• HOME
 • »
 • NEWS
 • »
 • explained
 • »
 • State of Emergency | ഇന്ന് അടിയന്തരാവസ്ഥയുടെ 47-ാം വാർഷികം; ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ ഇരുണ്ട അധ്യായം

State of Emergency | ഇന്ന് അടിയന്തരാവസ്ഥയുടെ 47-ാം വാർഷികം; ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ ഇരുണ്ട അധ്യായം

ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ ഇരുണ്ട അധ്യായമായാണ് അടിയന്തരാവസ്ഥയെ പലപ്പോഴും വിലയിരുത്തുന്നത്.

 • Last Updated :
 • Share this:
  1975 ജൂണ്‍ 25നാണ് ഇന്ത്യയില്‍ അന്നത്തെ പ്രധാനമന്ത്രി (prime minister) ഇന്ദിര ഗാന്ധി ( Indira Gandhi) ദേശീയ അടിയന്തരാവസ്ഥ (emergency) പ്രഖ്യാപിച്ചത്. 1977 മാര്‍ച്ച് 21 വരെ 21 മാസങ്ങളാണ് ഇത് നീണ്ടുപോയത്. ആഭ്യന്തര സംഘര്‍ഷങ്ങളെ തുടർന്ന് ഭരണഘടനയുടെ 352-ാം വകുപ്പ് അനുസരിച്ചായിരുന്നു രാഷ്ട്രപതി (president of india) ഫക്രുദ്ദീന്‍ അലി അഹമ്മദ് അടിയന്തരാവസ്ഥ പ്രഖ്യാപനം നടത്തിയത്. ഇന്ദിരാഗാന്ധി മന്ത്രിസഭയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഇത്.

  ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ ഇരുണ്ട അധ്യായമായാണ് അടിയന്തരാവസ്ഥയെ പലപ്പോഴും വിലയിരുത്തുന്നത്. ഭരണഘടന ഉറപ്പ് നല്‍കിയിട്ടുള്ള മൗലിക അവകാശങ്ങള്‍ പോലും ഇക്കാലയളവില്‍ ഹനിക്കപ്പെട്ടു. ജനങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാവുകയും മാധ്യമ സ്ഥാപനങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയും ചെയ്തു.

  എന്താണ് അടിയന്തരാവസ്ഥ?

  ഇന്ത്യന്‍ ഭരണഘടനയുടെ 352-ാം അനുച്ഛേദ പ്രകാരം ഇന്ത്യന്‍ രാഷ്ട്രപതിയ്ക്ക് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കഴിയും. യുദ്ധം, പുറത്തു നിന്നുള്ള ആക്രമണങ്ങള്‍, ആഭ്യന്തര കലാപങ്ങള്‍ തുടങ്ങിയ കാരണങ്ങള്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയായി വന്നാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാവുന്നതാണ്.
  Also Read-ഉറുമ്പുകള്‍ ഉറങ്ങാറുണ്ടോ? അവയ്ക്ക് ചിറകുണ്ടോ? രസകരമായ ചില കാര്യങ്ങൾ അറിയാം

  1975ലെ അടിയന്തരാവസ്ഥ

  ജൂണ്‍ 25 അര്‍ദ്ധരാത്രി പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദും തമ്മിലുള്ള ദീര്‍ഘ നേരത്തെ സംഭാഷണത്തിനൊടുവില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. നിരവധി പ്രതിപക്ഷ നേതാക്കളെ അന്ന് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ മിക്ക പത്ര മാധ്യമ സ്ഥപനങ്ങളുടെയും വൈദ്യുതി ബന്ധം പോലും അന്ന് സര്‍ക്കാര്‍ വിച്ഛേദിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓള്‍ ഇന്ത്യ റേഡിയോയിലൂടെയാണ് പ്രധാനമന്ത്രി അന്ന് അടിയന്തരാവസ്ഥ നിലവില്‍ വന്ന കാര്യം ജനങ്ങളെ അറിയിച്ചത്.

  ജയപ്രകാശ് നാരായണന്റെ പങ്ക്

  ബീഹാറില്‍ നിന്നുള്ള നേതാവും ആക്ടിവിസ്റ്റുമായിരുന്നു ജയപ്രകാശ് നാരായണ്‍. 1975ന് മുന്‍പ് തന്ന ഇന്ദിരാഗാന്ധി സര്‍ക്കാരിനെതിരെ ഇദ്ദേഹം വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും നിരവധി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ജെപി എന്ന ചുരുക്കപ്പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. അഴിമതി, പണപ്പെരുപ്പം തുടങ്ങിവ ഇല്ലാതാക്കുന്നതിന് വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. സംവിധാനങ്ങളില്‍ സമ്പൂര്‍ണ്ണ മാറ്റം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് രാജ്യത്തെ പ്രശ്‌നങ്ങളുടെ എല്ലാം ഉത്തരവാദി എന്നും അദ്ദേഹം ആരോപിച്ചിരുന്നു.

  Also Read-രാജകീയ പാനീയം; ചൈനയിൽ ഉത്ഭവിച്ച ചായ ഇന്ത്യക്കാർക്ക് ഇത്ര പ്രിയപ്പെട്ടതായത് എങ്ങനെ?

  1975 ജൂണ്‍ 12ന് തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കേസില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ആറ് വര്‍ഷത്തേയ്ക്ക് എല്ലാവിധ സര്‍ക്കാര്‍ പദവികളില്‍ നിന്നും മാറ്റി നിര്‍ത്തിക്കൊണ്ട് അലഹബാദ് ഹൈക്കോടതി ഒരു ഉത്തരവിട്ടിരുന്നു. യുപിയിലെ റായ് ബറേലിയില്‍ നിന്നുള്ള ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ കോടതി റദ്ദാക്കുകയും ചെയ്തു. പക്ഷേ, ഇന്ദിരാഗാന്ധി സുപ്രീംകോടതിയില്‍ അപ്പീല്‍ പോവുകയും പ്രധാനമന്ത്രി സ്ഥാനത്ത് തുടരുകയും ചെയ്തു. എന്നാ ഈ സമയം ജയപ്രകാശ് നാരായണന്‍ രാജ്യമാകെ ഇന്ദിരാഗാന്ധിയ്‌ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചു. ജൂണ്‍ 25ന് ഡല്‍ഹിയിലെ രാം ലീല മൈതാനത്തില്‍ അദ്ദേഹം വലിയ പ്രതിഷേധ പ്രകടനം നടത്തി. ഇതിന് തൊട്ടു പിന്നാലെയായിരുന്നു അടിയന്തരാവസ്ഥ.

  അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് ശേഷം

  സര്‍ക്കാരിനെതിരെ ശബ്ദം ഉയര്‍ത്തിയ ഒരു ലക്ഷത്തോളം ആളുകളെ അറസ്റ്റ് ചെയ്തു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നിരവധി പ്രതിപക്ഷ നേതാക്കള്‍ ഒളിവില്‍ പോയി. സംസ്ഥാന തെരഞ്ഞെടുപ്പുകളും അടിയന്തരാവസ്ഥ കാരണം വൈകി.

  അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അല്ലാത്ത ഒരു പാര്‍ട്ടി ആദ്യമായി അധികാരത്തില്‍ വന്നു. 1977 മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അതി ദയനീയമായാണ് ഇന്ദിരാഗാന്ധി പരാജയപ്പെട്ടത്.

  1975ന് മുന്‍പുള്ള അടിയന്തരാവസ്ഥ

  1975ന് മുന്‍പ് രണ്ട് തവണ ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. 1962ല്‍ ഇന്തോ-ചൈന യുദ്ധം നടക്കുന്ന സമയത്തായിരുന്നു ഒന്ന്. 1971 ഇന്തോ-പാക്ക് യുദ്ധം നടക്കുന്ന സമയത്തായിരുന്നു രണ്ടാമത്തെ അടിയന്തരാവസ്ഥ.
  Published by:Naseeba TC
  First published: