UAE Golden Visa | യുഎഇ ഗോൾഡൻ വിസ പദ്ധതി ഫലം കാണുന്നു; റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻകുതിപ്പ്
UAE Golden Visa | യുഎഇ ഗോൾഡൻ വിസ പദ്ധതി ഫലം കാണുന്നു; റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻകുതിപ്പ്
പ്രതിഭകൾക്ക് ഗോൾഡൻ വിസയിലൂടെ യുഎഇയിൽ ജീവിക്കാനും ജോലി ചെയ്യാനും പഠിക്കാനും പ്രത്യേക ആനുകൂല്യങ്ങൾ ആസ്വദിക്കാനും സാധിക്കും.
Last Updated :
Share this:
ഗോൾഡൻ വിസ (Golden Visa) നിയമങ്ങൾ വന്നതോടെ യുഎഇയിൽ (UAE) ആഢംബര ഭവനങ്ങൾ (Luxury Homes) വാങ്ങുന്നവരുടെ എണ്ണം വർധിച്ചിരിക്കുകയാണ്. ഇന്ത്യയിൽ നിന്നുള്ളവരാണ് ഗൾഫ് രാജ്യത്ത് ഏറ്റവും കൂടുതൽ വീടുകൾ വാങ്ങിക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ദുബായിയെ തങ്ങളുടെ രണ്ടാമത്തെ വീടായാണ് ഇവർ കരുതുന്നത്. വിദേശ രാജ്യങ്ങളിലുള്ള കലാകാരൻമാരെയും പ്രതിഭാശാലികളെയും പ്രോത്സാഹിപ്പിക്കുന്നതിന് ഗോൾഡൻ വിസ ലക്ഷ്യം വെക്കുന്നുണ്ട്. പ്രതിഭകൾക്ക് ഗോൾഡൻ വിസയിലൂടെ യുഎഇയിൽ ജീവിക്കാനും ജോലി ചെയ്യാനും പഠിക്കാനും പ്രത്യേക ആനുകൂല്യങ്ങൾ ആസ്വദിക്കാനും സാധിക്കും.
യുഎഇയിൽ ആറ് മാസത്തിൽ കൂടുതൽ നിയന്ത്രണങ്ങളില്ലാതെ താമസിക്കുന്നതിനുള്ള അവസരം, പ്രായഭേദമന്യേ ഭാര്യയും കുട്ടികളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാനുള്ള അംഗീകാരം, പരിധിയില്ലാതെ വീട്ടുജോലിക്കാരെ സ്പോൺസർ ചെയ്യാനുള്ള അവസരം എന്നിവയെല്ലാം ഗോൾഡൻ വിസ ഉടമകൾക്ക് ലഭിക്കും. വിസ ഉടമ മരിച്ചാലും പെർമിറ്റ് അവസാനിക്കുന്നത് വരെ കുടുംബാംഗങ്ങൾക്ക് യുഎഇയിൽ തുടരാനും സാധിക്കും.
ഗോൾഡൻ വിസ പുതുക്കാൻ സാധിക്കും. കൂടാതെ ഇതിന് പത്ത് വർഷം സാധുതയുമുണ്ട്. ആറുമാസത്തേക്കുള്ള എൻട്രി വിസയായി പരിഗണിക്കാവുന്ന ഗോൾഡൻ വിസയുടെ സഹായത്തോടെ ഒരാൾക്ക് താമസസ്ഥലം നൽകാനും സാധിക്കും. യുഎഇയിൽ വീടുകൾ വാങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിച്ചതോടെ ദുബായിലെ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർ ഇന്ത്യയിൽ പ്രോപ്പർട്ടി എക്സ്പോകൾ നടത്താൻ തുടങ്ങിയതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് പറയുന്നു. ഗോൾഡൻ വിസയുടെ ആനുകൂല്യങ്ങളെക്കുറിച്ചും ഇവർ ബോധവൽക്കരണം നടത്തുന്നുണ്ട്.
യുഎഇയിൽ ഒരു വീട് വാങ്ങിച്ചാൽ ഗോൾഡൻ വിസ ലഭിക്കുന്നത് എളുപ്പമാക്കാമെന്ന് ഇന്ത്യ സോത്ത്ബൈസ് ഇന്റർനാഷണൽ റിയാലിറ്റിയുടെ ഇന്റർനാഷണൽ ബിസിനസ്സ് ഡയറക്ടർ ആകാശ് പുരി ഇക്കണോമിക് ടൈംസിനോട് പറഞ്ഞു. ദുബായിൽ കാപ്പിറ്റൽ ഗെയിൻസ് ടാക്സ് ഇല്ലെന്നത് വസ്തു വാങ്ങുന്നതും വിൽക്കുന്നതും കൂടുതൽ എളുപ്പമാക്കുന്നു. ഇത് പ്രകാരം ആസ്തി വാങ്ങുമ്പോഴും വിൽക്കുമ്പോഴും പ്രത്യേകമായി വലിയ തുക നികുതി അടയ്ക്കേണ്ടതായി വരില്ല.
വിസ കാലാവധി നീട്ടുന്നതിന് വേണ്ടിയുള്ള കുറഞ്ഞ തുകയുടെ പരിധി 5 മില്യൺ യുഎഇ ദിർഹത്തിൽ (ഏകദേശം 10.4 കോടി രൂപ) നിന്ന് 2 മില്യൺ യുഎഇ ദിർഹമായി (ഏകദേശം 4.2 കോടി രൂപ) കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
2021നെ അപേക്ഷിച്ച് 2022ൻെറ ആദ്യ പകുതിയിൽ തന്നെ ദുബായിൽ പ്രോപ്പർട്ടി വിൽപ്പനയിൽ 60% വർദ്ധനവ് ഉണ്ടായിട്ടുള്ളതായി DXBinteract.com-ൽ വന്നിട്ടുള്ള ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. സംരംഭകർ, പ്രൊഫഷണലുകൾ, നിക്ഷേപകർ, മെഡിക്കൽ, സയന്റിഫിക്, റിസർച്ച്, ടെക്നിക്കൽ മേഖലകളിലെ വിദഗ്ധർ എന്നിവർക്കെല്ലാം ഗോൾഡൻ വിസയ്ക്ക് അർഹതയുണ്ട്. ഗോൾഡൻ വിസ എടുക്കുന്നതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ 2022ന്റെ ആദ്യ പകുതിയിൽ കുറഞ്ഞത് 10-15% വരെ ഉയർന്നിട്ടുണ്ടെന്ന് അനറോക്ക് ഗ്രൂപ്പ് ചെയർമാൻ അനുജ് പുരി ഇക്കണോമിക് ടൈംസിനോട് പറഞ്ഞു.
Published by:Amal Surendran
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.