• HOME
 • »
 • NEWS
 • »
 • explained
 • »
 • പാലാരിവട്ടം പാലം മുതൽ മഞ്ചേശ്വരം വരെ; മുസ്ലീം ലീഗ് നേരിടുന്ന വെല്ലുവിളികൾ

പാലാരിവട്ടം പാലം മുതൽ മഞ്ചേശ്വരം വരെ; മുസ്ലീം ലീഗ് നേരിടുന്ന വെല്ലുവിളികൾ

ഓഗസ്റ്റിൽ ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് മുസ്‌ലിം ലീഗ് നേതൃയോഗം ചേർന്നത്. അപ്പോൾ പ്രധാനമായും പാർട്ടിക്കു മുന്നിലുള്ളതു നാലു  പ്രതിസന്ധികൾ.

News18 Malayalam

News18 Malayalam

 • Share this:
  അടുത്തിടെ ഇറങ്ങിയ മാലിക് സിനിമയുടെ  രാഷ്ട്രീയ ശരികളെക്കുറിച്ച് ഫേസ്ബുക്കിൽ നടന്ന സജീവമായിചർച്ചകളിലൊന്നിൽ  ഒരു പരാമർശം ഇങ്ങനെ ആയിരുന്നു.

  "തിരുവനന്തപുരം ജില്ലയിൽ മുസ്ലീം സ്വത്വരാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന ഒരു എം എൽ എ ഉണ്ടായിട്ടുണ്ട് എന്ന് ഏത് ഭാവനാചരിത്രത്തെ കൂട്ടുപിടിച്ചാണ് സംവിധായകൻ സ്ഥാപിക്കാൻ ശ്രമിക്കുന്നത്? അതും കെട്ടുകഥകളെ പോലും ചരിത്രമായി കെട്ടിയെഴുന്നെള്ളിക്കുന്ന ഇക്കാലത്ത്? "  ആ പോസ്റ്റിൽ ഒരു വലിയ തെറ്റുണ്ടായിരുന്നു. രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളിൽ അറിവുള്ള പലരും വായിച്ചു പ്രതികരിച്ചു എങ്കിലും അതാരും കണ്ടില്ല. തിരുത്തിയില്ല. മുസ്ലീം ലീഗ് കാരനായ പി എ മുഹമ്മദ് കണ്ണായിരുന്നു  1980 മുതൽ 87 വരെ ബീമാ പള്ളി ഉൾപ്പെടുന്ന തിരുവനന്തപുരം വെസ്റ്റ് എന്ന മണ്ഡലത്തിലെ എം എൽ എ.  1980 ലും 1982 ലും ആർഎസ്‌പി സ്ഥാനാർത്ഥികളെ  തോൽപിച്ചാണ് അദ്ദേഹം സഭയിലെത്തിയത്. ആദ്യം  കെസി വാമദേവനെയും  പിന്നീട്   ടി ജെ ചന്ദ്രചൂഡനെയും. വെസ്റ്റിനോട് ചേർന്ന് കിടന്നിരുന്ന കഴക്കൂട്ടത്ത് 1967 ൽ ജയിച്ചതും മുസ്ലിം ലീഗ് ആയിരുന്നു.

  പഴങ്കഥ പറയുന്നത് കഴിഞ്ഞ കുറച്ചു നാളുകളായി മുസ്ലിം ലീഗ് നേരിടുന്ന രാഷ്ട്രീയ വെല്ലുവിളികൾ ഓർക്കുമ്പോഴാണ്. 1991 ൽ ഇരവിപുരത്ത്  622 വോട്ടിനു ജയിച്ച് പി കെ കെ ബാവ മന്ത്രിസഭയിലേക്ക് പോയതിനു ശേഷം  പാലാരിവട്ടം പാലത്തിനു തെക്കു നിന്നും ഒരു മുസ്ലീം ലീഗുകാരനും സഭയിൽ ഉണ്ടായിട്ടില്ല. അതായത് മൂന്നു പതിറ്റാണ്ട് കാലം. 2021 ലെ തെരഞ്ഞെടുപ്പിലാകട്ടെ മണ്ണാർക്കാട് മുതൽ വടക്കോട്ടാണ് 15 ലീഗ് അംഗങ്ങൾ. 1967 ൽ (15 )1980 ൽ (14 )1982 (14 ) ൽ 1991 ൽ (19 )ഇങ്ങനെ ആയിരുന്നു നിയമസഭയിലെ ലീഗിന്റെ അംഗ ബലം. അതായത് 1980 നു മുമ്പ് കേരള മുഖ്യമന്ത്രി പദത്തിൽ വരെ എത്തിയ പാർട്ടി 96 നു ശേഷം മലബാറിലേക്ക് ചുരുങ്ങി.

  ഓഗസ്റ്റിൽ ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് മുസ്‌ലിം ലീഗ് നേതൃയോഗം ചേർന്നത്. അപ്പോൾ പ്രധാനമായും പാർട്ടിക്കു മുന്നിലുള്ളതു നാലു  പ്രതിസന്ധികൾ.

  1.ലീഗിനെ ദുർബലപ്പെടുത്താൻ സിപിഎം നടത്തുന്ന നീക്കങ്ങൾ.
  2.പാർട്ടിയിലെ ഒരു വിഭാഗം ഉയർത്തുന്ന നേതൃമാറ്റ ആവശ്യം.
  3.മുഈൻ അലി തങ്ങൾ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തിയ അഭിപ്രായ പ്രകടനം
  4.പാർട്ടിക്കുള്ളിലെ നേതാക്കന്മാർക്ക് എതിരായി അടിക്കടി ഉയരുന്ന അഴിമതി ആരോപണം

  മലപ്പുറം ചുവപ്പിക്കാൻ സിപിഎം

  2006ലെ  നിയമസഭാ തെരഞ്ഞെടുപ്പിലാണ് മുസ്ലിംലീഗ്  അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. ഐസ് ക്രീം കേസ്, സുനാമി ഫണ്ട് , സിപിഎം മലപ്പുറം സമ്മേളനം, 2004ലെ  മഞ്ചേരിയിലെ ടികെ ഹംസയുടെ ജയം എന്നിവയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ പാർട്ടി സഭയിൽ കേവലം ഏഴു പേരിൽ ഒതുങ്ങി. അടുത്ത തെരഞ്ഞെടുപ്പിൽ  ശക്തമായി തിരിച്ചു വന്ന് അഞ്ചു മന്ത്രിമാരെ പിടിച്ചു വാങ്ങിയത് ആ ക്ഷീണം തീർക്കാനായിരുന്നു. എന്നാൽ അതിന് സ്വീകരിച്ച  രീതി യുഡിഎഫിനെ കൂടുതൽ ദുർബലമാക്കി   കേരള രാഷ്ട്രീയത്തിന്റെ ചിത്രം മാറ്റിഎന്നതും ചരിത്രം.

  Also Read- 'മുഈൻ അലി തങ്ങൾ ചെയ്തത് തെറ്റ്; നടപടി ഹൈദരലി തങ്ങളുമായി ആലോചിച്ചതിന് ശേഷം'; മുസ്ലിംലീഗ് ഉന്നതാധികാര സമിതി യോഗം

  കോൺഗ്രസിന് ഒരു തിരിച്ചു വരവ് വിദൂരമാക്കി ഇടതുപക്ഷം തുടർഭരണം നേടിയത് ഇതിനൊപ്പം വായിക്കാം എങ്കിലും മുസ്ലീം ജനവിഭാഗങ്ങൾക്കിടയിൽ, പ്രത്യേകിച്ച് മലബാറിൽ ഉറച്ച ശക്തിയാകാൻ സിപിഎമ്മിനു കഴിഞ്ഞിട്ടില്ല.  കേരളാ കോൺഗ്രസ് പിള്ള വന്നതോടെ, കേരള കോൺഗ്രസ് മാണി വന്നതോടെ മധ്യ തിരുവിതാം കൂറിലും യുഡിഎഫ് ഏതാണ്ട് ഇല്ലാതായി. കെ. ടി ജലീൽ, പിടി എ റഹീം എന്നീ പഴയ ലീഗുകാരും വി അബ്ദുറഹ്മാൻ, പിവി അൻവർ എന്നീ പഴയ കോൺഗ്രസുകാരും  ലീഗ് കോട്ടകളിൽ വിള്ളലുണ്ടാക്കി എങ്കിലും അവരൊക്കെയും ഓരോ തുരുത്തുകൾ മാത്രമാണ്. കാൽ നൂറ്റാണ്ടായി ഇടതിനൊപ്പമുള്ള ഐ എൻ എൽ ആകട്ടെ അധികാരം കിട്ടി അമ്പത് ദിവസത്തിൽ തന്നെ തങ്ങളുടെ ' ശക്തി ' തെരുവിൽ കാണിച്ചു. സമുദായ പ്രതിനിധ്യത്തിനു അപ്പുറം  ലീഗിന് ബദൽ ആകാൻ പറ്റുന്ന രാഷ്ട്രീയ നേതൃത്വവും അതിനില്ല

  അതിനാൽ മഞ്ചേശ്വരം മുതൽ ഗുരുവായൂർ വരെ നാല്പതോളം മണ്ഡലങ്ങളിൽ ഇപ്പഴും ശക്തിയുള്ള മുസ്ലീം ലീഗിനെതിരെ ചെറിയ ആക്രമണം പോരാ എന്ന് ഉള്ളതു കൊണ്ടാണ് സിപിഎം അതിശക്തമായ പോർമുഖം തുറക്കുന്നത്. അതിന് വലിയൊരു വേദി ഒരുക്കാനാണ് ഇപ്പോഴത്തെ ഈ സ്ഫോടനങ്ങൾ. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ചതിന്‍റെ പേരിൽ മുഈൻ അലി തങ്ങൾക്കെതിരെ നടപടി എടുത്താൽ, വലിയ വില നൽകേണ്ടി വരുമെന്നാണ് കെ ടി ജലീൽ പറഞ്ഞത്. ലീഗിന്‍റെ ഉന്നതാധികാര സമിതി യോഗത്തിനു ശേഷം പ്രതികരണം നടത്താമെന്ന് കരുതിയിരുന്ന ലീഗ് നേതൃത്വം ജലീൽ രംഗത്തെത്തിയതോടെ, ഉടൻ തിരിച്ചടിച്ചു.

  മുസ്ലിം ലീഗിന്‍റെ കാര്യങ്ങൾ തീരുമാനിക്കാൻ ലീഗിനറിയാം. മുഈൻ അലി തങ്ങളും കെ ടി ജലീലുമായുള്ള ബന്ധമെന്താണ്? മുഈൻ അലിയുടെ വക്കാലത്ത് പറയാൻ കെ ടി ജലീൽ ആരാണ്?  എന്നാണ്   സംസ്ഥാന സെക്രട്ടറി പിഎംഎ സലാം ചോദിച്ചത്.

  ജലീൽ മിസൈൽ

  'കഴിഞ്ഞ അഞ്ച് വര്‍ഷം നിങ്ങള്‍ എന്‍റെ പിറകിലായിരുന്നെങ്കില്‍ ഇനി ഞാന്‍ നിങ്ങളുടെ പിറകിലുണ്ടാവും.' ഭരണ ഭാരമില്ലാത്ത ജലീൽ മുസ്ലീം ലീഗിനെ ഇങ്ങനെ വെല്ലുവിളിക്കണം എങ്കിൽ  അത് സിപിഎം നേതൃത്വത്തിന്റെ അനുഗ്രഹാശിസുകളോടെയല്ലാതെ ആവില്ല. "കുഞ്ഞാലിക്കുട്ടിയുടെ മകന് കള്ളപ്പണ നിക്ഷേപമുണ്ടെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയവരിൽ ആദ്യ പേരുകാരൻ കുഞ്ഞാലിക്കുട്ടിയുടെ മകനാണെന്നും ജലീല്‍ പറഞ്ഞു. ''പാലാരിവട്ടം പാലത്തിന്‍റെ ഓഹരി മലപ്പുറത്തെത്തി. പാണക്കാട് കുടുംബത്തില്‍ പോലും ഇ ഡി അന്വേഷിച്ചെത്തി. ഇതിന് കാരണക്കാരന്‍ കുഞ്ഞാലിക്കുട്ടിയാണ്,"

  ഇഡിയുമായി ബന്ധപ്പെട്ട വിഷയം പാണക്കാട് കുടുംബത്തിലെ പലരുമായും കുഞ്ഞാലിക്കുട്ടി തന്നെ സംസാരിച്ചിട്ടുണ്ടെന്നാണ് ജലീൽ പറഞ്ഞത്. അറ്റ കൈക്ക് അതൊക്കെ പുറത്ത് വിടേണ്ടി വരും. അതൊക്കെ പുറത്തുവന്നാൽ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും  സുനാമി ഫണ്ട് അഴിമതി ഉന്നയിച്ച് മുസ്ലീം ലീഗിൽ നിന്നും രാജി വെച്ചിറങ്ങിയ കെടി ജലീൽ വെല്ലുവിളിക്കുന്നു.

  Also Read- മുഈനലി തങ്ങളുടെ കാര്യത്തിൽ മുസ്ലിം ലീഗ് തീരുമാനം പിന്നീട്; അസഭ്യം വിളിച്ച റാഫി പുതിയകടവിന് സസ്പെൻഷൻ

  എല്ലാ കാര്യങ്ങളും സൂക്ഷിച്ച് കൈകാര്യം ചെയ്താൽ കുഞ്ഞാലിക്കുട്ടിക്ക് നല്ലതാണ്. പാണക്കാട് കുടുംബത്തെ വരുതിയിൽ നിർത്താമെന്നാണ് വിചാരമെങ്കിൽ ആ വിചാരം തെറ്റാണ്. 2006-ൽ സംഭവിച്ചതിനപ്പുറം കാര്യങ്ങൾ നീങ്ങും. എല്ലാം കാത്തിരുന്ന് കാണാമെന്നും കെ ടി ജലീൽ പറഞ്ഞു.

  കുഞ്ഞാലിക്കുട്ടിക്കെതിരെ കടുത്ത ഭാഷയിലുള്ള വെല്ലുവിളി  നടത്തുമ്പോഴും ജലീൽ തങ്ങളെ പിന്തുണക്കുകയാണ്  ചെയ്യുന്നത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ  മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്‍റ് മുഈൻ അലി തങ്ങൾ ജലീലുമായി സംസാരിക്കുന്നുണ്ടെന്നും, വിവരങ്ങൾ കൈമാറുന്നുണ്ടെന്നുമുള്ള ആരോപണങ്ങൾ നേരത്തേ തന്നെ ഉയർന്നിരുന്നതാണ്. ഇത് ലീഗുകാരെ കൂടുതൽ പ്രകോപിപ്പിക്കുന്നതാണ്. തന്‍റെ പ്രസ്താവനയിലൂടെ മുസ്ലിം ലീഗിലെ ഭിന്നതകൾ, നേതൃത്വത്തിനെതിരായ അപസ്വരങ്ങൾ ഇവയെല്ലാം പരമാവധി മൂർദ്ധന്യത്തിലെത്തിക്കുകയാണ് ജലീലിന്‍റെ ലക്ഷ്യം. സമുദായത്തിനുള്ളിൽ ലീഗിന്റെ സ്വാധീനം ദുർബലപ്പെടുത്താൻ സിപിഎം ബോധപൂർവം ശ്രമിക്കുന്നുവെന്ന തിരിച്ചറിവ് പാർട്ടിക്കുള്ളിലുണ്ട്. അതു കൊണ്ടു തന്നെ ആരോപണങ്ങളോട് കരുതലോടെയുള്ള പ്രതികരണമാണ് നേതൃത്വം നടത്തുന്നത്.

  വേങ്ങര- മലപ്പുറം- വേങ്ങര-മലപ്പുറം

  വേങ്ങര എം എൽ എ സ്ഥാനം രാജിവെച്ച് 2019 ൽ മലപ്പുറം എംപിയായ പി.കെ.കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ച് 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ വേങ്ങരയിൽ  മത്സരിക്കാൻ തീരുമാനമെടുത്ത രീതി, നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം തുടങ്ങിയ വിഷയങ്ങളിൽ പാർട്ടിക്കുള്ളിൽ  അസ്വസ്ഥത ഉണ്ട്. എല്ലാം ഒരാളിൽ കേന്ദ്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു പൊതുവികാരം.

  പാലാരിവട്ടം മുതൽ ഫാഷൻ ഗോൾഡ് വരെ

  പാർട്ടിയെ മറയാക്കി ഒരു വിഭാഗം നേതാക്കൾ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്ന ആരോപണം ലീഗിൽ പുകഞ്ഞു കത്തുന്നു. പാലാരിവട്ടം പാലം അഴിമതി മുതൽ കള്ളപ്പണം വെളുപ്പിക്കുന്നതു വരെയുള്ള ആരോപണങ്ങൾ ഏറ്റവും മുതിർന്ന നേതാക്കൾക്കെതിരെ ഉയരുന്നതിൽ പാർട്ടിയിൽ കടുത്ത അതൃപ്തിയുണ്ട്.

  യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ നിർമിച്ച പാലത്തിൽ വിള്ളൽ കണ്ടതോടെയാണ്‌ വിജിലൻസ്‌ അന്വേഷണം ആരംഭിച്ചത്‌. 39 കോടിമുടക്കി എന്ന്  കരുതപ്പെടുന്ന  പാലാരിവട്ടം പാലം   2016 ഒക്ടോബര്‍ 12 ന്  യാഥാർത്ഥ്യമായതെങ്കിലും 6 മാസം കൊണ്ട് തന്നെകേടുപാടുകൾ കണ്ടെത്തി. പിയര്‍ ക്യാപ്പുകളിലും വിള്ളൽ സംഭവിച്ചതോടെ 2019 മെയ് 1 ന് പാലം അറ്റകുറ്റപണിക്കായി അടച്ചു.അന്നത്തെ പൊതുമരാമത്ത്‌ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്‌ അഞ്ചാം പ്രതി.

  പാലാരിവട്ടം പാലത്തിന്റെ മറവിൽ ഉണ്ടാക്കിയ കള്ളപ്പണം പാർട്ടി മുഖപത്രമായ ചന്ദ്രികയുടെ അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്ന പരാതിയിലാണ് പാണക്കാട് ഹൈദരലി തങ്ങൾക്ക് ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്. പി.കെ.കുഞ്ഞാലിക്കുട്ടിയാണ് 40 വർഷമായി പാർട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നതെന്നും കുഞ്ഞാലിക്കുട്ടി പല തവണയായി തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചപ്പോൾ ചെലവാക്കിയ ഫണ്ടിനു കണക്കില്ലെന്നും മുഈൻ അലി ആരോപിച്ചിരുന്നു.

  Also Read- 'ഓഡിയോ പുറത്തുവിടേണ്ടിവരും'; പി കെ കുഞ്ഞാലിക്കുട്ടിക്ക് മുന്നറിയിപ്പുമായി കെ ടി ജലീൽ

  കാസർഗോഡ് ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ ആരോപണവിധേയനായ അന്നത്തെ മഞ്ചേശ്വരം  എംഎൽഎ എം.സി.കമറുദ്ദീനെ അറസ്റ്റു ചെയ്തിരുന്നു. ഫാഷൻ ഗോൾഡ് ചെയർമാനായ  കമറുദ്ദീൻ എതിരെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 115 കേസുകൾ റജിസ്റ്റർ ചെയ്‌തിരുന്നു.

  തങ്ങളുടെ കത്തിലും വിവാദം

  ചന്ദ്രിക പത്രസമ്മേളനത്തിൽ മുഈൻ അലി തങ്ങൾ  നുഴഞ്ഞു കയറി വന്നതാണെന്ന പ്രസ്താവനയെ തുടർന്ന് മുഈൻ അലിക്ക് പ്രശ്നത്തിൽ ഇടപെടാനുള്ള അധികാരമുണ്ടെന്നു തെളിയിക്കുന്ന കത്തു ഒരു വിഭാഗം പുറത്തു വിട്ടു. ചന്ദ്രികയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ചുമതലപ്പെടുത്തി ഹൈദരലി തങ്ങൾ സ്വന്തം കൈപ്പടയിൽ എഴുതിയ കത്താണ് ഇന്നലെ പുറത്തു വന്നത്. ‘‘ചന്ദ്രികയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുഈനലിയെ നിയോഗിച്ചിട്ടുണ്ട്. സമീറും മാനേജ്മെന്റും ആലോചിച്ച് ഒരു മാസം കൊണ്ട് എല്ലാ ബാധ്യതകളും തീർക്കേണ്ടതാണ്’’ എന്നാണ് ഉള്ളടക്കം. മാർച്ച് 5നു നൽകിയ  ഈ കത്തിനെ തുടർന്നാണ് മുഈൻ അലി ചന്ദ്രിക വിഷയത്തിൽ ഇടപെട്ടത്.

  ഹൈദരലി തങ്ങൾ ഹാജരായില്ല

  ചന്ദ്രികയിലെ അക്കൗണ്ട് സംബന്ധിച്ചുള്ള വിവരങ്ങൾ തേടി ഇഡി നൽകിയ നോട്ടിസിൽ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിനു മുൻപിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഹാജരായില്ല.  ഫിനാൻസ് ഡയറക്ടർ പി.എം.എ.സമീർ 13ന് ഹാജരാകും.

  കത്വ ഉന്നാവോ ഇരകള്‍ക്കായി പിരിച്ച പണം നേതൃത്വം തട്ടിയെടുത്തെന്നായിരുന്നു യൂത്ത് ലീഗ് ദേശീയ സമിതി മുൻ അംഗം യൂസഫ് പടനിലത്തിന്റെ ആരോപണം. ഒരു കോടിയോളം രൂപ കൈക്കലാക്കിയെന്നാണ് ആരോപണം. കേരളത്തിലെ യൂത്ത് ലീഗ് നേതാക്കളും വിഹിതം വാങ്ങിയെന്നും യൂസഫ് പടനിലം ആരോപിച്ചു. ഇങ്ങിനെ ഒരു ആരോപണം ഉണ്ടായിരുന്നെങ്കിൽ എന്തുകൊണ്ടാണ് മുൻപേ ഉന്നയിക്കാതിരുന്നതെന്ന് പികെ ഫിറോസ് ചോദിച്ചു.

  അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ എംഎല്‍എ കെ.എം.ഷാജി പെട്ടതും ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നടന്ന പരിശോധനയില്‍ 47 ലക്ഷം രൂപയും നിരവധി രേഖകളും പിടിച്ചെടുത്തതും പാർട്ടിക്കുള്ളിലെ  പോരിന് ശക്തി കൂട്ടുന്നുണ്ട്. എംഎല്‍എയായിരിക്കെ കണ്ണൂര്‍ അഴീക്കോട്ടെ സ്കൂളിന് പ്ലസ് ടു അനുവദിക്കാന്‍ മാനേജ്മെന്റില്‍ നിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയെന്നതായിരുന്നു ഷാജിക്കെതിരായ ആദ്യ ആരോപണം. ഇതിന് പിന്നാലെയാണ് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആക്ഷേപം ഉയര്‍ന്നത്.

  എത്രയും പെട്ടെന്ന് ഇപ്പോഴത്തെ വിവാദം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു സംസ്ഥാന നേതാക്കൾ അടക്കമുള്ളവരോട് ഇന്ന് അടിയന്തരമായി പാണക്കാട്ടേക്ക് എത്താൻ നിർദേശം നൽകിയത്.

  കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ മുഈൻ അലി ഇടപെട്ട് സംസാരിച്ചത് തെറ്റായിപ്പോയെന്ന വിലയിരുത്തലാണ്  ഇന്നത്തെ ലീഗ് ഉന്നതാധികാര സമിതി യോഗത്തിലുണ്ടായത്. മുഈൻ അലിയുടെ നടപടി തങ്ങൾ കുടുംബത്തിന്റെ പാരമ്പര്യത്തിന് ചേർന്നതല്ലെന്നും  നടപടി പാർട്ടി അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി ആലോചിച്ച് തീരുമാനിക്കാനുമാണ് യോഗം തീരുമാനിച്ചത്.

  അതേസമയം, മുഈൻ അലിയെ അസഭ്യം വിളിച്ച ലീഗ് പ്രവർത്തകൻ റാഫി പുതിയ കടവിലിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ ഉടനീളം പതിവിന് വിപരീതമായി  പി കെ കുഞ്ഞാലിക്കുട്ടി മൗനം പാലിച്ചതും ശ്രദ്ധേയമായി.
  Published by:Chandrakanth viswanath
  First published: