുത്തിയുമായി യോജിപ്പിക്കും. ജർമ്മനിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വെള്ളിയും സ്വർണം പൂശിയ നൂലും ഉപയോഗിച്ചാണ് എംബ്രോയ്ഡറി ചെയ്യുന്നത്.

  പരമ്പരാഗത ഈജിപ്ഷ്യൻ കരകൗശല വിദഗ്ധരാണ് ആദ്യം കിസ്‍വ നിർമിച്ചിരുന്നത്. 1962 ൽ സൗദി ഭരണകൂടം കിസ്‍വയുടെ നിർമാണം ഏറ്റെടുത്തു. എല്ലാ വർഷവും ഡസൻ കണക്കിന് തൊഴിലാളികൾ ചേർന്നാണ് പുതിയ കിസ്‍വ നിർമിക്കുന്നത്. ഈ വിശുദ്ധ ആവരണം തുന്നാനും എംബ്രോയിഡറി ചെയ്യാനും ഏകദേശം 50 കോടി രൂപയാണ് ചെലവാകുക.

  കിസ്‍വ നിർമിക്കാൻ ഉപയോഗിക്കുന്ന സിൽക്കിന്റെയും നൂലുകളുടെയും ബലവും ഈടും ഉറപ്പാക്കാനായി അവ വിവിധ പരിശോധനകൾക്ക് വിധേയമാക്കാറുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടാനുള്ള ശേഷിയും പരിശോധിക്കും.

  24 മണിക്കൂറും ഉദ്യോഗസ്ഥര്‍ കിസ്‌വ നിരീക്ഷിച്ചു കൊണ്ടിരിക്കും. പൊടിപടലങ്ങളും മറ്റു അപ്പപ്പോള്‍ തന്നെ തുടച്ചു മാറ്റാറുമുണ്ട്.

  കിസ്‍വയുടെ പാരമ്പര്യം

  കഅബയെ ആദ്യമായി മൂടിയത് യെമൻ രാജാവായിരുന്ന തുബ്ബാ അൽ ഹുമൈരിയാണെന്ന് (Tubbaa Al-Humairi) അറബ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇസ്‌ലാമിന് മുമ്പുള്ള കാലഘട്ടത്തിൽ (pre-Islamic times) ആയിരുന്നു അത്. ഒന്നിലധികം തവണ കിസ്‌വയുടെ മോഡൽ മാറ്റിയിട്ടുണ്ട്. പള്ളി മൂടാൻ വ്യത്യസ്ത നിറങ്ങളിലുള്ള തുണികളും ഉപയോഗിച്ചിട്ടുണ്ട്.

  പ്രവാചകൻ മുഹമ്മദ് നബി വെള്ളയും ചുവപ്പും വരകളുള്ള യമനീസ് തുണി കൊണ്ട് കഅബ മൂടിയതായി വിശ്വസിക്കപ്പെടുന്നു. അതിനു ശേഷം വെള്ള തുണി, പച്ച തുണി, ചുവന്ന ബ്രോക്കേഡ്, മഞ്ഞ ബ്രോക്കേഡ്, കറുത്ത ബ്രോക്കേഡ് എന്നിവയും ഉപയോ​ഗിച്ചു. ഇപ്പോൾ കറുത്ത നിറത്തിലുള്ള തുണിയാണ് കിസ്‍വ നിർമിക്കാനായി ഉപയോ​ഗിക്കുന്നത്.

  ഹജ്ജ് സീസണിന്റെ അവസാനത്തിൽ, കിസ്‍വ പല കഷണങ്ങളായി മുറിച്ച് മത സ്ഥാപനങ്ങൾക്കോ മറ്റു പ്രമുഖർക്കോ ​​വിതരണം ചെയ്യാറുണ്ട്. ഇവ ഏറെ വിലപ്പെട്ട തുണിയായാണ് വിശ്വാസികൾ കണക്കാക്കുന്നത്.

  ഈ വർഷം 10 ലക്ഷം തീർത്ഥാടകരാണ് ഹജ്ജിൽ പങ്കെടുക്കുന്നത്. ഇതിൽ 850,000 പേരും സൗദി അറേബ്യക്കു പുറത്തു നിന്ന് എത്തുന്നവരാണ്. കോവിഡ് മൂലം കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഹജ്ജിൽ പങ്കെടുക്കാനാകുന്നവരുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു.
  Published by:Amal Surendran
  First published: