രാജ്യത്തെ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിലൂടെയാണ് ജനങ്ങളോടുള്ള തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നത്. ജനപ്രതിനിധികളാകട്ടെ പാര്‍ലമെന്റില്‍ ഗവണ്മെന്റിന് നേരെ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സര്‍ക്കാരിനെ തങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് വ്യതിചലിച്ചു പോകാതെ ജനങ്ങളോടുള്ള ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ നിര്‍ബന്ധിതമാക്കുന്നു. ഭരണ നിര്‍വഹണം സംബന്ധിച്ച കാര്യങ്ങളിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിഷയങ്ങളിലും പ്രതിപക്ഷം സര്‍ക്കാരിനെ രൂക്ഷമായ രീതിയില്‍ തന്നെ അവലോകനത്തിന് വിധേയമാക്കുമ്പോള്‍ നിയമനിര്‍മാതാക്കള്‍ നിരവധി ചോദ്യങ്ങള്‍ അഭിമുഖീകരിക്കാനും അതിന് മറുപടി നല്‍കാനും ബാധ്യസ്ഥരാണ്. പാര്‍ലമെന്റില്‍ പൊതുവെ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങളുടെ സ്വഭാവം എന്താണെന്ന് നമുക്ക് നോക്കാം.
ഓരോ ദിവസവും ലോകസഭാ സമ്മേളനം ആരംഭിച്ചതിന് ശേഷമുള്ള ആദ്യത്തെ ഒരു മണിക്കൂര്‍ നേരം 'ചോദ്യോത്തര വേള' എന്നാണ് അറിയപ്പെടുന്നത്. ജനപ്രതിനിധികള്‍ക്ക് ചോദ്യം ചോദിക്കാനുള്ള അവകാശം വിനിയോഗിക്കാനുള്ള അവസരമാണ് ചോദ്യോത്തര വേള നല്‍കുന്നത്. ഭരണസംബന്ധമായ ഏതു വിഷയത്തെക്കുറിച്ചും ചോദ്യങ്ങള്‍ ചോദിക്കാനും വിവരങ്ങള്‍ അന്വേഷിക്കാനും, പൊതുപ്രാധാന്യമുള്ള പരാതികള്‍ സഭയുടെ മുമ്പാകെ അവതരിപ്പിക്കാനുമാണ് ചോദ്യോത്തര വേള ഉപയോഗിക്കുന്നത്. ലോകസഭയില്‍ രാവിലെ 11 മണി മുതല്‍ 12 മണി വരെയാണ് ചോദ്യോത്തര വേള ഉണ്ടാവുക. രാജ്യസഭയിലാകട്ടെ 12 മണിക്കും 1 മണിക്കും ഇടയിലായാണ് ചോദ്യോത്തര വേളയ്ക്ക് സമയം അനുവദിച്ചിരിക്കുന്നത്. ശൂന്യവേളയുടെ സമയത്തും സഭാംഗങ്ങള്‍ക്ക് ചോദ്യങ്ങള്‍ ഉന്നയിക്കാവുന്നതാണ്. ചോദ്യം ചോദിക്കുന്നതിന് മുമ്പായി സഭാംഗം നോട്ടീസ് നല്‍കേണ്ടതുണ്ട്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും സഭാംഗങ്ങള്‍ ചോദ്യം ചോദിക്കണമെങ്കില്‍ 15 ദിവസം മുമ്പായി സഭയുടെ സെക്രട്ടേറിയറ്റിന് അത് സംബന്ധിച്ച നോട്ടീസ് നല്‍കണം. എന്നാല്‍, ഈ നിബന്ധനയ്ക്ക് ഇളവുകള്‍ നല്‍കാനുള്ള അവകാശം സഭാധ്യക്ഷനായ സ്പീക്കര്‍ക്കുണ്ട്.
ഏതൊക്കെ തരത്തിലുള്ള ചോദ്യങ്ങള്‍ സഭയില്‍ ചോദിക്കാം?
പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഒരു അംഗത്തിന് ഒരു ദിവസം പരമാവധി അഞ്ച് ചോദ്യങ്ങള്‍ ചോദിക്കാനുള്ള നോട്ടീസ് മാത്രമേ നല്കാന് കഴിയൂ എന്ന് ചട്ടങ്ങള്‍ അനുശാസിക്കുന്നു. ഏതൊക്കെ ചോദ്യങ്ങളാണ് അനുവദനീയം എന്നത് സംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ട്. പൊതുപ്രാധാന്യമുള്ള വിഷയം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ളതാവണം ഓരോ ചോദ്യവും. ചോദ്യങ്ങളില്‍ വാദങ്ങള്‍, അനുമാനങ്ങള്‍, അപകീര്‍ത്തികരമായ പ്രസ്താവനകള്‍ എന്നിവ ഉണ്ടാകാന്‍ പാടില്ല. കോടതിയുടെയോ ട്രിബ്യൂണലിന്റെയോ പാര്‍ലമെന്ററി സമിതിയുടെയോ പരിഗണനയിലുള്ള വിഷയങ്ങളില്‍ ചോദ്യം ചോദിയ്ക്കാന്‍ പാടില്ല. സഭയില്‍ ഇതിനകം ഉത്തരം നല്‍കിയിട്ടുള്ള ചോദ്യത്തിന്റെ ആവര്‍ത്തനം അനുവദിക്കില്ല. അതോടൊപ്പം, രേഖയുടെ രൂപത്തില്‍ ഇതിനകം ലഭ്യമായിട്ടുള്ള വിവരങ്ങളെ സംബന്ധിച്ച ചോദ്യങ്ങളും ഒഴിവാക്കണം. ഇന്ത്യയുമായി മികച്ച നയതന്ത്രബന്ധം പുലര്‍ത്തുന്ന വിദേശരാജ്യങ്ങളെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചോദ്യങ്ങള്‍ക്കും അനുമതി ലഭിക്കില്ല. ഒരു ചോദ്യം 150 വാക്കുകളില്‍ കവിയാന്‍ പാടില്ല എന്ന നിബന്ധനയും നിലവിലുണ്ട്.
ഒരു ദിവസം ചോദിക്കാന്‍ കഴിയുന്ന അഞ്ച് ചോദ്യങ്ങളില്‍ സഭയില്‍ നേരിട്ട് ഉത്തരം പറയേണ്ടതോ അല്ലെങ്കില്‍ രേഖാമൂലം മറുപടി നല്‍കേണ്ടതോ ആയ ചോദ്യങ്ങള്‍ സഭാംഗത്തിന് ഉള്‍പ്പെടുത്താവുന്നതാണ്. ഈ രണ്ടു തരത്തില്‍ മറുപടി നല്കാവുന്ന ചോദ്യങ്ങളുടെ ആകെ എണ്ണത്തില്‍ ഇരു സഭകളും പരിധി ഏര്‍പ്പെടുത്തിയിട്ടുണ്ട്. സഭയില്‍ നേരിട്ട് ഉത്തരം ലഭിക്കേണ്ട ചോദ്യങ്ങള്‍ അതിന് വേണ്ടിയുള്ള നോട്ടീസില്‍ നക്ഷത്രചിഹ്നമിട്ടുകൊണ്ട് സഭാംഗത്തിന് സമര്‍പ്പിക്കാം. ഈ ചോദ്യങ്ങളാണ് നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍. അവയ്ക്ക് സഭാതലത്തില്‍ നേരിട്ട് മറുപടി ലഭിക്കും. നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങളുടെ കാര്യത്തില്‍ സഭാംഗങ്ങള്‍ക്ക് ഉപചോദ്യങ്ങളിലൂടെ കൂടുതല്‍ വിശദീകരണം തേടാവുന്നതാണ്. ലോകസഭയില്‍ ചോദ്യോത്തര വേളയില്‍ ഇരുപതില്‍ കൂടുതല്‍ നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍ക്ക് അനുമതി നല്‍കില്ല. രാജ്യസഭയാകട്ടെ, ഇത്തരത്തിലുള്ള 15 ചോദ്യങ്ങള്‍ക്ക് മാത്രമേ ഒരു ദിവസം അനുമതി നല്‍കുകയുള്ളൂ.
രേഖാമൂലമുള്ള മറുപടി ആവശ്യപ്പെടുന്ന ചോദ്യങ്ങളാണ് നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങള്‍. അത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ സഭയുടെ മേശപ്പുറത്ത് വെയ്ക്കുകയാണ് ചെയ്യുക. ഈ ചോദ്യങ്ങളുടെ കാര്യത്തില്‍ സഭാംഗങ്ങള്‍ക്ക് ഉപചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയില്ല. ലോകസഭയില്‍ ഓരോ ദിവസവും 230 ചോദ്യങ്ങള്‍ക്ക് രേഖാമൂലമുള്ള മറുപടി നല്‍കാറുണ്ട്. രാജ്യസഭ അത്തരത്തിലുള്ള 160 ചോദ്യങ്ങള്‍ക്കേ ഒരു ദിവസം അനുമതി നല്‍കൂ.
ഇവ കൂടാതെയുള്ള മറ്റ് വിഭാഗങ്ങളില്‍പ്പെടുന്ന ചോദ്യങ്ങള്‍ ഉണ്ടോ?
അടിയന്തിരമായി നടത്തേണ്ട ചര്‍ച്ചകള്‍ക്കായി ഷോര്‍ട്ട് നോട്ടീസ് ചോദ്യങ്ങളും പാര്‍ലമെന്റില്‍ അനുവദിക്കാറുണ്ട്. ഇത്തരം ചോദ്യങ്ങള്‍ക്കുള്ള നോട്ടീസ് 10 ദിവസങ്ങള്‍ക്ക് മുമ്പ് നല്‍കാവുന്നതാണ്. അവയ്ക്കുള്ള ഉത്തരങ്ങള്‍ സഭയില്‍ നേരിട്ട് പറയും. അംഗങ്ങള്‍ക്ക് ഉപചോദ്യങ്ങളിലൂടെ കൂടുതല്‍ വിശദീകരണം തേടാനും കഴിയും. എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ വളരെ അപൂര്‍വമായി മാത്രമേ അനുവദിക്കാറുള്ളൂ എന്ന് പിആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ച് ചൂണ്ടിക്കാട്ടുന്നു.
പാര്‍ലമെന്റില്‍ എല്ലാ ചോദ്യങ്ങളും സര്‍ക്കാരിനോടോ മന്ത്രിമാരോടോ മാത്രമേ ചോദിക്കാവൂ എന്ന് നിര്‍ബന്ധമില്ല. മന്ത്രിയല്ലാത്ത എംപിമാരോടും മറ്റംഗങ്ങള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാവുന്നതാണ്. എന്നാല്‍, പ്രസ്തുത എംപിയ്ക്ക് ഉത്തരവാദിത്തമുള്ള നിയമനിര്മാണവുമായോ ബില്ലുമായോ ബന്ധപ്പെട്ട ചോദ്യങ്ങളേ ഇത്തരത്തില്‍ ചോദിയ്ക്കാന്‍ കഴിയൂ. ചോദ്യങ്ങള്‍ക്ക് അനുമതി തേടേണ്ട പ്രക്രിയ മറ്റു ചോദ്യങ്ങളുടേതിന് സമാനമാണ്.
ശരാശരി എത്ര ചോദ്യങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെടാറുണ്ട്?
പിആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ച് നല്കുന്ന വിവരങ്ങള്‍ പ്രകാരം, 2009നും 2014നും ഇടയില്‍ പതിനഞ്ചാം ലോകസഭയുടെ കാലയളവിലുടനീളം 1,43,635 ചോദ്യങ്ങളാണ് സഭാതലത്തില്‍ ഉന്നയിക്കപ്പെട്ടത്. ഓരോ വര്‍ഷവും മൂന്ന് സെഷനുകളിലായാണ് പാര്‍ലമെന്റ് കൂടാറുള്ളത്. അത് കണക്കിലെടുക്കുമ്പോള്‍ ഓരോ പാര്‍ലമെന്റ് സെഷനിലും 9,500ലേറെ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്.
പതിനേഴാം ലോകസഭയുടെ ആദ്യത്തെ രണ്ടു വര്‍ഷങ്ങളിലെ പ്രവര്‍ത്തനം സംബന്ധിച്ച് 2021ല്‍ പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് പ്രകാരം, ഓരോ സമ്മേളനത്തിലും സഭാതലത്തില്‍ നേരിട്ട് ഉത്തരം പറയുന്ന ശരാശരി ചോദ്യങ്ങളുടെ എണ്ണം 5.37 ആയി ഉയര്‍ന്നിട്ടുണ്ട്. 14, 15, 16 ലോകസഭകളില്‍ ഇവ യഥാക്രമം 3.07, 2.96, 4.34 എന്നിങ്ങനെയായിരുന്നു. 14, 15, 16 ലോകസഭകളില്‍ ഓരോ സമ്മേളനത്തിലും ചോദ്യങ്ങള്‍ക്ക് അനുമതി ലഭിച്ച പാര്‍ലമെന്റ് അംഗങ്ങളുടെ എണ്ണം യഥാക്രമം 321.25, 333.75, 373.25 എന്നിങ്ങനെ ആയിരുന്നെന്നും പതിനേഴാം ലോകസഭയില്‍ ഈ എണ്ണം 394.25 ആയി ഉയര്‍ന്നെന്നും പ്രസ്തുത റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.