നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • explained
    • »
    • World Tsunami Awareness Day | ഇന്ന് ലോക സുനാമി ബോധവത്ക്കരണ ദിനം; സുനാമിയ്ക്ക് കാരണമാകുന്നത് എന്ത്?

    World Tsunami Awareness Day | ഇന്ന് ലോക സുനാമി ബോധവത്ക്കരണ ദിനം; സുനാമിയ്ക്ക് കാരണമാകുന്നത് എന്ത്?

    ലോക സുനാമി ബോധവത്ക്കരണ ദിനം ജപ്പാന്റെ ആശയമാണ്

    • Share this:
      ഇന്ന് ലോക സുനാമി ബോധവത്ക്കരണ ദിനം (World Tsunami Awareness Day). 2015 ഡിസംബറിലാണ് യുഎന്‍ (UN) ജനറല്‍ അസംബ്ലി നവംബര്‍ 5 ലോക സുനാമി ബോധവല്‍ക്കരണ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. സുനാമി (Tsunami) ബോധവത്ക്കരണം നടത്താനും അപകടസാധ്യത കുറയ്ക്കുന്നതിനുള്ള നൂതന സമീപനങ്ങള്‍ പങ്കുവയ്ക്കാനും രാജ്യങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും ആഹ്വാനം ചെയ്തുകൊണ്ടാണ് ഈ ദിനം ആചരിക്കുന്നത്.

      ലോക സുനാമി ബോധവത്ക്കരണ ദിനം ജപ്പാന്റെ ആശയമാണ്. ആവര്‍ത്തിച്ചുള്ള ഇത്തരം കയ്‌പേറിയ അനുഭവങ്ങള്‍ കാരണം ജപ്പാന്‍ സുനാമിയെ നേരിടാന്‍ കൂടുതല്‍ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. സുനാമി മുന്നറിയിപ്പ് നല്‍കുന്നതിനും, ഭാവിയിലെ ആഘാതങ്ങള്‍ കുറയ്ക്കുന്നതിനും ദുരന്തത്തിന് ശേഷം മെച്ചപ്പെട്ട രീതിയിലുള്ള വീണ്ടെടുക്കല്‍ നടത്തുന്നതിനും ജപ്പാന്‍ ഏറെ മുന്നിലാണ്. നിലവില്‍ യുഎന്‍ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ (UNDRR) യുഎന്നിന്റെ മറ്റ് സംവിധാനങ്ങളുമായി സഹകരിച്ചാണ് ലോക സുനാമി ബോധവത്ക്കരണ ദിനം ആചരിക്കുന്നത്.

      2030 ഓടെ, ലോകജനസംഖ്യയുടെ 50 ശതമാനവും വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, സുനാമി എന്നിവയ്ക്ക് വിധേയമായ തീരപ്രദേശങ്ങളിലായിരിക്കും താമസിക്കുക എന്നാണ് കണക്കാക്കപ്പെടുന്നത്. വികസ്വര രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര സഹകരണം വര്‍ദ്ധിപ്പിക്കുന്നത് വഴി സുനാമി അപകടസാധ്യതയുള്ള 100% വിഭാഗങ്ങളും 2030 ഓടെ സുനാമിയെ നേരിടാന്‍ തയ്യാറാകുമെന്നും പ്രതിരോധശേഷിയുള്ളവരായി തീരുമെന്നും കരുതപ്പെടുന്നു.

      എന്താണ് സുനാമി?

      'സുനാമി' എന്ന വാക്ക് ഒരു ജാപ്പനീസ് പദമാണ്. 'സു' എന്നാല്‍ തുറമുഖം. 'നാമി' എന്നാല്‍ തിരമാല. ഇവ ചേര്‍ന്നാണ് സുനാമി എന്ന വാക്കുണ്ടായത്. സമുദ്രത്തിനടിയിലോ സമീപത്തോ സംഭവിക്കുന്ന ഭൂകമ്പങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന വലിയ തിരമാലകളുടെ ഒരു പരമ്പരയാണ് സുനാമി. അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങള്‍, മണ്ണിടിച്ചിലുകള്‍, തീരപ്രദേശത്തെ പാറമടകള്‍ എന്നിവയും സുനാമിയ്ക്ക് കാരണമാകാം. കടലിന്റെ അടിത്തട്ടിലെ ലംബമായ ചലനത്തില്‍ നിന്നാണ് ഇവ ഉത്ഭവിക്കുന്നത്.

      സുനാമി തിരമാലകള്‍ ജലത്തിന്റെ വലിയ മതിലുകള്‍ പോലെയാണ് കാണപ്പെടുന്നത്. ഇവ തീരപ്രദേശത്തെ ആക്രമിക്കുകയും മണിക്കൂറുകളോളം അപകടമുണ്ടാക്കുകയും ചെയ്യും. ഓരോ 5 മുതല്‍ 60 മിനിറ്റിലും തിരമാലകള്‍ വന്നു കൊണ്ടേയിരിക്കും. സുനാമിയുടെ ആദ്യ തിരമാലകളായിരിക്കില്ല ഏറ്റവും വലുത്. പലപ്പോഴും രണ്ടാമത്തെയോ മൂന്നാമത്തെയോ അതിന് ശേഷമുള്ളതോ ആയിരിക്കാം ഏറ്റവും വലിയ തിരമാലകള്‍. ഒരു തിരമാലയ്ക്ക് ശേഷം കടല്‍ പിന്നോട്ട് വലിയും ഒരാള്‍ക്ക് വെള്ളം കാണാന്‍ കഴിയാത്ത തരത്തില്‍ കടല്‍ പിന്നോട്ട് നീങ്ങും. അടുത്ത തിരമാല മിനിറ്റുകള്‍ക്കുള്ളില്‍ കരയിലേക്ക് ആഞ്ഞടിക്കും.

      സുനാമിയ്ക്ക് കാരണമാകുന്നത് എന്തൊക്കെയാണ്?

      ഭൂകമ്പങ്ങള്‍ സുനാമിയ്ക്ക് കാരണമാകാറുണ്ട്. എന്നാല്‍ എല്ലാ ഭൂകമ്പങ്ങളും സുനാമിക്ക് കാരണമാകില്ല. ഭൂകമ്പം സമുദ്രത്തിനടിയില്‍ സംഭവിക്കുമ്പോഴാണ് സുനാമിയുണ്ടാകുന്നത്. മാത്രമല്ല ഇത് ശക്തമായ ഭൂകമ്പമായിരിക്കണം. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രതയെങ്കിലുമുള്ള ഭൂകമ്പമാണ് സുനാമിയ്ക്ക് കാരണമാകുന്നത്. തീരപ്രദേശത്ത് ഉണ്ടാകുന്ന ഉരുള്‍പൊട്ടല്‍ വലിയ അളവില്‍ വെള്ളം കടലിലേക്ക് ഒഴുകാന്‍ കാരണമാകുകയും ഇത് കടലിനെ അസ്വസ്ഥമാക്കുകയും സുനാമിയ്ക്ക് കാരണമാകുകയും ചെയ്യാറുണ്ട്. വെള്ളത്തിനടിയിലെ മണ്ണിടിച്ചിലുകളും സുനാമിക്ക് കാരണമാകും.
      Published by:Jayashankar AV
      First published:
      )}