• HOME
 • »
 • NEWS
 • »
 • explained
 • »
 • US Bans Russian Oil | റഷ്യന്‍ എണ്ണയ്ക്ക് യുഎസ് നിരോധനം; ഈ നീക്കം എണ്ണവിലയെയും പണപ്പെരുപ്പത്തെയും എങ്ങനെ ബാധിക്കും?

US Bans Russian Oil | റഷ്യന്‍ എണ്ണയ്ക്ക് യുഎസ് നിരോധനം; ഈ നീക്കം എണ്ണവിലയെയും പണപ്പെരുപ്പത്തെയും എങ്ങനെ ബാധിക്കും?

ഒരു മാസം മുമ്പ് ബാരലിന് 90 ഡോളറിനാണ് എണ്ണ വിറ്റിരുന്നത്. എന്നാല്‍ അമേരിക്ക റഷ്യന്‍ ക്രൂഡ് ഓയിലിന് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ വില ബാരലിന് 120 ഡോളറിന് മുകളിലാണ്.

 • Last Updated :
 • Share this:
  റഷ്യയിൽ നിന്നുള്ള ഊര്‍ജ വിഭവങ്ങളുടെ ഇറക്കുമതിക്ക് യുഎസ് നിരോധനം (US Ban) പ്രഖ്യാപിച്ചതോടെ ക്രൂഡ് ഓയില്‍ (Crude Oil) വില ചൊവ്വാഴ്ച വര്‍ധിച്ചിരുന്നു. അതേസമയം നിക്കല്‍ വില റെക്കോര്‍ഡ് നേട്ടത്തിലെത്തി. യുക്രെയ്നിലെ അധിനിവേശ നടപടിയോടുള്ള പ്രതികരണമെന്ന നിലയ്ക്കാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ (Joe Biden) റഷ്യൻ എണ്ണയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. 2022 അവസാനത്തോടെ എണ്ണ ഇറക്കുമതി ഘട്ടം ഘട്ടമായി നിര്‍ത്തുമെന്ന് ബ്രിട്ടനും അറിയിച്ചിരുന്നു.

  ഏകദേശം 40 ശതമാനം ഗ്യാസും നാലിലൊന്ന് ഭാഗം എണ്ണയും റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍ റഷ്യയില്‍ നിന്നുള്ള ഗ്യാസ് ഇറക്കുമതി മൂന്നില്‍ രണ്ടായി കുറയ്ക്കാനും തീരുമാനിച്ചു. അതിനിടെ ഉപരോധ നടപടികളോടുള്ള പ്രതികാരമെന്നോണം നോര്‍ഡ് സ്ട്രീം 1 പൈപ്പ് ലൈന്‍ വഴി യൂറോപ്പിലേക്കുള്ള പ്രകൃതി വാതക വിതരണം നിര്‍ത്തലാക്കുമെന്ന് മോസ്‌കോ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

  അമേരിക്ക റഷ്യയില്‍ നിന്ന് പെട്രോളിയത്തിന്റെ 10 ശതമാനത്തില്‍ താഴെ മാത്രമേ ഇറക്കുമതി ചെയ്യുന്നുള്ളൂവെങ്കിലും നിലവിലെ നിരോധന നടപടി നിർണായകമാണെന്ന് വിദഗ്ധര്‍ പറഞ്ഞു. ഈ പശ്ചാത്തലത്തിൽ യുഎസിന്റെ നീക്കം വിലവർദ്ധനവിനെയും അമേരിക്കയുടെ ഭാവിയെയും എങ്ങനെ സ്വാധീനിക്കുമെന്ന് ന്യൂസ് 18 പരിശോധിക്കുകയാണ്.

  നിരോധനം റഷ്യയെ എങ്ങനെ ബാധിക്കും?

  യുഎസില്‍ പെട്രോള്‍ വില ഉയരുകയും 2008ന് ശേഷം ആദ്യമായി എണ്ണ വില ഒരു ഗ്യാലന് 4 ഡോളറില്‍ അധികമാകുകയും ചെയ്ത സാഹചര്യത്തിലാണ് എണ്ണ ഇറക്കുമതി നിരോധനം ഉള്‍പ്പെടെ റഷ്യക്ക് മേല്‍ കൂടുതൽ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബൈഡന്‍ ഭരണകൂടം കടുത്ത സമ്മര്‍ദ്ദം നേരിട്ടത്. എന്നാല്‍ തന്റെ രാജ്യത്തിന് നിരോധനം ഏർപ്പെടുത്താനുള്ള നടപടിക്കൊപ്പം ചേരാന്‍ പദ്ധതിയില്ലെന്ന് യൂറോപ്പിലെ റഷ്യയുടെ ഏറ്റവും വലിയ ഊര്‍ജ്ജ ഉപഭോക്താവായ ജര്‍മ്മനി പ്രഖ്യാപിച്ചു.

  ഊര്‍ജ ആവശ്യങ്ങള്‍ക്കായി യൂറോപ്യന്‍ രാജ്യങ്ങള്‍ വലിയ തോതില്‍ ആശ്രയിക്കുന്നത് റഷ്യയെയാണ്. യൂറോപ്പില്‍ നിലവില്‍ ആവശ്യമുള്ളതിന്റെ 40 ശതമാനം പ്രകൃതിവാതകവും റഷ്യയില്‍ നിന്നാണ് എത്തുന്നത്. എണ്ണയുടെ നാലിലൊന്നും നല്‍കുന്നത് റഷ്യ തന്നെയാണ്. ഈ സാഹചര്യത്തിലാണ് നോര്‍ഡ് സ്ട്രീം 1 പൈപ്പ്ലൈൻ വഴി യൂറോപ്പിലേക്കുള്ള പ്രകൃതിവാതക വിതരണം നിര്‍ത്തി വെയ്ക്കുമെന്ന പുതിന്റെ ഭീഷണി. നോര്‍ഡ് സ്ട്രീം 1 വഴിയുള്ള വാതക നീക്കത്തില്‍ പുടിൻ കൈ കടത്തിയാല്‍ അത് ഊര്‍ജ വിപണിയില്‍ വന്‍ വിലക്കയറ്റത്തിന് വഴിവെച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഊര്‍ജ രംഗത്ത് റഷ്യയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാനും സ്വയംപര്യാപ്തത കൈവരിക്കാനും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ആലോചിക്കുന്നത്.

  റഷ്യയുടെ കയറ്റുമതി

  യുക്രെയ്ന്‍ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ലോകത്ത് ഉപയോഗിക്കുന്ന ഓരോ 10 ബാരല്‍ എണ്ണയിലും ഒരു ബാരല്‍ എണ്ണ റഷ്യയില്‍ നിന്ന് കയറ്റുമതി ചെയ്തതായിരുന്നു. അമേരിക്കയും മറ്റ് ഉപഭോക്താക്കളും റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി നിരോധിക്കുന്നതോടെ 1970കളിലെ മിഡില്‍ ഈസ്റ്റ് പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ വില വര്‍ധനവായിരിക്കും ആഗോള എണ്ണ വിപണി അഭിമുഖീകരിക്കുക എന്നാണ് വിലയിരുത്തുന്നത്. റഷ്യ പ്രതിദിനം കയറ്റുമതി ചെയ്യുന്ന 5 ദശലക്ഷം ബാരല്‍ എണ്ണക്ക് പകരമുള്ള ബദലുകള്‍ പരിമിതമായതിനാൽ യുദ്ധം തുടരുന്നിടത്തോളം വിലക്കയറ്റം തുടരുമെന്നാണ് വിലയിരുത്തല്‍.

  കോവിഡ് 19നെ തുടർന്നുണ്ടായ പ്രതിസന്ധികളിൽ നിന്ന് ലോക സമ്പദ്‌വ്യവസ്ഥ കര കയറുകയും വര്‍ധിച്ചു വരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഉത്പ്പാദനം വർദ്ധിക്കുകയും ചെയ്തതിനാല്‍ എണ്ണ വില ഇതിനകം തന്നെ ഉയര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു. മാത്രമല്ല, കഴിഞ്ഞ രണ്ട് വര്‍ഷമായി അന്താരാഷ്ട്ര എണ്ണക്കമ്പനികള്‍ നിക്ഷേപം വെട്ടിക്കുറച്ചിരുന്നു. ചൊവ്വാഴ്ച യുഎസ് ഉപരോധം പ്രഖ്യാപിച്ചതോടെ എണ്ണ വില ഉയരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

  എണ്ണ വിലയിലെ സ്വാധീനം

  ഒരു മാസം മുമ്പ് ബാരലിന് 90 ഡോളറിനാണ് എണ്ണ വിറ്റിരുന്നത്. എന്നാല്‍ അമേരിക്ക റഷ്യന്‍ ക്രൂഡ് ഓയിലിന് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ വില ബാരലിന് 120 ഡോളറിന് മുകളിലാണ്. കൂടുതല്‍ പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യന്‍ എണ്ണക്ക് ഉപരോധം ഏര്‍പ്പെടുത്തുകയോ റഷ്യന്‍ ക്രൂഡോയില്‍ വാങ്ങുന്നതില്‍ നിന്ന് പിന്മാറുകയോ ചെയ്താല്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 160 ഡോളറോ 200 ഡോളറോ വരെ ഉയരുമെന്ന് എനര്‍ജി അനലിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

  പണപ്പെരുപ്പം

  റഷ്യയ്ക്ക് മറ്റ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന നിരോധനം ചരക്കുകളുടെ വിലയിലും പ്രതിഫലിച്ചിട്ടുണ്ട്. ലോഹം ഒരു ടണ്ണിന് 101,365 ഡോളര്‍ റെക്കോര്‍ഡിലെത്തിയതിനെ തുടര്‍ന്ന് ലണ്ടന്‍ മെറ്റല്‍ എക്‌സ്‌ചേഞ്ച് നിക്കലിന്റെ വ്യാപാരം നിര്‍ത്തിവെച്ചു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സ്റ്റെയിന്‍ലെസ് സ്റ്റീലും ബാറ്ററികളും നിര്‍മ്മിക്കാനാണ് മെറ്റല്‍ ഉപയോഗിക്കുന്നത്. ജനുവരിയിലെ 20,000 ഡോളറില്‍ നിന്ന് നിക്കലിന്റെ ഒരു ടണ്ണിന്റെ വില ഉയര്‍ന്നിട്ടുണ്ട്. ഇത് നിര്‍മ്മാതാക്കളില്‍ വലിയ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്.

  2020 ഓഗസ്റ്റിനു ശേഷം ഇതുവരെ കണ്ടിട്ടില്ലാത്ത നിലയിലുള്ള വില വര്‍ധനവാണ് സ്വര്‍ണ്ണത്തിന് ഉണ്ടായത്. എണ്ണയുടെ ഡിമാന്‍ഡിലെ വർദ്ധനവ്, കോവിഡ് മഹാമാരി വിതരണ ശൃംഖലയിലുണ്ടാക്കിയ പ്രതിസന്ധി എന്നീ അനിശ്ചിതത്വങ്ങള്‍ക്കിടയിലാണ് യുക്രെയ്ന്‍ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. റഷ്യന്‍ എണ്ണയുടെ നിരോധനം കൊറോണ വൈറസ് മഹാമാരിയുടെ ആഘാതത്തിൽ നിന്നുള്ള ആഗോള സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുക്കലിനെ കൂടുതല്‍ മന്ദഗതിയിലാക്കും.

  റഷ്യന്‍ ഇറക്കുമതി ഇതിനകം കുറയുന്നുണ്ടോ?

  വിദേശ ഊര്‍ജ സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യം മുൻനിർത്തുന്നതായും ബൈഡൻ ഭരണകൂടത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും യുഎസിലെ എണ്ണ വ്യവസായ മേഖല അറിയിച്ചു. ഉപരോധമില്ലാതെ തന്നെ ചില യുഎസ് റിഫൈനര്‍മാര്‍ റഷ്യന്‍ കമ്പനികളുമായുള്ള കരാര്‍ വിച്ഛേദിച്ചു. റഷ്യന്‍ ക്രൂഡ് ഓയിലിന്റെയും ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി ഇടിഞ്ഞു. റഷ്യയുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിനും റഷ്യന്‍ ഇറക്കുമതി സ്വമേധയാ പരിമിതപ്പെടുത്തുന്നതിനും സുപ്രധാന നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് ഓയില്‍ ആന്‍ഡ് ഗ്യാസ് വ്യവസായത്തിലെ ഏറ്റവും വലിയ ലോബിയിംഗ് ഗ്രൂപ്പായ അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് ഫ്രാങ്ക് മക്കിയരോള പറഞ്ഞു. ഫെബ്രുവരിയിലെ അവസാന ആഴ്ചയില്‍ റഷ്യന്‍ ക്രൂഡ് ഓയിലിന്റെ ഇറക്കുമതി പൂജ്യമായി കുറഞ്ഞുവെന്ന് യുഎസ് ഊര്‍ജ വകുപ്പില്‍ നിന്നുള്ള പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നു.
  Published by:Sarath Mohanan
  First published: