• HOME
 • »
 • NEWS
 • »
 • explained
 • »
 • Explained | ഒരു മികച്ച ക്രിപ്‌റ്റോകറൻസിയുടെ സവിശേഷതകൾ എന്തൊക്കെ? ഇവ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Explained | ഒരു മികച്ച ക്രിപ്‌റ്റോകറൻസിയുടെ സവിശേഷതകൾ എന്തൊക്കെ? ഇവ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ക്രിപ്‌റ്റോകറൻസികൾ തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട ഏറ്റവും മികച്ച ഏഴ് സവിശേഷതകൾ ഇതാ..

 • Last Updated :
 • Share this:
  ക്രിപ്‌റ്റോകറൻസികളുടെ കാലമാണിത്. എങ്ങനെയാണു നല്ല ക്രിപ്‌റ്റോകറൻസി നിങ്ങൾ തിരിച്ചറിയുക? നിലവിൽ 6000 വ്യത്യസ്ത തരം ക്രിപ്‌റ്റോകറൻസികൾ പ്രചാരത്തിലുണ്ട്. ക്രിപ്റ്റോ കറൻസികൾ പരിശോധിക്കുകയാണെങ്കിൽ ഇവയിൽ ആദ്യം തരംഗമായ കറൻസിയായിരുന്നു ബിറ്റ്കോയിൻ. അതിനുശേഷം എഥേറിയം, കാർഡാനം, റൈപ്പിൾ, ഡോജ്കോയിൻ തുടങ്ങി നിരവധി കോയിനുകൾ എത്തിയിരുന്നു. എന്താണ് ക്രിപ്റ്റോ കറൻസി എന്നറിഞ്ഞാൽ അവയുടെ തിരഞ്ഞെടുപ്പ് എളുപ്പമാകും. ക്രിപ്റ്റോ കറൻസി ഡിജിറ്റൽ കറൻസിയാണ്, അവയെ കാണാനോ സ്പർശിക്കാനോ കഴിയില്ല പക്ഷെ അവയ്ക്ക് മൂല്യമുണ്ട്. ക്രിപ്റ്റോ കറൻസിക്ക് ഒരു ബാങ്ക് പോലുള്ള കേന്ദ്രീകൃത അതോറിറ്റി ഇല്ല. എന്നാൽ ഇടപാടുകളുടെ ട്രാക്ക് സൂക്ഷിക്കാൻ കമ്പ്യൂട്ടർ ശൃംഖലയെ ആശ്രയിക്കുന്ന ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയാണ് ഇവ പിന്തുടരുന്നത്. മാത്രമല്ല മറ്റേതൊരു നിക്ഷേപത്തെയും പോലെ ക്രിപ്റ്റോ കറന്സിയെയെയും ദീർഘകാല നിക്ഷേപത്തിന് ഉപയോഗിക്കാം. ക്രിപ്‌റ്റോകറൻസിയിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർ ഏറ്റവും മികച്ച കറൻസി കണ്ടെത്തുക എന്നത് ഒരു വലിയ കടമ്പയാണ്. അതിനു ആദ്യം നല്ല ക്രിപ്‌റ്റോകറൻസിയുടെ സവിശേഷതകൾ അല്ലെങ്കിൽ നല്ലതിനെ ചീത്തയിൽ നിന്ന് വേർതിരിക്കുന്ന ചില ഗുണങ്ങൾ അറിഞ്ഞിരിക്കണം.

  ക്രിപ്‌റ്റോകറൻസികൾ തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട ഏറ്റവും മികച്ച ഏഴ് സവിശേഷതകൾ ഇതാ..

  സുരക്ഷ
  ക്രിപ്‌റ്റോകറൻസി തിരഞ്ഞെടുക്കുമ്പോൾ സുരക്ഷ കണക്കിലെടുക്കേണ്ടത് അതി പ്രധാനമാണ്. മികച്ച ക്രിപ്‌റ്റോകറൻസിക്ക് കൂടുതൽ സുരക്ഷ ഉണ്ടായിരിക്കും. അതായത് ഹാക്ക് ചെയ്യപ്പെടുന്നതിൽ നിന്ന് സ്വയം പ്രതിരോധിക്കാനുള്ള സുരക്ഷാ സവിശേഷതകൾ അതിൽ നിർമ്മിച്ചിട്ടുണ്ടാകും. രണ്ട് ഘട്ടമായിട്ടുള്ള വെരിഫിക്കേഷനും പാസ്സ്‌വേർഡ് പരിരക്ഷയ്ക്കും പുറമെ ആയിരിക്കും ഈ സവിശേഷതകൾ ലഭ്യമാകുക.

  സ്ഥിരത

  ക്രിപ്റ്റോ കറൻസിയുടെ വിപണി സ്റ്റോക്ക് മാർക്കറ്റ് പോലെയാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് ഉയർച്ച താഴ്ചകൾ സംഭവിച്ചേക്കാം. ക്രിപ്റ്റോ മാർക്കറ്റ് അസ്ഥിരമാണ്. അതുകൊണ്ടാണ് ഉയർച്ച താഴ്ചകൾ പെട്ടെന്ന് ഉണ്ടാകുന്നത്. അതിനാൽ തന്നെ ഇതിൽ കൂടുതൽ ഏറ്റക്കുറച്ചിലുകൾ കാണാം. ഇന്ത്യൻ വിപണിയിലടക്കം നിലവിൽ ക്രിപ്‌റ്റോകറൻസി നിയന്ത്രങ്ങൾ നേരിടുകയാണ്. രാജ്യങ്ങളും ഓർഗനൈസേഷനുകളും ക്രിപ്‌റ്റോകറൻസി ഉപയോഗിക്കാൻ തീരുമാനിക്കുകയും അതിലൂടെ വളർച്ച നേടാനും കഴിഞ്ഞാൽ മാത്രമേ യഥാർത്ഥത്തിൽ ക്രിപ്‌റ്റോകറൻസിക്ക് സ്ഥിരതയുള്ളൂ. ഈഥർ, ബിറ്റ്‌കോയിൻ തുടങ്ങിയ ക്രിപ്‌റ്റോകറൻസികൾ സ്ഥിരതയുള്ളതല്ല എന്നല്ല ഇതിനർത്ഥം. ഈ കറൻസിയിൽ നടത്തുന്ന ഇടപാടുകളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ അവ കൂടുതൽ സ്ഥിരത കൈവരിച്ച് നിലനിൽക്കുന്നു. ഇത്തരത്തിലുള്ള മാതൃക പിന്തുടരുന്ന ക്രിപ്‌റ്റോകറൻസികൾ തിരഞ്ഞെടുക്കുന്നത് മികച്ച തീരുമാനമാണ്.

  പ്രകടനം വിലയിരുത്തുക

  ക്രിപ്‌റ്റോകറൻസിയുടെ പ്രകടനം വിലയിരുത്തുന്നത് ഒരു സെക്കൻഡിൽ പ്രോസസ്സ് ചെയ്യാനോ സ്ഥിരീകരിക്കാനോ കഴിയുന്ന ഇടപാടുകളുടെ എണ്ണത്തെ കണക്കിലെടുത്തിട്ടാണ്. ഏറ്റവും കുറഞ്ഞ സമയപരിധിക്കുള്ളിൽ ഇടപാടുകൾ പ്രോസസ്സ് ചെയ്യുന്ന ക്രിപ്‌റ്റോകറൻസികൾ തിരഞ്ഞെടുക്കുക എന്നുള്ളത് നിക്ഷേപകരെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. എന്നാൽ ഏറ്റവും മികച്ചതും വേഗമേറിയതുമായ ഇടപാടുകളാണ് മികച്ച ക്രിപ്‌റ്റോകറൻസിയുടെ മുഖ മുദ്ര.

  വിതരണം

  കോവിഡ് -19 ലോക്ക്ഡൗൺ സമയത്ത് സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനായി വിപണിയിലേക്ക് ധാരാളം കറൻസി എത്തിയിരുന്നു. അതായത് റെഗുലർ അല്ലെങ്കിൽ ഫിയറ്റ് കറൻസിയുടെ പ്രധാന പ്രശ്നം ഒരാൾക്ക് ആവശ്യമുള്ളത്ര അച്ചടിക്കാൻ കഴിയും എന്നതാണ്. എന്നാൽ ആവശ്യാനുസരണം ലഭ്യമാക്കിയ പണം കാരണം വരാനിരിക്കുന്ന കട പ്രതിസന്ധിയെക്കുറിച്ച് ചില ആളുകൾ ഇതിനകം തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ക്രിപ്‌റ്റോകറൻസികൾക്ക് ഈ വിതരണ പ്രശ്‌നത്തിൽ നിന്ന് വിട്ടു നില്ക്കാൻ കഴിയും എന്നാണ് റിപ്പോർട്ടുകൾ. കാരണം ക്രിപ്‌റ്റോകറൻസികൾക്ക് വിപണിയിൽ എത്തുന്ന നാണയങ്ങൾക്കും ഉത്‌പാദനത്തിനും നിയന്ത്രണങ്ങളുണ്ട്. ഉദാഹരണത്തിന്, ബിറ്റ്കോയിന് പരമാവധി 21 ദശലക്ഷം നാണയങ്ങൾ നിലവിലുണ്ടാകാം അതിൽ കൂടുതലില്ല. കൃത്യമായ കണക്കുകളുമായിട്ടാണ് ഇവ പ്രവർത്തിക്കുന്നത്. ഈ പ്രക്രിയ ലഭ്യമായ ക്രിപ്‌റ്റോകറൻസിയുടെ ആകെ എണ്ണം പരിമിതപ്പെടുത്തുകയും കാലക്രമേണ അതിനെ കൂടുതൽ മൂല്യവത്തായതാക്കുകയും ചെയ്യുന്നു. ഒരു നിശ്ചിത എണ്ണം നാണയങ്ങൾ പ്രചാരത്തിൽ നിലനിർത്താനായി പഴയത് കത്തിച്ചു കളയുന്ന രീതിയും നിലനിൽക്കുന്നുണ്ട്. ഇത്തരം നടപടികൾ പിന്തുടരുന്ന ഒരു ക്രിപ്‌റ്റോകറൻസി തീർച്ചയായും നല്ല ക്രിപ്‌റ്റോകറൻസിയുടെ സവിശേഷതകളിൽ ഒന്നാണ്.

  വികേന്ദ്രീകരണം

  ക്രിപ്‌റ്റോകറൻസിയുടെ പ്രധാന ആശയം തന്നെ ഒരു ഹോൾഡിംഗ് ഓർഗനൈസേഷന് പകരം ആളുകൾക്ക് അധികാരം നൽകുക എന്നതാണ്. ക്രിപ്‌റ്റോകറൻസികൾ സൃഷ്ടിച്ചത് തന്നെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സാമ്പത്തിക ഇടപാടുകൾ വികേന്ദ്രീകരിക്കാനുള്ള ശ്രമമായാണ്. ബാങ്കുകളെയും സർക്കാരുകളെയും ആശ്രയിക്കുന്നത് കുറയ്ക്കുക അധികാരം ജനങ്ങളുടെ കൈകളിൽ വയ്ക്കുക എന്നിവയായിരുന്നു ക്രിപ്‌റ്റോകറൻസിയുടെ ഉദ്‌ഭവത്തിനു പിന്നിലെ ആശയം. അതായത് നിക്ഷേപിക്കാനായി തിരഞ്ഞെടുത്ത ക്രിപ്റ്റോകറൻസികളുടെ പിന്നിൽ ഏതെങ്കിലും വ്യക്തിയുടെയോ ഓർഗനൈസേഷന്റെയോ ഐഡന്റിറ്റി നിങ്ങൾ എപ്പോഴെങ്കിലും അറിയുകയാണെങ്കിൽ ഉടൻ തന്നെ വിൽക്കുക എന്ന് വിദഗ്ദർ പറയുന്നു.

  ഡിമാൻഡ്

  നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾ ക്രിപ്റ്റോകറന്സി തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഡിമാൻഡ് കൂടുതലുള്ള ക്രിപ്റ്റോ കറൻസി തിരഞ്ഞെടുക്കുക എന്നുള്ളതാണ്. ഇത് വളരെ ലളിതമായാ തിരഞ്ഞെടുപ്പാണ് കാരണം വിപണിയിൽ ഡിമാന്റുള്ളവ കണ്ടെത്തി തിരഞ്ഞെടുക്കാം. ഒരു ക്രിപ്റ്റോ കറൻസി എല്ലാവരും വാങ്ങാൻ ആരംഭിക്കുമ്പോൾ അതിന്റെ മൂല്യം വർധിക്കാൻ സാധ്യതയുണ്ട്. WazirX പോലെയുള്ള എക്‌സ്‌ചേഞ്ചുകളിലെ ലഭ്യത കുറയാനും ഇത്‌ കാരണമാകും. ക്രിപ്റ്റോ കറൻസി മറ്റുള്ളവർ തിരഞ്ഞെടുക്കുന്നതിന് മുൻപ് തന്നെ അതിന്റെ പ്രാധാന്യം മനസിലാക്കിയാൽ മൂല്യം കൂടുന്നത്തിനു മുൻപ് തന്നെ അവ സ്വന്തമക്കാവുന്നതാണ്.

  ഉപയോഗം

  ക്രിപ്റ്റോ കറൻസികൾക്ക് ഇന്ത്യയിൽ നിയന്ത്രണങ്ങളുണ്ട്. എന്നാൽ സാധാരണ കറൻസി ഉപയോഗിക്കുന്നത് പോലെ സേവനകൾക്കായും ചരക്കുകൾ വാങ്ങുന്നതിനായും ക്രിപ്‌റ്റോകറൻസി എങ്ങനെ ഉപയോഗിക്കാം എന്നതാണ് ക്രിപ്‌റ്റോകറൻസികളുടെ ഒരു പ്രധാന വശം. ക്രിപ്‌റ്റോകൾ വാങ്ങുമ്പോൾ പലരും ചിന്തിക്കാത്ത ഒരു വശമാണിത്. ഭാവിയിൽ ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ച സേവനങ്ങളടക്കം ലഭ്യമാക്കാൻ സാധിക്കുക എന്നത് പ്രതീക്ഷയുളവാക്കുന്ന കാര്യം തന്നെയാണ്. നിലവിൽ ക്രിപ്‌റ്റോകറൻസി ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാൻ ഉപയോക്താക്കളെ അനുവദിക്കുന്ന കമ്പനികളോ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളോ ഇന്ത്യയിൽ ഇല്ല. എന്നാൽ എക്സ്ചേഞ്ച് പ്ലാറ്റ്ഫോമുകളിൽ ടോക്കണുകൾ വാങ്ങാൻ അവ ഉപയോഗിക്കാം. ഭാവിയിൽ ക്രിപ്റ്റോ കറൻസികൾ മറ്റു ഇടപാടുകൾക്കും ലഭ്യമാകും എന്നാണ് വിപണിയിലെ പ്രതീക്ഷകൾ. സർക്കാരുകൾ ക്രിപ്റ്റോകറൻസികളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുകയും പുതിയ ചട്ടങ്ങൾ അവതരിപ്പിക്കുകയും തടസ്സമില്ലാത്ത ഇടപാടുകൾ കൂടുതൽ അനുവദിക്കുകയും ചെയ്താൽ പണത്തിനു പകരം ക്രിപ്റ്റോകറൻസികൾ വിപണിയിലെത്തും എന്നാണ് വിദഗ്ദർ പറയുന്നത്.

  ഒരു നല്ല ക്രിപ്‌റ്റോകറൻസി തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നിങ്ങൾക്ക് മനസിലായിട്ടുണ്ടാകുമല്ലോ. ലോകത്തിലെ പ്രധാന ക്രിപ്റ്റോകറൻസികൾ ബിറ്റ്കോയിൻ, എഥെറിയം, കാർഡാനോ, റൈപ്പിൾ എന്നിവയാണ്. ഇവയിൽ തന്നെ ഓരോന്നിനും അതിന്റെതായ പ്രത്യേക ലക്ഷ്യങ്ങളുമുണ്ട്. ഉദാഹരണത്തിന് ബിറ്റ്‌കോയിൻ സ്വർണത്തിനു പകരമായി ആണ് കണക്കാക്കുന്നത്. എന്നാൽ എഥെറിയത്തിനെ ഒരു സൂപ്പർ കമ്പ്യൂട്ടറായിട്ടാണ് കണക്കാക്കുന്നത്. വിവിധ കറൻസികളുടെ ഗുണനിലവാരം വിലയിരുത്തി മികച്ച ക്രിപ്റ്റോ കറൻസി നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
  Published by:Jayesh Krishnan
  First published: