നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • explained
    • »
    • Explained: ആഗോളതാപനം ഗുരുതരമാകുന്നതിന് കാരണം ഈ നാല് രാജ്യങ്ങൾ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

    Explained: ആഗോളതാപനം ഗുരുതരമാകുന്നതിന് കാരണം ഈ നാല് രാജ്യങ്ങൾ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

    ഓസ്ട്രേലിയ, ചൈന, റഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ ആസൂത്രണം ചെയ്യുന്ന പദ്ധതികളെയും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ശാസ്ത്രജ്ഞര്‍ ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

    ആഗോളതാപനം ഗുരുതരമാകുന്നതിന് കാരണം ഈ നാല് രാജ്യങ്ങൾ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

    ആഗോളതാപനം ഗുരുതരമാകുന്നതിന് കാരണം ഈ നാല് രാജ്യങ്ങൾ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

    • Share this:
      ലോകത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നാല് രാജ്യങ്ങളിലാണ് നടക്കുന്നതെന്നും അവരുടെ ഭാവി പദ്ധതികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ലോകത്തെ രക്ഷിക്കാന്‍ നമുക്ക് കഴിയില്ലെന്നും മുന്നറിയിപ്പ് നല്‍കുകയാണ് ശാസ്ത്രജ്ഞര്‍. ഓസ്ട്രേലിയ, ചൈന, റഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ ആസൂത്രണം ചെയ്യുന്ന പദ്ധതികളെയും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ശാസ്ത്രജ്ഞര്‍ ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

      പാരിസ് ഇക്വിറ്റി ചെക്കിന്റെ പിയര്‍ റിവ്യൂ സംഘമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ നാല് രാജ്യങ്ങളും കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് ആഗോളതലത്തില്‍ നിലവിലുള്ള ഉടമ്പടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചാണ് പല പദ്ധതികളും നടപ്പാക്കുന്നതെന്നും അത് സൃഷ്ടിക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും എന്നും ശാസ്ത്രജ്ഞരുടെ സംഘം അറിയിക്കുന്നു. ഈ വര്‍ഷം അവസാനം പാരീസില്‍ വെച്ച് നടക്കുന്ന കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ലോക കോണ്‍ഫറന്‍സില്‍ ഈ പ്രശ്‌നം ഉന്നയിക്കുമെന്നും ശാസ്ത്രസംഘം അറിയിക്കുന്നു. ലോകചരിത്രത്തില്‍ കാലാവസ്ഥാമാറ്റം ചര്‍ച്ച ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ആഗോള കോണ്‍ഫറന്‍സായ 'സി ഓ പി-26' ലക്ഷ്യമിടുന്നത് 2050 ആകുമ്പോഴേക്കും ആഗോള താപനിലയില്‍ 1.5 ഡിഗ്രി സെല്‍ഷ്യസിന്റെ കുറവ് ഉണ്ടാക്കുക എന്നതാണ്.

      വില്ലന്മാരായി നാല് രാജ്യങ്ങള്‍

      കാര്‍ബണ്‍ പുറന്തള്ളലിന്റെ കാര്യത്തില്‍ യൂറോപ്യന്‍ യൂണിയനും ബ്രിട്ടണും കടുത്ത നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ മലിനീകരണവും താപനിലയും വര്‍ദ്ധിപ്പിക്കുന്ന പദ്ധതികള്‍ ഒരു കാരണവശാലും നടപ്പാക്കില്ല എന്ന് ഇരുവരും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച മുന്നറിയിപ്പുകളെല്ലാം അവഗണിക്കുന്ന സമീപനമാണ് ചൈന, റഷ്യ, ബ്രസീല്‍, ഓസ്ട്രേലിയ എന്നീ നാല് രാജ്യങ്ങള്‍ കൈക്കൊള്ളുന്നതെന്ന് സൂചിപ്പിക്കുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. പാരിസ് ഇക്വിറ്റി ചെക്കിന്റെ പിയര്‍ റിവ്യൂ സംഘത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഈ നാല് രാജ്യങ്ങളും അമിതമായ അളവില്‍ കല്‍ക്കരി ഉപയോഗിക്കുന്നുണ്ട്. ലോകത്തെമ്പാടുമുള്ള രാജ്യങ്ങള്‍ ഇതേ അളവില്‍ കല്‍ക്കരിയും ഫോസില്‍ ഇന്ധനങ്ങളും ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ അധികം വൈകാതെ ആഗോള താപനിലയില്‍ 5 ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ദ്ധനവാണ് ഉണ്ടാവുക. ഈ നാല് രാജ്യങ്ങളും ചേര്‍ന്ന് ദശലക്ഷക്കണക്കിന് ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡാണ് പുറന്തള്ളുന്നത്. എന്നാല്‍, ഇവ ഒഴിച്ചുള്ള മറ്റു ലോകരാജ്യങ്ങളെല്ലാം കാലാവസ്ഥാമാറ്റത്തിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാന്‍ ലോകത്തോടുള്ള തങ്ങളുടെ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

      ചൈന, റഷ്യ, ബ്രസീല്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ കാലാവസ്ഥാ വ്യതിയാനത്തിന് നേരിട്ട് കാരണമാകുന്ന നൂറുകണക്കിന് പദ്ധതികള്‍ നടപ്പാകുന്നതായി പ്രസ്തുത റിപ്പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്. അതുകൂടാതെ അത്തരത്തിലുള്ള കൂടുതല്‍ പദ്ധതികള്‍ നടപ്പില്‍ വരുത്താനുള്ള തയ്യാറെടുപ്പിലാണ് ഈ രാജ്യങ്ങള്‍. ആഗോളതാപനത്തിന് നേരിട്ട് കാരണമാകുന്ന തരത്തിലുള്ള നിരുത്തരവാദപരമായ സമീപനമാണ് ഈ രാജ്യങ്ങള്‍ കൈക്കൊള്ളുന്നത്. ഈ രാജ്യങ്ങള്‍ അടിയന്തിരമായി മാനവരാശിയോടുള്ള തങ്ങളുടെ ഉത്തരവാദിത്തം തിരിച്ചറിയുകയും ആപത്കരമായ ഈ പദ്ധതികള്‍ നിര്‍ത്തുകയും ചെയ്തില്ലെങ്കില്‍ ഈ വര്‍ഷാവസാനം നടക്കാനിക്കിരിക്കുന്ന 'സി ഓ പി-26' എന്ന ആഗോള സമ്മേളനം അടിസ്ഥാനരഹിതമായി മാറുമെന്നും ഈ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. 2050-തിനുള്ളില്‍ ആഗോള താപനില 1.5 ഡിഗ്രി സെല്‍ഷ്യസ് കുറയ്ക്കുക എന്ന ലക്ഷ്യം നിറവേറ്റാന്‍ കഴിയാതിരുന്നാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അതിഭീകരമായിരിക്കും.

      ജി 20 രാജ്യങ്ങളുടെ പങ്ക്

      ലോകത്ത് ആകെ പുറന്തള്ളപ്പെടുന്ന കാര്‍ബണിന്റെ 85 ശതമാനവും സംഭാവന ചെയ്യുന്നത് ജി 20 രാജ്യങ്ങളാണ്. അവയില്‍ തന്നെ ചൈന, റഷ്യ, ബ്രസീല്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ പുറന്തള്ളലില്‍ മുന്നില്‍ നില്‍ക്കുന്നത്. ലോകത്തോടുള്ള തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ ജി 20 രാജ്യങ്ങള്‍ പരാജയപ്പെട്ടതായി അന്താരാഷ്ട്ര സംഘടനയായ ആവാസ് പറയുന്നു. തങ്ങള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ ഒരു കാരണവശാലും നിര്‍ത്തിവെയ്ക്കില്ല എന്ന നിലപാടാണ് ചൈനയുടേത്. റഷ്യ, ഓസ്ട്രേലിയ, ബ്രസീല്‍ എന്നീ രാജ്യങ്ങളും ചൈനയുടെ പാത പിന്തുടരുന്നതോടെ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആഗോള കോണ്‍ഫറന്‍സിന് അര്‍ത്ഥമില്ലാതായി മാറുമെന്ന ആശങ്ക ശാസ്ത്രജ്ഞര്‍ പങ്കുവെയ്ക്കുന്നു.

      'ലോകശക്തികള്‍ കാലാവസ്ഥാമാറ്റം സംബന്ധിച്ച തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാത്തത് വലിയ ആശങ്ക സൃഷ്ടിക്കുന്നു. ജി 20 രാജ്യങ്ങള്‍ ഇപ്പോള്‍ പിന്തുടരുന്ന പാത അനിവാര്യമായും ലോകത്തിന്റെ നാശത്തിലേക്കാണ് നയിക്കുക. ഇതേ രീതിയിലാണ് മാനവരാശി മുന്നോട്ട് പോകുന്നതെങ്കില്‍ വലിയ പ്രളയങ്ങള്‍, സുനാമികള്‍, വരള്‍ച്ച, കൊടുംതാപം, അതിതീവ്രമായ കാലാവസ്ഥാമാറ്റങ്ങള്‍ മുതലായ ദുരന്തങ്ങളാകും ഭാവിയില്‍ നമ്മളെ വരവേല്‍ക്കുക', മുതിര്‍ന്ന ശാസ്ത്രജ്ഞനായ യാന്‍ റോബ് മുന്നറിയിപ്പ് നല്‍കുന്നു.

      ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങള്‍

      വ്യാവസായിക വിപ്ലവത്തിന് ശേഷമാണ് ആഗോള താപനിലയില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിത്തുടങ്ങിയത്. ഇതേ നിരക്കില്‍ താപനിലയിലുണ്ടാകുന്ന വര്‍ദ്ധനവ് തുടര്‍ന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ആഗോള താപനില വീണ്ടും 5 ഡിഗ്രി സെല്‍ഷ്യസ് ഉയരും. അത് ലോകത്തെ മഴക്കാടുകളുടെ സര്‍വ്വനാശത്തിന് കാരണമാകുമെന്നും ലോകത്തിന്റെ നാലിലൊന്ന് ഭാഗം കടുത്ത വരള്‍ച്ചയ്ക്ക് വിധേയമാകുമെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. മറുവശത്ത് ആഗോള താപനിലയിലുള്ള വര്‍ദ്ധനവ് വ്യാപകമായി മഞ്ഞുരുകുന്നതിനും സമുദ്രനിരപ്പ് അമിതമായി ഉയരുന്നതിനും കാരണമാകും. വലിയൊരു വിഭാഗം ജനങ്ങള്‍ മഹാപ്രളയങ്ങളില്‍ കൊല്ലപ്പെടുന്നതിലേക്കാകും ഇത് വഴി വെയ്ക്കുക എന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.

      എന്നാല്‍, ഇപ്പോള്‍ ലക്ഷ്യം വെയ്ക്കുന്നത് പോലെ ആഗോള താപനില 1.5 ഡിഗ്രി സെല്‍ഷ്യസ് കുറയ്ക്കാന്‍ സാധിച്ചാല്‍ ആഗോളതാപനം മൂലമുണ്ടാകാന്‍ സാധ്യതയുള്ള അതിഭീകരമായ പ്രത്യാഘാതങ്ങളെ തടഞ്ഞുനിര്‍ത്താന്‍ നമുക്ക് കഴിയും. ആഗോള താപനിലയില്‍ 1.2 ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ദ്ധനവ് ഉണ്ടായപ്പോഴേക്കും വരാന്‍ പോകുന്ന ദുരന്തങ്ങളുടെ ലക്ഷണങ്ങള്‍ പ്രളയങ്ങളുടെയും വരള്‍ച്ചയുടെയുമൊക്കെ രൂപത്തില്‍ നമ്മള്‍ അനുഭവിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മാനവരാശിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ഈ പ്രത്യാഘാതങ്ങളെ ചെറുക്കാന്‍ ആഗോളതലത്തില്‍ ലോകരാജ്യങ്ങളുടെ സഹകരണം അത്യന്താപേക്ഷിതമാണ്.
      Published by:Jayashankar AV
      First published:
      )}