• HOME
 • »
 • NEWS
 • »
 • explained
 • »
 • EXPLAINED: പ്രളയം ജർമ്മനിയിലും ബെൽജിയത്തിലും 180ലധികം പേരുടെ ജീവനെടുത്തു; പെട്ടെന്നുള്ള പ്രളയത്തിന് കാരണമെന്ത്?

EXPLAINED: പ്രളയം ജർമ്മനിയിലും ബെൽജിയത്തിലും 180ലധികം പേരുടെ ജീവനെടുത്തു; പെട്ടെന്നുള്ള പ്രളയത്തിന് കാരണമെന്ത്?

ജർമ്മനിയിലെയും ബെൽജിയത്തിലെയും പ്രളയത്തെക്കുറിച്ച് നിങ്ങൾ അറിയേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

REUTERS

REUTERS

 • Last Updated :
 • Share this:
  വറചട്ടിയിൽ നിന്ന് ഒരു പ്രളയത്തിലേക്ക്. ഏകദേശം ഒരു മാസത്തിനിടെ യൂറോപ്പിൽ മാറി മറിയുന്ന കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പറയാൻ ഇതിലും ഉചിതമായ മറ്റൊരു വിവരണമില്ല. ഏതാനും ആഴ്ചകൾക്ക് മുമ്പ് അനുഭവപ്പെട്ട റെക്കോ‍ർഡ് ചൂടിന് ശേഷം, യൂറോപ്യൻ രാജ്യങ്ങൾ ഇപ്പോൾ വെള്ളപ്പൊക്കത്തെ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇത് നിരവധി പേരുടെ മരണത്തിന് കാരണമായി. ജർമ്മനിയിലെയും ബെൽജിയത്തിലെയും പ്രളയത്തെക്കുറിച്ച് നിങ്ങൾ അറിയേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

  വെള്ളപ്പൊക്കത്തിന് കാരണം
  കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉണ്ടായ കനത്ത മഴയെത്തുടർന്ന് ജർമ്മനിയിലും ബെൽജിയത്തിലും 180 ലധികം പേർ മരിച്ചു. നൂറുകണക്കിന് പേരെ കാണാതാവുകയും ചെയ്തു. നദികൾ കരകവിഞ്ഞ് ഒഴുകി. രാജ്യങ്ങളിലെ മലിനജല സംവിധാനങ്ങൾ തക‍ർന്നു. കനത്ത മഴയെ നേരിടാൻ ഇരുരാജ്യങ്ങളും രാജ്യങ്ങൾ പാടുപെട്ടു. മരണങ്ങളിൽ ഭൂരിഭാഗവും ജർമ്മനിയിലാണുണ്ടായത്. ജ‍ർമ്മനിയിൽ 150 ഓളം പേർ മരിച്ചു. ബെൽജിയത്തിൽ 30ഓളെ പേരാണ് വെള്ളപ്പൊക്കത്തെ തുടർന്ന് മരിച്ചത്.

  ജൂലൈ 14 നും 15 നും ഇടയിൽ ജർമ്മനിയിൽ 100 മില്ലിമീറ്ററിനും 150 മില്ലിമീറ്ററിനും ഇടയിൽ മഴ രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കാലാവസ്ഥാ വ്യതിയാനമാണ് കനത്ത മഴയ്ക്ക് കാരണമെന്ന് ഇന്റർഗവർമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) മുൻ വൈസ് പ്രസിഡന്റായ ജീൻ ജൗസൽ വാർത്താ ഏജൻസിയോട് പറഞ്ഞു. യൂറോപ്പിൽ ഇതിനു മുമ്പും കനത്ത വെള്ളപ്പൊക്കങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഈ ജൂലൈയിലെ മഴ വെള്ളത്തിന്റെ അളവും ശക്തിയും കണക്കിലെടുക്കുമ്പോൾ അസാധാരണമായിരുന്നുവെന്ന്” ജർമ്മൻ ഹൈഡ്രോളജിസ്റ്റ് കൈ ഷ്രോട്ടർ പറയുന്നു.

  മുന്നറിയിപ്പ്
  അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും രാജ്യത്തിന്റെ അടിയന്തര പ്രതികരണം സംബന്ധിച്ച ചോദ്യങ്ങളാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. വിവിധ മേഖലകളിൽ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടായിരുന്നെങ്കിലും ചില മേഖലകളിലെ പ്രതികരണം പര്യാപ്തമായിരുന്നില്ലെന്ന് വെള്ളപ്പൊക്കത്തെക്കുറിച്ച് മുന്നറിയിപ്പുകൾ നൽകുന്ന യൂറോപ്യൻ പ്രളയ ബോധവൽക്കരണ സംവിധാനത്തിന്റെ ഉപദേഷ്ടാവ് പ്രൊഫ. ഹന്ന ക്ലോക്ക് ബിബിസിയോട് പറഞ്ഞു. മുന്നറിയിപ്പുകൾ ആളുകൾക്ക് ലഭിക്കാത്ത സ്ഥലങ്ങളുണ്ടെന്നും ചില പ്രദേശങ്ങളിൽ ഇത്തരത്തിൽ ഒരു പ്രളയമുണ്ടാകുമെന്ന് അറിയാത്തവരുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

  ജർമ്മനിയിലെ ചില സ്ഥലങ്ങൾ ആവശ്യമായ മുൻകരുതലുകളെടുത്തപ്പോൾ ചിലയിടങ്ങളിൽ യാതൊരു വിധ മുന്നൊരുക്കങ്ങളും നടത്തിയിരുന്നില്ല. ദുരിതബാധിത പ്രദേശങ്ങളിലെ ആളുകൾ ഇത്തരം തീവ്രമായ കാലാവസ്ഥാ പ്രതിഭാസത്തെ കൈകാര്യം ചെയ്യാൻ തയ്യാറായിരുന്നില്ല. ഇന്ത്യയെപ്പോലുള്ള ഉഷ്ണമേഖലാ രാജ്യങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും പതിവാണ്. ഇത്തരം സംഭവങ്ങളെ പതിവായി നേരിടുകയും അവയെക്കുറിച്ച് അറിഞ്ഞിരിക്കുകയും ചെയ്യുന്നത് വഴി ഈ സാ​ഹചര്യങ്ങളെ നേരിടാനും പ്രതിരോധിക്കാനുമുള്ള പിന്തുണ ആളുകൾക്ക് ലഭിക്കുന്നുണ്ട്. എന്നാൽ യൂറോപ്പിൽ സ്ഥിതി അങ്ങനെയല്ല. വെള്ളപ്പൊക്കത്തെക്കുറിച്ച് “അടിയന്തര വിദ്യാഭ്യാസം” ആവശ്യമാണെന്ന് പരിസ്ഥിതി വിദഗ്ധനായ ഫ്രീഡെറിക് ഓട്ടോ ബിബിസിയോട് പറഞ്ഞു.

  ആളുകൾ വെള്ളപ്പൊക്കത്തോട് പ്രതികരിച്ചത് എങ്ങനെ?
  വെള്ളം കുറയുകയും നാശനഷ്ടത്തിന്റെ വ്യാപ്തി വ്യക്തമാവുകയും ചെയ്തപ്പോൾ, ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ ചെറിയ നദികൾക്കോ ​​പോഷകനദികൾക്കോ ​​സമീപമുള്ള പ്രദേശങ്ങളാണെന്ന് കണ്ടെത്തി. വലിയ നദികളുടെ തീരത്ത് ഉള്ള വെള്ളപ്പൊക്ക പ്രതിരോധം ഈ പ്രദേശങ്ങളിൽ ഇല്ല. മഴ ശക്തമായതോടെ വെള്ളപ്പൊക്കം തടയാനുള്ള സംവിധാനങ്ങളുടെ അഭാവം ഈ ചെറിയ നദികൾ കരകവിഞ്ഞ് ഒഴുകാൻ കാരണമായി.

  റൈൻ നദി പോലുള്ള വലിയ നദികളുടെ തീരത്തുള്ള പ്രദേശങ്ങളിൽ വെള്ളപ്പൊക്കം നിയന്ത്രിക്കാൻ അടിസ്ഥാന സൗകര്യങ്ങളുണ്ട്. എന്നാൽ വടക്കൻ റൈൻ-വെസ്റ്റ്ഫാലിയ മേഖലയിലെ നദികൾക്ക് സമാനമായ സംരക്ഷണം ഇല്ലായിരുന്നുവെന്ന് ചില റിപ്പോ‍ർട്ടുകൾ വ്യക്തമാക്കുന്നു. ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറ്റാനുള്ള അടിയന്തര മുന്നറിയിപ്പുകൾ കുറവായിരുന്നെങ്കിലും പല സ്ഥലങ്ങളിലും, പെട്ടെന്നുള്ള വെള്ളപ്പൊക്ക സാധ്യതകളെക്കുറിച്ച് ആളുകൾക്ക് വ്യക്തതയില്ലായിരുന്നു. ഇത് മരണ സംഖ്യ കൂടാൻ കാരണമായി.

  ചിലർ അപകടത്തിന്റെ വ്യാപ്തി കുറച്ചു കാണുകയും കനത്ത മഴയിൽ പോലും അടിസ്ഥാന നിയമങ്ങൾ പാലിക്കാതിരിക്കുകയും ചെയ്തു. ആദ്യം, ആളുകൾ വെള്ളം ഇരച്ചു കയറുന്ന അടിത്തറകൾ ഒഴിവാക്കണമെന്നും രണ്ടാമതായി, വൈദ്യുതി ഓഫ് ചെയ്യണമെന്നും പ്രകൃതി ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്ന ജർമ്മൻ ഏജൻസിയുടെ തലവൻ ബിബിസിയോട് പറഞ്ഞു. ദുരിതബാധിത പ്രദേശങ്ങളിലെ വീടുകളുടെ അടിനിലകളിൽ നിന്ന് നിരവധി മൃതദേഹങ്ങൾ കണ്ടെടുത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

  സാധാരണഗതിയിൽ കനത്ത മഴ ലഭിക്കാത്ത പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകുമെന്നതിനാൽ, അത്തരം അപകടസാധ്യതകളെക്കുറിച്ച് വേണ്ടത്ര മുൻകരുതലുകൾ എടുക്കാത്തതും നദികളോട് ചേ‍ർന്ന് നഗരങ്ങൾ കെട്ടിപ്പടുത്ത പ്രദേശങ്ങളുടെ വർദ്ധനവുമാണ് വെള്ളപ്പൊക്കത്തിന്റെ അപകടം വ‍ർദ്ധിപ്പിക്കുന്നത്.

  കാലാവസ്ഥ വ്യതിയാനം
  യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും കനത്ത ചൂടിനെ തുട‍ർന്ന് നിരവധി പേ‍ർ മരിച്ച വാ‍ർത്ത കഴിഞ്ഞ ആഴ്ച പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ജർമ്മനിയിൽ വെള്ളപ്പൊക്കമുണ്ടായത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനമാണോ ഇതെന്നാണ് പലരുടെയും ആശങ്ക. പ്രളയം കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലമാണ് എന്നും ഇത്തരം സംഭവങ്ങൾക്കെതിരെ ഭാവിയിൽ രാജ്യം കൂടുതൽ മുൻകരുതലുകൾ എടുക്കണമെന്നും ജർമൻ ആഭ്യന്തര മന്ത്രി ഹോർസ്റ്റ് സീഹോഫർ അഭിപ്രായപ്പെട്ടു.

  കാലാവസ്ഥാ വ്യതിയാനവുമായി വെള്ളപ്പൊക്കത്തെ ബന്ധിപ്പിക്കുന്നതിനെതിരെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും, കാലാവസ്ഥാ വ്യതിയാനം തള്ളിക്കളയാനാകാത്ത ഒരു സാധ്യത തന്നെയാണ്.

  “ഈ പ്രളയം ആഗോളതാപനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഇതുവരെ വ്യക്തമായി പറയാൻ കഴിയില്ലെന്ന് ” ഷ്രോട്ടർ എഎഫ്‌പിയോട് പറഞ്ഞു, എന്നാൽ “ആഗോളതാപനം ഇതുപോലുള്ള സംഭവങ്ങളുടെ സാധ്യത വ‍ർദ്ധിപ്പിക്കുന്നുണ്ടെന്ന് മുൻ ഐപിസിസി വൈസ് പ്രസിഡന്റ് ജൗസൽ വാർത്താ ഏജൻസിയോട് പറഞ്ഞു. “ഇത്തരം പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനവും തമ്മിൽ ബന്ധമുണ്ടെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. നിർഭാഗ്യവശാൽ, നമ്മൾ ആഗോളതാപനത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്, ഭാവിയിലെ സ്ഥിതി ഇതിലും മോശമായിരിക്കുമെന്നും“ ജൗസൽ എഎഫ്‌പിയോട് പറഞ്ഞു.
  Published by:Jayesh Krishnan
  First published: