ഇന്റർഫേസ് /വാർത്ത /Explained / Uthra Case Verdict| വധശിക്ഷയില്ല; സൂരജ് എത്രകാലം ജയിലിൽ കിടക്കും? കൊലക്കുറ്റമൊഴികെ മറ്റെല്ലാകുറ്റങ്ങൾക്കും പരമാവധി ശിക്ഷ

Uthra Case Verdict| വധശിക്ഷയില്ല; സൂരജ് എത്രകാലം ജയിലിൽ കിടക്കും? കൊലക്കുറ്റമൊഴികെ മറ്റെല്ലാകുറ്റങ്ങൾക്കും പരമാവധി ശിക്ഷ

uthra murder case

uthra murder case

മേൽക്കോടതി വിധികളോ സർക്കാർ തീരുമാനമോ ഉണ്ടായില്ലെങ്കിൽ ജീവതാവസാനം വരെ സൂരജിന് തടവിൽ കിടക്കണം.

  • Share this:

കൊല്ലം: അപൂർവങ്ങളിൽ അപൂർവമായി കോടതി തന്നെ പരാമർശിച്ച ഉത്ര വധകേസിൽ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം. പ്രായവും മുൻകാലങ്ങളിൽ കുറ്റകൃത്യങ്ങളിൽ പങ്കാളിയായിട്ടില്ല എന്നതുമാണ് തൂക്കുകയറിൽ നിന്ന് സൂരജിനെ രക്ഷിച്ചത്. എങ്കിലും കൂരകൃത്യം നടത്തിയ പ്രതിക്ക് ജീവിത കാലം മുഴുവൻ ജയിലിൽ കഴിയേണ്ടിവരും. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജാണ് കേസിൽ വിധി പ്രസ്താവിച്ചത്. 302 (കൊലപാതകം) ഒഴികെ ബാക്കി എല്ലാ കുറ്റങ്ങളിലും പരമാവധി ശിക്ഷയാണ് സൂരജിന് ലഭിച്ചത്. രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെട്ട കേസിൽ അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും വിജയമാണ് അർഹമായ ശിക്ഷ ലഭിച്ചതിന് പിന്നിൽ.

ആദ്യം പത്ത് വര്‍ഷവും പിന്നീട് ഏഴ് വര്‍ഷവും തടവിന് ശേഷമാണ് (ദേഹോപദ്രവത്തിനും തെളിവുനശിപ്പിക്കലിനും) പ്രതി ഇരട്ടജീപര്യന്തം തടവ് അനുഭവിക്കേണ്ടതെന്ന് കോടതി എടുത്ത് പറഞ്ഞിട്ടുണ്ട്. അഞ്ചു ലക്ഷം രൂപ പിഴയും നല്‍കണമെന്നാണ് വിധി. 27 വയസുകാരനായ സൂരജിന് 44 ാം വയസിലായിരിക്കും ജീവപര്യന്തം ആരംഭിക്കുക. ഇരട്ട ജീവപര്യന്തമാണ് വിധിച്ചിരിക്കുന്നത്. നിലവിലെ സെഷൻസ് കോടതി വിധി പ്രകാരം ജീവിത കാലം മുഴുവൻ ജയിലിൽ കിടക്കാവുന്ന ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. കേസിൽ ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് ഉത്രയുടെ അമ്മ വ്യക്തമാക്കിയിട്ടുണ്ട്.

ആസൂത്രിത കൊല (ഇന്ത്യന്‍ ശിക്ഷാനിയമം 302-ാം വകുപ്പ്), നരഹത്യാശ്രമം (307ാം വകുപ്പ്), വിഷംനല്‍കി പരിക്കേല്‍പ്പിക്കല്‍ (328ാം വകുപ്പ്), തെളിവുനശിപ്പിക്കല്‍ (201 -ാം വകുപ്പ്) എന്നീ കുറ്റകൃത്യങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. വധശിക്ഷയ്ക്ക് സുപ്രീംകോടതി നിശ്ചയിച്ചിട്ടുളള അഞ്ച് കുറ്റങ്ങളില്‍ നാലും പ്രതിയായ സൂരജ് ചെയ്‌തെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മുമ്പ് കുറ്റകൃത്യങ്ങളിലൊന്നും പങ്കാളിയായിട്ടില്ലെന്നതും സൂരജിന് തുണയായി. അപ്പോഴും ജീവിതകാലം മുഴുവൻ സൂരജ് ജയിലിൽ കഴിയേണ്ടി വരുമെന്നാണ് വിധിയിൽ നിന്ന് വ്യക്തമാകുന്നത്. നഷ്ടപരിഹാരമായി അടയ്ക്കേണ്ട അഞ്ച് ലക്ഷം രൂപ ഉത്രയുടെ കുഞ്ഞിന് നൽകണമെന്നാണ് കോടതി വിധി. ഇതിന് പുറമേ ലീഗൽ സർവ്വീസസ് അതോറിറ്റിയോട് കുട്ടിക്ക് വിക്ടിം കോംപൻസേഷൻ നൽകാനും നിർദ്ദേശമുണ്ട്.

നാല് വകുപ്പുകൾ അനുസരിച്ച് സൂരജ് കുറ്റക്കാരനെന്നാണ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. വിഷ വസ്തു ഉപയോഗിച്ചുള്ള കൊലപാതകത്തിന് പത്ത് വർഷം, തെളിവ് നശിപ്പിച്ചതിന് ഏഴ് വർഷം, നേരത്തെ നടത്തിയ വധ ശ്രമത്തിന് ജീവപര്യന്തം, കൊലപാതകത്തിന് ജീവപര്യന്തം. ഇങ്ങനെയാണ് കോടതി വിധി. പത്ത് വർഷത്തെയും ഏഴ് വർഷത്തെയും തടവിന് ശേഷമാണ് ഇരട്ട ജീവപര്യന്തം തടവ് തുടങ്ങുകയെന്നാണ് വിധി. അതായത് പതിനേഴ് വർഷത്തിന് ശേഷം മാത്രമേ ഇരട്ട ജീവപര്യന്തം തടവ് തുടങ്ങുകയുള്ളൂ. പല കേസുകളിലും തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കാറുണ്ടെങ്കിലും ഈ കേസിൽ ഓരോ ശിക്ഷയും പ്രത്യേകമായി അനുഭവിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതായത് മേൽക്കോടതി വിധികളോ സർക്കാർ തീരുമാനമോ ഉണ്ടായില്ലെങ്കിൽ ജീവതാവസാനം വരെ തടവിൽ കിടക്കണം.

Also Read- Uthra Case Verdict| ഉത്രയെ മൂർഖനെ കൊണ്ട് കടിപ്പിച്ചുകൊന്ന സൂരജിന് ഇരട്ട ജീവപര്യന്തം; പ്രായം പരിഗണിച്ച്  പരമാവധി ശിക്ഷയില്ല

ശിക്ഷാവിധി കേള്‍ക്കാന്‍ ഉത്രയുടെ പിതാവും സഹോദരനും കോടതിയില്‍ എത്തിയിരുന്നു. ശിക്ഷാവിധിയില്‍ തൃപ്തരല്ലെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഉത്രയുടെ അമ്മ പ്രതികരിച്ചു. ശിക്ഷാ നിയമത്തിലെ പിഴവുകളാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നത്. കൂടുതൽ ശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്നും ഉത്രയുടെ അമ്മ പ്രതികരിച്ചു. പ്രതി അറസ്റ്റിലായ 82ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സംസ്ഥാനത്ത് കേട്ടുകേള്‍വിയില്ലാത്ത വിധം ക്രൂരമായ കേസിൽ ഒരു വര്‍ഷവും 5 മാസവും 4 ദിവസവും പൂര്‍ത്തിയാവുമ്പോഴാണ് വിധി എത്തിയത്.

അടൂരിലെ സൂരജിന്റെ വീട്ടിൽ വച്ച് ആദ്യത്തെ തവണ അണലിയുടെ കടിയേറ്റ ഉത്ര ആശുപത്രിയിലായി വേദന കൊണ്ട് പുളയുമ്പോൾ മറ്റൊരു കൊലപാതകത്തിന് ആസൂത്രണം നടത്തിയ ക്രൂരനാണ് സൂരജെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടർ മോഹൻരാജ് കോടതിയിൽ പറഞ്ഞു. സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധിയായിരിക്കണം ഉണ്ടാകേണ്ടതെന്നും വധശിക്ഷ നൽകാവുന്ന അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി.

സ്വത്ത് സ്വന്തമാക്കാൻ വേണ്ടി മുർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുക എന്നത് ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ തന്നെ അപൂർവതകൾ ഏറെ നിറഞ്ഞ കേസാണ്. 87 സാക്ഷികൾ നൽകിയ മൊഴികളും 288 രേഖകളും 40 തൊണ്ടിമുതലുകളും പരിശോധിച്ച ശേഷമാണ് ജഡ്ജി എം മനോജ്, സൂരജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ജീവനുള്ള ഒരു വസ്തു കൊലപാതകത്തിനുളള ആയുധമായി ഉപയോഗിച്ചു എന്നതാണ് ഉത്ര വധ കേസിന്റെ വലിയ സവിശേഷത.

വിചാരണയുടെ തുടക്കം മുതൽ താൻ നിരപരാധിയെന്ന അവകാശവാദമാണ് പ്രതി സൂരജ് കോടതിക്ക് മുന്നിൽ ഉയർത്തിയത്. എന്നാൽ ശാസ്ത്രീയമായ തെളിവുകളുടെ സമാഹരണത്തിലൂടെ സൂരജിന്റെ വാദങ്ങൾ പൊളിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു. പ്രതിയായ സൂരജിന്റെ കുറ്റസമ്മത മൊഴിക്കപ്പുറം ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കാൻ പൊലീസ് നടത്തിയ ഡമ്മി പരീക്ഷണമടക്കമുളള വേറിട്ട അന്വേഷണ രീതികളും ഏറെ ചർച്ചയായിരുന്നു. സര്‍ക്കാര്‍ അഭിഭാഷകനായി അഡ്വക്കേറ്റ് മോഹന്‍രാജും പ്രതി ഭാഗത്തിനായി അഡ്വ. അജിത്ത് പ്രഭാവും ഹാജരായി.

രാജ്യത്തെ കുറ്റാന്വേഷണ ചരിത്രത്തിൽ തന്നെ ഏറെ പ്രധാന്യമുള്ള കേസായാണ് ഉത്രക്കേസ് ഇപ്പോൾ പരിഗണിക്കപ്പെടുന്നത്. ഐപിഎസ് ട്രെയിനിംഗിന്റെ ഭാഗമായി പഠിക്കാനുള്ള കേസുകളുടെ പട്ടികയിൽ ഉത്രക്കേസുമുണ്ട്. രാജ്യത്ത് ഇതിനു മുൻപ് രണ്ട് തവണ പാമ്പിനെ ഉപയോഗിച്ച് ആളുകളെ കൊല്ലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ പൂനെയിലും നാഗ്പൂരിലുമായിരുന്നു അത്. എന്നാൽ ഈ രണ്ട് കേസിലും തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വിചാരണ കോടതികൾ വെറുതെ വിട്ടത് മഹാരാഷ്ട്രാ പൊലീസിന് തിരിച്ചടിയായി. സമാനവിധി ഉത്രക്കേസിൽ ഉണ്ടായില്ല എന്നത് കേരള പൊലീസിനാകെ അഭിമാനം പകരുന്ന കാര്യമാണ്.

കൊലപാതകം, ഗൂഢാലോചന, ജീവനുള്ള വസ്തുവിനെ വച്ച് കൊലപാതകശ്രമം, ഗാർഹിക പീഡനം, കൊലപാതകശ്രമം എന്നിങ്ങനെ അഞ്ച് വകുപ്പുകളാണ് പൊലീസ് കുറ്റപത്രത്തിൽ സൂരജിനെതിരെ ചാർത്തിയായത്. കേസിൽ ആദ്യം പ്രതി ചേർക്കപ്പെട്ട പാമ്പു പിടുത്തക്കാരൻ കല്ലുവാതുക്കൽ സുരേഷിനെ പൊലീസ് പിന്നീട് മാപ്പുസാക്ഷിയാക്കി. ദൃക്സാക്ഷികളില്ലാത്ത കേസിൽ കോടതിക്ക് മുന്നിലുള്ള ഏറ്റവും വലിയ സാക്ഷിമൊഴിയാണ് സുരേഷിന്റേത്. സൂരജിനെ പാമ്പുകളെ കൊടുത്തിട്ടുണ്ടെന്നും അവയെ കൈകാര്യം ചെയ്യാൻ സൂരജിന് അറിയാമെന്നും സുരേഷ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഭാര്യയെ കൊല്ലാൻ വേണ്ടിയായിരുന്നു സൂരജ് പാമ്പിനെ വാങ്ങിയത് എന്നറിയില്ലായിരുന്നുവെന്ന സുരേഷിന്റെ മൊഴി അംഗീകരിച്ചാണ് കോടതി ഇയാളെ മാപ്പുസാക്ഷിയാക്കിയത്.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ പ്രതിയുടെ നടപടി വിചിത്രവും പൈശാചികവും ദാരുണവുമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യവും പ്രോസിക്യൂഷന്‍ കോടതിക്കുമുന്നില്‍ വെച്ചു. ആദ്യം അണലിയെ വിട്ടുകടിപ്പിച്ചശേഷം ഭാര്യ വേദന കൊണ്ടുപുളയുമ്പോള്‍ പ്രതി മറ്റൊരു കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് ഭാര്യ ഉത്രയെ കൊലപ്പെടുത്തി എന്നതാണ് കേസ്. 87 സാക്ഷികള്‍, 288 രേഖകള്‍, 40 തൊണ്ടിമുതലുകള്‍ ഇത്രയുമാണ് കോടതിക്ക് മുന്നില്‍ അന്വേഷണസംഘം ഹാജരാക്കിയത്. ഡമ്മി പരീക്ഷണത്തിലൂടെയാണ് അന്വേഷണ സംഘം ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ചത്. ഒരു കാരണവശാലും പ്രകോപനമുണ്ടാക്കാതെ മൂര്‍ഖന്‍ കടിക്കില്ല എന്ന വിദഗ്ധരുടെ മൊഴികളും നിര്‍ണായകമായി.

2020 മെയ് ആറിനാണ് മൂര്‍ഖനെ കൊണ്ട് കടിപ്പിച്ച് സൂരജ് ഉത്രയെ കൊലപ്പെടുത്തിയത്. പാമ്പുപിടിത്തക്കാരനായ സുരേഷിന്റെ കയ്യില്‍ നിന്നാണ് ഇയാള്‍ പാമ്പിനെ വാങ്ങിയത്. ഏപ്രില്‍ മാസത്തില്‍ സൂരജ് അണലിയെ ഉപയോഗിച്ച് യുവതിയെ കൊലപ്പെടുത്താന്‍ നോക്കിയിരുന്നു. പാമ്പ് കടിയേറ്റെങ്കിലും അന്ന് രക്ഷപ്പെട്ടു. ഇതോടെ സുരേഷിന്റെ കയ്യില്‍ നിന്നും പ്രതി മൂര്‍ഖനെ വാങ്ങുകയായിരുന്നു. തുടര്‍ച്ചയായ രണ്ടുതവണ ഉത്രയ്ക്ക് പാമ്പ് കടിയേറ്റതോടെ സംശയം തോന്നിയ ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

First published:

Tags: Anchal uthra case, Uthra case, Uthra murder case, Uthra snake bite death, Uthra snake bite murder, Uthra Sooraj