നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • Explained: പേര് കേട്ട് അറയ്ക്കണ്ട; സ്വർണത്തോളം വിലമതിക്കുന്ന തിമിംഗല ഛർദി എന്തിന് കൊള്ളാം

  Explained: പേര് കേട്ട് അറയ്ക്കണ്ട; സ്വർണത്തോളം വിലമതിക്കുന്ന തിമിംഗല ഛർദി എന്തിന് കൊള്ളാം

  വിദേശ രാജ്യങ്ങളിലെ സുഗന്ധ ലേപനങ്ങളിലാണ് തിമിംഗലത്തിന്റെ ഛര്‍ദ്ദി അഥവാ ആംബര്‍ഗ്രിസ് പ്രധാനമായും ഉപയോഗിക്കുന്നത്.

  ചേറ്റുവയിൽ പിടികൂടിയ 18 കിലോ വരുന്ന തിമിംഗല ഛർദി

  ചേറ്റുവയിൽ പിടികൂടിയ 18 കിലോ വരുന്ന തിമിംഗല ഛർദി

  • Share this:
   ആംബർഗ്രിസ് എന്ന തിമിംഗല ഛർദി മലയാളികൾക്ക് അത്ര കേട്ട് പരിചയമുള്ളതല്ല. ഇന്നലെ തൃശൂരിൽ നിന്ന് 18 കിലോ വരുന്ന തിമിംഗല ഛർദി പിടികൂടിയതോടെയാണ് ഈ വാക്ക് അധികംപേരും ശ്രദ്ധിക്കുന്നത്. 30 കോടി രൂപ വില വരുന്ന വസ്തുവാണ് ചേറ്റുവയിൽ പിടികൂടിയത്. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടിന്റെ ഷെഡ്യൂള്‍ രണ്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ വസ്തു കൈവശം വയ്ക്കുന്നത് ശിക്ഷാര്‍ഹമാണ്.

   എന്താണ് ആംബർഗ്രിസ്?

   കടലിലെ നിധി, ഒഴുകുന്ന സ്വര്‍ണം എന്നൊക്കെയാണ് സ്‌പേം തിമിംഗലങ്ങളുടെ ഛര്‍ദ്ദി അഥവാ ആംബര്‍ഗ്രിസ് അറിയപ്പെടുന്നത്.
   കോടികളാണ് ഈ ആംബര്‍ഗ്രിസിന് വിപണിയില്‍ ലഭിക്കുക. ഖരരൂപത്തില്‍ മെഴുക് പോലെയാണ് ഇത് കാണപ്പെടുക. സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടു നിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്.

   തിമിംഗലങ്ങളുടെ ആമാശയത്തിലുണ്ടാകുന്ന ദഹനസഹായിയായ സ്രവങ്ങള്‍ ഉറഞ്ഞു കൂടിയുണ്ടാകുന്ന വസ്തുവാണ്. അധികമാവുന്ന ആംബര്‍ഗ്രിസിനെ തിമിംഗലം വായിലൂടെ പുറത്തുവിടും. തിമിംഗലങ്ങള്‍ ഇടയ്ക്ക് ഛര്‍ദ്ദിച്ചു കളയുന്ന ഈ വസ്തു, ജലനിരപ്പിലൂടെ ഒഴുകി നടക്കും. ഒമാന്‍ തീരം, ആംബര്‍ഗ്രിസ് സാന്നിധ്യത്തിന് പേരുകേട്ടതാണ്. വിപണിയില്‍ സ്വര്‍ണത്തോളം വിലമതിക്കുന്ന വസ്തുവാണിത്.

   ആംബർഗ്രിസ് ഉപയോഗിക്കുന്നത് എന്തിന്?

   വ്യാവസായികമായി ഏറെ വിലപിടിപ്പുള്ള വസ്തുവാണ് ആംബര്‍ഗ്രിസ്. വിദേശ രാജ്യങ്ങളിലെ സുഗന്ധ ലേപനങ്ങളിലാണ് തിമിംഗലത്തിന്റെ ഛര്‍ദ്ദി അഥവാ ആംബര്‍ഗ്രിസ് പ്രധാനമായും ഉപയോഗിക്കുന്നത്. ദീര്‍ഘനേരം സുഗന്ധം നിലനില്‍ക്കാനാണ് സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഇവ ഉപയോഗിക്കുന്നത്. വിലകൂടിയ പെര്‍ഫ്യൂമുകള്‍ ഉണ്ടാക്കാന്‍ ആംബര്‍ഗ്രിസ് ഉപയോഗിക്കുന്നുവെന്നതിനാലാണ് ഇത്രയും വില ഇവയ്ക്ക് ലഭിക്കാൻ കാരണം.

   കേരളത്തിൽ പിടികൂടുന്നത് ആദ്യം

   അടുത്തിടെയായി ആന്ധ്രാപ്രദേശ്, ബംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ നിന്നും തിമിംഗല ഛര്‍ദ്ദി പിടികൂടിയിട്ടുണ്ട്. ഇന്നലെ കേരളത്തിലും പിടികൂടി. തൃശൂര്‍ ചേറ്റുവയിലാണ് തിമിംഗല ഛര്‍ദ്ദിയുമായി മൂന്ന് പേരെ വനം വിജിലന്‍സ് പിടികൂടിയത്. വാടാനപ്പള്ളി സ്വദേശി റഫീഖ്, പാലയൂര്‍ സ്വദേശി ഫൈസല്‍, എറണാകുളം സ്വദേശി ഹംസ എന്നിവരാണ് പിടിയിലായത്.

   18 കിലോയോളം തൂക്കമുള്ള ഛര്‍ദ്ദിയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇതിന് വിപണിയില്‍ 30 കോടി വിലവരുമെന്ന് വിജിലന്‍സ് പറഞ്ഞു. വൈല്‍ഡ് ലൈഫ് കണ്‍ട്രോള്‍ ബ്യൂറോ നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഫോറസ്റ്റ് വിജിലന്‍സ് സംഘത്തിന്‍റെ നീക്കം.

   മുംബൈയിൽ കഴിഞ്ഞ മാസമാണ് തിമിംഗല ഛർദി വിൽക്കാൻ ശ്രമിച്ച മൂന്നുപേർ അറസ്റ്റിലായത്. 2.7 കോടി രൂപയുടെ ആംബർഗ്രിസാണ് ഇവർ വിൽക്കാൻ ശ്രമിച്ചത്.
   Published by:Rajesh V
   First published:
   )}